Image

എഴുതാതിരിക്കാൻ നിവൃത്തിയില്ലാത്തവർ : മലയാള സാഹിത്യത്തിന്റെ ആഗോള കഥ പറഞ്ഞ് ഡോ. എം.വി. പിള്ള

-മീട്ടു റഹ്മത്ത് കലാം Published on 14 January, 2026
എഴുതാതിരിക്കാൻ നിവൃത്തിയില്ലാത്തവർ : മലയാള സാഹിത്യത്തിന്റെ ആഗോള കഥ പറഞ്ഞ് ഡോ. എം.വി. പിള്ള

മലയാള സാഹിത്യത്തിന്റെ ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ദിശകൾ സൂചിപ്പിക്കുന്ന ദീപ്തമായ പ്രഭാഷണം എന്ന നിലയ്ക്കാണ് ഇ-മലയാളി അവാർഡ് വേദിയിലെ സാഹിത്യ സമ്മേളനത്തിൽ ഡോ. എം.വി. പിള്ളയുടെ അധ്യക്ഷ പ്രസംഗം ശ്രദ്ധേയമായത്. ഓണാട്ടുകരയുടെ നെൽവയലുകളിൽ നിന്ന് ആഗോള സാഹിത്യവേദികളിലേക്കുള്ള ചിന്താപ്രവാഹമാണ് അദ്ദേഹം തൊടുത്തുവിട്ടത്.  അനുഭവസമ്പത്തും ചരിത്രബോധവും സമകാലിക സാങ്കേതികതയുടെ സാധ്യതകളും ചേർന്ന അപൂർവമായ ബൗദ്ധിക യാത്രയായി അതിനെ വിശേഷിപ്പിക്കാം.താൻ കഥയോ കവിതയോ എഴുതുന്നവനല്ലെന്നും, നിരൂപണം ചെയ്യാൻ പ്രത്യേക യോഗ്യതയില്ലെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് ഡോ. പിള്ള പ്രസംഗം ആരംഭിച്ചത്. 

എന്നാൽ, “എനിക്ക് ഓണാട്ടുകര അറിയാം” എന്ന ഒറ്റ വാചകത്തിലൂടെ തന്നെ തന്റെ അധ്യക്ഷസ്ഥാനം അദ്ദേഹം ന്യായീകരിച്ചു. മാവേലിക്കര, തൃക്കുന്നപ്പുഴ, ഹരിപ്പാട്, കരുവാറ്റ തുടങ്ങി ഓണാട്ടുകരയുടെ കാർഷിക-സാംസ്കാരിക പൈതൃകമാണ് തന്റെ ഏറ്റവും വലിയ യോഗ്യതയെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ഓണാട്ടുകരയിലെ നെൽകൃഷിയും, നെല്ലിന് ശേഷം എള്ള് കൃഷി ചെയ്ത് ഭൂമിയെ വീണ്ടും സജ്ജമാക്കുന്ന കർഷകബുദ്ധിയുമായി  അദ്ദേഹം തന്റെ സാഹിത്യ ഇടപെടലുകളെ ഉപമിച്ചു. ഇടയ്ക്കിടെ സാംസ്കാരിക നിലങ്ങളിലേക്ക് ഇറങ്ങി,  കൂടുതൽ ഊർജ്ജത്തോടെ മടങ്ങുന്ന ഒരാളാണ് താനെന്നും വ്യക്തമാക്കി.അമേരിക്കയിൽ കഴിഞ്ഞ ദശകങ്ങളായി പ്രവർത്തിക്കുന്ന മലയാളി എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഭാവനകൾ എം.വി.പിള്ള പ്രത്യേകമായി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി അനേകം അവസരങ്ങൾ തുറന്നുകിടക്കുന്ന ഒരു രാജ്യത്ത്, മണിക്കൂറിന് ഡോളറുകൾ സമ്പാദിക്കാവുന്ന സാഹചര്യങ്ങൾ ഉപേക്ഷിച്ച് അക്ഷരലോകത്ത് തുടരുന്നവരെ അദ്ദേഹം പ്രശംസിച്ചു. “ഇത് നഷ്ടത്തിന്റെ വഴിയാണ്, പക്ഷേ ആത്മസംതൃപ്തിയുടെയും ആത്മാവിഷ്കാരത്തിന്റെയും വഴിയുമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

കോട്ടയം നഗരത്തെക്കുറിച്ചും ഡോ. എം.വി. പിള്ള പ്രത്യേക പരാമർശം നടത്തി. “അക്ഷരങ്ങളുടെയും റബ്ബറിന്റെയും മദ്യത്തിന്റെയും തടാകങ്ങളുടെയും നഗരിയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്-ലാൻഡ് ഓഫ് ലെറ്റേഴ്സ്,ലാറ്റക്സ്,ലിക്വർ ആൻഡ് ലേക്സ് . ട്രെയിൻ യാത്രയ്ക്കിടയിൽ കോട്ടയത്തെ വഴിയോരങ്ങളിലുമുള്ള പേരുകൾ വായിച്ചപ്പോൾ പൊൻകുന്നം,പാമ്പാടി,വാഗമൺ,വാഴൂർ,കാരൂർ തുടങ്ങിയ പേരുകൾ പരിചിതമാക്കിയത് അവിടുള്ള എഴുത്തുകാരാണല്ലോ എന്ന ചിന്ത വന്നു. അങ്ങനെ നോക്കുമ്പോൾ എഴുതാതിരിക്കാൻ കോട്ടയംകാർക്ക് നിവൃത്തിയില്ല. അതവരുടെ ശാസ്ത്രീയമായ ദൗത്യമാണ്; അവരുടെ പ്രതിബദ്ധത അക്ഷരങ്ങളോടാണ്,” എന്നും അദ്ദേഹം പറഞ്ഞു.

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു ശക്തമായ കൂട്ടായ്മ അമേരിക്കയിലുണ്ടായതിനാലാണ് അനേകം മലയാളികളുടെ മനോനില പ്രവാസജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിലും സ്ഥിരമായി, അചഞ്ചലമായി നിലനിൽക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. “ഓരോ ആഴ്ചയും, ചിലപ്പോൾ ഓരോ ദിവസവും തന്നെ ഇ-മലയാളി അടക്കമുള്ള മലയാള പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരുണ്ട്. ഞങ്ങളൊക്കെ ഒരു കാലത്ത് പത്രം കാത്തിരുന്ന് വായിച്ച തലമുറയാണ്,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയിലെ പ്രവാസ ജീവിതത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാഹിത്യത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും ഈ കൂട്ടർ ചെയ്യുന്ന സേവനം അങ്ങേയറ്റം സ്തുത്യർഹമാണെന്നും, മലയാളിയുടെ സാംസ്കാരിക നിലനിൽപ്പിന് അത് വലിയ കരുത്താണെന്നും ഡോ. പിള്ള കൂട്ടിച്ചേർത്തു.

ഒരു കാലത്ത് ‘പ്രവാസ സാഹിത്യം’ എന്ന പേരിൽ അമേരിക്കൻ മലയാളി എഴുത്തുകാരെ ചെറുതായി കാണുന്ന പ്രവണതയുണ്ടായിരുന്നുവെന്നും, ഇന്ന് അതേ പ്രവാസ സാഹിത്യം മലയാളത്തിലെ ഏറ്റവും സജീവവും പ്രഫുല്ലവുമായ ശാഖയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള ചെറുകഥയുടെ ചരിത്രം വേങ്ങയിൽ കുഞ്ഞിരാമൻ നായരിൽ നിന്ന് തകഴിയിലൂടെയും കേശവദേവിലൂടെയും പൊൻകുന്നം വർക്കിയിലൂടെയും സാമൂഹിക യാഥാർത്ഥ്യത്തിലേക്കും,എം.ടി, മുകുന്ദൻ,സക്കറിയ തുടങ്ങിയവരിലൂടെ  ആധുനികതയിലേക്കും,കാക്കനാടനെയും വിജയനെയും പോലുള്ളവരിലൂടെ ഉത്തരാധുനികതയിലേക്കും വളർന്ന വഴിത്താര അദ്ദേഹം വിശദമായി ഓർമ്മിപ്പിച്ചു.

ന്യൂഡൽഹിയിൽ താമസിച്ചിരുന്ന മലയാളി എഴുത്തുകാരും കവികളും സൃഷ്ടിച്ച ‘ഡൽഹി സ്കൂൾ’ തന്നെയാണ് മലയാള സാഹിത്യത്തിന്റെ രണ്ടാം കുതിപ്പിന് അടിത്തറയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ, ഇന്ന് ഇന്റർനെറ്റ് യുഗം ലോകസാഹിത്യത്തിലേക്കുള്ള നേരിട്ടുള്ള വാതിൽ തുറന്നതോടെ, വിദേശ മലയാളികൾ പുതിയ ശൈലികളും ആഖ്യാനങ്ങളും കണ്ടെത്തുകയാണെന്നും ഡോ.പിള്ള വിലയിരുത്തി.

പ്രഭാഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നായിരുന്നു ആമസോണിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ച. ഇന്നത്തെ സാഹിത്യത്തിൽ വായനക്കാരൻ ‘കൺസ്യൂമർ’ ആണെന്നും, വിപണി നിർണ്ണയിക്കുന്ന ചില മാനദണ്ഡങ്ങൾ എഴുത്തിൽ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിൻഡിൽ ഡയറക്റ്റ് പബ്ലിക്കേഷൻ പോലുള്ള സംവിധാനങ്ങൾ എഴുത്തുകാരന് പ്രസാധകരില്ലാതെ തന്നെ ലോകവ്യാപകമായി എത്താൻ അവസരം ഒരുക്കുന്നുവെന്നും, വായനയുടെ അടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കുന്ന ഒരു പുതിയ സമ്പദ്‌വ്യവസ്ഥയാണ് അവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സാഹിത്യം നിർബന്ധമായും വരുമാന മാർഗമാകണം എന്നില്ലെന്നും, ആത്മാവിഷ്കാരമാണ് ലക്ഷ്യമെങ്കിൽ ആ വഴിയും വിശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് വിദേശ മലയാളികൾ സാമ്പത്തിക ലാഭം നോക്കാതെ സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് മലയാളിയുടെ സാംസ്കാരിക മൂല്യം ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 ചാറ്റ് ജിപിറ്റിയുടെയും നിർമ്മിത ബുദ്ധിയുടെയും സാധ്യതകളെക്കുറിച്ചും ഡോ.എം.വി.പിള്ള വിശദീകരിച്ചു. ഒരു എഴുത്തുകാരന്റെ ശൈലിയും ചിന്താരീതിയും തിരിച്ചറിഞ്ഞാൽ, ആ ശൈലിയിൽ തന്നെ പുതിയ രചനകൾ സൃഷ്ടിക്കാനും, അവയെ വിവിധ ഭാഷകളിലേക്ക് എത്തിക്കാനും ഇന്നത്തെ സാങ്കേതികവിദ്യക്ക് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. “നിങ്ങൾ ഇല്ലാതായാലും നിങ്ങളുടെ കവിതകൾ ലോകം ചുറ്റും പറക്കും” എന്ന വാചകം വേദിയിൽ പ്രത്യേക ആവേശം സൃഷ്ടിച്ചു.

മെഡിക്കൽ രംഗത്തടക്കം അറിവ് മലയാളത്തിൽ ഉടൻ ലഭ്യമാക്കാൻ കഴിയുന്ന കാലത്തേക്കാണ് ലോകം നീങ്ങുന്നതെന്നും, വിവർത്തനങ്ങൾ ഇനി വലിയ വെല്ലുവിളിയല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ സർഗ്ഗാത്മകതയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഒരു പരായണത്തിലേക്കാണ് ചാറ്റ് ജിപിറ്റിപോലുള്ള സാങ്കേതികവിദ്യകൾ നമ്മെ നയിക്കുന്നതെന്നും ഡോ.പിള്ള അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക