
ഇത്തിരി കരിമ്പിൻ്റെ-
മധുരം, എള്ളിൻ തരി,
ശർക്കരപ്പൊങ്കൽക്കലം
നന്തുണിപ്പാട്ടിൻ ശ്രുതി!
മഞ്ഞിൻ്റെ തണുപ്പാറ്റി
വിളക്കിൻ തിരിനാളം
കണ്ണിലേക്കുണരുന്ന-
മണ്ണിൻ്റെ പച്ചത്തളിർ
മൺകുടങ്ങളിൽ വെന്ത്-
പാകമാകുന്നു ജീവൻ
വിണ്ണിലേയ്ക്കനന്തമാം
ചക്രവാളത്തിൻ വഴി
മാഘ- ഫാൽഗുനത്തിൻ്റെ-
ശിശിരം പാടാനൊരു
മാർഗഴിസായന്തനം
മകരദീപക്കാഴ്ച
ഉൽസവം തുടങ്ങുന്ന-
ഋതുസംക്രമങ്ങളിൽ
കത്തുന്നൊരടുപ്പിലെ
മൺകലപ്പൊങ്കാലകൾ
ഭൂമിയാത്രയിൽ കുട-
മാറ്റങ്ങൾ, തെരുവോര-
മായിരം പൂക്കൾക്കുള്ളിൽ
ചിരിച്ച് വിടരുന്നു
ഇത്തിരി മധുരത്തിൽ,
ഇത്തിരിയുപ്പിൽ നീറ്റി-
മുറ്റത്ത് വീണ്ടും തിളയ്ക്കുന്നുണ്ട്
കൊയ്ത്തുൽസവം!
പാടുവാൻ ദേശാടന-
ക്കിളികൾ, പുരാതന-
ഗ്രാമവും, ഗ്രാമത്തിൻ്റെ
സ്മൃതിയും, ഹൃദയവും...