
ഉദയസൂര്യന്റെ ചൂട് ജാലകവാതിൽക്കൽ വന്നു മന്ദസ്മിതം തൂകി നിൽക്കുമ്പോൾ ഒന്ന് കൂടി തിരിഞ്ഞു കിടന്നു ഒരഞ്ചു മിനിറ്റു കൂടി ഉറങ്ങുക അവൾക്ക് പതിവാണ്.. അങ്ങനെ ഉറങ്ങുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും കൃത്യനിഷ്ടയുള്ളവർക്കു പറഞ്ഞാൽ മനസിലാവില്ലെന്നാണ് അവളുടെ ഭാഷ്യം... പതിവിനു വിപരീതമായി ആ ദിവസം രാത്രിയുടെ അവസാന നിശ്ശബ്ദതയിൽ ഒളിഞ്ഞിരുന്ന ഒരു ചെറിയ ചിരിപോലെ, അവളുടെ ഹൃദയം അതിരാവിലെ മന്ദമായി ഉണർന്നു. ജനലുകൾ അടഞ്ഞിരുന്നിട്ടും, മുറ്റത്തെ മുല്ലപ്പൂക്കളുടെ സുഗന്ധം എവിടെയോ ഒരു വഴിയുണ്ടാക്കി വീടിനുള്ളിലേക്ക് ഒഴുകിയെത്തിയത് അവളുടെ ഉറക്കത്തെ കെടുത്തി...ജനാലപ്പാളികൾ തുറന്നു നോക്കുമ്പോൾ ഉദയസൂര്യന്റെ വെളിച്ചത്തിന്റെ മൃദുവായ തുള്ളികൾ മുറ്റത്തെ മുല്ലച്ചെടികളിലേക്കു വീഴുമ്പോൾ, തളിരുകളും പൂക്കളും ഒന്നു കൂടി ശ്വാസമെടുത്തത് പോലെ അവൾക്ക് തോന്നി. പതിവിലും നേരത്തെ ഉണർന്ന അവൾ ചെരിപ്പ് പോലുമിടാൻ നിൽക്കാതെ മുറ്റത്തേയ്ക്ക് ഒരൊറ്റ ഓട്ടമായിരുന്നു..
മഞ്ഞുതുള്ളികൾ ഇപ്പോഴും പൂക്കളുടെ അറ്റങ്ങളിൽ വിറച്ചു നിന്നപ്പോൾ, മുറ്റത്തെ മണ്ണിൽ പതിയുന്ന അവരുടെ നിശ്ശബ്ദ ശബ്ദത്തിനിടയിൽ, പുതുമുല്ലകൾ അവളുടെ വിരലുകൾ തേടി പൊട്ടിച്ചുമുട്ടി. ഓരോ പൂവും സൂക്ഷ്മമായി പറിച്ചെടുക്കുമ്പോൾ, അതിന്റെ തണുപ്പ് കൈകളിൽ പതിഞ്ഞു. ഒപ്പം, മുല്ലപ്പൂവിന്റെ മൃദുവായ സുഗന്ധം ശ്വാസത്തിലേക്ക് മന്ദമായി ഒഴുകിയെത്തി.ആ മണം അവൾ ഒരു നിമിഷം കണ്ണടച്ച് ഉൾക്കൊണ്ടു. കൈകളിലും ശ്വാസത്തിലും മനസ്സിലും ഒരേസമയം പടരുന്ന ആ സുഗന്ധം അവളെ ആനന്ദനിർവൃതിയിൽ ആറാടിച്ചു..
അവൾ മുല്ലപ്പൂകൾ സൂക്ഷ്മമായി ഇറുത്തെടുത്തു വട്ടയിലയിൽ സൂക്ഷിച്ചു. സൂചിയും നൂലും ഉപയോഗിച്ച്, അവൾ ഒരു നീണ്ട മാല കോർത്തെടുക്കുവാൻ തയ്യാറായി. “ഇന്നത്തെ മുല്ലപ്പൂമാല സ്കൂളിൽ എല്ലാവരെയും ആകർഷിക്കും,” അവളുടെ ഉള്ളിലെ ഒരു ചെറിയ സ്വപ്നം മുഴക്കിയപ്പോൾ, കൂട്ടുകാരെ കാണാനുളള ആവേശം കൂടി ഹൃദയത്തിൽ പൊട്ടിക്കരഞ്ഞു. വട്ടയിലയിൽ കൂട്ടിവച്ച മുല്ലപ്പൂകൾ ധൃതിയിൽ കോർക്കാൻ സഹായിക്കാൻ, അവൾ വല്യമ്മച്ചിയെ വിളിച്ചു. “അമ്മച്ചീ, ഇന്നത്തെ മാല കോർത്തെടുക്കാൻ സഹായിക്കാമോ?” വല്യമ്മച്ചി പറഞ്ഞു, “മേരികുഞ്ഞേ ഇപ്പോൾ വരാം.. ആദ്യം ഈ അടുപ്പിലെ തീയ് ഒന്ന് കൂട്ടട്ടെ”.. അവൾ പൂമാല കോർക്കുന്നതു കണ്ടോണ്ടു വന്ന അന്നമ്മച്ചി ചോദിച്ചു “രാവിലെ മുറ്റം പോലും അടിച്ചുവാരാതെ ഇതിനായിരുന്നോ ഓടിയത്?” ഉരുളക്കുപ്പേരി പോലെ അവൾ പറഞ്ഞു “എന്റെ അമ്മച്ചീ, ആനക്കാര്യത്തിനടയ്ക്കണോ ചേനകാര്യം”. വല്യമ്മച്ചി പറഞ്ഞു “മേരിക്കുഞ്ഞിനറിയോ ഞങ്ങളുടെ ചെറുപ്പത്തിൽ വാഴ നാരിലാണ് ഞങ്ങളീ മാലയൊക്കെ കെട്ടിയിരുന്നത്”. അവൾ ആശ്ചര്യത്തോടെ ചോദിച്ചു.. “അയ്യോ അതെങ്ങനെ? അത് പൊട്ടിപ്പോവില്ലേ”. “അടുത്ത പ്രാവശ്യം അമ്മച്ചി കാണിച്ചു തരാട്ടോ”. വിരലുകൾക്കിടയിൽ ചേരുന്ന പൂക്കൾ പതിയെ നീളമുള്ള ഒരു മുല്ലപ്പൂമാലയായി മാറുമ്പോൾ, അവളുടെ ഉള്ളിലെ സന്തോഷം പൂത്തുലഞ്ഞു
മുറ്റം തൂത്തെന്നു വരുത്തി കുളിച്ചു കണ്ണെഴുതി നീണ്ട മുടിയിൽ മുല്ലപ്പൂ മാല ചൂടിയിട്ടു അവൾ നേരെ പറമ്പിൽ പണിയ്ക്കാർക്കൊപ്പം നിന്ന പപ്പയെ കൊണ്ട് കാണിച്ചു ചോദിച്ചു ”പപ്പാ, എങ്ങനെയുണ്ട്? പപ്പയുടെ മോളെ കണ്ടാൽ ഒരു തമ്പുരാട്ടിക്കുട്ടിയെ പോലെയുണ്ടോ?” “അത് പിന്നെ ചോദിയ്ക്കാനുണ്ടോഎന്ന്” പപ്പ സരസമായി ചോദിയ്ക്കുന്നതു കേൾക്കാൻ വേണ്ടിയാണ് അവൾ ഇങ്ങനെ ചോദിയ്ക്കുന്നതെന്നു അറിയാവുന്ന പപ്പ അങ്ങനെ തന്നെ പറഞ്ഞു. രോഗി ഇശ്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന പോലെ തന്റെ ഹൃദയാഭിലാഷം സാധിച്ച സന്തോഷത്തിൽ പുസ്തകസഞ്ചിയുമെടുത്തു അവൾ സ്കൂളിലേയ്ക്ക് ഓടി. ഇടവഴിയിൽ കൂട്ടുകാരെ കണ്ടപ്പോൾ, അവളുടെ ഹൃദയം വീണ്ടും തുള്ളിച്ചാടി “ മേരി ഇന്നത്തെ മുല്ലപ്പൂമാല എത്ര മനോഹരമാണ്!” ജിഷ പറയുമ്പോൾ ലിൻസി ഓർമ്മിപ്പിച്ചു.. മാതാവിന് ഈപ്രാവശ്യം ഏറ്റവും നീളമുള്ള മുല്ലപ്പൂമാല ഇടുന്നതു ഞാനായിരിക്കുമെന്നു കഴിഞ്ഞ വര്ഷം നീ പറഞ്ഞത് മറന്നു പോയോ?” അവൾ പറഞ്ഞു എന്റെ കർത്താവെ ഞാനാ കാര്യം അങ്ങ് മറന്നു പോയി..
ഈ വർഷം പള്ളിയിലെ മാതാവിന്റെ രൂപത്തിൽ ഏറ്റവും നീളം കൂടിയ മുല്ലമാല ചാർത്താനുള്ള ഒരു നിശ്ശബ്ദ മത്സരം നടക്കുകയാണ്. ഔദ്യോഗികമായി ആരും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഗ്രാമത്തിലെ കുട്ടികൾക്കിടയിൽ എല്ലാ വർഷവും അത് അറിയാതെ പടർന്ന ഒരു ആവേശമായിരുന്നു. ആരും ജയിക്കണമെന്നില്ല; എന്നിരുന്നാലും, “നമ്മുടെ മാല ഏറ്റവും നീളം കൂടിയതായിരിക്കണം” എന്നൊരു ചിന്ത എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. അവൾക്കും ആ ആവേശം ഉണ്ടായിരുന്നു. പക്ഷേ അതിനൊപ്പം, ഹൃദയത്തിൽ ചെറിയൊരു ഭയവും. അവളുടെ വീട്ടുമുറ്റത്തെ മുല്ലകളിലെ പൂക്കൾ മാത്രം മതിയാകുമോ? പള്ളിയിലെ മാതാവിന് മുന്നിൽ അവളുടെ മാല ചെറുതായി തോന്നിയാൽ? ആ ചിന്ത അവളെ അല്പം വിറപ്പിച്ചു. അവൾ ഒറ്റയ്ക്കല്ലെന്ന് അവൾക്കറിയാം.
രാവിലെ അവൾ മുല്ലപ്പൂകൾ കോർക്കാൻ തുടങ്ങിയപ്പോഴാണ് സുമ ആദ്യം എത്തിയത്. കൈയിൽ സ്വന്തം വീട്ടുമുറ്റത്ത് നിന്നു പറിച്ചെടുത്ത മുല്ലപ്പൂകൾ. “നീ ഒറ്റയ്ക്കല്ല, മേരി,” എന്ന് പറഞ്ഞ് അവൾ ചിരിച്ചു. സുമ അവളുടെ അരികിൽ ഇരുന്ന്, നിശ്ശബ്ദമായി പൂക്കൾ കോർക്കാൻ തുടങ്ങി. അതിനു പിന്നാലെ ജിഷ എത്തി. പിന്നെ ലിൻസി, ബിൻസി, മഞ്ജു, സിന്ധു… ഓരോരുത്തരും കൈയിൽ ചെറിയ പൊതികളിൽ, തങ്ങളുടെ വീട്ടുമുറ്റത്തെ മുല്ലപ്പൂക്കളുടെ മണം കൊണ്ടുവന്നു. ചില പൂക്കൾ ചെറുതായിരുന്നു, ചിലത് കനമുള്ളതും. ചിലതിൽ ഇനിയും മഞ്ഞുതുള്ളികൾ തങ്ങിനിന്നു. ആർക്കും പറയാനില്ലായിരുന്നു “ഇത് എന്റെ പൂക്കളാണ്.”അവിടെ ഉണ്ടായിരുന്നത് “നമ്മുടെ മാല”മാത്രമായിരുന്നു. ബിൻസിയുടെ കയ്യിലെ പൂക്കൾക്കു കുറച്ചു കൂടി മണം കൂടുതലായുണ്ടെന്നു തോന്നിയ അവൾ വല്യമ്മച്ചിയോടായി പറഞ്ഞു “അമ്മച്ചീ, നമുക്കി ബിൻസിയുടെ വീട്ടിലെ മുല്ലയുടെ ഒരു കമ്പ് കൊണ്ട് വന്നു കുഴിച്ചു വയ്ക്കണേ.. എന്ത് നല്ല മണം”. “അല്ലെങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്നാണല്ലോ” അമ്മച്ചിയുടെ മറുപടി അവൾ പ്രതീക്ഷിച്ചതിലും നേരത്തെ വന്നു. വരാന്തയിൽ എല്ലാവരും ചുറ്റുമിരുന്ന്, ചിരിയും സംസാരവും ഇടയിൽ, മുല്ലപ്പൂകൾ കോർക്കുമ്പോൾ സമയം മറന്നുപോയി. സിന്ധു പറഞ്ഞു: “ഇത് മറ്റുള്ളവരുടേതിനെക്കാൾ നീളം കൂടിയതാവും.” അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു “അങ്ങനെയായാൽ മാതാവ് തന്നെ സന്തോഷിക്കും.”
മത്സരം ആരോടും ആയിരുന്നില്ല. ഗ്രാമത്തിനുള്ളിലെ മറ്റൊരു വീട്ടിലെ മാലയോടല്ല; സമയത്തോടും ക്ഷീണത്തോടുമായിരുന്നു. കൈവിരലുകൾക്ക് വേദന തോന്നിയപ്പോൾ പോലും ആരും എഴുന്നേറ്റില്ല. മുല്ലപ്പൂവിന്റെ സുഗന്ധം വരാന്ത മുഴുവൻ നിറഞ്ഞു. അടഞ്ഞിരുന്ന ജനലുകൾക്കുള്ളിലേക്കും ആ മണം കയറിവന്നു. മുല്ലപ്പൂമാല വരാന്തയിലെ നിലത്ത് നീണ്ടുകിടന്നു. അതിന്റെ അറ്റം കാണാൻ പോലും കഴിഞ്ഞില്ല. മേരി ഒരു നിമിഷം അതിലേക്ക് നോക്കി. ഹൃദയത്തിലെ ഭയം എവിടെയോ ഇല്ലാതായി. പകരം, കണ്ണിൽ ചെറിയൊരു നനവ്. അവൾ മനസ്സിലാക്കി ഇത് വെറും ഏറ്റവും നീളം കൂടിയ മാലയല്ല. ഇത് സൗഹൃദം കോർത്ത ഒരു മാലയാണ്. ഓരോ മുല്ലപ്പൂവും ഒരു കൈയുടെ ചൂട്, ഒരു മനസ്സിന്റെ സ്നേഹം. തൊട്ടടുത്തുള്ള ഇടവക പള്ളിയിലെ മാതാവിന്റെ രൂപത്തിൽ ആ മാല ചാർത്തുമ്പോൾ, ആരും അളന്നില്ല. ആരും ജയിച്ചോ തോറ്റോ എന്നുമില്ല. പക്ഷേ ആ ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു ആ മാലയ്ക്ക് പകരം മറ്റൊന്നില്ലെന്നു. സൗഹൃദത്തിന്റെ സുഗന്ധം ആ പള്ളി മുഴുവൻ പരന്നിരുന്നുവെന്നു..
ഇന്ന്, വർഷങ്ങൾക്കുശേഷം, ഒരവധിക്കാലത്തു അതേ പള്ളിവളപ്പിലൂടെ പതുക്കെ നടക്കുമ്പോൾ, എല്ലാം അല്പം ചെറുതായി അവൾക്ക് തോന്നുന്നു. അന്ന് നിറഞ്ഞുനിന്നിരുന്ന ശബ്ദങ്ങൾ ഇനി കേൾക്കില്ല. മുഖങ്ങൾ മാറി. ചില പേരുകൾ ഓർമ്മകളായി മാത്രം ബാക്കി. പള്ളിമണിയുടെ ശബ്ദത്തിനിടയിൽ, അവൾ കണ്ണടച്ച് ഒരു നിമിഷം നിൽക്കും. അപ്പോൾ എവിടെയോ നിന്ന്, പഴയൊരു മണം. അടഞ്ഞിരുന്ന ജനലുകൾക്കുള്ളിലേക്കും കയറിവന്നിരുന്ന ആ മുല്ലപ്പൂവിന്റെ സുഗന്ധം. അത് ഇന്നും അവളുടെ ഉള്ളിലേക്ക് അതേ വഴിയിലൂടെയാണ് എത്തുന്നത്. അന്നത്തെ അവളുടെ വിരലുകൾ ഓർമ്മ വരും.. പൂക്കൾ കോർത്തുകൊണ്ടിരുന്ന ചെറുവിരലുകൾ. ചിരിച്ച മുഖങ്ങൾ. സമയത്തോടും ക്ഷീണത്തോടും നടത്തിയ ആ നിശ്ശബ്ദ മത്സരം. ആരും ജയിക്കാതെ, ആരും തോറ്റില്ലാത്ത ഒരു ദിവസം. അവൾ പതുക്കെ മാതാവിന്റെ രൂപത്തിലേക്ക് നോക്കും. ഒരിക്കൽ അവൾ സുഹൃത്തുക്കളോടൊപ്പം കോർത്ത, സൗഹൃദത്തിന്റെ മാല. അത് അവിടെ ഇപ്പോഴും ഉണ്ടെന്ന പോലെ അവൾക്ക് തോന്നും.. കാണാനാവില്ലെങ്കിലും, അനുഭവിക്കാം. അവൾ മനസ്സിലാക്കും.. കാലം പലതും കൊണ്ടുപോയിട്ടുണ്ടാകാം.പക്ഷേ അന്ന് കോർത്തത് ഒരു മാലയല്ലായിരുന്നു. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും തന്റെ കൂട്ടുകാർക്കു എന്നും നന്മ മാത്രം വരുത്തണേ മാതാവെയെന്ന പ്രാർത്ഥനയുമായി ആ പടിയിറങ്ങുമ്പോൾ ഓർമ്മച്ചെപ്പിലെ ഒരു അധ്യായമായി മാറിയ ആ സൗഹൃദത്തിന്റെ കലർപ്പില്ലാത്ത സ്‌നേഹസുഗന്ദം അവളെ തഴുകി തലോടി..