
പ്രിയ വായനക്കാർക്ക്
(ഇതോടെ ഭഗവത് ഗീത അവസാനിക്കുന്നു. ഭഗവത് ഗീതയെക്കുറിച്ച് ഒരു ഏകദേശരൂപം വായനക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതാണീ സരള സംഗ്രഹം. ആരെങ്കിലും ഇത് വായിച്ചെങ്കിൽ, ആർക്കെങ്കിലും ഇതു പ്രയോജനകരമായെങ്കിൽ എന്റെ ശ്രമം പാഴായില്ലെന്നു വിശ്വസിക്കാം. ഗീത എല്ലാവർക്കും വായിക്കാവുന്ന ഒരു പുണ്യഗ്രന്ഥമാണ്. ഇതു ഒരു ഹിന്ദുമത ഗ്രന്ഥമാണെന്ന് ഈ ലേഖകൻ വിശ്വസിക്കുന്നില്ല. മരണശേഷം വാഗ്ദാനം ചെയ്യുന്ന ഒരു ജീവിതത്തിനുവേണ്ടി ഈ ലോകത്തിൽ അശാന്തിയോടെ കഴിയുന്ന അശാന്തി പരത്തുന്ന മനുഷ്യർ ഈ ഗ്രൻഥം വായിച്ചിരിക്കേണ്ടതാണ്. ഇതിലെ തത്വങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്നവർക്ക് ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങേണ്ടതില്ലെന്നുള്ളത് ഒരനുഗ്രഹമാണ്. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു.സ്വതന്ത്രനായി തന്നെ മരിക്കണം. എന്തിനാണ് നമ്മൾ ഓരോ മതക്കാരാണെന്നു തിരിച്ചറിയാൻ ശ്രമിക്കുന്നത്. അപ്പോഴല്ലേ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരു ദൈവമേയുള്ളു അതിൽ വിശ്വസിക്കുകയാണ് ഉത്തമം. നിബന്ധനകൾ വയ്ക്കുന്ന ദൈവത്തെ വേണ്ടെന്നു പറയാൻ മനുഷ്യൻ എന്ന് ധൈര്യം നേടും. നിബന്ധനകൾ വെയ്ക്കുന്നത് ദൈവമല്ല. മറിച്ച് അദ്ദേഹത്തിന്റെ പേരിൽ കച്ചവടം ചെയ്യുന്ന മനുഷ്യദൈവങ്ങളാണെന്നു നാം എന്ന് മനസ്സിലാക്കും.
സ്നേഹപുരസ്സരം
സുധീർ)
ഈ അധ്യായം ഇതുവരെ കൃഷ്ണൻ അർജുനന് നൽകിയ ഉപദേശത്തിൻെറ സംഗ്രഹമാണ്. ഇത് വളരെ നീണ്ട അധ്യായമാണ്. ഇതിൽ അർജുനൻ വീണ്ടും സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും വ്യത്യാസങ്ങൾ ചോദിക്കുന്നുണ്ട്. സന്യാസി ആത്മീയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ത്യാഗി അവൻ ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം ആഗ്രഹിക്കാത്തവനാണ്. കർമ്മങ്ങൾ പാപമല്ല, എന്നാൽ കർമ്മങ്ങൾ ചെയ്യുമ്പോൾ കർത്തൃത്വ ഭാവം വെടിഞ്ഞു എല്ലാം ഭഗവാനിൽ അർപ്പിക്കണമെന്നു ഉപദേശിക്കുന്നു. ഏതൊരു കർമ്മം ചെയ്യുമ്പോഴും അതിന് പിന്നിൽ ആത്മാവ്, ശരീരം, ഇന്ദ്രിയങ്ങൾ, പ്രയത്നം, ഈശ്വരൻ എന്നീ അഞ്ച് ഘടകങ്ങളുണ്ട്: ഇതിൽ നമ്മൾ ഒരു ഘടകം മാത്രമാണെന്ന് മനസ്സിലാക്കി അഹങ്കാരം ഒഴിവാക്കണം,
ഈ അധ്യായം ഭഗവദ്ഗീതയുടെ സന്ദേശത്തെ പൂർണ്ണമാക്കുകയും, പ്രായോഗിക ജീവിതത്തിൽ ഭക്തിയും ജ്ഞാനവും സന്യാസവും എങ്ങനെ സമന്വയിപ്പിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഭഗവാനിൽ നിന്നും ദിവ്യജ്ഞാനം ലഭിച്ച അർജുനൻ അദ്ദേഹത്തിന്റെ മായയും, സംശയങ്ങളും തീർന്നു എന്ന് പറയുന്നു. എല്ലാം ധൃതരാഷ്ട്രരോട് പറഞ്ഞുകൊണ്ടിരുന്ന സഞ്ജയനും എല്ലാം കേൾക്കാൻ അദ്ദേഹത്തിന് ലഭിച്ച ഭാഗ്യത്തിന് നന്ദി പറയുന്നു.
ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്ഗുഹ്യതരം മയാ ।
വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു (18:63)
അത്യന്തം ഗോപ്യമായ ജ്ഞാനം ഞാൻ നിന്നെ ഉപദേശിച്ചുകഴിഞ്ഞു. ഇതിനെ നല്ല പോലെ വിചാരം ചെയ്തിട്ട് നീ എന്ത് ആഗ്രഹിക്കുന്നുന്നുവോ അപ്രകാരം ചെയ്തുകൊള്ളുക. അർജുനനെ ഭഗവാൻ നിർബന്ധിക്കുന്നില്ല. ഭഗവത് ഗീതയിലെ ശ്ലോകങ്ങളിൽ പ്രധാനപ്പെട്ടതാണിത്.
ഭഗവത് ഗീത അവസാനിക്കുന്നത് സഞ്ജയന്റെ അഭിപ്രായത്തോടെയാണ്. അതിങ്ങനെ :
യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാര്ഥോ ധനുര്ധരഃ
തത്ര ശ്രീരവിജയോ ഭൂതി
ധ്രുവാ നീതിര്മതിര്മമ (18:78)
എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലു ധരിച്ച അർജുനനുമുണ്ടോ അവിടെ ഐശ്വര്യവും ജയവും അഭിവൃദ്ധിയും, ശാശ്വത നീതിയുമുണ്ടാകും. ഇത് വായിച്ച് കൃഷ്ണനെയും അർജുനനെയും അന്വേഷിച്ച് ഹിന്ദുമതത്തിലേക്കോ അവരുടേതെന്ന് വിശ്വസിക്കപ്പെടുന്ന മഹാഭാരതത്തിലേക്ക് പോകേണ്ട കാര്യമില്ല. കൃഷ്ണൻ എന്ന് പറഞ്ഞാൽ താഥ്വികജ്ഞാനത്തിന്റെയും ധനുർധരനായ അർജുനൻ പ്രായോഗിക വിജ്ഞാനത്തിന്റെയും പ്രതീകങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൻഥം ഒരു മതഗ്രന്ഥമായി ആരും പരിഗണിക്കരുതെന്ന് ഈ ലേഖകൻ തുടക്കത്തിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്. പരമമായ അറിവാണ് ഈശ്വരൻ എന്നാണ് ഗീത പഠിപ്പിക്കുന്നത്
ഇനി വിശദമായി
മഹാബാഹോ! ഹൃഷികേശാ ത്യാഗത്തെയും സംന്യാസത്തെപ്പറ്റിയുള്ള സാരം എനിക്കറിയാൻ ആഗ്രഹമുണ്ട്. ഓ കേശിനിഷൂദന (കേശിയെ വധിച്ചവൻ എന്നർത്ഥം , കേശി ഒരു കുതിരയുടെ രൂപത്തിൽ കൃഷ്ണനെ ആക്രമിക്കുകയും ഭഗവാൻ അതിനെ രണ്ടാക്കി കീറി കൊല്ലുകയും ചെയ്തു) ത്യാഗത്തെപ്പറ്റിയുള്ള തത്വങ്ങളും എനിക്ക് പറഞ്ഞു തരിക.
കാമ്യാനാം കര്മണാം ന്യാസം
സംന്യാസം കവയോ വിദുഃ ।
സർവകര്മഫലത്യാഗം
പ്രാഹുസ്ത്യാഗം വിചക്ഷണാഃ (18:2)
ഭഗവാൻ പറഞ്ഞു ഋഷികൾ കാമ്യകർമ്മങ്ങൾ ഉപേക്ഷിക്കലാണ് സംന്യാസം എന്ന് മനസ്സിലാക്കി. ജ്ഞാനികളാകട്ടെ സർവ്വ കർമ്മഫലങ്ങളെയും ത്യജിക്കുന്നതാണ് ത്യാഗം എന്ന് മനസ്സിലാക്കി.
ആഗ്രഹങ്ങളുടെ പ്രേരണയാൽ പ്രവർത്തികൾ ഉണ്ടാകുമ്പോൾ അതിൽ ദോഷമുണ്ടായിരിക്കുമെന്നു ചില തത്വദർശികൾ ചിന്തിക്കുന്നു തന്മൂലം അവയെ ഉപേക്ഷിക്കണമെന്ന് പറയുന്നു
ത്യാജ്യം ദോഷവദിത്യേകേ
കർമ പ്രാഹുര്മനീഷിണഃ
യജ്ഞദാനതപഃകർമ
ന ത്യാജ്യമിതി ചാപരേ(18:3)
എന്നാൽ മറ്റു ചിലരാകട്ടെ യജ്ഞം, ദാനം , തപസ്സ്, മുതലായ കർമ്മങ്ങൾ വേണ്ടെന്നു വയ്ക്കരുതെന്നു പറയുന്നു. ഓ ഭാരതസത്തമ ത്യാഗത്തെപ്പറ്റിയുള്ള എന്റെ നിർണ്ണയം, അഥവാ, അന്തിമ സത്യം കേൾക്കുക. ഓ! ഭരത ത്യാഗം സത്യമായും മൂന്നു തരത്തിലുണ്ടെന്നു കീർത്തിക്കപ്പെട്ടിരിക്കുന്നു. യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ കർമ്മങ്ങൾ ഉപേക്ഷിക്കുകയല്ല അനുഷ്ഠിക്കുകയാണ് വേണ്ടത്, യജ്ഞം, ദാനം, തപസ്സ് മുതലായവ ജ്ഞാനികളെപോലും ശുദ്ധീകരിക്കുന്നവയാണ്. എന്നാൽ ഈ കർമ്മങ്ങൾ ആസക്തിയും, ഫലകാംക്ഷയും
കൂടാതെയും നിർവഹിക്കണം. ഓ പാർത്ഥാ ഇതാണെന്റെ ഉത്തമവും, നിശ്ചിതവുമായ അഭിപ്രായം. കർത്തവ്യകർമ്മങ്ങൾ (ചെയ്യേണ്ട കർമ്മങ്ങൾ) ഉപേക്ഷിക്കുന്നത് ശരിയല്ല. മൂഢതകൊണ്ട് അത്തരം കർമ്മങ്ങൾ ഉപേക്ഷിക്കുകയാണെകിൽ അവ തമസമായ ത്യാഗമായി കണക്കാക്കാവുന്നതാണ്. ദേഹക്ലേശമുണ്ടാകുമെന്ന പേടി കൊണ്ടോ ദുഃഖകകരമെന്നു കരുതിയോ കർമ്മത്തെ ആർ ത്യജിക്കുന്നുവോ ആ ത്യാഗം രജസമാകയാൽ ആ ത്യാഗം കൊണ്ടുള്ള ഫലം ഒരുവന് ലഭിക്കുന്നില്ല.ഫലം കാംക്ഷിക്കാതെയും ആസക്തിയില്ലാതെയും ചെയ്യേണ്ടതായ നിയത കർമ്മങ്ങൾ ചെയ്യുമ്പോൾ ഓ! അർജുന ആ ത്യാഗം സാഥ്വികമെന്നു കണക്കാക്കപ്പെടുന്നു. സാത്വതികഗുണമുള്ളവനും സംശയമറ്റവനും ബുദ്ധിമാനുമായ ഈ ത്യാഗി സുഖകരമായ കർമ്മങ്ങളിൽ സന്തോഷിക്കുകയോ ദുഖകരമായ കർമ്മങ്ങളിൽ ദ്വേഷിക്കുകയോ ചെയ്യുന്നില്ല. ശരീരമുള്ളേടത്തോളം കാലം കർമ്മങ്ങളെ പൂർണ്ണമായി ഉപേക്ഷിക്കാൻ മനുഷ്യന് സാധ്യമല്ല. എന്നാൽ കർമ്മഫലങ്ങളെ ആർ വേണ്ടെന്നു വയ്ക്കുന്നുവോ അവനെ നേരായിട്ടും ത്യാഗി എന്ന് വിളിക്കാവുന്നതാണ്. മൂന്ന് വിധത്തിലുള്ള കർമ്മങ്ങൾ നന്മ, തിന്മ, നന്മതിന്മ മിശ്രം. ത്യാഗത്തെ ഉപേക്ഷിക്കാത്തവർക്ക് മരണശേഷം വന്നുകൂടുന്നു. എന്നാൽ ത്യാഗികൾക്ക് ഇങ്ങനെ ഉണ്ടാകുന്നില്ല. ഓ! മഹാബാഹു സർവ്വ കർമ്മങ്ങളുടെയും സിദ്ധിക്കായി കർമ്മ സമാപ്തിയെ വിശദീകരിക്കുന്ന സാംഖ്യത്തിൽ പറയപ്പെട്ടിട്ടുള്ള അഞ്ചു കാരണങ്ങൾ എന്നിൽ നിന്ന് നീ ഗ്രഹിക്കുക. എല്ലാ കർമ്മങ്ങളും ചെയ്യാൻ സഹായിക്കുന്ന ശരീരം. പിന്നെ ശരീരം കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്ന ഞാൻ (കർത്ത) കർമ്മങ്ങൾ ചെയ്യാൻ സഹായിക്കുന്ന വിവിധ ഇന്ദ്രിയങ്ങൾ (കരണം) വിവിധങ്ങളായ ശരീര വ്യാപാരങ്ങൾ (ചേഷ്ട) അഞ്ചാമതായി ദൈവം. ശരീരം കൊണ്ട് എന്തൊരു പ്രവർത്തി ഒരാൾ ചെയ്യുന്നുവോ സംസാരിക്കുകയോ, ചിന്തിക്കുകയോ ചെയ്യുന്നുവോ അവ ന്യായമോ അന്യായമോ ആകട്ടെ അതിനു മുമ്പ് പറഞ്ഞ അഞ്ചുമാണ് കാരണങ്ങൾ. ഇത് ഇങ്ങനെയിരിക്കെ അതായത് സർവ്വ കർമങ്ങളും മേല്പറഞ്ഞ അഞ്ചു കർമ്മങ്ങളിൽ അധിഷ്ഠിതമാണെന്നിരിക്കെ അവ ചെയുന്നത് കേവല സാക്ഷിയായ ആത്മാവാണെന്നു കാണുന്നുവൻ ദുർബുദ്ധിയും ബുദ്ധിയുടെ വേണ്ടത്ര വെളിച്ചം കിട്ടാത്തതിനാൽ യഥാർത്ഥമെന്തെന്നുമനസ്സിലാക്കാത്തവനുമാകുന്നു. ഒരാൾ "ഞാൻ" എന്ന ഭാവത്തിൽ നിന്ന് മുക്തി പ്രാപിച്ചിരിക്കയും അവന്റെ ബുദ്ധി വിഷയങ്ങളിൽ ആസക്തമാകാതിരിക്കുകയും ചെയ്യുന്നുവോ അവൻ ഈ ആളുകളെ മുഴുവൻ കൊന്നാലും ആരെയും കൊല്ലുന്നില്ല. ആ കർമ്മത്തോട് ബന്ധപെടുന്നില്ല. അറിവ്, അറിയപ്പെടേണ്ടത്, അറിയുന്നവൻ, ഇത് മൂന്നും പ്രവർത്തിക്കു പ്രേരകമാണ്. കാരണം ജ്ഞാനം കർമ്മം കർത്താവ് ഇവ മൂന്നും പ്രവർത്തിക്കു ആശയം അഥവാ നിർവാഹകങ്ങൾ ആണ്. ഗുണത്രയമനുസരിച്ച് അറിവ് കർമ്മം, കർത്താവ്, ഇവയെ മൂന്നു വിധമായി തന്നെ കപിലന്റെ സാംഖ്യ ശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അവയെക്കുറിച്ച് കേട്ടാലും. ചരാചരങ്ങളിലും അനശ്വരമായ തത്വത്തെയും അവിഭക്തമായതിൽ വിഭക്തമായതിനെയും ആർ കാണുന്നുവോ ആ അറിവ് സാ തിക മാണെന്നറിഞ്ഞാലും സർവ ചരാചരങ്ങളെയും വേറിട്ട് കാണുകയും, ഒന്നിൽ നിന്ന് വ്യത്യസ്തരായി വേറൊന്നിനെ കാണുകയും ചെയ്യുന്നുവോ ആ ജ്ഞാനം രജസമാകുന്നു. ഒരേ ഒരു കാര്യത്തിൽ പൂർണ്ണമെന്നപോലെ ഒട്ടിപിടിച്ചതും യുക്തിഹീനവും, സത്യത്തിന്റെ അടിത്തറയില്ലാത്തതും സങ്കുചിതവുമായ ജ്ഞാനം തമസമെന്നറിയുക. ആസക്തിയില്ലാതെ രാഗദ്വേഷങ്ങൾക്കടിമപ്പെടാതെ ഫലകാംക്ഷയില്ലാതെ ഏതു കർമ്മം അനുഷ്ഠിക്കുന്നുവൊ അത് സാതിവകമാണെന്നറിയപ്പെടുന്നു. ആഗ്രഹത്തോടെയും ഞാനെന്ന ഭാവത്തോടും കൂടി വളരെ ബുദ്ധിമുട്ടി അനുഷ്ഠിക്കപ്പെടുന്ന കർമ്മം രജസമാണെന്നറിയുക. മൂഢതയോടെ അനന്തരഫലങ്ങൾ ചിന്തിക്കാതെ, അതുകൊണ്ടുണ്ടാകുന്ന നഷ്ടം അന്യർക്കുണ്ടാകുന്ന ദ്രോഹങ്ങൾ അവ ചെയ്യാൻ താൻ സമര്ഥനാണോ എന്നാലോചിക്കാതെ ചെയ്യുന്ന കർമ്മം തമസമാണെന്നറിയുക. ആസക്തിയില്ലാത്തവനും അഹംഭാവമില്ലാത്തവനും ധൈര്യവും ഉത്സാഹവുമുള്ള തോൽവിയിലും ജയത്തിലും തുല്യത പുലർത്തുന്നവനുമായ കർത്താവ് സാഥ്വികനത്രെ. ആസക്തി, ഫലകാംക്ഷ ദുരാഗ്രഹം എന്നിവയുള്ളവൻ പരോപദ്രവി ശുചിയില്ലാത്തവൻ സുഖദുഃഖങ്ങളോടുകൂടിയവൻ അവൻ രജസനാകുന്നു.അസ്ഥിരത, വഷളത്വം വിനയമില്ലായ്മ, ചതി, കുടിലത, മടി, വിഷാദം, കാര്യങ്ങൾ നീട്ടിവയ്ക്കൽ ഇങ്ങനെയുള്ളവരെ തമസനെന്നു പറയപ്പെടുന്നു. ബുദ്ധിയുടെയും മനോധൈര്യത്തിന്റെയും സാഥ്വികാദി ഗുണമനുസരിച്ചുള്ള മൂന്നു വിധ ഭേദത്തെ പൂർണ്ണമായും വേറെ വേറെയും പറയാം, ഓ! ധനജ്ഞയ പ്രവർത്തി നിവർത്തി ചെയ്യേണ്ടത്. ചെയ്യരുതാത്തത്, ഭയപ്പെടേണ്ടത്, ഭയപ്പെടേണ്ടാത്തത് ബന്ധം മോക്ഷം ഇവ വേർതിരിച്ചറിയുന്ന ബുദ്ധി സാത്വതികമാണ്. ധർമ്മത്തെയും അധർമ്മത്തെയും കാര്യത്തെയും അകാര്യത്തെയും (അതായത് കർത്തവ്യത്തെയും കർത്തവ്യമില്ലാത്തതിനെയും) യാഥാർത്ഥരൂപത്തിലല്ലാതെ തെറ്റായി അറിയുന്ന ബുദ്ധി രജസമാണ്.
അന്ധകാരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതും, അധർമ്മത്തെ ധാർമ്മികമായി കാണുകയും എല്ലാം വിപരീതമായ വിധം കാണുകയും ചെയ്യുന്ന ബുദ്ധി തമോഗുണപ്രധാനമാണ്. യോഗാഭ്യാസത്തിലൂടെയുള്ള
മനഃസംയമനത്താൽ അന്യവിഷയങ്ങളിൽ ആകൃഷ്ടനാകാതെ പ്രാണങ്ങൾ ഇന്ദ്രിയങ്ങൾ എന്നിവയുടെ ചേഷ്ടകളാക്കി നിർത്തുന്ന ധൃതി (സ്ഥൈര്യം) സാതികമാകുന്നു. ധർമ്മം, അർഥം, കാമം എന്നീ പുരുഷാർത്ഥങ്ങളെ നിർവഹിക്കുകയും അവയിലുള്ള ആസക്തികൊണ്ട് ഫലകാംക്ഷിയായിരിക്കുകയോ ചെയ്യുന്ന ആ ധൃതി രജസമാകുന്നു. ദുഷ്ടബുദ്ധിയായ ഒരാൾ യാതൊന്നുകൊണ്ട് മിഥ്യാസങ്കല്പങ്ങൾ ഭയം ശോകം, വിഷാദം മദം എന്നിവ ഉപേക്ഷിക്കുന്നില്ലയോ ആ ധൃതി തമോഗുണ പ്രധാനമാകുന്നു. പരിശീലനം കൊണ്ട് ഏതൊരു സുഖത്തിൽ രമിക്കുകയും ദുഖമില്ലായ്മ പ്രാപിക്കുകയും ചെയ്യുന്നവോ മൂന്ന് തരത്തിലുള്ള ആ സുഖത്തെ കുറിച്ചും ഹേ ഭാരതശ്രേഷ്ഠ കേട്ടുകൊൾക. ആദ്യം വിഷം പോലെ തോന്നുകയും അവസാനം അമൃതുപോലെയും ആകുന്നുന്നുവോ ആത്മബുദ്ധി പ്രസാദത്തിൽ നിന്നുണ്ടാകുന്ന ആ സുഖം താതികമാണ്. ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളുടെയും പരസ്പര ബന്ധത്തിൽ നിന്ന് ആദ്യം അമൃതുപോലെയും അവസാനം വിഷം പോലെയും പരിണമിക്കപ്പെടുന്ന സുഖം രജസുഖമെന്നു അറിയപ്പെണ്ടുന്നു. ആരംഭം മുതൽ അവസാനംവരെ ആത്മാവിനെ മോഹിപ്പിക്കുന്നതും നിദ്ര ആലസ്യം, പ്രമാദം, എന്നിവയിൽ നിന്നുണ്ടാകുന്നതുമായ സുഖത്തെ തമസമെന്നു പറയപ്പെടുന്നു.
പ്രകൃതിയിൽ നിന്നുളവായ മൂന്നു ഗുണങ്ങളിൽ നിന്ന് പരിപൂർണ്ണ മുക്തി നേടിയവരായി ഭൂമിയിൽ ജനിച്ചവരോ, സ്വർലോകത്തുള്ളവരോ ഇല്ല. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും, ശൂദ്രരുടെയും കർമ്മങ്ങൾ അവരുടെ സ്വഭാവജന്യങ്ങളായ ഗുണങ്ങളനുസരിച്ച് വേർതിരിച്ചിരിക്കുന്നു. മന:ശാന്തി, ഇന്ദ്രിയനിഗ്രഹം, ശാസ്ത്രീയ ജ്ഞാനം, വിജ്ഞാനം ആസ്തിക്യം ഇവയെല്ലാം സ്വാഭാവികമായ ബ്രാഹ്മണകർമ്മങ്ങളാകുന്നു. ശൗര്യം, തേജസ്സ്, ധൃതി, സാമർഥ്യം യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടാതിരിക്കൽ ദാനശീലം പ്രഭുത്വം ഇവ സ്വാഭാവികമായ ക്ഷത്രിയ കർമ്മങ്ങളാകുന്നു. കൃഷി, പശു പാലനം, കച്ചവടം, എന്നിവ വൈശ്യന്റെ സ്വാഭാവിക കർമ്മയോഗങ്ങളും സേവനം ശൂദ്രന്റെ കർമ്മയോഗവുമാകുന്നു. ഓരോരുത്തരും അവരുടെ കർമ്മങ്ങളിൽ എടുക്കുന്ന താല്പര്യമനുസരിച്ച് അവർ ജ്ഞാനം നേടുന്നു. സ്വകർമ്മനിരതനായവൻ എങ്ങനെ സിദ്ധി പ്രാപിക്കുന്നവെന്നു കേട്ടുകൊള്ളുക. ആരിൽ നിന്നാണോ ഈ ജീവികളെല്ലാം ഉത്ഭവിച്ചത്. ആരാൽ ഇവയെല്ലാം നിറഞ്ഞിരിക്കുന്നുവോ അതിനെ സ്വകർമ്മം കൊണ്ട് പൂജിച്ച് മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു. ശരിയായി ചെയ്യുന്ന പൗരധർമ്മത്തെക്കാൾ ഗുണം കുറവായാൽപോലും സ്വധർമ്മം ശ്രേഷ്ഠമാണു. സ്വാഭാവികമായ കർത്തവ്യ കർമ്മം അനുഷ്ഠിക്കുന്നവർ പാപത്തെ പ്രാപിക്കുന്നില്ല. അല്ലയോ അർജുന സഹജമായ കർമ്മം ദോഷമുള്ളതാണെങ്കിൽ പോലും ഉപേക്ഷിക്കരുത്.കാരണം എല്ലാ കർമ്മങ്ങളും പുകയാൽ അഗ്നിയെന്നപോലെ ദോഷത്താൽ മൂടപ്പെട്ടിരിക്കുന്നു. ആരുടെ ബുദ്ധിയാണോ ഒന്നിനോടും ബന്ധപെടാത്തത് ആരാണോ ആത്മസംയനം പാലിച്ചവനും ആഗ്രഹങ്ങൾ ഇല്ലാത്തവനുമായിരിക്കുന്നത് അയാൾ സംന്യാസംകൊണ്ട് നൈഷ്കർമ്മ സിദ്ധിയെ പ്രാപിക്കുന്നു. നൈഷ്കർമ്യ സിദ്ധിയെ പ്രാപിച്ചവർ എങ്ങനെ ബ്രഹ്മത്തെ പ്രാപിക്കുന്നുവെന്ന് എന്നിൽ നിന്നും അറിഞ്ഞുകൊള്ളുക. വിശുദ്ധമായ ബുദ്ധിയോടുകൂടി, ധൈര്യത്താൽ തന്നെ തന്നെ നിയന്ത്രിച്ച് ശബ്ദവും അതേപോലെയുള്ള വസ്തുക്കളും ഉപേക്ഷിച്ച് രാഗദ്വേഷങ്ങളെ ഉപേക്ഷിച്ച് ഏകാന്തമായ ഒരിടത്തിരുന്നു അൽപ്പാഹാരം കഴിച്ചും, സംസാരം കുറച്ചും ശരീരവും, മനസ്സും നിയന്ത്രിച്ച് എപ്പോഴും ധ്യാനനിഷ്ഠനായി വൈരാഗ്യത്തിൽ ആശ്രയം തേടി, അഹന്ത, അധികാരം ഗർവ് കാമം, ക്രോധം, അന്യന്റെ മുതലിലുള്ള ആഗ്രഹം എന്നിവ വെടിഞ്ഞു ഒന്നിനോടും മമതയില്ലാതെ ശാന്തമായി ചിരിക്കുന്നവൻ ബ്രഹ്മത്തെ പ്രാപിക്കുന്നു. അങ്ങനെ ബ്രഹ്മദൂതനായവൻ പ്രസാദാത്മകനായി ഒരിക്കലും ദുഖിക്കാതെ ഇരിക്കുന്നു.
എല്ലാവരെയും (സകല ചരാചരങ്ങളെയും) തുല്യമായി കണ്ട് എന്നിൽ പരമമായ ഭക്തി നേടുന്നു. ഭക്തികൊണ്ട് എന്നെ അവൻ ശരിക്കുമറിയുന്നു. ഞാൻ എന്താണെന്നും ആരാണെന്നും ശരിക്കുമറിഞ്ഞിട്ട് പിന്നീട് പരമാത്മാവായ എന്നിൽ ലയിക്കുന്നു. സർവ കർമ്മങ്ങളും എപ്പോഴും എന്നിൽ ആശ്രയിച്ച് ചെയ്യുന്നവൻ എന്റെ കൃപ മൂലം ശാശ്വതമായ അനശ്വരമായ വരപ്രസാദത്തെ പ്രാപിക്കുന്നു. മനസ്സുകൊണ്ട് എല്ലാ കർമ്മങ്ങളും എന്നിൽ സമർപ്പിച്ച് എന്നെ പരമമായ ലക്ഷ്യമാക്കി ബുദ്ധിയോഗം കൊണ്ട് എപ്പോഴും എന്നിൽ തന്നെ മനസ്സുറപ്പിക്കുക. എന്നിൽ ഉറപ്പിക്കുന്ന നിന്റെ മനസ്സ് എന്റെ കൃപയാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കുന്നു. എന്നാൽ അഹങ്കാരം കൊണ്ട് എന്റെ വാക്കുകൾ കേൾക്കാതിരുന്നാൽ നിനക്ക് അധഃപതനം ഉണ്ടാകും. അഹങ്കാരം മൂലം ഞാൻ യുദ്ധം ചെയ്യുകയില്ല എന്ന് നീ പറയുന്നത് വ്യർത്ഥമാണ് കാരണം നിന്റെ പ്രകൃതി തന്നെ അതിനു നിന്നെ നിർബന്ധിക്കും. സ്വാഭാവികമായ കർത്തവ്യ കർമ്മങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ വ്യാമോഹത്താൽ ഏതു കർമ്മം ചെയ്യാനാഗ്രഹിക്കുന്നില്ലയോ ആ കർമ്മം തന്നെ നിനക്ക് ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരും. എല്ലാ ജീവികളുടെയും ഹൃദയത്തിൽ ഈശ്വരൻ വസിക്കുന്നു. ഒരു യന്ത്രത്തിലേറ്റിയപോലെ തന്റെ മായാശക്തിയാൽ അവൻ അവയെ ഭ്രമണം ചെയ്യിപ്പിക്കുന്നു.
തമേവ ശരണം ഗച്ഛ
സർവഭാവേന ഭാരത ।
തത്പ്രസാദാത്പരാം ശാന്തിഃ
സ്ഥാനം പ്രാപ്സ്യസി ശാശ്വതം : (18:62)
ആ ഈശ്വരനെ, അല്ലയോ അർജുനാ നീ പരമമായ ശാന്തിയെയും ശാശ്വതമായ സ്ഥാനത്തേയും (ബ്രഹ്മപദം) പ്രാപിക്കുന്നു.
ഇപ്രകാരം രഹസ്യങ്ങളിൽ വച്ച് അതിരഹസ്യമായ ജ്ഞാനം നിനക്ക് പറഞ്ഞുതന്നു. അതിനെ പൂർണ്ണമായി പര്യാലോചിച്ച് നീ എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്തുകൊൾക. ഏറ്റവും രഹസ്യമായ എന്റെ പരമവാക്യം ഇനിയും കേൾക്കുക. കാരണം നീ എനിക്ക് പ്രിയപ്പെട്ടവനാണു. നിനക്ക് നല്ലതിനായിട്ടുള്ളത് ഞാൻ പറഞ്ഞു തരാം. നിന്റെ മനസ്സ് എന്നിലുറപ്പിക്കുക. എന്നിൽ ഭക്തിയുറപ്പിക്കുക. എനിക്ക് വേണ്ടി യാഗങ്ങൾ ചെയ്യുക. എന്നെ നമസ്കരിക്കുക. എങ്കിൽ തീർച്ചയായും നീ എന്നെ പ്രാപിക്കുമെന്ന് സത്യമായി ഞാൻ പ്രതിജ്ഞ ചെയുന്നു. കാരണം നീ എനിക്ക് പ്രിയമുള്ളവനാകുന്നു.
സർവധര്മാന്പരിത്യജ്യ
മാമേകം ശരണം വ്രജ ।
അഹം ത്വാ സർവപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ (18:66)
സർവധർമ്മങ്ങളും ത്യജിച്ച് എന്നിൽ ശരണം പ്രാപിക്കുക. ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും.
ഇദം തേ നാതപസ്കായ
നാഭക്തായ കദാചന ।
ന ചാശുശ്രൂഷവേ വാച്യം
ന ച മാം യോഽഭ്യസൂയതി (18:67)
നീ എന്നിൽ നിന്നും കേട്ട ഉപദേശങ്ങൾ തപസ്സില്ലാത്തവന് നീ ഉപദേശിച്ചു കൊടുക്കരുത്. (അതപസ്കായ എന്നാൽ തപസ്സില്ലാത്തവൻ എന്ന് അർഥം. തപസ്സ് കൊണ്ട് ആത്മസംയമനം നേടുന്നു. ആത്മസംയമനം ഇല്ലാത്തവന് ഗീത പ്രയോജനപ്പെടില്ല. യ: മാം അഭ്യസൂയതി അർഥം യാതൊരുവൻ എന്നെ നിന്ദിക്കുന്നുവോ അവനും ഉപദേശം അരുത്.)
യ ഇമം പരമം ഗുഹ്യം
മദ്ഭക്തേഷ്വഭിധാസ്യതി ।
ഭക്തിം മയി പരാം കൃത്വാ
മാമേവൈഷ്യത്യസംശയഃ (18:68)
എന്നോട് പരമഭക്തിയുള്ള ആൾ ഈ പരമരഹസ്യം എന്റെ ഭക്തന്മാർക്ക് ഉപദേശിച്ച് കൊടുത്താൽ അവർ നിസ്സംശയം എന്റെ അടുക്കൽവരും (എന്നെ പ്രാപിക്കും) അങ്ങനെ ഉപദേശം കൊടുക്കുന്നവനേക്കാൾ എനിക്ക് പ്രിയപ്പെട്ടവനായി മനുഷ്യരിൽ ആരുമില്ല. അവനെക്കാൾ പ്രിയങ്കരനായി മറ്റൊരാൾ എനിക്ക് ഭൂമിയിൽ ഉണ്ടാകുകയില്ല. മാത്രമല്ല നമ്മൾ തമ്മിൽ നടക്കുന്ന ഈ ധർമ്മപരമായ സംവാദം ആർ പഠിക്കുന്നുവോ അവനാൽ ഞാൻ ജ്ഞാന യജ്ഞതാൽ ആരാധിക്കപ്പെട്ടവനായി ഭവിക്കുമെന്നാണെന്റെ അഭിപ്രായം.
ശ്രദ്ധാവാനനസൂയശ്ച
ശൃണുയാദപി യോ നരഃ ।
സോഽപി മുക്തഃ ശുഭാൻ ലോകാൻ
പ്രാപ് നയാത് പുണ്യകർമണാം (18:71)
ശ്രദ്ധയോടെ, അസൂയരഹിതനായി ഇത് കേൾക്കുകയെങ്കിലും ചെയ്യുന്ന മനുഷ്യനും മുക്തി പ്രാപിക്കുന്നു. പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്കായുള്ള ശുഭലോകങ്ങളെ പ്രാപിക്കുന്നു.
കച്ചി ദേ ത് ശ്രുതം പാർത്ഥ !
ത്വ യൈ കാ ഗ്രേ ണ ചേതസാ
കച്ചി ദജ്ഞാന സമ്മോഹ !
പ്രണഷ്ട സ്നേ ധനജ്ഞയ (18:72)
ഓ ധനജ്ഞയ ഏകാഗ്രമായ മനസ്സോടെ നീ ഉപദേശങ്ങൾ കേട്ടുവോ? അജ്ഞാനം കൊണ്ടുണ്ടായ വ്യാമോഹം നീങ്ങിയോ? അർജുനൻ പറഞ്ഞു. ഹേ അച്യുത:, വ്യാമോഹത്തിൽ നിന്ന് ഞാൻ മുക്തനായി. എനിക്കെന്റെ ശരിയായ ഓർമ്മ തിരിച്ചുകിട്ടി. നിന്റെ കൃപയാൽ ഞാൻ ദൃഢചിത്തനാണ്. എന്റെ സംശയങ്ങൾ നീങ്ങി. നീ ഉപദേശിച്ച പോലെ ഞാൻ പ്രവർത്തിച്ചുകൊള്ളാം. സജ്ഞയൻ പറഞ്ഞു. അങ്ങനെ വസുദേവനും, മഹാത്മാവായ പാർത്ഥനും തമ്മിലുള്ള അത്ഭുതകരവും പുളകപ്രദവുമായ സംവാദത്തെ അങ്ങനെ ഞാൻ കേട്ടു .
വ്യാസന്റെ പ്രസാദത്താൽ യോഗീശ്വരനായ കൃഷണൻ സ്വയം അർജുനന് ഉപദേശിക്കുന്ന ഉത്കൃഷ്ടവും ഏറ്റവും രഹസ്യവുമായ യോഗത്തെ ഞാൻ നേരിട്ടു കേട്ടു. അല്ലയോ, ധൃതരാഷ്ട്ര മഹാരാജാവേ ശ്രീകൃഷ്ണാർജ്ജുനന്മാരുടെ അത്ഭുതകരവും പരിപാവനവുമായ ഈ സംവാദം ഓർമ്മിച്ച് ഓർമ്മിച്ച് വീണ്ടും വീണ്ടും ഞാൻ ഹർഷപുളകിതനാകുന്നു. അല്ലയോ മഹാരാജാവേ ഹരിയുടെ അത്ഭുതകരമായ ആ വിശ്വരൂപം ഓർത്തോർത്ത് എന്റെ വിസ്മയം വർദ്ധിക്കുന്നു.ഞാൻ വീണ്ടും വീണ്ടും ആനന്ദഭരിതാകുന്നു. യോഗീശ്വരനായ കൃഷ്ണനും വില്ലാളി വീരനായ അർജുനനും എവിടെയുണ്ടോ അവിടെയാണ് ഐശ്വര്യവും വിജയവും അഭിവൃദ്ധിയും ശാശ്വത നീതിയുമെന്നാണെന്റെ അഭിപ്രായം.
ഗീത ഇവിടെ അവസാനിക്കുന്നു.
ശുഭം
Read More: https://www.emalayalee.com/writer/11