Image

പ്രവാസത്തിന്റെ ഒഴുക്കിൽ ചേർന്നൊഴുകാൻ വിളിക്കുന്ന ‘കൽഭരണികൾ’: പ്രൊഫ. ബാബു എബ്രഹാമിന്റെ വാക്കുകൾ

-മീട്ടു റഹ്മത്ത് കലാം Published on 15 January, 2026
പ്രവാസത്തിന്റെ ഒഴുക്കിൽ ചേർന്നൊഴുകാൻ വിളിക്കുന്ന ‘കൽഭരണികൾ’: പ്രൊഫ. ബാബു എബ്രഹാമിന്റെ വാക്കുകൾ

കൊച്ചി: പ്രവാസജീവിതത്തിന്റെ സങ്കീർണതകളും മത–ജാതി അതിർവരമ്പുകൾക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയം കൂടി ആഴത്തിൽ തുറന്നുകാട്ടിയ പ്രഭാഷണമാണ് ഇമലയാളി അവാർഡ് ദാന ചടങ്ങിൽ  പ്രൊഫ.ബാബു എബ്രഹാം  നടത്തിയത്. തന്റെ കൃതിയായ കമ്പിളിക്കണ്ടത്തിലെ കൽഭരണികളെ ആസ്പദമാക്കി സംസാരിച്ച അദ്ദേഹം, കുടിയേറ്റം ഒരു ‘പുഴ’യാണെന്നും അതിന് ഒരുപോലെ ഒറ്റയ്ക്കും കൂട്ടായും ഒഴുകുന്ന സ്വഭാവമുണ്ടെന്നും അഭിപ്രായപ്പെട്ടു.

കുടിയേറ്റത്തിന്റെ ഒഴുക്കിൽ മതവും ജാതിയും സമുദായവും വരച്ചിടുന്ന അതിർവരമ്പുകൾ മറികടന്ന് സ്നേഹിക്കാനും കരുതൽ നൽകാനും പഠിപ്പിക്കുന്ന അനുഭവരേഖയാണ് തന്റെ പുസ്തകത്തിന്റെ ഉള്ളടക്കമെന്നും എന്ന് അദ്ദേഹം വ്യക്തമാക്കി. “നമ്മൾ ഒറ്റയ്ക്ക് ഒഴുകുന്ന പുഴയാണോ, അല്ലെങ്കിൽ അടുത്ത തലമുറയുടെ ഒഴുക്കിനൊപ്പം ചേർന്ന് ഒഴുകുന്നുണ്ടോ എന്നത് ആത്മപരിശോധന ആവശ്യപ്പെടുന്ന ചോദ്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു.

സ്വയം ‘എഴുത്തുകാരൻ’ എന്ന അവകാശവാദം ഉന്നയിക്കാതെ, ജീവിതത്തിലെ ദുഃഖാനുഭവങ്ങളാണ് എഴുത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ ബാബു എബ്രഹാം, മതം മനുഷ്യനെ നിർവചിക്കരുതെന്നും, മനുഷ്യനെ കൂടുതൽ നല്ല മനുഷ്യനാക്കാൻ സഹായിക്കുന്നിടത്തോളം മാത്രമേ മതങ്ങൾക്ക് മൂല്യമുണ്ടാവൂ എന്നും അഭിപ്രായപ്പെട്ടു. ഒരു മനുഷ്യനെ മതപരമായ പേരു കേട്ട് വിധിക്കുന്ന മനോഭാവം തന്നെ ആത്മീയ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതചിന്തകളെ വിമർശിക്കുന്നത് സ്നേഹത്തിൽ നിന്നുള്ള സ്വാഭാവിക പ്രതികരണമാണെന്നും, വിമർശനത്തെ ഭയപ്പെടേണ്ടതില്ലെന്നും പ്രഭാഷണം ഓർമ്മിപ്പിച്ചു. “സ്നേഹിക്കാത്തതും കരുതൽ നൽകാത്തതും നല്ലതല്ല. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നിടത്താണ് മതത്തിന്റെ യഥാർത്ഥ പ്രസക്തി,” എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.

കൃതി ദാരിദ്ര്യത്തെ മഹത്വവൽക്കരിക്കുന്നതല്ല, മറിച്ച് പ്രത്യാശയുടെ സുവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലായ്മകളുടെയും സങ്കടങ്ങളുടെയും സാക്ഷ്യങ്ങളാണ് നമ്മളെ നമ്മളാക്കുന്നതെന്നും, ഇന്നത്തെ വേദനകളെ മാത്രം മഹത്വവൽക്കരിക്കാതെ ഭൂതകാലത്തെ ഓർത്താൽ ഇന്നത്തെ പ്രശ്നങ്ങളെ ചിരിയോടെ നേരിടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകം സ്വീകരിക്കപ്പെട്ടത് വിപണിവിജയത്തിന്റെ പേരിലല്ല, വായനക്കാർക്ക് സ്വന്തം ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ അതിലെ താളുകളിൽ കണ്ടതുകൊണ്ടാണെന്ന വിലയിരുത്തലും അദ്ദേഹം നടത്തി.

താൻ എഴുതിയത് നന്ദികുന്നേൽ മേരി എന്ന ഒരാളുടെ മാത്രം കഥയല്ല; മക്കൾക്കായി ത്യാഗം സഹിച്ച എല്ലാ വിലാസിനിമാരുടെയും മറിയാമ്മമാരുടെയും ഫാത്തിമമാരുടെയും പ്രതീകമാണതെന്നും, അതിൽ മതപരമായ വേർതിരിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ 26-ാം വയസുവരെ നീളുന്ന ജീവിതാനുഭവങ്ങളാണ് കൽഭരണികളിലെ അടിസ്ഥാനം; ഇല്ലായ്മയിൽ നിന്ന് കരകയറാൻ പഠിപ്പിച്ച ഒരു സ്ത്രീയുടെ ചരിത്രമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളായ മാതാപിതാക്കളുടെ ആശങ്കകളിലേക്കും അദ്ദേഹം ശ്രദ്ധ തിരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസവും സാമ്പത്തികവിജയവും മാത്രമല്ല, അവരുടെ വ്യക്തിജീവിത തീരുമാനങ്ങളോടുള്ള തുറന്ന സമീപനവും ആവശ്യമാണ് എന്ന് പറഞ്ഞ അദ്ദേഹം, “നമ്മൾ സൃഷ്ടിക്കുന്ന സുരക്ഷിത മതിലുകൾ പലപ്പോഴും നമ്മുടെ തന്നെ ഭയങ്ങളിൽ നിന്നാണ്,” എന്നും അഭിപ്രായപ്പെട്ടു. സത്യസന്ധതയും പരദർശിതയുമാണ് പുതിയ തലമുറ മാതാപിതാക്കളിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ ഒരു സ്തോത്രഗീതവും കൃതജ്ഞതാരാധനയുമാണെന്ന് രചയിതാവ് വ്യക്തമാക്കി. പ്രവാസജീവിതത്തിന്റെ സത്യങ്ങൾ തുറന്നുപറഞ്ഞ ഈ പ്രഭാഷണം, സദസ്സിനെ ആഴത്തിൽ ചിന്തിപ്പിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക