
(മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 2025 ജനുവരിയിൽ നടത്തിയ മീറ്റിംഗിൽ, ജനുവരി 25 വി. കെ. എൻ ഓർമ്മദിനത്തോടും ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടും ചേർത്ത് അവതരിപ്പിച്ച നർമ്മകഥ)
പ്രത്യേക ക്ഷണിതാവായി എഴുപത്താറാമത് റിപ്പബ്ലിക്ക് ദിനാഘോഷാനന്തരം ലേശം ഊർജ്ജ നഷ്ടത്തോടെ വസതിയിലെത്തിയ ലഫ് കേണൽ (മിസ്സ്) രേണു എം.ഡി., സ്വീകരണ മുറിയിലെ ദിവാനിലേക്ക് ചാഞ്ഞു. (സർ. സി. പി. യിലേക്കായിരുന്നെങ്കിലെന്നൊന്ന് വെറുതെ മോഹിച്ചു പോയി) പയ്യനാണിന്ന് അടുക്കളയിലും ദേഹണ്ഡക്കാരൻ. ബീഹാറി വേലക്കാരന് പൊതു അവധി കേണൽ ഇന്നലെ ഇഷ്ടദാനം ചെയ്തിരുന്നു. ബ്രഹ്മ മുഹൂർത്തേ കർമ്മ മദ്ധ്യ കൂകി തടസ്സം സൃഷ്ടിച്ച പൂവനോടുള്ള കലിപ്പ് തീർക്കാൻ അവയിലൊന്നിനെ എങ്കിലും വധിക്കുവാൻ തന്നെ തീരുമാനിച്ചവൻ കതിരവനുയരും മുന്നേ യാത്രയായിരുന്നു.
പുന: പൊതുജനദിന ആഘോഷത്തിന് പോകാനൊരുങ്ങി നില്ക്കുമ്പോളാണ് പരുക്കുകളേറ്റ ഒരു കുക്കുട യോദ്ധാവുമായി പയ്യൻ തിരിച്ചു വന്നത്. അവന്റെ മൊഴി ചൊല്ലലിന്റെ പൊരുൾ ഹൃസ്വമാക്കിയത് താഴെ ചേർക്കുന്നു.
അതിരാവിലെ അവൻ പോയത് ഹൗസ്ഖാസ് പരിസരത്തേക്കായിരുന്നു. അതിനകത്തെ ഭോഗയോഗചിലവിലേക്കുള്ള ധനശേഖരണാർത്ഥം കാലിയായ പ്രിവിപേഴ്‌സുമായി വാഴുന്നോർമാരുടെ രണ്ടു പിന്മുറക്കാർ തങ്ങളുടെ കുക്കുടചേകോരുമായി പോരിനെത്തിയിരുന്നു. സാഹ്നത്തിലേക്കായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത്. ഉദിച്ചപ്പോൾ തന്നെ വിദേശത്തുനിന്നും മാമാങ്കം കാണാന്നെത്തിയ കുബേരരിൽ ചിലർ തങ്ങൾ തങ്ങിയ ഹൗസ്ഖാസിൽ നിന്നും ബഹിർഗമിച്ചു. യമുനയിലൊന്നു മുങ്ങി തങ്ങളുടെ ദാമ്പത്യ വിശ്വസ്തത തിരിച്ചെടുക്കാനായിരുന്നു പുറപ്പാടെങ്കിലും, സ്നാനം അങ്കം കണ്ടിട്ടാകാമെന്നായി. യുദ്ധത്തിന്റെ സമയതന്ത്രം പുറകോട്ടു തിരിച്ചതിന് വരത്തന്മാർക്ക് അഞ്ചിരട്ടി തീരുവയിട്ട് പടകാഹളമൂതി, കുക്കുട ഉടയ തമ്പ്രാക്കൾ ഇതിന്റെ ദല്ലാൾ പണിക്ക് പയ്യനിത്തിരി നാണ്യം വിദേശികളിൽ നിന്നും വൈദേശികമായിതന്നേ വസൂലാക്കി. ഘോര ദ്വന്ദയുദ്ധം, കൊത്തും ചവിട്ടും, ചാട്ടവും, ഉഴിച്ചിലും പിന്നെ പിഴിച്ചിലുമാവാൻ നാഴികയെടുത്തു. പടതോറ്റ കോഴിയേ ഏറ്റുവാങ്ങി, അതിൻറെ ശേഷക്രിയകളുടെ കാർമ്മികത്വം പയ്യനേറ്റെടുത്തു..
വൻ തിരിച്ചെത്തിയപ്പോൾ കേണൽ ചുട്ടികുത്തി കിരീടമണിഞ്ഞ് പട്ടാള വാഹനവും കാത്ത് കവാത്ത് വയ്ക്കുകയായിരുന്നു. വന്നപാടെ കോഴിയെ കാട്ടി വീരസ്യം മൊഴിഞ്ഞു, 'ശല്ല്യക്കാരിലിവനെ ഇന്ന് കുഞ്ഞൻ മേനോൻ ശൈലിയിൽ തൂശനിലയിൽ കുടിയിരുത്തും. പ്രാതലിന് വരാൻ പറ്റാത്തതിനാൽ അത്താഴമാക്കാനുത്തരവിട്ടു. കുഞ്ഞൻ മേനോന്റെ കുതിര വരുന്നത് പ്രതീക്ഷിച്ചെങ്കിലും വന്ന പട്ടാള വണ്ടിയിൽ, സാരഥിയുടെ സല്യൂട്ട് വാങ്ങി മടക്കി സഹസ്രാധിപൻ കയറി പോയി.
പാകത്തിനൊരിരിപ്പടം കിട്ടിയില്ലെങ്കിലും കിട്ടിയ ഇടം പാകത്തിലാക്കി പാർശ്വങ്ങളിൽ ഇരുന്ന കുടുകനും
തലേക്കെട്ട് പഞ്ചാബിക്കും വന്ദനം ചൊല്ലി, പ്രധാന തന്ത്രിയുടെ രാഷ്ട്രാഭിവാദന പൂജയിൽ മനമുരുകി പങ്കു ചേർന്നു. പിന്നെ രഥാരൂഷ്ഠയായ സർവ്വ സൈന്യാധിപക്ക്, ഉലക്ക നടുക്കത്തിലെഴുനേറ്റ്, ഇടതു കാലിൽ നിന്ന്, വലതു കാൽമുട്ട് മാറോളം പൊക്കി ചവിട്ടി, വലത്തു കരാംഗുലികൾ ചേർത്തു പിടിച്ച്, ചെറുവിരൽ മുകളിലാക്കി, നടുവിരൽ സിന്ദൂരബിന്ദുവിലെത്തിച്ചൊരു കൊളോണിയൽ അഭിവാദനം കൊടുത്തു. (താമസ്സിയാതെ ഇതിൻറെ ആർഷഭാരത തർജ്ജിമ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.) മയൂര സിംഹാസനവും കോഹിന്നൂർ രത്നം പതിച്ച കിരീടം ഇല്ലെന്നാലും പ്രഥമപൗര, മോഷണ മുതലുപയോഗിക്കുന്നവരേക്കാൾ പ്രൗഢ തന്നെ. രാഷ്ട്ര തലൈവിക്കൊപ്പം വിദേശ അഥിതി മലാക്കനേം അഭിവാദിച്ചെല്ലാവരും ആസനസ്ഥരായി. തുടർന്നു വന്ന ഗന്ധർവ, യക്ഷ, ഭൂതഗണാദി, പിന്നെ അപ്സര, യക്ഷി കൂട്ടങ്ങളുടേയും ബക, ശകടാദി അസുര വൃന്ദത്തിന്റേയും പ്രകടനവന്ദനം ഏറ്റു വാങ്ങാൻ വലതുകരം ചെന്നിയിൽ ചേർത്തൊരു നിൽപ്പായിരുന്നു സർവസൈന്യാധിപ. പ്രകടനം ലോകത്തെ ഞെട്ടിക്കുന്നു എന്ന് തത്സമയ സംപ്രേക്ഷകർ. (വിറയൽ റിച്ചറവുകോലിൽ എട്ടു കടന്നത്രെ). പുറപ്പാടുകളിൽ അവസാനത്തേതു കടന്നപ്പോളേക്കും കയ്യ് താക്കാതെ മൂന്നേമുക്കാൽ നാഴിക നിൽക്കേണ്ടി വന്നു, ആയമ്മക്ക്. ഈ നിൽപ്പ് നാഡീപേശികൾക്ക് താങ്ങാനാവുമോ എന്നൊരു സന്ദേഹം ഡോ. രേണുക എം, ഡി. ക്ക് തോന്നുകയും ചെയ്‌തു. വിന്യാസങ്ങളും, അഭ്യസങ്ങളും, കെട്ടുകാഴ്ചകളും വീഥിയൊഴിഞ്ഞ് കേണൽ വീട്ടിലെത്തിയപ്പോളേക്കും അടുത്തുള്ള കോഴികളും കൂട്ടിൽ കയറിയിരുന്നു. അടുക്കളയിൽനിന്നും നല്ല കോഴിക്കറിയുടെ മണം വരുന്നുണ്ട്.
'കുട്ടൻ കോഴിക്കറി വയ്ക്കുന്നത് ഒന്നു കണ്ടാലോ" രാഗവിലോചിത രേണു മാഡം അടുക്കള ലക്ഷ്യമാക്കി പട്ടാള നീക്കം നടത്തി. നളന് കുഞ്ഞൻമേനോന്റെ പണിവേഷം തന്നെ.ചുട്ടി തോർത്തല്ലാതെ വേറൊരു നാടയും അകത്തോ പുറത്തോ ഇല്ല. തിരിഞ്ഞു നോക്കിയ [പയ്യന് പട്ടാള വേഷത്തോടൊരാസക്തി. പൂവന്റെ അങ്കവാലും പൂടയും പറിച്ചവനിൽ പൂവനാവേശിച്ചു തുടങ്ങി. ആ പടവേഷത്തിൽ അമരുവാനൊരു അഭിനിവേശം. പോരു കോഴിയുടെ അരി, വേവു ചട്ടിയിൽ നിന്നും തവിയിലാക്കി അവനാ സേനാനായികയ്ക്ക് നീട്ടിയതും അവരുടെ ഔദ്യോദിക ഫോണടിച്ചതും ഒരുപോലെയായിരുന്നു. അങ്ങേ തലയ്ക്കൽ കരസേനാധിപനായിരുന്നു. 'രാഷ്ട്രതലൈവി' സർവ്വസൈന്യദിപികയ്ക്ക് തോളുളിക്കിയിരിക്കുന്നു. താമസംവിനാ രാഷ്ട്ര-പതി(?) ഭവനിൽ എത്തണം.
ആട്ടം കഴിഞ്ഞിട്ടില്ല. വേഷം അഴിക്കേണ്ട. തനിക്കുള്ള പട്ടാളവണ്ടി ഉടനെത്തും. വിരഹ വിവരം പയ്യനെ അറിയിച്ച് കോഴി മുഴുവനകത്താക്കി പോരിന് തയ്യാറാകാനൊരു വെല്ലുവിളിയും കൊടുത്തു. അപ്പോളാണവൻ പിണ്ഡതൈലം കയ്യിലെടുത്തോളാൻ പറഞ്ഞത്. ശരിയാണ് കരുതിയേക്കാം. തോളുളുക്കിനും ഫലിക്കാതിരിക്കില്ല. കഴിഞ്ഞ വാരത്തിലായിരുന്നല്ലോ ദ്വന്ദ്വത്തിനിടെ നടു ഉളുക്കിയതും, അവൻ തൈലം ഇട്ടു തടവി പിന്നെ യുദ്ധം തുടർന്നതും പൂർത്തിയാക്കിയതും