Image

സക്കറിയയുടെ ആശങ്കകൾ: ഭാഷയുടെ രാഷ്ട്രീയം മുതൽ മലയാളിയുടെ നിലനിൽപ്പ് വരെ

-മീട്ടു റഹ്മത്ത് കലാം Published on 16 January, 2026
സക്കറിയയുടെ ആശങ്കകൾ: ഭാഷയുടെ രാഷ്ട്രീയം മുതൽ മലയാളിയുടെ നിലനിൽപ്പ് വരെ

ആധുനിക ലോകത്ത് മലയാളി നേരിടുന്ന സാംസ്കാരിക–രാഷ്ട്രീയ വെല്ലുവിളികളെയും, അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളെയും, മലയാള സാഹിത്യത്തിന്റെ ഭാവിയെയും ആഴത്തിൽ വിശകലനം ചെയ്യുന്ന രീതിയിലാണ് ഇമലയാളി സാഹിത്യ അവാർഡ് നൈറ്റിൽ  പ്രശസ്ത എഴുത്തുകാരൻ സക്കറിയ പ്രസംഗിച്ചത്.ചാറ്റ് ജിപിറ്റിയെ ഒരു സുഹൃത്തായി കാണാമെങ്കിലും, അതുപറയുന്നതെല്ലാം വിശ്വസിക്കുന്നത് വലിയ അബദ്ധമാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം ശ്രോതാക്കൾക്ക് നൽകി. “എന്റെ മൂന്ന്–നാല് കഥകൾ കൊടുത്താൽ അതിലും മെച്ചപ്പെട്ട ഒരു കഥ ഉണ്ടാക്കി തരാൻ ചാറ്റ് ജിപിറ്റിക്ക്  കഴിയും. ഒരു വൺലൈൻ കൊടുത്താൽ മതി,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അതേസമയം, ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകൾ—ജെഫ് ബെസോസ് ആരംഭിച്ച സംവിധാനങ്ങൾ—സൃഷ്ടിപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഭീകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇമലയാളി പോലുള്ള ഒരു ഓൺലൈൻ പ്രസിദ്ധീകരണം അമേരിക്കയിൽ വർഷങ്ങളോളം മുന്നോട്ട് കൊണ്ടുപോകുന്നതിലെ കഷ്ടപ്പാട് തനിക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്നും സക്കറിയ പറഞ്ഞു. അമേരിക്കൻ മലയാളികൾക്കും കേരളം വിട്ടുപോകുന്ന മലയാളികൾക്കും എപ്പോഴും നാടിനോടൊരു ഗൃഹാതുരത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം എഴുപത് വർഷങ്ങൾക്ക് മുമ്പ് തന്നെ കേരളം വിട്ടുപോയവരെ ഉൾപ്പെടുത്തി രൂപംകൊണ്ട കൽക്കട്ട മലയാളി അസോസിയേഷൻ പോലുള്ള സംഘടനകളെപ്പറ്റി പറയുകയും, മാധവിക്കുട്ടി ഉൾപ്പെടെയുള്ള എഴുത്തുകാരുടെ ഉയിർത്തെഴുന്നേൽപ്പ് ഈ നോസ്റ്റാൾജിയയുടെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂഡൽഹിയിലും ബോംബെയിലും മലയാളി അസോസിയേഷനുകൾ രൂപപ്പെട്ടതും ഇതേ മനോഭാവത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഭാഷാസമൂഹങ്ങളിൽ കുടിയേറ്റക്കാർക്കിടയിൽ ഇത്തരമൊരു സാംസ്കാരിക പ്രവർത്തന സാന്നിധ്യം അപൂർവമാണെന്നും, എന്നാൽ ഭാഷയോടുള്ള പ്രതിബദ്ധതയിൽ മലയാളികളേക്കാൾ മുന്നിലാണ് തമിഴർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫിലേക്ക് പോയവരെ കുടിയേറ്റക്കാരായല്ല, പ്രവാസികളായാണ് കാണേണ്ടതെന്ന് സക്കറിയ വിശദീകരിച്ചു. അവിടേക്ക് പോയവർ പലരും വർഷങ്ങൾക്കുശേഷം തിരികെ വരുകയോ മറ്റിടങ്ങളിലേക്ക് മാറുകയോ ചെയ്യുന്നു. എന്നാൽ യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവരിൽ വലിയൊരു വിഭാഗം അവിടെ വേരുറപ്പിക്കുന്ന കുടിയേറ്റക്കാരായി മാറുകയാണ്. അങ്ങനെയാകുമ്പോൾ, കേരളത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും ഭാഷയോടുള്ള സ്നേഹത്തിലൂടെയാണ് ഏറ്റവും ശക്തമായി പ്രകടമാകുന്നതെന്നും  അദ്ദേഹം പറഞ്ഞു. “നാൽപത് വർഷം ന്യൂയോർക്കിൽ ഒരു സാംസ്കാരിക സംഘടന നടത്തി എന്താണ് നേടുന്നത് എന്ന് ചോദിച്ചാൽ ഒന്നുമില്ല. അതൊരു ആത്മസംതൃപ്തിയാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോർക്ക് പോലുള്ള അതിവേഗം മുന്നേറുന്ന അമേരിക്കൻ സമൂഹത്തിനിടയിൽ ഒരു പ്രത്യേക ഐഡന്റിറ്റിയുമായി മുന്നോട്ട് പോകുന്നത് എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ എത്തിയവർക്ക് ഇന്റർനെറ്റോ സുലഭമായ ടെലിഫോൺ സംവിധാനങ്ങളോ ഇല്ലായിരുന്ന കാലത്ത് പോലും ഭാഷാസ്നേഹം നിലനിന്നിരുന്നു എന്നത് ശ്രദ്ധേയമാണെന്ന് സക്കറിയ പറഞ്ഞു. 1988-ൽ താൻ  ആദ്യമായി അമേരിക്കയിൽ എത്തിയതുമുതൽ കഴിഞ്ഞ വർഷംവരെ നടത്തിയ യാത്രകളിൽ അദ്ദേഹം കണ്ട അമേരിക്കയെക്കുറിച്ചും പരാമർശിച്ചു.

1990-കളിലും 2000-കളിലും അമേരിക്കയിലെ മലയാളി സംഘടനകൾ ജാതിമതഭേദമില്ലാതെ മലയാളത്തിനായി പ്രവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. എന്നാൽ ഇന്ന് ആ സാംസ്കാരിക പ്രവർത്തനങ്ങൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആരാധനാലയങ്ങളിൽ ഒതുങ്ങിപ്പോയതായി തോന്നുന്നുവെന്നും, അത് വളരെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അത്യന്തം സൃഷ്ടിപരവും ബുദ്ധിമതികളും ആയ ഒരു സമൂഹത്തിന്റെ നടുവിൽ ജീവിച്ചുകൊണ്ട് വീണ്ടും പഴയ ജാതിവ്യവസ്ഥകളിലേക്ക് മടങ്ങുന്ന പ്രവണത തനിക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപജാതിക്ക് വരെ സ്വന്തം അസോസിയേഷനുകൾ അമേരിക്കയിൽ ഉണ്ടാകുന്നത് ഒരു അധപതനമായി കാണുന്നത് തുറന്നുപറയാൻ മടിയില്ലെന്നും സക്കറിയ വ്യക്തമാക്കി. ഇത് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ–വർഗീയ ധ്രുവീകരണത്തിന്റെ പ്രതിഫലനം ആകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സാഹിത്യത്തിന് തന്നെ അർത്ഥമില്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത് ഇന്ന് ടോട്ടലി ഇൻസിഗ്നിഫിക്കൻ്റും ഇറിലവന്റുമാണ്,” എന്ന കടുത്ത നിരീക്ഷണവും സക്കറിയ നടത്തി. മലയാളികൾ നേരിടുന്ന യഥാർത്ഥ ഭീഷണി മൂന്ന് മതങ്ങൾക്കിടയിൽ—ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ—സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണെന്നും, ആ സാമൂഹിക സൗഹാർദ്ദത്തിന്റെ അടിത്തറ തകർക്കാൻ ബാഹ്യശക്തികളും അവർക്കുള്ള ആഭ്യന്തര പിന്തുണയും പ്രവർത്തിക്കുന്നുവെന്നതാണ് തന്റെ ഏറ്റവും വലിയ പേടിയെന്നും അദ്ദേഹം പറഞ്ഞു. “ഒരു മലയാളി എന്നതൊഴിച്ചാൽ എനിക്ക് വേറൊരു ഐഡന്റിറ്റിയില്ല. ജാതിചിന്തയുമില്ല, എഴുത്തുകാരൻ എന്ന ഐഡന്റിറ്റി പോലുമില്ല,” എന്ന് പറഞ്ഞ അദ്ദേഹം, ഈ അടിത്തറ തകർന്നാൽ കേരളത്തിലെ ജീവിതം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരുപോലെ ദുസ്സഹമാകുമെന്ന് മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ നമ്മുടെ യഥാർത്ഥ രാഷ്ട്രീയം ഈ പ്രതിസന്ധിയുടെ രാഷ്ട്രീയമായിരിക്കണമെന്നും, മതസമൂഹങ്ങൾ തമ്മിൽ കലഹിച്ചല്ല ഇവിടെ ജീവിക്കേണ്ടതെന്ന് ഉറപ്പുവരുത്തുക തന്നെയാണ് നമ്മുടെ രാഷ്ട്രീയ ലക്ഷ്യമെന്നും സക്കറിയ വ്യക്തമാക്കി. അമേരിക്കയിൽ കണ്ട ഈ പ്രവണതകളുടെ പശ്ചാത്തലത്തിലാണ് ഇമലയാളി പോലുള്ള പ്രസിദ്ധീകരണം ആദർശപരമായി ഗ്ലോബൽ മലയാളികൾക്കായി ഇത്തരമൊരു സാഹിത്യ അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത് പ്രശംസ അർഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യം പുതിയ പാതകളിലൂടെ മുന്നേറുന്നതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമായി പ്രൊഫ.ബാബു എബ്രഹാം രചിച്ച 'കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ 'എന്ന കൃതിയുടെ വിജയത്തെ സക്കറിയ ചൂണ്ടിക്കാട്ടി. “വിൽപനയുടെ കണക്കല്ല ഞാൻ പറയുന്ന വിജയം. പരമ്പരാഗത സാഹിത്യകാരന്മാരുടെ ഇടയിലൂടെ ഒരു പുതിയ പാത വെട്ടിക്കയറുകയാണ് ബാബു ചെയ്തത്,” എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാധുനികത പോലും ഇന്ന് പരമ്പരാഗതമായി മാറിയ സാഹചര്യത്തിൽ, മലയാള ഭാഷയെയും സാഹിത്യത്തെയും മറ്റൊരു വഴിയിലേക്ക് നയിച്ചിരിക്കുന്ന ഇത്തരം ശ്രമങ്ങൾ തുടരണമെന്നും, പുതിയ തലമുറയിലെ എഴുത്തുകാർ പുതുമയുള്ള വഴികളിലൂടെ മുന്നേറട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് സക്കറിയ തന്റെ പ്രസംഗം സമാപിപ്പിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക