Image

സാറാ (നീണ്ട കഥ -9: അന്നാ പോൾ)

Published on 23 January, 2026
സാറാ (നീണ്ട കഥ -9: അന്നാ പോൾ)

വിടുതൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും വാങ്ങിച്ചു പള്ളിക്കൂടത്തിന്റെപടിയിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അവൾ ഗോമതി ടീച്ചറെ അവിടെങ്ങും കണ്ടില്ല.

കാണുവാൻ കണ്ണുകൾ കൊതിയ്ക്കുന്നുണ്ടായിരുന്നു.

പതിവിനു വിപരീതമായി ശ്യാമളാ ദേവി ടീച്ചർ ചിരിച്ചു കൊണ്ടു അടുത്തേയ്ക്കുവന്നു... നല്ല മാർക്കുകൾ വാങ്ങിയതിനു അഭിനന്ദനമറിയിച്ചു. അത്രമാത്രം... ഗോമതി ടീച്ചർ തോളിൽ പിടിച്ചു ചേർത്തു നിർത്തി സംസാരിയ്ക്കാറുണ്ടായിരുന്ന തവളാ ർത്തു... ടീച്ചറിന്റെ പ്രോത്സാഹനവും സ്നേഹവുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് അവൾക്കറിയാം.

ചേർത്തു നിർത്താൻ ഒരാളെങ്കിലുo വേണം കുട്ടികൾക്ക് പഠിച്ചുയരാൻ...

ഗോപിനാഥൻ സാർ കണ്ട ഭാവം കാണിച്ചില്ല. തനിയ്ക്കു കണക്കിനു മുഴുവൻ മാർക്കും നേടാൻ സാധിച്ചു.. ഹെഡ് മാസ്റ്ററുടെ തൊട്ടടുത്ത് ഇരുന്ന് എന്തോ സംസാരിയ്ക്കുന്നുണ്ടായിരുന്നു.

ഹെഡ് മാസ്റ്റർ സാറായെ നോക്കി ഒന്നു പുഞ്ചിരിച്ചു...തുടർന്നു പഠിക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നവൾ ഓർത്തു.

സർട്ടിഫിക്കറ്റുകൾ വാങ്ങി കൈകൂപ്പിയ ശേഷം അവൾ പുറത്തേയ്ക്കിറങ്ങി.... പുറത്തേ വരാന്തയിൽ അമ്മച്ചി കാത്തുനിൽപ്പുണ്ടായിരുന്നു.

പള്ളിക്കുടത്തിനു മുന്നിലെ ചെമ്പകം നിറയെ പൂത്തു നിൽക്കുന്നു.കൊഴിഞ്ഞു വീണു കിടക്കുന്ന നാലഞ്ചു പൂക്കൾ സാറാ പെറുക്കിയെടുത്തു.

പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുവാൻ ചെമ്പക മരം പൂഞ്ചിരിച്ചു നിൽക്കുന്ന പോലെ സാറായ്ക്കു തോന്നി.

   പള്ളിക്കൂടത്തിന്റെ മുന്നിലെ തോട്ടിറമ്പിൽ വള്ളവുമായി വെല്ലിച്ചൻ കാത്തുനിൽപ്പുണ്ടായിരുന്നു.

വേല മിനക്കെട്ടു പാവം അച്ചാച്ചൻ... കൊച്ചു പെണ്ണു വള്ളത്തിൽ ക്കയറിയ ഉടനേ സന്തോഷത്തോടെ പറഞ്ഞു. " അച്ചാച്ചാ കൊച്ചു ജയിച്ചു... നല്ല മാർക്കും വാങ്ങിച്ചിട്ടുണ്ടു്''...

ഉം".

പൈലോ ഒന്നു മൂളുക മാത്രം ചെയ്തു.

അധികം സന്തോഷമോ സങ്കടമോ ഒന്നും പ്രകടിപ്പിയ്ക്കാത്ത സ്വഭാവമാണയാളുടേതു .

വിഷാദം കുടിയിരിക്കുന്ന മുഖം !!

. സാറായും കൊച്ചു പെണ്ണും നിശബ്ദരായിരുന്നു.മകളുടെ വിജയം അവരെ സന്തോഷിപ്പിച്ചു പക്ഷേ തുടർന്നുള്ള പഠന കാര്യങ്ങളോർത്തു അവരുടെ ഉള്ളിൽ ആശങ്കകൾ നിറയുവാൻ തുടങ്ങി.

വള്ളം കടവിലടുപ്പിച്ചു അമ്മയേം മകളേം ഇറക്കിയ ശേഷം പൈലോ വീട്ടിലേയ്ക്കു വേഗത്തിൽ തുഴഞ്ഞു പോയി.

കൊച്ചു പെണ്ണു വിളിച്ചാലും അയാൾ അവിടെ നിന്നു എന്തെങ്കിലും കഴിയ്ക്കുകയോ, ഒരു കാപ്പി പോലും കുടിയ്ക്കുകയോ ചെയ്യാറില്ല

ശമുവേലിനെക്കാണുന്നതയാൾക്കും അയാളെക്കാണുന്നതു ശമുവേലിനും ഒട്ടും ഇഷ്ടമായിരുന്നില്ല..

വിശപ്പും ദാഹവും ഉണ്ടായിരുന്നെങ്കിലും സാറാ കൊച്ചുപെണ്ണ് ചോറുണ്ണാൻ വിളിച്ചിട്ടു പോയില്ല.. എത്ര നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല...

ശമുവേൽ ദേഷ്യപ്പെട്ടിറങ്ങിപ്പോയി..

ഒടുവിൽ കൊച്ചുപെണ്ണ് അവളുടെ ചെവിയിൽ എന്തോ പറഞ്ഞു... അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. അമ്മച്ചിയെ കെട്ടിപ്പിടിച്ചു... " ചോറുണ്ണുന്ന മകളെ കൊച്ചു പെണ്ണു കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.

തന്റെ മകൾ വളർന്നു വലുതായിരിക്കുന്നു. നാട്ടുനടപ്പനുസരിച്ചു കെട്ടു പ്രായമായിരിക്കുന്നു.

അവരുടെ ഉള്ളിൽ സന്ദേഹങ്ങളുടേയും ഭയത്തിന്റേയും വേലിയേറ്റമുണ്ടായി... ഇക്കാര്യം അറിയുമ്പോൾ ശമുവേലിന്റെ പ്രതികരണമെന്തായിരിക്കും... അച്ചാച്ചന്റെ വീട്ടിൽച്ചെന്ന് വഴക്കുണ്ടാക്കുമോ? നൂറു നൂറു ചിന്തകളാൽ ഭാരപ്പെടുമ്പോഴും കൊച്ചു പെണ്ണിന്റെ നിശ്ചയത്തിനു മാറ്റമില്ല 

പാറ പോലെ ഉറച്ച തീരുമാനം

തുടരും.

Read More: https://www.emalayalee.com/writer/300

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക