Image

ഒരു ഹൃദയത്തിന്റെ തേങ്ങൽ (കവിത: ഉഷാ നായര്‍)

Published on 16 January, 2026
ഒരു ഹൃദയത്തിന്റെ തേങ്ങൽ (കവിത: ഉഷാ നായര്‍)

പൂമുഖത്തിണ്ണയിൽ ചാരിക്കിടക്കവേ 
എന്മനം ഓടി അലഞ്ഞുപോയ് ചിന്തയാൽ 
പോയകാലങ്ങളിൽ മുങ്ങിയും പൊങ്ങിയും 
തപ്പിത്തടഞ്ഞെന്റെ മാനസം ശൂന്യമായ്!

നഷ്ടബോധത്തിൻ്റെ താക്കോൽ ഞാൻ തേടിപ്പോയ് 
കണ്ടില്ലെവിടെയും കാണിപ്പനാളില്ല! 
ജീവിത വ്യഗ്രത ഓടിതളർത്തിയെ ഓർത്തില്ല 
എന്നെ ഞാൻ, എൻ ജീവിതത്തെയും! 
ദൂരങ്ങൾ നോക്കാതെ ഓടി ഞാൻ ദൂരവേ 
എന്നുടെ സന്തോഷം വേണ്ടെന്ന് വെച്ചു ഞാൻ! 
ആശിച്ചു കാണാനായ് എൻ മകൻ പൊന്മുഖം 
ആശയായ് മാത്രമായ് തീരുമെന്നാകിലും 
ഒന്നവൻ വന്നെങ്കിൽ എൻ മകൻ താങ്കമേ 
ഒത്തിരി സ്നേഹിച്ചു നിൻ്റച്ഛൻ നിന്നെയോ 
പിഞ്ചുകരങ്ങളെ ചേർത്തു പിടിച്ചു ഞാൻ 
നെഞ്ചോടു ചേർത്തങ്ങു നൽകിയ വാത്സല്യം 
നിന്നുടെ നന്മയെ കണ്ടു കണ്ടങ്ങനെ 
എന്നുടെ ജീവിതം പോയതറിഞ്ഞില്ല! 
കാലങ്ങൾ പോകവേ, നിൻ കൂടുകെട്ടി നീ 
കിട്ടിയ നന്മയെ പിന്നിൽഎറിഞ്ഞുപോയ്!

ഇന്നു ഞാൻ ഏകനായ് ആരും തുണയില്ല 
ഒന്നുമേ ഇല്ലാതെഏകനായ് മാറിഞാൻ! 
എൻമനം കേഴുന്നു, എൻ കണ്ണീർവിഴുന്നു 
ഒന്നു നീ വന്നെങ്കിൽ നിൻ മുഖം കാണ്മാനായ്

കുഞ്ഞുമക്കൾ താൻ്റെ കൊഴ്സും കണ്ടിടാൻ 
എൻ ഇമവെട്ടാതെ കാത്തു കഴിയുന്നു! 
ആശയുണ്ടെന്റെ ഹൃദയത്തിലെപ്പോഴുംപൈതലേ 
ഇത്തിരി ദാഹജലം നിൻ കരങ്ങളാൽ 
ഓർമ്മകൾ ഓരോരോ ഓളമായി വന്നുപോയ് 
കിട്ടാത്ത ഭാഗ്യത്തെ നോക്കി കിടന്നു ഞാൻ! 
നെഞ്ചകം വിങ്ങുന്നു നെഞ്ചിടിപ്പേറുന്നു 
വയ്ക്കുന്നു എന്നാശ ഈശ്വര സന്നിധേ 
പൈതങ്ങൾ, മക്കളെ ഓർക്കണേ നിങ്ങളും 
കണ്ണീർ കൊടുക്കല്ലെ നിന്നുടെ താതർക് 
എത്തിടും നിങ്ങളെ തേടി ഒരുദിനം 
അന്നാൾ കണക്കുകൾ തീർക്കേണ്ടതായിവരും!
 

Join WhatsApp News
A.C.George 2026-01-19 19:39:28
ശ്രീമതി ഉഷ നായർ, മുകളിലത്തെ കവിത വായിച്ചു. നല്ല അർത്ഥവും ഭാഷാശുദ്ധിയും ഉള്ള ഒരു കവിത. ഇന്നലെ, അതായത് ജനുവരി 18ആം തീയതി, Houstan - Kerala Writers Forum മീറ്റിംഗിൽ താങ്കളും ഹസ്ബൻഡും വന്നിരുന്നല്ലോ. ആ അവസരത്തിലും ഇതേ മാതിരി ഒരു കവിത വായിച്ചിരുന്നു. അതും വളരെ നന്നായിരുന്നു. Dallas ഭാഗത്തുനിന്ന് എത്തിയ രണ്ട് അതിഥികൾ ആയിരുന്നു നിങ്ങൾ രണ്ടുപേരും. അന്നവിടെ താങ്കളുടെ കവിതയെപ്പറ്റി ഞാനും എൻറെ ഒരു ചെറിയ എളിയ അഭിപ്രായം പറഞ്ഞിരുന്നു. ഏതായാലും നിങ്ങളുടെയൊക്കെ സാഹിത്യ സഫരിയ തുടരട്ടെ. ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക