Image

അശോകാ ഹെയർകട്ടിംഗ് സലോൺ ! ( കഥ:  ഷാജുമോൻ ജോസഫ് മാറാടി )

Published on 14 January, 2026
അശോകാ ഹെയർകട്ടിംഗ് സലോൺ !  ( കഥ:  ഷാജുമോൻ ജോസഫ് മാറാടി )

സ്വിങ്ങിങ് ഡോർസ്  ( swinging doors ) തുറന്ന്‌ ഞാൻ അകത്തേക്ക് കടന്നു. ചുമരിൽ പതിച്ചിരിക്കുന്ന ‘ അവളുടെ രാവുകൾക്കു' കീഴെ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന ലതർബാറിൽ കത്തി മൂർച്ച കൂട്ടുന്ന തിരക്കിലായിരുന്നു അപ്പോൾ ബാർബർ അശോകൻ.
                  അവളുടെ രാവുകൾക്ക് ഇരുവശവുമായി അർദ്ധ നഗ്നകളായ മെർലിൻ മൻഡ്രോയും, ക്‌ളിയോപാട്രയും സ്ഥാനം പിടിച്ചിട്ടുണ്ട്. കത്തികൊണ്ടോ കത്രിക കൊണ്ടോ മുറിവ് പറ്റിയാൽ ഒരു ആശ്വാസത്തിനായിട്ടത്രേ ഇത്തരം പടങ്ങൾ!.
                   ചുമരിലെ വലിയ കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിച്ച അശോകൻ ‘ ഇരിക്കൂ ഒരു മിനിറ്റ് ‘എന്ന അർത്ഥം വരുന്ന ആംഗ്യം കാണിച്ചു. 
                    മുഖത്തു സോപ്പ് പതപ്പിച്ചിരുത്തിയിരിക്കുന്ന ഒരാളെ കൂടാതെ ചുമരിനോട് ചേർത്തിട്ടിരിക്കുന്ന കസ്സേരകളിൽ മൂന്ന് പേർ കൂടി ഊഴം കാത്തിരിക്കുന്നു. സോപ്പ് പതപ്പിച്ചിരുത്തിയിരിക്കുന്ന ആളുടെ മുഖത്തിന്റെ ഒരു വശം കൂടി പണി തീർക്കാനുണ്ട്. ഇത് കഴിഞ്ഞാൽ മറ്റ് മൂന്നുപേരെ മറികടന്ന് എന്നെ ഉപവിഷ്ടനാക്കാമെന്നാണ് ആ ആംഗ്യത്തിന്റെ പൂർണ്ണാർത്ഥം.
                     എനിക്കതിനോട് താല്പര്യമില്ല എന്നമട്ടിൽ 
‘ എന്നാൽ ഞാൻ പിന്നെ വരാം’ 
എന്ന് പറഞ്ഞു ഇറങ്ങാൻ തുനിഞ്ഞപ്പോൾ അശോകൻ വന്ന് എന്നെ നാലാമത്തേതും അവസാനത്തേതുമായ കസ്സേരയിൽ പിടിച്ചിരുത്തി.
                       അശോകൻ എന്നോട് പ്രത്യേക താല്പര്യം കാണിക്കുവാൻ പല കാരണങ്ങൾ ഉണ്ട്. അതിലൊന്ന് ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ മിക്കവാറും ഞങ്ങൾ ഒരേ ബഞ്ചിൽ ആയിരുന്നു. പഠിക്കുവാൻ കുറച്ചൊക്കെ സമർത്ഥനായിരുന്നു അശോകൻ.
                        എട്ടാം ക്ലാസ്സിൽ വച്ച് ‘വിപ്ലവം’ തലയ്ക്കു പിടിച്ചു തുടങ്ങി. അതിനു പ്രധാന കാരണം സഖാവായിരുന്ന അച്ഛൻ അയ്യപ്പൻ വീട്ടിൽ വരുത്തുന്ന ‘ വിപ്ലവ ദിനപ്പത്രം' ആയിരുന്നെന്നു വേണമെങ്കിൽ പറയാം.
                          ഞങ്ങളുടെ ഹെഡ്മാസ്റ്റർ കൃഷ്ണപിള്ളസാർ ഇടതു ചിന്തകൻ ആയിരുന്നതിനാൽ സ്കൂളിലെ കൊച്ചു ലൈബ്രററിയിൽ ലോക നിലവാരമുള്ള കുറച്ചു വിപ്ലവ പുസ്തകങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് കാറൽ മാക്സിന്റെ ഡസ് കാപ്പിറ്റൽ ( Das kapital -Karl Marx )വായിക്കുവാൻ ഞങ്ങൾക്ക് അവസരമുണ്ടായത്. അതോടെ അശോകൻ തികഞ്ഞ വിപ്ലവകാരിയായി മാറി.
                           അക്കാലത്താണ് കൃഷ്‌ണപിള്ളസാർ സ്ഥാലം മാറി പകരം വലതുചിന്താഗതിക്കാരനായ മാത്യൂസാർ ഹെഡ്മാസ്റ്റർ ആയി വരുന്നത്. കൃഷ്‌ണപിള്ളസാറിന് നേർ വിപരീതം. വളരെ കർക്കശക്കാരൻ!. ആൺ പെൺ വ്യത്യാസമില്ലാതെ നിസ്സാര കാരണങ്ങൾക്ക് ‘ചൂരൽ പ്രയോഗം'.
                           മാത്യൂസാറിന്റെ ഭരണ പരിഷ്‌ക്കാരങ്ങളിൽ ആദ്യത്തേതായിരുന്നു ഹെഡ്മാസ്റ്റർക്ക് സ്വന്തമായൊരു മുറിയും വാതിലിൽ swinging doors ഉം. അങ്ങനെയാണ് ഞങ്ങൾ ആദ്യമായൊരു swinging door കാണുന്നത്. പ്രധാന door എപ്പോഴും തുറന്നു കിടക്കും. swinging doors തുറക്കുമ്പോൾ ‘ കര കര ‘ എന്നൊരു ശബ്‌ദം കേൾക്കുമായിരുന്നു.
                           ക്ലാസ്സിൽ പതിവായി താമസിച്ചു വരുന്നതിനോ മറ്റോ ദളിത് വിഭാഗത്തിൽ പെട്ട ഒരു കുട്ടിയെ ഓഫീസിൽ വിളിച്ചു വരുത്തി മാത്യൂസാർ ആക്ഷേപിക്കുകയും ചൂരൽ പ്രയോഗം നടത്തുകയും ചെയ്തത്രെ!
                          കേട്ടപാതി കേൾക്കാത്ത പാതി അശോകനിലെ വിപ്ലവകാരി സടകുടഞ്ഞെണീറ്റ് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് പാഞ്ഞു.swinging doors തള്ളിത്തുറക്കുന്നതിന്റെ ഊക്കിൽ doors വലിയൊരു ശബ്ദത്തോടെ ‘ വീണിതല്ലോ കിടക്കുന്നു' തറയിൽ.
                        മാത്യൂസാർ ഞെട്ടിപ്പോയി. അവിടെ മൽപ്പിടിത്തം പോലും നടന്നെന്നു പറയുന്നു.
   “ ഓ വലിയൊരു വിപ്ലവകാരി!. പോയിരുന്നു രണ്ടക്ഷരം പഠിക്കുന്നതിനു പകരം വലിയ വിപ്ലവം പറഞ്ഞു വരുന്നു. നിനക്കൊക്കെ നിന്റെ അപ്പന്റെ തൊഴിലെ പറഞ്ഞിട്ടുള്ളു".
                     അന്ന് അശോകനെ സ്കൂളിൽ നിന്നും പുറത്താക്കി. അതിനെ ചോദ്യം ചെയ്യുവാൻ മറ്റാരും തുനിഞ്ഞില്ല.
                     അധികം താമസിയാതെ തുടങ്ങിയതാണ് അമ്പലപ്പടിയിലെ ‘ അശോകാ ഹെയർ കട്ടിംഗ് സലോൺ ‘
                     അന്ന് അമ്പലപ്പടിയിൽ ആകെ ഉണ്ടായിരുന്നത് മലമൂട്ടിൽ മാധവന്റെ ജവുളിക്കടയും രാഘവന്റെ നെല്ലുകുത്തു - ധാന്യങ്ങൾ പൊടിക്കുന്ന ഒരു മില്ലും, ഇല്ലിമൂട്ടിൽ വര്ഗീസ് മാപ്പിളയുടെ പച്ചമരുന്ന് ഉൾപ്പടെയുള്ള ഒരു പലചരക്കു കടയും, തറപ്പിൽ കൊച്ചുമോന്റെ ചാരായഷാപ്പും മാത്രമായിരുന്നു. ഇന്ന് അമ്പലപ്പടി ഒരു ചെറിയ പട്ടണം പോലെയായി.
                         കൊച്ചുമോന്റെ ചാരായഷാപ്പിന് ലൈസൻസ് ഉണ്ടായിരുന്നില്ല. അത് കള്ളവാറ്റു ചാരായമായിരുന്നു.
                          ഇല്ലിമൂട്ടിൽ വർഗീസ് അല്പം പണക്കാരനായപ്പോൾ അമ്പലത്തിനടുത്തു തരിശായികിടന്നിരുന്ന സ്ഥലം വാങ്ങി നാലുമുറി ’ഷട്ടറിട്ട' കട പണിതു. അതിലൊരു മുറിയിലാണ് അശോകന്റെ സലോൺ- നാട്ടിലെ ആദ്യത്തെ ബാർബർ ഷോപ്. വീട്ടിലുണ്ടായിരുന്ന ഒരു പഴയ നിഘണ്ടു നോക്കിയാണ് അന്ന് സലോണിന്റെ അർത്ഥം മനസ്സിലാക്കിയത്. അശോകൻ വായനാശീലമുള്ള ആളായിരുന്നല്ലോ!.
                          അശോകന്റെ അച്ഛൻ അയ്യപ്പൻ ‘സഞ്ചരിക്കുന്ന ഒരു സലോൺ ആയിരുന്നു. പഴയ ഒരു ബാഗിൽ പണി ആയുധങ്ങളായ കത്രിക, ചീർപ്പ് ,ഓടുകൊണ്ടുള്ള ഒരു ചെറിയ കോപ്പ, ഒരു കഷണം സോപ്പ് പിന്നെ മുടി ഞറുക്കുവാൻ ഉപയോഗിക്കുന്ന ഇരുമ്പുകൊണ്ടുള്ള ഒരുപകരണം ( അതിനു ഹെലികോപ്ടറിന്റെ ആകൃതി ആയിരുന്നു.) ഇവയെല്ലാമായിരുന്നു ‘പണിയായുധങ്ങൾ’.
                          ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അയ്യപ്പൻ മാസാമാസം  മുടി വെട്ടുവാൻ വീടുകളിൽ വരുമായിരുന്നു. അയ്യപ്പൻ വന്നാൽ ഞങ്ങൾ കൊരണ്ടിയുമായി പുഴയിറമ്പിലേക്കു പോകുമായിരുന്നു മുടി വെട്ടുവാൻ.
                    “ കുട്ടികളുടെ മുടി പറ്റെ വെട്ടിയേരെ അയ്യപ്പാ”.
                    ഇറയത്തെ ചാരുകസ്സേരയിലിരുന്നു അപ്പൻ ആജ്ഞാപിക്കും. മുടി നീണ്ടിരുന്നാൽ നീർവീഴ്ച വരുമത്രെ!.
                       പറ്റെ വെട്ടിയാൽപ്പിന്നെ എളുപ്പം വളരില്ലല്ലോ. വെട്ടുകൂലിയും ലാഭിക്കാം.
                      കൊരണ്ടിയിൽ ഇരിക്കുന്ന ഞങ്ങളുടെ തല നിലത്തു കുത്തിയിരിക്കുന്ന അയ്യപ്പന്റെ കാല്മുട്ടിലേക്കു ചേർത്ത് വക്കും. എന്നിട്ടാണ് ചാഞ്ഞും ചരിഞ്ഞുമുള്ള മുടിവെട്ടൽ. കത്രിക ചലിപ്പിക്കുന്നതിന്റെ ശബ്‌ദം പുഴക്ക് അക്കരെ വരെ കേൾക്കാം. അതൊരു പ്രത്യേക താളത്തിലായിരുന്നു.
                      അപ്പന്റെ മുടിവെട്ടുന്ന സമയത്താണ് നാട്ടിലെ ഗോസിപ്പുകൾ മുഴുവൻ വിളമ്പുന്നത്. അല്പം ‘പൊടിപ്പും തൊങ്ങലുമൊക്കെ’ വെച്ചായിരിക്കും വിവരണം.
               ഷാപ്പിലെ കറിക്കച്ചവടക്കാരനായിരുന്ന പതാരി വലിയ ഷാപ്പ് മുതലാളി ആയതും, ഇപ്പോൾ എവിടെയെല്ലാം എന്തെല്ലാം സ്വത്തുവകകൾ ഉണ്ടെന്നുള്ളതുമെല്ലാം വിവരണത്തിൽ ഉണ്ടാവും.
                   അയ്യപ്പനൊപ്പം ചിലപ്പോൾ അശോകനും വരുമായിരുന്നു മുടിവെട്ടുവാൻ അക്കാലത്തു്. ഇതൊക്കെയാവും എനിക്ക് കിട്ടുന്ന പരിഗണന. പിന്നെ ഞാൻ സ്ഥലത്തില്ലാത്ത ആളുമാണല്ലോ.
                      ദേശാഭിമാനിയുടെ പകുത്തെടുത്ത പേജുകൾ എല്ലാവരുടെയും കൈകളിൽ ഉണ്ട്. ഒരു പേജ് എനിക്കും കിട്ടി. പത്രം വായിക്കുന്നത് പോലെ ഞാനും ഇരുന്നു. എന്റെ ഓർമ്മ വീണ്ടും പഴയ കാലത്തേക്ക് പോയി. 
                      മാത്യൂസാറിനോടുള്ള വാശിയിലാവാം അതുപോലൊരു സ്വിങ് ഡോർ തന്റെ സലോണിന്റെ വാതിലിലും പിടിപ്പിച്ചത്. സലോണിനു അന്നത്തേതിലും കൂടുതലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കസ്സേരയുടെ കുഷ്യൻ മാറ്റിയിട്ടുണ്ട്. മുടിക്ക് മയം വരുത്തുവാൻ കുപ്പിയിൽ നിന്നും മുടിയിലേക്കു വെള്ളം spray ചെയ്യുന്ന അന്നത്തെ സംവിധാനം തന്നെ ഇന്നും. 
                    മുടിവെട്ട് കഴിഞ്ഞു പതുപതുപ്പുള്ള ബ്രഷ്  എടുത്തു അതിലേക്കു പൗഡർ കുടഞ്ഞിട്ടു കഴുത്തിന് ചുറ്റും പൂശുന്നതിനും മാറ്റമൊന്നുമില്ല.
                  “ചൂടെടുക്കുന്നുണ്ടാവും"
   പത്രമെടുത്തു വീശുന്നത് കണ്ടപ്പോൾ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിയിട്ട് അശോകൻ ആരാഞ്ഞു.
  “ ഏസി വെക്കാമെന്നു വച്ചാൽ അതിനുമാത്രം വരുമാനമൊന്നുമില്ലല്ലോ. അപ്പുറത്തു ഭായിമാരുടെ രണ്ടു കട കൂടിയുണ്ട്. ഞാൻ ചാർജ് കൂട്ടിയാൽ സ്ഥിരമായി വരുന്നവർ അങ്ങോട്ട് പോകില്ലേ?”.
      ‘ അത്രയ്ക്ക് ചൂടൊന്നുമില്ല’. ഞാൻ അശോകനെ ഒന്ന് സമാധാനിപ്പിച്ചു. 
          ഇനി ഊഴം കാത്തിരിക്കുന്ന രണ്ടു പേർ കൂടിയുണ്ട്. 
       “ സാറിന് പോകാൻ തിരക്കാണെങ്കിൽ കയറി ഇരുന്നോളൂ". ഊഴക്കാരിൽ ഒരാൾ പറഞ്ഞു. മറ്റേ ആളും തല കുലുക്കി അനുവാദം തന്നു. 
           ‘ ഇല്ല ധൃതിയില്ല. ഞാൻ വെയിറ്റ് ചെയ്യാം'
             ഇരുവരുടെയും കൂട്ടായ നിർബന്ധത്താൽ സ്ഥാനക്കയറ്റത്തിന് ഞാൻ സമ്മതിച്ചു.
      കസ്സേരയിലും നിലത്തും കിടന്നിരുന്ന മുടി തട്ടിക്കുടഞ്ഞു അശോകൻ വൃത്തിയാക്കി. 
       മേശ തുറന്ന് ഒരു പുതിയ പുതപ്പെടുത്തു എന്നെ പുതപ്പിച്ചു. ടിഷ്യു ഹോൾഡറിൽ നിന്നും ഒരു കഷണം പേപ്പർ വലിച്ചെടുത്തു എന്റെ കഴുത്തിന് പുറകിൽ ഷർട്ടിന്റെ കോളറിൽ പിടിപ്പിച്ചു. ഇതും ഒരു മാറ്റമായിട്ടു എന്റെ ശ്രദ്ധയിൽ പെട്ടു.
         “ കട്ട് ചെയ്യട്ടെ"?
      ‘കട്ട് ചെയ്യുവാൻ തലയിൽ മുടിയൊന്നുമില്ലല്ലോ. ഏതായാലും ഒന്ന് ഷേപ്പ് വരുത്തണം' ഞാൻ പറഞ്ഞു.
             മേശപ്പുറത്തു ഗ്ലാസിലെ വെള്ളത്തിലിട്ടു വച്ചിരിക്കുന്ന കത്രികയും ചീർപ്പും എടുത്തു നല്ല താളത്തിൽ ഒന്ന് ചലിപ്പിച്ചു. കുപ്പിയിലെ വെള്ളം തലയിലേക്ക് ചെറുതായൊന്നു spray ചെയ്തു. 
ചാഞ്ഞും -ചരിഞ്ഞും,തിരിച്ചും—മറിച്ചും, ഒരു ചെണ്ടക്കാരന്റെ താളത്തിൽ കുറച്ചു നേരം ’ ചീർപ്പ് -കത്രിക പ്രയോഗം നടത്തി.
             ഇതിനിടെ ‘എന്നാ വന്നേ- എന്നാ പോണേ എന്ന് തുടങ്ങി നാട്ടു -വീട്ടു വിശേഷങ്ങളും ചർച്ചയിൽ വന്നു.
               മകൾ നേഴ്‌സിങ് പഠിച്ചു ജോലിയായി കുടുംബസമേതം യുകെയിൽ ആണെന്നും, മകൻ മുരുകേശൻ ബിസിനസ്സ് ചയ്തു നല്ല രീതിയിൽ പോകുന്നെന്നും, ടൗണിലെ മുരുകേഷ് കല്യാണ മണ്ഡപം മകന്റെ ഉടമസ്ഥതയിലാണെന്നും പറഞ്ഞു.

         “ മാത്യൂസാറിന്റെ വിശേഷം വല്ലതും അറിയാമോ?“ സംസാരത്തിനിടെ ഞാൻ തിരക്കി.
        “ മരണപ്പെട്ടു! അവസാനകാലം വലിയ കഷ്ടത്തിലായിരുന്നു. ഒരു ആക്‌സിഡന്റ് ഉണ്ടായി തീരെ കിടപ്പിലായിപ്പോയിരുന്നു. കാറുമായി ആളെ അയക്കും എന്നെ വിളിച്ചോണ്ട് ചെല്ലാൻ. പല പ്രാവശ്യം ഞാൻ പോയി കട്ടിങ്ങും-ഷേവിങ്‌മെല്ലാം ചെയ്തു കൊടിത്തിട്ടുണ്ട്. അന്നത്തെ സംഭവത്തിൽ സാറിനും പ്രയാസ്സമായിപ്പോയി. മുഖഭാവം കാണുമ്പോൾ അറിയാമായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പിൽ കാട്ടിക്കൂട്ടിയ  എന്റെയും എടുത്തു ചാട്ടം. അതോടെ എന്റെ പഠിപ്പും മുടങ്ങി”.
           ഒരു ദീർഘ ശ്വാസത്തോടെയാണ് അശോകൻ പറഞ്ഞവസാനിപ്പിച്ചത്.
                 പുതിയൊരു ബ്ലേഡ് എടുത്തു രണ്ടായി പകുത്തു ഒരു പകുതി കത്തിയിൽ പിടിപ്പിച്ചു കഴുത്തിന് പുറകിൽ ഷേപ്പ് ചയ്തു തന്നു. പൗഡർ പൂശുവാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു -
‘ പൗഡർ വേണ്ടാ. സന്തോഷം. നന്ദി’
പൈസ വാങ്ങുവാൻ മടിച്ചു. ഞാൻ നിർബന്ധിച്ചു പോക്കറ്റിൽ തിരുകി.
   ‘ ഇനി വരുമ്പോൾ കാണാം'
                യാത്ര പറഞ്ഞു സ്വിങ്ങിങ് ഡോർസ് തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ മാത്യൂസാറിന്റെ ഓഫീസിലെ ‘കര കര’ എന്ന് ശബ്‌ദിക്കുന്ന ആ doors വീണ്ടും ഓർമ്മയിൽ വന്നു.

Join WhatsApp News
Neighbor 2026-01-14 19:38:03
Touching story , it’s a real barber shop’s in my town too. I used to hear this stories from my brothers. I still don’t understand why they kept those movie actresses on the wall 😃 Please write more nostalgic stories. Thank you 🙏
John Chacko 2026-01-17 13:55:16
Nice story, Shaji
Babu mathew 2026-01-17 19:46:09
Excellent story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക