
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടം കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് ദളപതി വിജയ്‌യുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകന്‍. തമിഴ്‌നാട് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സിനിമയില്‍ നിന്ന് വിരമിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് തടയിടുകയെന്ന തന്ത്രവും ജനനായകന്റെ റിലീസ് തടയുന്നതിന്റെ പിന്നാമ്പുറത്തുണ്ട്. എം.കെ സ്റ്റാലിന്റെ ഡി.എം.കെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ വിജയ് തമിഴക വെട്രി കഴകത്തിന്റെ അമരക്കാരനായാണ് രാഷ്ട്രീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ഈ മാസം 9-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. ജനനായകന് അനുമതി നല്‍കാനുള്ള സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി, സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി നിരസിച്ച സുപ്രീം കോടതി, നിര്‍മ്മാണ കമ്പനിയായ കെ.വി.എന്‍ പ്രൊഡക്ഷന്‍സിനോട് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടം തങ്ങള്‍ക്ക് അനുകൂലമായാല്‍, നിര്‍മ്മാതാക്കള്‍ റിപ്പബ്ലിക് ദിന ബോക്‌സ് ഓഫീസ് വിന്‍ഡോയിലായിരിക്കും ലക്ഷ്യം വയ്ക്കുക. അതിനും സാധ്യത കുറവാണ്. 40-ലധികം പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെത്തിയിരുന്നു. കേസ് 20-ഓടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊങ്കല്‍ ഉത്സവകാലം മുതലെടുക്കാന്‍ ജനനായകന് കഴിയാഞ്ഞത് വലിയ തിരിച്ചടിയായി. വിജയ് തന്റെ രാഷ്ട്രീയ ജീവിതം പൂര്‍ണ്ണമായും ആരംഭിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിക്കുന്ന ചിത്രമായി പ്രചരിപ്പിക്കപ്പെടുന്ന ജനനായകന്‍ ബോക്‌സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന പ്രതീക്ഷ ഒരിക്കലും അസ്ഥാനത്തല്ല.
മലേഷ്യയില്‍ വെച്ച് നടന്ന ജനനായകന്റെ ഓഡിയോ ലോഞ്ചിലാണ് താന്‍ സിനിമ വിടുന്ന കാര്യം വിജയ് പറഞ്ഞത്. തമിഴകം ആഘോഷിക്കുന്ന താരമായതിനാല്‍ വിജയ്‌യുടെ വിടവാങ്ങല്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അതിനാല്‍ത്തന്നെ ആഗോള തലത്തില്‍ സിനിമ വലിയ ഹിറ്റാവുകയും ചെയ്യും. വിജയ് ലക്ഷ്യം വെക്കുന്നത് തന്റെ പാര്‍ട്ടി തമിഴ് രാഷ്ട്രീയത്തില്‍ പ്രബല സാന്നിധ്യമാകുക എതിനപ്പുറം തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനമാണ്. വരുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന തമിഴ്‌നാട് നിയമ സഭാ ഇലക്ഷനില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം നേടുക എന്നതാണ് താരത്തിന്റെ സ്വപ്നം.
റാലികളിലും റോഡ് ഷോകളിലും തനിക്കുള്ള ജനപിന്തുണ കൊണ്ട് ഇത് സാധ്യമാകുമെന്ന് വിജയ് ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് ഇത് നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നമാണെന്നാണ്. തമിഴ് രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്നാലേ മുഖ്യമന്ത്രി സ്ഥാനം കിട്ടുകയുള്ളൂ. പുതിയ കാലഘട്ടത്തില്‍ ഒരു സിനിമാ താരത്തിന്റെ താരപ്രഭ കണ്ട് മുഖ്യമന്ത്രിയാക്കാന്‍ തമിഴ് ജനത തയ്യാറാകുമോ എന്ന് കണ്ടറിയണം. എം.ജി.ആറിന്റെയും ജയലളിതയുടെയും കാലത്ത് സംഭവിച്ചത് ആവര്‍ത്തിക്കാനിടയില്ലെന്നാണ് പറയപ്പെടുന്നത്. താരാരാധനയുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ടത്രേ.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, പ്രതിപക്ഷ പാര്‍ട്ടിയായി ടി.വി.കെയെ അഞ്ച് വര്‍ഷമെങ്കിലും നയിക്കാന്‍ വിജയ് തയ്യാറാകുമോ എന്നതാണ്. തമിഴ് സിനിയിലെ കിരീടം വെക്കാത്ത രാജാവാണ് വിജയ്. പ്രതിപക്ഷ നേതാവായി മാധ്യമങ്ങളോട് സംസാരിച്ച്, നിയമസഭയില്‍ വാദിച്ച് നില്‍ക്കാനാെക്കെ വിജയ് തയ്യാറാകുമോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് വിജയ് തുടര്‍ന്നും സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടത്രേ.
അതേസമയം സെന്‍സര്‍ സംബന്ധിച്ച വിധി വരുന്നതുവരെ നിര്‍മ്മാതാക്കള്‍ ജാഗ്രതയിലാണ്. അധിക അപ്പീല്‍ റിലീസ് കൂടുതല്‍ വൈകിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കനത്ത തിരിച്ചടി ഉണ്ടായിട്ടും, റിലീസ് മാറ്റിവയ്ക്കലിന് മുമ്പുള്ള കണക്കുകളനുസരിച്ച് വിദേശ ഓപ്പണിംഗ് ഡേ അഡ്വാന്‍സ് ബുക്കിംഗുകളില്‍ നിന്ന് ചിത്രം 40 കോടി രൂപയും ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 60 കോടി രൂപയും നേടിയിരുന്നു. ആഗോളതലത്തില്‍ പ്രീ-സെയില്‍സില്‍ ഇത് ഏകദേശം 100 കോടി രൂപയായിരുന്നു. റിലീസ് മാറ്റിവച്ചതിന് ശേഷം ഇതെല്ലാം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് തീയതി അടുത്തപ്പോള്‍ ചെന്നൈയിലെ പല പ്രാദേശിക തിയേറ്ററുകളും ടിക്കറ്റിന് 5,000 രൂപ വരെ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുകയുണ്ടായി. എന്നാല്‍ റിലീസ് തടഞ്ഞപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ ജന നായകന്‍ ഷോകള്‍ റദ്ദാക്കുകയും, പണം തിരികെ നല്‍കുകയും ചെയ്തു. ലോകമെമ്പാടും റീഫണ്ട് നടക്കുന്നുണ്ട്.
സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്താല്‍ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പറഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്ക് വേണ്ടി ഹാജരായ വിജയന്‍ സുബ്രഹ്‌മണ്യന്‍ വാദിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മോണിറ്ററിംഗ് ഓഫിസര്‍ എല്ലാം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനധികൃതമായി ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കുന്നുവെന്നാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ വാദം.
സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് മദ്രാസ് കോടതിയെ അറിയിച്ചിരുന്നു. അതിനാലാണ് ചിത്രം പുനപരിശോധനാ സമിതിയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ കോടതിയെ അറിയിച്ചത്. പ്രത്യേക സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിനിമാ സംഘത്തിന് അവരെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതോടെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്.