
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ആകാംക്ഷയേറ്റുന്ന സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2018-ന്റെ ചരിത്ര വിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തുടക്കം മുതലേ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പുറത്തിറങ്ങിയ പോസ്റ്ററിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് വിസ്മയയുടെ തീക്ഷ്ണവും എന്നാൽ ദൈന്യവുമായ ഭാവമാണ്. വിസ്മയയ്ക്ക് പിന്നിലായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പോസ്റ്ററിലുണ്ട്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് വിസ്മയയ്ക്ക് മുന്നിൽ പുറം തിരിഞ്ഞ് നിൽക്കുന്ന താടി വച്ച ആ രൂപമാണ്. രൂപസാദൃശ്യം കൊണ്ട് അത് മോഹൻലാൽ തന്നെയാണോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്ന സസ്പെൻസ് ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.
മോഹൻലാലിന്റെ അമ്മയുടെ നിര്യാണത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദുഃഖകരമായ ആ ഇടവേളയ്ക്ക് ശേഷം ജനുവരി 18-നാണ് തൊടുപുഴയിലും കുട്ടിക്കാനത്തുമായി ചിത്രീകരണം പുനരാരംഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.