Image

സ്നേഹത്തിന്‍റെ കടം വീട്ടാത്തവര്‍ (കഥ: ജോണ്‍ വേറ്റം)

Published on 23 January, 2026
സ്നേഹത്തിന്‍റെ കടം വീട്ടാത്തവര്‍ (കഥ: ജോണ്‍ വേറ്റം)

അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച മഞ്ഞുവീഴ്ച പുലര്‍ച്ചവരെ ഉണ്ടായിരുന്നു.  വിശാലമായ മുറ്റത്ത് നിറഞ്ഞുകിടക്കുന്ന മഞ്ഞ് നീക്കം ചെയ്യുന്ന ആള്‍     ഉച്ചയായിട്ടും വന്നില്ല. അതുകൊണ്ട്, മഞ്ഞ് മാറ്റാന്‍ ദാനിയേല്‍ തയ്യാറായി.  അയാളെ തടഞ്ഞുകൊണ്ട്‌ ദീനാമ്മ പറഞ്ഞു: “വേണ്ട, മുറ്റത്തിറങ്ങണ്ടാ. തെന്നിവീണ് നടുവൊടിഞ്ഞാല്‍ സഹായത്തിനിവിടെ ആരുമില്ല. ഇപ്പഴും  പ്രായമായെന്നൊര്‍മ്മയല്ല.”    

പഴയതെങ്കിലും, വലിയൊരുവീടാണ് ദാനിയേലിന്‍റെ “കൃപാഗൃഹം”. അതില്‍ അയാളും ഭാര്യയും മാത്രമേയുള്ളൂ. രണ്ട് മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ക്രിസ്മസ്സിന് എല്ലാ മക്കളും പെരക്കുട്ടികളും വരും.  പുതുവര്‍ഷം പിറന്നശേഷം മടങ്ങിപ്പോകും. അവരെയെല്ലാം കാണാന്‍, ആണ്ടില്‍ ഒരുപ്രാവശ്യമെങ്കിലും, ദാനിയേലും ഭാര്യയും പോകും. അതിന് മുടക്കം വന്നിട്ടില്ല. തന്നാണ്ടാത്തെ ക്രിസ്മസ് ആഘോഷിക്കാന്‍ ഒരാഴ്ചകൂടി  കാത്തിരിക്കണം. എങ്കിലും, അലങ്കാരങ്ങളും ഗായകസംഘങ്ങളുടെ ഭവനസന്ദര്‍ശനങ്ങളും മുന്നമേ ആരംഭിച്ചു.                                   
ദീനാമ്മ നിരാശയോടെ മൊഴിഞ്ഞു: “ഒരു കാര്‍ഡയയ്‌ക്കാന്‍പോലും നമ്മുടെ  കൂടപ്പിറപ്പുകള്‍ക്ക് നേരമില്ലാണ്ടായി. ഇവിടെ വന്നേപ്പിന്നെ നാട്ടിലുള്ള സ്വന്തക്കാരിലധികംപേരും നമ്മളെ മറന്നു. സഹായം ചോദിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. അധികംപേരും പണക്കാരും പദവിയുള്ളവരുമായി.”  

അനുഭവസമ്പത്തും ലോകപരിചയവുമുള്ള ദാനിയേല്‍ പറഞ്ഞു: “കാലം മാറുന്നതിനനുസരിച്ച് മനുഷ്യരുടെ സാഹചര്യങ്ങളും, പെരുമാറ്റങ്ങളും,  സ്വഭാവങ്ങളും മാറും. സെല്‍ഫോണ്‍ വന്നതോടെ ക്രിസ്മസ്‌ കാര്‍ഡുകള്‍ അയയ്ക്കുന്നത്‌ പലരും നിര്‍ത്തി. സന്ദേശങ്ങള്‍ അയക്കുന്ന രീതിയാണ് ഇപ്പഴുള്ളത്. പണവും സമയവും ലാഭിക്കാനും അത് സഹായിക്കുന്നു.” 
പെട്ടെന്ന് ദീനാമ്മ ചോദിച്ചു: “ഇച്ചായന് തൊമ്മിച്ചന്‍റെ മെസ്സേജ് കിട്ടിയോ?”
“ക്രിസ്മസ്ന് ഇനിയും സമയമുണ്ടല്ലോ. എല്ലാവരും ജോലിത്തിരക്കിലാണ്.  തൊമ്മിച്ചന്‍, നിന്നെപ്പോലെ പെന്‍ഷനും വാങ്ങി വീട്ടിലിരിക്കുകയല്ലല്ലോ.  അയാളൊരു വലിയ കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്”.

മഞ്ഞ് നീക്കുന്ന ജോലിക്കാരന്‍ വന്നു. മുറ്റം വൃത്തിയാക്കി. തൊട്ടടുത്ത വീട്ടുമുറ്റത്ത് കിടന്ന മഞ്ഞും ദാനിയേല്‍ മാറ്റിച്ചു. ആ വീടിന്‍റെ ഉടമ സദാനന്ദനും, ഭാര്യയും ജന്മദേശത്ത് പോയിരിക്കയാണെന്നും പിറ്റേന്ന് മടങ്ങിയെത്തുമെന്നും പറഞ്ഞു.

ഓര്‍മ്മകള്‍ നല്‍കിയ ഒരു സുദിനത്തിന്‍റെ സിന്ദൂരിതമായ സായാഹ്നം, മെല്ലെ മങ്ങി! പതിവുപോലെ, മെഴുതിരി കൊളുത്തിവച്ചിട്ട്, ദീനാമ്മ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നു. “ദൈവമെ നിന്‍റെ ദയയ്‌ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകണമേ” എന്ന് തുടങ്ങുന്ന അമ്പത്തിയൊന്നാം സങ്കീര്‍ത്തനം വായിച്ചു. മക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും സുഹൃത്തു ക്കളെയും കാത്തുപരിപാലിക്കുന്നതിനു പ്രാര്‍ത്ഥിച്ചു. മണ്‍മറഞ്ഞ മാതാപിതാക്കളുടെയും, പൂര്‍വ്വികരുടെയും ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗീയമായ നിത്യശാന്തി നേര്‍ന്നു. ലഭിച്ച നന്മകളെ ഓര്‍ത്തു പിതാവാം ദൈവത്തിനു നന്ദിയര്‍പ്പിച്ചു.

ഭാര്യയുടെ പ്രാര്‍ത്ഥന കേട്ടുകൊണ്ട്, ധ്യാനത്തിലെന്നപോലെ ദാനിയേല്‍ മൗനമായിരുന്നു. കുട്ടിക്കാലവും, ഹൃദയത്തില്‍ ഇടംനേടിയ കുറെ ബാല്യകാല സുഹൃത്തുക്കളും, നഷ്ടപ്പെട്ടവരും അയാളുടെ ഓര്‍മ്മയില്‍  വന്നുപോയി. ഈ ലോകത്ത് താന്‍ ഇത്രയും പോന്നല്ലോ എന്നും തോന്നി. അയാളുടെ വാര്‍ദ്ധക്ക്യമനസ്സില്‍ ആത്മീയത ഉണര്‍ന്നു.    
 
അത്താഴം കഴിഞ്ഞപ്പോള്‍, സ്വല്പ വ്യാകുലതയോടെ ദീനാമ്മ പറഞ്ഞു: “ഞാന്‍ പണ്ടത്തെ കാര്യങ്ങളൊക്കെ ഓര്‍ത്തുപോയി. വിശേഷദിവസങ്ങളില്‍ ഈ ഭവനത്തിലെന്തു സന്തോഷമായിരുന്നു. ചിരിക്കാനും, ചിരിപ്പിക്കാനും, പചാകം ചെയ്യാനുമൊക്കെ നമ്മുടെ സഹോദരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ നമ്മളും നമ്മുടെ ഇത്തിരി വര്‍ത്തമാനവും മാത്രം. അതും ഇനി എത്ര കാലത്തേക്കാണെന്നു തമ്പുരാനറിയാം.”

ദാനിയേല്‍ മിണ്ടിയില്ല. അയാള്‍ ടെലിവിഷന്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചു  കേട്ടുകൊണ്ടിരുന്നു. അല്‍പനേരം കഴിഞ്ഞ്, യുട്യുബ് ചാനല്‍ തുറന്നു. കാലിഫോര്‍ണിയയിലുളള ഒരു കത്തോലിക്കാപള്ളിയിലെ കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്ന ചടങ്ങ് കണ്ടപ്പോള്‍ അതിശയിച്ചുപോയി.  അത് ഭാര്യയെ കാണിക്കണമോ വേണ്ടയോയെന്ന് സ്വയം ചോദിച്ചു. മറച്ചുവയ്ക്കേണ്ട കാര്യമല്ലെന്നു തോന്നി. ദീനാമ്മയെ അരികിലിരുത്തി. കുട്ടികള്‍, കുര്‍ബാന സ്വീകരിക്കുന്നത്‌ കാണിച്ചു. തൊമ്മിച്ചന്‍റെ മകനും കുര്‍ബാന ഭക്ഷിക്കുന്നതു കണ്ടു ദീനാമ്മ അത്ഭുതപ്പെട്ടു. പെട്ടെന്ന്‌ അവളുടെ ഹൃദയം നൊന്തു. കണ്ണ് നിറഞ്ഞു. തെല്ല് ദേഷ്യത്തോടെ പറഞ്ഞു: “ഇതേപ്പറ്റി തൊമ്മിച്ചന്‍ നമ്മളെ അറിയിച്ചില്ലല്ലോ. നമ്മളിന്ന് അവനും  അന്യരായോ? ഞാന്‍ കഷ്ടപ്പെട്ട് രാവും പകലും പണിചെയ്തും, വെച്ചുവിളംബിക്കൊടുത്തും സഹായിച്ചതിന്‍റെ പ്രതിഫലമാണോയിത്?    

“ഇത് ഗൗരവമായി കാണേണ്ട കാര്യമല്ല. അന്യരായാലും ബന്ധുക്കളായാലും അവരുടെ പ്രവര്‍ത്തിയില്‍ നിന്നും പഠിക്കാനുണ്ടാവും. ഒരിക്കല്‍ ഒരു നല്ല ഭാവിജീവിതം കൊടുക്കാന്‍, നിന്‍റെ എല്ലാ സഹോദരങ്ങളെയും നീ ഈ നാട്ടില്‍ കൊണ്ടുവന്നു. അവരെല്ലാം മെച്ചപ്പെട്ട സ്ഥാനങ്ങളിലെത്തി. വിളഭൂമി  അന്വേഷിച്ചുപോയവര്‍ വിവിധ സ്റ്റേറ്റുകളില്‍ സ്ഥിരതാമസമാക്കി. പലരും മറന്നപോലെ, നമ്മോടുള്ള സംസര്‍ഗ്ഗം നിര്‍ത്തി. നീ മുഖാന്തിരമാണ് ഈ ദേശത്ത്‌ വന്നതെന്നു മറ്റുള്ളവരോട് പറയാന്‍ മടിച്ചവരുമുണ്ടല്ലോ. നമ്മളള്‍ വേണ്ടപോലെ സഹായിച്ചില്ലെന്ന് പരാതിപറഞ്ഞവരെയും നിനക്കറിയാം. എല്ലാ ബന്ധങ്ങളെയും അര്‍ത്ഥവത്താക്കുന്നത് സമ്പര്‍ക്കമാണെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തൊമ്മിച്ചന്‍ ക്ഷണിച്ചില്ലന്നോര്‍ത്ത് നീ വിഷമിക്കേണ്ട.”  

“എന്നാലും, ഇങ്ങനോരനുഭവം തൊമ്മിച്ചനില്‍നിന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചില്ല” ദീനാമ്മ തേങ്ങി.  
“നീ എന്തിന്‌ കരയുന്നു. ജീവിതം മെച്ചപ്പെടുമ്പോഴും, ഉന്നതസ്ഥാനത്ത് എത്തുമ്പോഴും, ചിലര്‍ വന്നവഴിയിലേക്ക് തിരിഞ്ഞുനോക്കില്ല. അവര്‍ക്ക് ബന്ധുത്വം അസ്വസ്ഥവും അസ്വതന്ത്രവുമാണ്. നീ ചെയ്തത് നിന്‍റെ സാഹോദര്യവും സ്നേഹവും മുഖാന്തിരമാണ്. പക്ഷേ, അത് ഓര്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ പ്രവര്‍ത്തിയിലൂടെ അത് കാണിച്ചുതന്നു. അവഗണനയിലൂടെ അവര്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ മൂല്യംതന്നെയാണ്. ജനസമൂഹത്തില്‍ മാന്യരും ആദരണീയരുമായാലും, അനുഭവിച്ച നന്മയും ലഭിച്ച സഹായവും മറക്കുന്നവര്‍, ഹൃദയത്തില്‍ ദരിദ്രരാണ്. അവഗണിച്ചു എന്നുകരുതി, നീ ആരെയും ആക്ഷേപിക്കുകയും ഉപേക്ഷിക്കുകയുമരുത്‌. നോവിച്ചവരെ നോവിക്കാതെ ജീവിച്ചതാണ് നമ്മുടെ നേട്ടം. ഇക്കര്യത്തില്‍ തൊമ്മിച്ചനോട് നിനക്ക്‌ പറയാനുള്ളത് ഒരു കുറ്റപ്പെടുത്തലാവരുത്. സ്നേഹത്തോടുകൂടിയ ബോധ്യപ്പെടുത്തലാവണം.”                                  
“നമ്മുടെ സമ്പര്‍ക്കവും സഹകരണവും വേണ്ടാത്തവരോട് ഇനി എന്തിന്‌ സംസാരിക്കണം. പുകഞ്ഞകൊള്ളി പുറത്ത് എന്നപോലെ കഴിഞ്ഞാപ്പോരെ.”
“കടപ്പാടും സാമാന്യ മര്യാദയും മറക്കുന്നവരോട് സൌമ്യമായി സംസാരി ക്കുന്നത് അധികപ്പറ്റും തെറ്റുമാവില്ല. അവര്‍ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് തിരുത്താനും, ബന്ധങ്ങളെ പുതുക്കാനും സഹായിക്കും. സമ്പത്തും സ്ഥാനമാനങ്ങളും സ്ഥിരമല്ലെന്നും, ബന്ധുത്വം നിഴല്‍പോലെ ജീവിതകാലമ ത്രയും പിന്തുടരുന്നതാണെന്നും അവര്‍ മനസ്സിലാക്കണം. നീ ക്ഷമയോടുകു‌ടി   സംസാരിച്ചാല്‍, നിന്‍റെ മനസ്സിലും സമാധാനവും സന്തോഷവുമുണ്ടാകും.”    

ദാനിയേലിന്‍റെ ഉപദേശം ദീനാമ്മക്കു പിടിച്ചില്ല, അവള്‍ ഗൗരവത്തോടെ ചോദിച്ചു: “ഒരു നിമിഷംകൊണ്ട് മറക്കാവുന്ന തെറ്റാണോ തൊമ്മിച്ചന്‍ ചെയ്തത്.? ഞാന്‍ അവന്‍റെ ആരാണ്? അന്യയാണോ? എന്‍റെ അമ്മ അവനെ പ്രസവിച്ചെന്നേയുള്ളു. എടുത്തുകൊണ്ടുനടന്ന് വളര്‍ത്തിയത് ഞാനാണ്. അവനെ ഇവിടെ കൊണ്ടുവരാനും, പഠിപ്പിക്കാനും, കല്യാണം കഴിപ്പിക്കാനുമൊക്കെ നമ്മള്‍ എത്രയോ കഷ്ടപ്പെട്ടു. അതെല്ലാം അവന്‍ മറന്നു എന്നല്ലേ ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. ഒരു പിതാവിനെപ്പോലെ സ്നേഹിച്ചും, കൂട്ടുകാരനെപ്പോലെ കു‌ടെ നടന്നും സഹായിച്ച ഇച്ചായനെ യും അവന്‍ മറന്നല്ലോ. നിങ്ങള്‍തമ്മില്‍ സംസാരിച്ചിട്ട് എത്രയോ  മാസങ്ങളായി.” ദുഃഖത്താല്‍ ദീനാമ്മയുടെ ശബ്ദം പതറി.  

“പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളൊരു കാരൃം വീണ്ടും പറയുകയാണ്‌; പണ്ട് നമ്മള്‍ അനുഭവിച്ചതും, ലോകത്ത് ഉണ്ടായിരുന്നതുമായ പല കാര്യങ്ങളും ഇന്നില്ല. ശാസ്ത്രീയവും സാമൂഹികവുമായ പുരോഗതി   ഉണ്ടായിട്ടുണ്ടെങ്കിലും, മനുഷ്യരില്‍ സ്നേഹം കുറഞ്ഞു. വിഭാഗീയതയും പക്ഷഭേദവും വര്‍ദ്ധിച്ചു. എവിടെ നോക്കിയാലും, സ്വാര്‍ത്ഥതയോടുകൂടിയ പെരുമാറ്റമേ കാണാന്‍ കഴിയുന്നുള്ളു. മനുഷ്യത്വം മാഞ്ഞുപോകുന്ന ഒരു  അവസ്ഥയിലായി. മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും വിട്ടുകളയുന്ന ത്‌ സാധാരണമായി. ഹൃദയശുദ്ധിയുള്ളവരെ കണ്ടെത്താന്‍ പ്രയാസമാണ്. തിന്മകളെ തിന്മകൊണ്ടല്ല നേരിടേണ്ടത്‌. അതുകൊണ്ട്, നീയൊരു ദോഷിയാ യി പെരുമാറരുത്‌. രക്തബന്ധം മുറിച്ചു മാറ്റാവുന്നതല്ലെന്നു നിനക്കറിയാം. സ്നേഹത്തോടെ ക്ഷമിക്കുന്നതാണ് ഉത്തമം. ഇത് ഒരു ബലഹീനതയുമല്ല.”    

ഭര്‍ത്താവിന്‍റെ ഉപദേശം ദീനാമ്മയെ ആശ്വസിപ്പിച്ചു. എങ്കിലും, കുടുംബ സ്നേഹം മുറ്റിനിന്ന മനസ്സില്‍ വേദന ഇറ്റിവന്നു. കാത്തുസൂക്ഷിച്ച കുറെ വര്‍ണ്ണപ്രതീക്ഷകള്‍ കണ്ണീരില്‍ മുങ്ങിയെന്നു തോന്നി. അവഗണനയുടെ കൈപ്പ് അനുഭവമായി. നൊന്തുനീറിയ മനസ്സും സന്തപ്തചിന്തകളും അവളെ പാതിരാവോളം ഉറക്കിയില്ല.

പിറ്റേ ദിവസം രാവിലെ, ദയാനന്ദനും സുമതിയും, അവധി കഴിഞ്ഞ്, അയല്‍വീട്ടില്‍ മടങ്ങിയെത്തി. അവരോടൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. അന്ന് നാലാംമണി നേരമായപ്പോള്‍ ദയാനന്ദനും ഭാര്യയും വന്നു. പലഹാരങ്ങളും സമ്മാനങ്ങളും നിറച്ചൊരു പെട്ടി ദീനാമ്മയെ ഏല്‍പിച്ചിട്ട് സുമതി പറഞ്ഞു: “മൂന്ന് ആഴ്ചത്തെ വെക്കേഷന്‍ പോരെന്നു തോന്നി. സമയം ഓടിപ്പോയി.” നാട്ടുവിശേഷവും വീട്ടുകാര്യങ്ങളും പറഞ്ഞു അവര്‍ ഏറെനേരം ഇരുന്നു. കാപ്പികുടി കഴിഞ്ഞ്, ആ നല്ല അയല്‍ക്കാര്‍ മടങ്ങി. 
പിറ്റേന്ന് രാവിലെ ദയാനന്ദന്‍ വീണ്ടും വന്നു. ഒരു കത്ത് ദാനിയേലിന് കൊടുത്തുകൊണ്ട് പറഞ്ഞു. “ഇത് എന്‍റെ മെയില്‍ ബോക്സില്‍ കിടന്നതാ.”

ദയാനന്ദന്‍ മടങ്ങിപ്പോയി. അയാള്‍ കൊടുത്ത കത്ത് തുറന്നു ദാനിയേല്‍ വായിച്ചു. സ്ഥബ്ധനായി. തെറ്റിദ്ധരിക്കാനും പരാതി പറയിക്കാനും ഒരു കാരണമുണ്ടായെന്നു തോന്നി. ഒരുപാട് നിരാശയോടെ, ഒന്നുംപറയാതെ, കത്ത് ദീനാമ്മയ്ക്ക് കൊടുത്തു. അവള്‍ അത് വായിച്ചു. വിഷമത്തോടെ ചോദിച്ചു: “നമ്മളിനി എന്ത് ചെയ്യും? സത്യം പറഞ്ഞാലും അവര്‍  വിശ്വസിക്കയില്ല. കള്ളം പറഞ്ഞെന്നു കരുതും. ഇത് അയയ്ക്കുന്നതിനു മുമ്പ്, നമ്മളെ ടെലിഫോണില്‍ വിളിച്ചു വിവരം പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കത്ത് അയച്ചതിന് ശേഷമെങ്കിലും, വിവരം അറിയിക്കാന്‍ നമ്മളെ വിളിക്കാമായിരുന്നു. അതും അവര്‍ ചെയ്തില്ല.”  

ദാനിയേല്‍ അല്പനേരം ചിന്തിച്ചുകൊണ്ടിരുന്നു. കരുണാദ്രമനസ്കനായി പറഞ്ഞു: “ഇത്‌, ദയാനന്ദന്‍ സ്വദേശത്ത് പോയതിനുശേഷം വന്നതാണ്. ഒരു കത്തയക്കുബോള്‍, അതിന്‍റെ പുറത്ത് സ്വവിലാസവും കൈപ്പറ്റേണ്ട ആളിന്‍റെ ശരിയായ വിലാസവും വ്യക്തമായി എഴുതണം. ഈ കത്തില്‍ സ്വവിലാസം ഇല്ല. വീട്ടു നമ്പര്‍ തെറ്റിച്ചും എഴുതിയിരിക്കുന്നു. നമ്മുടെ  വിലാസത്തെപ്പറ്റി സംശയമുണ്ടായിരുന്നെങ്കില്‍, നമ്മളോട് വിളിച്ചു ചോദിക്കാമായിരുന്നു. അതും ചെയ്തില്ല. അതുകൊണ്ട്, ഇക്കാര്യത്തില്‍ അവര്‍ പരാതിപറഞ്ഞാല്‍, അത് തെറ്റാകും. പക്ഷേ, ഒരു ബന്ധം മുറിച്ചു കളയാന്‍, ചിലപ്പോള്‍ ഒരു വാക്ക് മതിയാകും. അതുകൊണ്ട് നീ ആരെയും കുറ്റപ്പെടുത്തരുത്. മാപ്പ് ചോദക്കേണ്ട കാര്യവുമില്ല.”  
ദീനാമ്മ പോസ്റ്റ്ല്‍ കവറില്‍ നോക്കിയിട്ട് ഉറപ്പിച്ചു പറഞ്ഞു: “ഇച്ചായാ ഇത് തൊമ്മിച്ചന്‍റെ കൈയക്ഷരമല്ല. മറ്റാരേക്കൊണ്ടോ എഴുതിച്ചതാണ്.”  

ആദരിക്കേണ്ടവര്‍ അന്യരായെന്ന് ദാനിയേലിനു തോന്നി. അയാള്‍ ചോദിച്ചു: “കത്ത് എഴുതിയത്‌ മറ്റാരോ ആണെങ്കില്‍, അതിന്‍റെ കാരണമെന്തെന്ന് നിനക്കറിയാമോ? നിന്‍റെ കുഞ്ഞാങ്ങളയുടെ “വിഐപി” ലിസ്റ്റില്‍ നമ്മള്‍ രണ്ട്പേരും ഇല്ല. ഇനി എന്ത് ചെയ്യണമെന്നു നീ തന്നെ പറയൂ.” 
വാക്കുകളുടെ വഴി തെറ്റരുതെന്നു കരുതി, ദീനാമ്മ മിണ്ടിയില്ല!


    __________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക