Image

സുനിത വില്യംസും ബെൻ ജോൺസണും കോഴിക്കോട്ട്; കെ.എൽ എഫ് 22 മുതൽ

Published on 20 January, 2026
സുനിത വില്യംസും ബെൻ ജോൺസണും കോഴിക്കോട്ട്; കെ.എൽ എഫ് 22 മുതൽ


കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) ഒമ്പതാം പതിപ്പിന് വ്യാഴാഴ്ച തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യ നഗരമായ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ 22 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ. ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെ.എൽ .എഫിന്റെ ഭാഗമാകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 

ഒമ്പതു മാസം നീണ്ട ബഹിരാകാശ വാസത്തിനു ശേഷമുള്ള സുനിത വില്യംസിന്റെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ്. 

ഒളിമ്പ്യൻ ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി, ബുക്കർ പ്രൈസ് ജേതാക്കളായ കിരൺ ദേശായി, ബാനു മുഷ്താഖ്, ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെൽ , ജ്ഞാനപീഠ ജേതാവ് പ്രതിഭ റായ്, സാമ്പത്തിക വിദഗ്ദ്ധൻ അരവിന്ദ് സുബ്രഹ്മണ്യൻ, ചരിത്രകാരി റോമില ഥാപ്പർ,വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ് , പ്രശസ്ത ചിന്തകൻ പീക്കോ അയ്യർ, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂർ തുടങ്ങി സാഹിത്യ- സാംസ്കാരിക - സാമ്പത്തിക-പാരിസ്ഥിതിക മേഖലകളിൽ നിന്നുള്ളവരും സിനിമ, സ്പോർട്സ് രംഗത്തെ പ്രമുഖരും കെ.എൽ.എഫിൽ പങ്കെടുക്കും.


അതിഥി രാജ്യമായ ജർമ്മനിയിൽ നിന്നുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകർ സംവാദത്തിനെത്തും. 250 ൽ അധികം സംവാദങ്ങൾക്കാണ് കെ.എൽ.എഫ് ഒമ്പതാം പതിപ്പ് സാക്ഷിയാകുന്നത്. കേരളത്തിലെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ച നിരവധി ആളുകളും കെ.എൽ.എഫിന്റെ ഭാഗമാകുന്നു. ലോകധർമ്മി നാടക വേദി അവതരിപ്പിക്കുന്ന പെർഫോമേറ്റീവ് സെഷനുകൾ കൂടി ഉൾപ്പെടുത്തി ഏറെ വ്യത്യസ്തമായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.


ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എട്ട് വേദികളിലായി നടക്കുന്ന സാഹിത്യോത്സവം 22 ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ്, തമിഴ്നാട് ഐ.ടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ, മേയർ  ഒ. സദാശിവൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, സുനിത വില്യംസ്, ഭാവന, പ്രകാശ് രാജ്, ജർമ്മൻ കൗൺസൽ ജനറൽ അക്കിം ബുർകാർട്ട്, സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഗൊയ്ഥെ റീജിയണൽ ഡയറക്ടർ ജനറൽ ഡോ. മരിയ സ്റ്റുകൻബർഗ്, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ , സംഘാടക സമിതി ചെയർമാൻ എ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.


സുനിത വില്യംസും റിമ കല്ലിങ്കലുമൊത്ത് വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക സംവാദമാണ് കുട്ടികൾക്കായുളള സാഹിതോത്സവത്തിലെ ആകർഷണം. ഫെസ്റ്റിവൽ ദിവസങ്ങൾ വർണാഭമാക്കാൻ രാത്രിയിൽ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഫെസ്റ്റിവൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡി.സി, മിഷെൽ ഹെയ്ൻസ്റ്റ്, ജനറൽ കൺവീനർ എ.കെ അബ്ദുൾ ഹക്കീം, പ്രോഗ്രാം കൺവീനർ കെ.വി ശശി, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. 

കൂടുതൽ വിവരങ്ങൾക്ക് www.Keralaliteraturefestival.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക