
ബോളിവുഡിന്റെ ബാദ്ഷാ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നുപയോഗത്തിന്റെ പേരിൽ നാർക്കോട്ടിക് സെൻട്രൽ ബ്യുറോ അറസ്റ്റ് ചെയ്തപ്പോൾ അതിനു വാർത്താപ്രാധാന്യം കിട്ടി. ഉന്നതരുടെ മക്കൾ അല്ലെങ്കിൽ ഉന്നതർ നിയമത്തിന്റെ പിടിയിലാകുമ്പോൾ മാധ്യമങ്ങൾ ഓരോരുത്തരും ആ വാർത്തയ്ക്ക് പുറകെ പായുന്നു. സമൂഹമാകെ പിടിച്ചടക്കികൊണ്ട് ഇത്തരം വാർത്തകൾ ചൂടോടെ നമ്മുടെ സ്വീകരണമുറിയിലേക്ക് ചാനലുകാർ മത്സരിച്ചെത്തിക്കുന്നു. ഉടനെ പൊതുജനവും അവരുടേതായ പ്രതികരണങ്ങളോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പിടിക്കപ്പെട്ടവരുടെ സ്വാധീനത്തിന്റെ ശക്തിയനുസരിച്ച് നിയമനടപടികൾ ഉണ്ടായേക്കാം. എന്നാൽ പണമുള്ളവനെ തൊടാൻ കഴിയാത്ത നിയമത്തിന്റെ നിസ്സഹായാവസ്ഥ കണ്ട് നാടിനെയും ഭരണാധികാരികളെയും ഭൽസിച്ച് ജനങ്ങൾ സംതൃപ്തി അടയുന്നു.
ഈ പ്രശ്നം ഒരു ആര്യൻ ഖാനിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണോ? എത്രയോ യുവാക്കളുടെ ഭാവി മയക്കുമരുന്നെന്ന ഈ ചതി ഞെരുക്കി കളഞ്ഞിട്ടുണ്ട്. ‘നമ്മുടെ ഭാരതത്തിൽ ഓരോ വീടുകളിലും സന്ധ്യാസമയം ഏഴുമണിക്കുശേഷം ഒരു പെൺകുട്ടി വീട്ടിലെത്താൻ വൈകിയാൽ അച്ഛനമ്മമാർ പരിഭ്രമിക്കുകയും പെൺകുട്ടികളെ ചോദ്യം ചെയ്യുകയും സാധാരണയാണ്. അതേസമയം ഒരു ആൺകുട്ടി രാത്രി എത്ര വൈകി വീട്ടിലെത്തിയാലും അവർ അന്വേഷിക്കാറില്ല’ എന്ന് പ്രധാനമന്ത്രി ശ്രീ മോഡി “മൻകീ ബാത്ത്” എന്ന ടി വി ഷോയിൽ അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രീയത്തെ ഒഴിച്ചുനിർത്തികൊണ്ടു ഇതു വിലയിരുത്തുകയാണെങ്കിൽ വളരെ ശരിയാണ്. എല്ലാ പ്രശ്നങ്ങൾക്കും തുടക്കംകുറിക്കുന്നത് വീട്ടിൽനിന്നുതന്നെയാണ്. കുട്ടികൾക്ക് അമിതമായി പോക്കറ്റ്മണി നൽകുക, അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ബൈക്കും, കാറും മറ്റെല്ലാ സൗകര്യങ്ങളും നൽകുക എന്നിങ്ങനെ എല്ലാം സമയാസമയങ്ങളിൽ ലഭിക്കുമ്പോൾ മാതാപിതാക്കളുടെ കഷ്ടപ്പാട് യുവാക്കൾ മനസ്സിലാക്കുന്നില്ല എന്നുമാത്രമല്ല കൂടുതൽ സുഖങ്ങളെ തേടി അവർ തെറ്റായ വഴികളിൽ സഞ്ചരിക്കുന്നു. അതുകൂടാതെ ' ഫ്രണ്ട്ഷിപ്പ് ' എന്ന മറയിൽ കുട്ടികൾ ചെയ്യുന്ന പ്രവർത്തികളെ മാതാപിതാക്കൾപോലും ചോദ്യം ചെയ്യുന്നതു ഇന്നത്തെ യുവാക്കൾക്ക് കുറച്ചിലാണ്. മാത്രമല്ല ഇന്നത്തെ യുവതലമുറ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ ആൺകുട്ടികളായാലും പെൺകുട്ടികളായാലും, അത് ആരും ചോദ്യംചെയ്യാറില്ല
ധനികന്റെ പുത്രനെ മാത്രമല്ല ഇന്നത്തെ യുവതലമുറയെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ് മയക്കുമരുന്നെന്ന ഈ മായികലോകം . ഇതു ഇന്ത്യയിൽ മാത്രമൊതുങ്ങുന്ന ഒരു പ്രശ്നമല്ല. അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്നുകളുടെ വിപണി വളരെ വലുതാണ്. പണ്ടുകാലത്ത് ഇതു എല്ലാവർക്കും സുലഭമായി ലഭിച്ചിരുന്നില്ല. പണക്കാർ മാത്രം ഇങ്ങനെയുള്ള മായികസുഖങ്ങളിൽ മുഴുകി പോന്നു. എന്നാൽ ഇന്നു ഓരോ കുട്ടിയുടെയും പുസ്തകസഞ്ചിയിൽ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുവാനുള്ള സംവിധാനത്തോടെയാണ് മയക്കുമരുന്ന് മാഫിയകൾ വളർന്നിരിക്കുന്നതെന്ന് മനസ്സിലാക്കണം. മയക്കുമരുന്നുപയോഗിക്കുമ്പോൾ കിട്ടുന്ന സ്വർഗ്ഗീയ അനുഭൂതി പരീക്ഷിച്ചുനോക്കുവാൻ പ്രേരിപ്പിക്കുന്ന, മാഫിയയുമായി ബന്ധമുള്ളവർ അവരുടെ കൂട്ടത്തിൽ തന്നെയുണ്ടാകും. ഒന്നോരണ്ടോ പ്രാവശ്യം ഈ അനുഭൂതി അനുഭവിച്ചുകഴിഞ്ഞാൽ പിന്നീട് അതെവിടെനിന്നെങ്കിലും എന്തുനൽകിയാണെങ്കിലും ലഭ്യമാക്കാൻ ശ്രമിക്കും. ഇത് യുവാക്കളുടെ കുറ്റമല്ല. ഒരിക്കൽ ഈ സ്വർഗ്ഗാനുഭൂതിയെ നുകർന്നുകഴിഞ്ഞാൽ അതൊരു അടിമത്വമായി മാറാൻ എളുപ്പമാണ്. ഈ സമയത്തും അവരുടെ ആവശ്യത്തിനനുസരിച്ച് സാധനം എത്തിച്ചുകൊടുക്കാൻ നിരവധിപേർ ചുറ്റിലുമുണ്ട്. അപ്പോൾ നമുക്ക് ഊഹിക്കാം എത്രമാത്രം മയക്കുമരുന്ന് വിപണിയുടെ ശൃംഖല നമ്മുടെ സമൂഹത്തെ വലയം ചെയ്തിട്ടുണ്ടെന്നു.
സുഖങ്ങൾക്ക് പുറകെ പ്രയാണം ചെയ്യുക എന്ന മനുഷ്യന്റെ ബലഹീനത അവനെ അവനറിയാതെ പല ആവശ്യമില്ലാത്ത കാര്യങ്ങളും ചെയ്യിപ്പിക്കുന്നു. ഒരു കാര്യം ചെയ്യുന്നത് തെറ്റാണെന്ന അവബോധം ഉണ്ടെങ്കിലും അവനെ അതു ചെയ്യാൻ പ്രേരിപ്പിക്കുന്നു വിജ്ഞാനദാഹിയായ ഒരു മനുഷ്യൻ വായനയിൽ ആനന്ദം കണ്ടെത്തുന്നു, ഭക്ഷണപ്രിയർ സ്വാദുള്ള ഭക്ഷണം കഴിച്ചുരസിക്കുന്നു. മനസ്സിനും ശരീരത്തിനും ആനന്ദം നൽകുന്ന കാര്യങ്ങൾ വീണ്ടും ചെയ്യാൻ നമ്മൾ നാമറിയാതെ പ്രേരിതരാകുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒരു പ്രാവശ്യം വയറു നിറയെ കഴിച്ച് കുറച്ചുനേരം കഴിയുമ്പോൾ വീണ്ടും അതു കഴിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നത് മനുഷ്യന്റെ ഈ സ്വഭാവം കൊണ്ടാണ്.
നമുക്കറിയാം നമ്മുടെ തലച്ചോറിനെ ഇടതു/വലതു എന്ന രണ്ടായി തിരിച്ചിട്ടുണ്ട്. അതിൽ ഇടതുഭാഗമാണ് നമ്മുടെ യുക്തിപരമായ ചിന്തകൾക്ക് അടിസ്ഥാനം. ഈ വരും വരായ്മകളെക്കുറിച്ച് ചിന്തിക്കുമ്പോൾ വലതുഭാഗം കൂടുതൽ സൃഷ്ടിപരമായ ചിന്തകളിൽ മുഴുകുന്നു. ഭാവനാപരമായ കാര്യങ്ങളിൽ അതിനു സന്തോഷം ലഭിക്കുന്നു. അതുകൊണ്ട് മയക്കുമരുന്ന് എടുക്കുന്നയാൾ അതിന്റെ മാസ്മരശക്തിയിൽ ആനന്ദം കണ്ടെത്തുന്നതു കൊ ണ്ട് വീണ്ടും അതിനായി വെമ്പൽകൊള്ളുന്നു. മറ്റു സുഖങ്ങളിൽനിന്നും വ്യത്യസ്തമായി മയക്കുമരുന്നു എടുക്കുമ്പോൾ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനം ശരീരധമനികൾക്ക് കൂടുതൽ ഉത്തേജനം നൽകി അതു അയാളുടെ തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നു. വീണ്ടും അതു ഉപയോഗിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. അയാൾ ഭൗതികലോകത്തുനിന്നും മാറി മറ്റൊരു ലോകത്തേയ്ക്ക് ചിന്തകളെ മാറ്റുന്നു.
തലച്ചോറിൽ നമുക്ക് ആനന്ദാനുഭൂതി തരുന്ന രാസവസ്തുവാണ് ഡോപ്പാമിൻ (dopamine). ഒരു വ്യക്തിയെ സന്തോഷവാൻ ആക്കി നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയപങ്കുവഹിക്കുന്നുണ്ട്. ലഹരിപദാർത്തങ്ങൾ ഈ വസ്തുവിനെ ഉത്തേജിപ്പിക്കുന്നു. അതു അമിതമായ ആനന്ദം നൽകുന്നു. എന്നാൽ ഈ അവസ്ഥ മാരകമായതോതിൽ ജീർണ്ണിക്കുമ്പോൾ മനുഷ്യർ അവരുടെ സത്വത്തെ വെടിഞ്ഞു അക്രമങ്ങൾ നടത്തി മൃതപ്രായരായി ജീവിക്കുന്നു. ഒരിക്കൽ ഇതിന് അടിമപ്പെട്ടുകഴിഞ്ഞാൽ ജീവഹാനിക്കുവരെ കാരണമാകുന്നു. ഇതോടെ ഭക്ഷണം, വിനോദം, ചങ്ങാത്തം, കുടുംബം മറ്റു ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതാകുന്നു. പഠനം, ന്യായാന്യായങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കൽ, ഓർമ്മശക്തി, പെരുമാറ്റം തുടങ്ങി സാധാരണ മനുഷ്യന്റേതായ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു.
മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ടാൽ അതിൽനിന്നും മോചനം നേടുന്നതിന് വളരെ പ്രയാസമാണ്. ഇന്നു ശാസ്ത്രം വളരേ പുരോഗമിച്ചിട്ടുള്ളതുകൊണ്ട് വർഷങ്ങൾ എടുത്താലും മയക്കുമരുതിനു അടിമയായ ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. വാർത്താമാധ്യമങ്ങൾ ഈ അപകടത്തെപ്പറ്റി നിരന്തരം സമൂഹത്തെ ബോധവത്കരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും യുവതലമുറ ഈ സുഖാനുഭൂതികൾ തേടി പോകുന്നു. നേരത്തെ സൂചിപ്പിച്ചപോലെ കൂടുതൽ സുഖങ്ങൾ തേടുക എന്ന മനുഷ്യരുടെ ബലഹീനതയാണ് അതിനു കാരണം.
പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിലുള്ള യുവാക്കളാണു അധികവും മയക്കുമരുന്നിന് അടിമകളാകുന്നത്. കോളേജ് ഹോസ്റ്റലുകളിലും കാമ്പസുകളിലും വെറുമൊരു തമാശക്കായി പണക്കാർ തുടങ്ങിവയ്ക്കുന്ന ഈ നേരമ്പോക്കിൽ പാവപ്പെട്ട യുവാക്കളും അകപ്പെടുന്നു. തമാശകൾ അടിമത്വത്തിലേയ്ക്ക് വഴിമാറുമ്പോൾ ഇത് ഒരു നിത്യ ആവശ്യമായി മാറുന്നു. പിന്നീട് ഒരുപാട് തുകമുടക്കേണ്ട ഈ ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ദിനംപ്രതി പണത്തിന്റെ ആവശ്യകത വർദ്ധിക്കുന്നു. തുടർന്ന് സ്വന്തം മാതാപിതാക്കളിൽ നിന്നും വീട്ടിൽനിന്നും മോഷണം, കൂട്ടംകൂടി മോഷണം , കൊലപാതകം, തുടങ്ങി ഏതു രീതിയിലും ലഹരിക്കാവശ്യമായ പണമുണ്ടാക്കുന്നതിന് യുവാക്കൾ തയ്യാറാകുന്നു. ഇന്നു മാദ്ധ്യമങ്ങളിൽ കാണുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും അകപ്പെട്ടിരിക്കുന്ന ചെറുപ്പക്കാർ മിക്കവരും ലഹരിക്കടിമയായവരാണ്. മരുന്നുകൾ വാങ്ങാനുള്ള അവരുടെ പണത്തിന്റെ ആവശ്യം വർദ്ധിക്കുമ്പോൾ അതു നേടാൻ തെറ്റായ വഴികൾ അവർ സ്വീകരിക്കുന്നു. മയക്കുമരുന്നിന്റെ കാര്യത്തിൽ യുവാക്കൾ മാത്രമല്ല യുവതികളും വളരെ മുൻനിരയിലാണ്. കൂടിവരുന്ന പീഡനകേസുകളും, ആത്മഹത്യകളും ഇതിന്റെ പ്രതിഫലനമാണ്.
കേരളത്തിൽ മാത്രമല്ല ലോകത്തെവിടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കൂടുതൽ ഉപഭോക്താക്കൾ ചലച്ചിത്രരംഗത്തുള്ളവരാണെന്ന് പറയപ്പെടുന്നു. ബോളിവുഡിൽ തൊണ്ണൂറ് ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കങ്കണ രണാവത് എന്ന നടിയുടെ തുറന്നടിച്ച വിമർശനം ഈ പ്രസ്താവനയെ കൂടുതൽ ശരിവെക്കുന്നു. ഈ അടുത്തുകാലത്ത് നടന്ന സുശാന്ത് സിങ് എന്ന നടന്റെ മരണത്തിലെ ദുരൂഹതയും ഇതുമായി ബന്ധപ്പെട്ടാതാണോ എന്ന് സംശയിക്കുന്നു. പണവും സൗകര്യവും അവരിൽ ഒരു ശൂന്യത ഉണ്ടാക്കുമ്പോൾ ചലച്ചിത്രലോകം ലഹരിയിൽ ആനന്ദം കണ്ടെത്തുന്നു .
ദൈവീകമായ ചിന്തകൾ, നന്മയിലേക്ക് നയിക്കുന്ന വഴികൾ, ആത്മവിശ്വാസം, അറിവുകൾ നേടൽ എല്ലാം ഒരു വ്യക്തിയെ അസാന്മാർഗികചിന്തകളിൽ നിന്നും മുക്തിനൽകി പ്രകാശമാനമായ ജീവിതപാന്ഥാവിലേക്ക് കൊണ്ടുപോകാൻ പര്യാപ്തമാക്കുന്നു. ഇത്തരം നല്ല സ്വഭാവങ്ങൾക്ക് ഒരു വ്യക്തിയിൽ വിത്തുപാകുന്നതും, തഴച്ചുവളരാൻ സഹായിക്കുന്നതും കുടുംബമെന്ന വിളനിലത്തിൽ നിന്നുതന്നെയാണ്. കുടുംബബന്ധങ്ങൾ സൽഗുണങ്ങളെ ഊട്ടിവളർത്തുന്നു. കുടുംബങ്ങളിൽനിന്നുമുള്ള സ്നേഹം, കരുതൽ, ശ്രദ്ധ, പരിഗണന, നല്ല കാര്യങ്ങൾക്കുള്ള പ്രോത്സാഹനം എന്നിവ യുവാക്കളെ തെറ്റായവഴികളിൽനിന്നും പിൻതിരിപ്പിക്കുന്നു. ലഹരിയെന്ന നീരാളിയിൽനിന്നും യുവാക്കളെ അകറ്റിനിർത്തുവാനുള്ള അടുത്ത ചുമതല അവർക്ക് നൽകപ്പെടുന്ന വിദ്യാഭ്യാസനയത്തിന്റേതാണ്. ലഹരിയുടെ മാസ്മരിക സുഖത്തിൽ ചോർന്നുപോകുന്ന നല്ല ജീവിതത്തെക്കുറിച്ചും, ലഹരിവിമുക്തമായ ഒരു രാഷ്ടത്തിന്റെ ശക്തിയെക്കുറിച്ചും കുട്ടികളെ ബോധവത്കരിപ്പിക്കേണ്ടതാണ്. രാഷ്ട്രീയസ്വാധീനത്തിനുമുന്നിൽ ഓച്ചാനിച്ചുനിൽക്കുന്ന നിയമത്തെ കൂടുതൽ ശക്തമാക്കിയും, മാതൃകാപരമായ ശിക്ഷകൾ നൽകി കുറ്റവാളികളെ ഉദ്ധരിച്ചും ഇന്ന് നിലവിലുള്ള സാഹചര്യത്തിൽനിന്നും നമ്മുടെ യുവാക്കളെ രക്ഷിക്കാൻ കഴിയും.