
കല്പടവുകളിൽ കാവിപുതച്ചു ഞാനിരിപ്പൂ
മുന്നിൽ തിരതല്ലും സംസാരസാഗരം
ജനനമരണ താളങ്ങളിൽ ആടും തരംഗങ്ങൾ,
മുന്നിൽ തിരതല്ലും സംസാരസാഗരം.
ചിതറും രശ്മികൾ കണ്ണിനെ നോവിക്കെ
മാറിടും നിഴലുകൾ ആത്മാവിൽ മുറിവേല്പിക്കെ
പാറകൾക്കിടയിലെ അലയും കാറ്റ്
നിലയ്ക്കാത്ത മന്ത്രം പോൽ എന്തോ മൊഴിയുന്നു
നിശ്ചലമൊന്നു കാണാൻ കൊതിച്ചൂ മനസ്സ്
നിശബ്ദ സത്യമായ് ലോകത്തെ അറിയാൻ
എങ്കിലും ചുറ്റിലും പ്രവാഹം മാത്രം
അടങ്ങാത്ത നൃത്തം, നിലയ്ക്കാത്ത മന്ത്രണം
അറിഞ്ഞു ഞാൻ ഒടുവിൽ
കാറ്റെന്നാൽ വായു
തിളക്കം സൂര്യന്റെ പ്രഭ മാത്രം
ഓളങ്ങൾ ചലിക്കുന്ന ജലം മാത്രം
ഞാനോ.......തത്ത്വമസി... തത്ത്വമസി.....തത്ത്വമസി... തത്ത്വമസി
______
നർമ്മദ നദിയുടെ കരയിൽ ധ്യാനത്തിലിരിക്കുന്ന ഒരു ഭക്തൻ്റെ ചിത്രം കണ്ടപ്പോളുണ്ടായ പ്രചോദനത്തിൽനിന്ന് ഉടലെടുത്തതാണ് ഈ കവിത
---------------
കേൾക്കാൻ ഇതിൽ ക്ലിക്കുചെയ്യുക: