
ഇന്ത്യയിലെ പരമോന്നത നിയമമായ ഭരണഘടന 'കുന്തവും കുടച്ചക്രവു'മാണെന്ന് പറഞ്ഞ് അവഹേളിച്ച് പുലിവാല് പിടിച്ച സി.പി.എമ്മിന്റെ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ വെള്ളാപ്പള്ളി നടേശനെപ്പോലെ മുസ്ലീങ്ങളുടെ നെഞ്ചത്ത് പൊങ്കാലയിടുകയാണ്. കാസര്‍കോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാല്‍ വര്‍ഗീയ ധ്രുവീകരണം മനസിലാക്കാമെന്നായിരുന്നു സജി ചെറിയാന്റെ ആലപ്പുഴയിലെ വിവാദ പ്രസ്താവന. മന്ത്രിയുടെ വാക്കുകള്‍ വാക്കുകള്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്. പരാതി നല്‍കിയിട്ടുണ്ട്.
''നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് പരിശോധിച്ചാല്‍ മതി ആര്‍ക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തില്‍ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ..? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തര്‍ പ്രദേശും മധ്യപ്രദേശുമാക്കാന്‍ നില്‍ക്കരുത്...'' എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.
വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തുവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നുണ്ടെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനില്‍ എത്തിയെന്നുമണ് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന സി.പി.എം നേതാവ് എ.കെ.ബാലന്റെ പ്രസ്ഥാവന അടിവരയിടുന്നത് കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ്. വെള്ളാപ്പള്ളി നടേശനാവട്ടെ മുസ്‌ളീങ്ങള്‍ക്കെതിരെ നിരന്തരം ചെളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. കിളി പോയെന്നുറപ്പ്.
നാനാജാതി മതത്തില്‍പ്പെട്ട, വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചെയര്‍മാന്‍മാരുടേയും ചെയര്‍പേഴ്‌സണ്‍മാരുടേയും പേര് നോക്കിയാല്‍ മനസ്സിലാകുമെന്നും സി.പി.എം ഇത്ര വലിയ വര്‍ഗീയത മുമ്പ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സജി ചെറിയാനുള്ള പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ മറുപടി. സര്‍ക്കാരില്‍ ഇരിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഇപ്പോള്‍ ആത്മവിശ്വാസം തീരെ ഇല്ലാതായി എന്നതുകൊണ്ടാണ് മലപ്പുറം പ്രസ്താവനയൊക്കെ നടത്തുന്നന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവനയിലതെന്ന് മന്ത്രി വിശദീകരിക്കുന്നു. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ പ്രതിരോധിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസര്‍കോട് നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മന്ത്രി തന്റെ വാദങ്ങളെ സാധൂകരിച്ചത്. ആകെ 39 സീറ്റുകളുള്ള നഗരസഭയില്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മിന് ഒരൊറ്റ സ്വതന്ത്രന്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസിനാകട്ടെ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി വര്‍ഗീയത പറഞ്ഞ് 12 സീറ്റുകള്‍ നേടിയപ്പോള്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ലീഗ് 22 സീറ്റുകള്‍ നേടിയെന്ന് സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍ സ്ഥിരമായി വിവാദത്തില്‍പ്പെടുന്നയാളാണ്. ഇന്ത്യയിലെ പരമോന്നത നിയമമായ ഭരണഘടനയെ അവഹേളിച്ചതിന് മന്ത്രി വെള്ളം കുടിച്ചിരുന്നു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍...' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആയിരുന്നു ആ വിവാദ പരാമര്‍ശം. തുടര്‍ന്ന് 2022 ജൂലൈ 6-ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം 2023 ജനുവരി 4-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടനയെത്തന്നെ അവഹേളിക്കുകയായിരുന്നു.
മന്ത്രിയെ കുരുക്കിലാക്കിയ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ''ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രീട്ടീഷുകാരന്‍ പറഞ്ഞു തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നു ഞാന്‍ പറയും. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്...'' ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവന എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.കേസ് തീര്‍പ്പായിട്ടില്ല.
ഇടയ്ക്ക് കേരളത്തിലെ നിയമ വ്യവസ്ഥയെയും മന്ത്രി വെല്ലുവിളിക്കുകയുണ്ടായി. യു പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്സൈസിന് നേരെയായായിരുന്നു മന്ത്രിയുടെ കലിതുള്ളല്‍. ''കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ മോശപ്പെട്ടത് ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോ. ഞാനും പുകവലിക്കുന്നയാളാണ്...'' എന്നായിരുന്നു മന്ത്രിയുടെ ന്യായവാദം.
''പുക വലിച്ചെന്ന് എഫ്.ഐ.ആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ..? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുക വലിച്ചു. അതിനെന്താണ്..? വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ..? ആ പരിഗണന കൊടുക്കണ്ടേ..? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ..? സ്വഭാവികമായി പറയും. ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം.ടി വാസുദേവന്‍ നായര്‍...''
എന്നാണ് വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഈ മന്ത്രിയുടെ നിലപാട്. ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാത്ത വര്‍ത്തമാനം പറയുന്ന മന്ത്രിയെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും തയ്യാറാകില്ല. എല്ലാ രാഷ്ട്രീയ നേതാക്കളേയും പലപ്പോഴും പ്രതിക്കൂട്ടിലാക്കുന്നത് അവരുടെ നാവു പിഴയാണ്. അണികളെ കാണുമ്പോള്‍ മൈക്കിന് മുന്നില്‍ എല്ലാം മറക്കുന്ന നേതാക്കള്‍ക്കാണ് പണി കിട്ടുന്നത്. വിവാദമായാല്‍ പിന്നെ ഒറ്റവഴിമാത്രം, മാപ്പു പറച്ചില്‍ മാത്രം. പക്ഷേ, സജി ചെറിയാനെ അതിന് കിട്ടില്ല. കിട്ടിയിട്ടും പ്രയോജനമില്ല. കതിരില്‍ കൊണ്ട് വളം വച്ചിട്ട് എന്ത് കാര്യം...