Image

പാതയോരത്തെ കുപ്പിവളകളുടെ നിശബ്ദ സംഗീതം  (ചെറുകഥ : സ്മിത സോണി, ഒർലാൻഡോ)

Published on 13 January, 2026
പാതയോരത്തെ കുപ്പിവളകളുടെ നിശബ്ദ സംഗീതം  (ചെറുകഥ : സ്മിത സോണി, ഒർലാൻഡോ)

നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരത്തിൽ, പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പാതയോരത്ത് അവൾ പതിവുപോലെ നിൽക്കുമായിരുന്നു. സൂര്യന്റെ അവസാന ചൂട് കുപ്പിവളകളിൽ പതിക്കുമ്പോൾ നിറങ്ങൾ തമ്മിൽ ചേർന്ന് ചെറിയ മഴവില്ലുകൾ വിരിയുന്നുണ്ടായിരുന്നു. പച്ചയും നീലയും ചുവപ്പും മഞ്ഞയും  നിറത്തിലുള്ള വളകൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നതു കാണാൻ നല്ല ചേലാണ്. അവൾക്ക് വളകൾ വിൽക്കുക ഒരു തൊഴിൽ മാത്രമല്ല; ജീവിതത്തിന്റെ പിളർന്ന രണ്ടറ്റങ്ങളെ സൂക്ഷ്മമായി ചേർത്തുവയ്ക്കുന്ന ഒരു കല തന്നെയായിരുന്നു അത്. 

കുപ്പിവളകൾ അവളുടെ ജീവിതത്തിന്റെ ഭംഗുരതയും ശക്തിയും ഒരേ സമയം വെളിപ്പെടുത്തുന്ന പ്രതീകങ്ങളായി നിലകൊണ്ടു. ചെറുതായി പൊട്ടാവുന്ന, പക്ഷേ സൂക്ഷിച്ചാൽ ദീർഘകാലം തിളങ്ങുന്ന വസ്തുക്കൾ. ഓരോ വളയും അവളുടെ കൈയിൽ കയറിയപ്പോൾ, കഠിനാധ്വാനത്തിന്റെ ചൂടും പ്രതീക്ഷയുടെ തണുപ്പും ഒന്നിച്ചുകൂടും. പൊട്ടിയ വളകൾ അവൾ വേർതിരിച്ച് വെക്കും; അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ പോലെ.

മഴക്കാലത്ത് പാതയോരത്തെ പൊടി ഒലിച്ചിറങ്ങുമ്പോൾ, വളകളുടെ തിളക്കം കൂടുതൽ ആഴമേറിയതായി തോന്നും. ആളുകളുടെ വേഗത്തിൽ അവൾ അലിഞ്ഞുപോകാതെ നിലകൊണ്ടു. ആരെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ, അവളുടെ കണ്ണുകളിൽ ഒരു ശാന്തത  കാണാമായിരുന്നു. ആ  പ്രേരകശക്തിയിൽ നിന്നാണ് അവളുടെ ദിനങ്ങൾ മുന്നോട്ട് നീങ്ങിയത്.രാത്രികൾ അവൾക്ക് കണക്കെടുപ്പിന്റെ സമയം. വിറ്റുപോയ വളകളുടെ എണ്ണം മാത്രമല്ല, നാളെയുടെ സ്വപ്നങ്ങളും അവൾ എണ്ണിത്തുടങ്ങും. ഒരു ചെറിയ കട, ഒരു സ്ഥിരത, മഴയില്ലാത്ത ഒരു തണൽ.. അവളുടെ കൈകളിലെ നിറങ്ങൾ നാളെയിലേക്ക് പകരുന്ന പ്രതീക്ഷകളായി മാറും.
 

അവളുടെ ജീവിതം ഗ്രാമത്തിന്റെ ശാന്തതയും നഗരത്തിന്റെ കഠിനതയും തമ്മിൽ കൂടിച്ചേരുന്നതായിരുന്നു…. ഗ്രാമത്തിൽ സ്ത്രീകൾക്ക് ജീവിതം പരിചിതമായ ചുമതലകളുടെ ആവർത്തനമായിരുന്നു; നഗരത്തിൽ അത് നിരന്തരം സ്വയം തെളിയിക്കേണ്ട ഒരു പോരാട്ടം. അവൾ ഗ്രാമത്തിൽ നിന്നു കൊണ്ടുവന്ന സഹിഷ്ണുത നഗരത്തിന്റെ പാതയോരത്ത് പരീക്ഷിക്കപ്പെടുകയായിരുന്നു. അവിടെ ആരും അവളുടെ പശ്ചാത്തലത്തെ ചോദിച്ചില്ല, പക്ഷേ അവളുടെ നിലനിൽപ്പ് അവൾ തന്നെ ദിവസേന തെളിയിക്കേണ്ടി വന്നു.

 ഗ്രാമീണ സ്ത്രീകളുടെ അധ്വാനം പലപ്പോഴും വീടിന്റെ മതിലുകൾക്കുള്ളിൽ അദൃശ്യമാകുമ്പോൾ, നഗരത്തിലെ സ്ത്രീകളുടെ അധ്വാനംതിരക്കിനുള്ളിൽ അലിഞ്ഞുപോകും. അവൾക്ക് ഈ രണ്ട് ലോകങ്ങളുടെയും ഭാരം അറിയാമായിരുന്നു. അടുപ്പിന്റെ ചൂടും റോഡിന്റെ ചൂടും ഒരുപോലെ അനുഭവിച്ച കൈകളായിരുന്നു അവളുടെത്. അതുകൊണ്ടുതന്നെ അവളുടെ കൈകളിലെ കുപ്പിവളകൾ ഗ്രാമത്തിന്റെ ഓർമ്മയും നഗരത്തിന്റെ യാഥാർത്ഥ്യവും ഒരുമിച്ച് ചുമന്നുനിന്നു. 

നഗരം അവസരങ്ങളുടെ വാഗ്ദാനം നൽകുമ്പോഴും, ഗ്രാമം നൽകുന്ന അടുപ്പം അവൾക്ക് നഷ്ടമായിരുന്നു. ഗ്രാമത്തിൽ സ്ത്രീയെ പേരോടെ അറിയുന്ന കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ, നഗരത്തിൽ അവൾ ഒരു മുഖമില്ലാത്ത സാന്നിധ്യമായിരുന്നു. എങ്കിലും ആ അദൃശ്യതയ്ക്കുള്ളിൽ തന്നെ അവൾ ഒരു പുതിയ സ്വാതന്ത്ര്യം കണ്ടെത്തി. ആരുടേയും മുൻവിധികൾക്കുള്ളിൽ പെടാതെ, സ്വന്തം അധ്വാനത്തിലൂടെ അവൾക്ക് സ്വയം നിർവചിക്കാനുള്ള സ്വാതന്ത്ര്യം… 

പെരുന്നാളുകളും ഉത്സവകാലങ്ങളും അവളുടെ ജീവിതത്തിൽ നിറങ്ങളുടെ മഹോത്സവങ്ങളായിരുന്നു. അന്ന് കുപ്പിവളകൾക്കിടയിൽ തിരക്കിന്റെ ശബ്ദം കൂടും, വെളിച്ചങ്ങൾ വളകളിൽ ഇരട്ടിയായി പ്രതിഫലിക്കും. ആ തിരക്കിനുള്ളിലും അവൾ ഒരു താളം കണ്ടെത്തുമായിരുന്നു. അവൾക്ക് ആ നിമിഷങ്ങൾ വെറും വ്യാപാരമല്ലായിരുന്നു; സ്വന്തം അധ്വാനം അംഗീകരിക്കപ്പെടുന്ന അപൂർവ അവസരങ്ങളായിരുന്നു. ആ തിരക്കിനിടയിൽ പോലും അവളുടെ കൈകളിലെ വളകളുടെ ശബ്ദം, ജീവിതം കൈവിടാതെ പിടിച്ചുനിൽക്കുന്ന ഒരു സ്ത്രീയുടെ നിശബ്ദ ആത്മവിശ്വാസമായി മുഴങ്ങിക്കൊണ്ടിരുന്നു. ഓരോ കൈമാറ്റവും അവളുടെ ദിവസത്തെ ഉറപ്പിക്കുന്ന രണ്ടറ്റവും കൂട്ടി മുട്ടിയ്ക്കാനുള്ള പോരാട്ടത്തിന്റെ ചെറിയ വിജയംപോലെ അവൾ സ്വീകരിച്ചു… 

വർഷങ്ങൾ കടന്നുപോയപ്പോൾ അവളുടെ കൈകൾ കൂടുതൽ കരുത്തുള്ളതായെങ്കിലും, വളകളോട് ഉള്ള സൂക്ഷ്മത നഷ്ടമായില്ല. ചെറിയ മുറിവുകളും ചില്ലുപൊട്ടലുകളുടെ ഓർമ്മകളും അവളുടെ കൈകളിൽ പതിഞ്ഞിരുന്നു. അവൾക്ക് അവ മുറിവുകൾ ലജ്ജയല്ല, നിലനില്പിന്റെ അടയാളങ്ങളായിരുന്നു. ജീവിതം നൽകുന്ന കഠിനതകൾ പോലും സുന്ദരമാക്കാൻ കഴിയുമെന്ന വിശ്വാസം അവ അവൾക്ക് നൽകിക്കൊണ്ടിരുന്നു.

അവൾ പാതയോരത്ത് നിൽക്കുന്നത് പലർക്കും ഒരു സാധാരണ കാഴ്ച മാത്രമായിരുന്നു. പക്ഷേ ആ നിൽപ്പിൽ തന്നെ ഒരു സമൂഹത്തിന്റെ മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യം അടങ്ങിയിരുന്നു. സ്ത്രീകൾക്കായി നിർണ്ണയിക്കപ്പെട്ട പരിധികളിൽ നിന്ന് പുറത്തേക്കുള്ള പോരാട്ടമായിരുന്നു അവളുടെ ഓരോ ദിവസവും.. ആരുടെയും സംരക്ഷണത്തിന്റെയോ അനുവാദത്തിന്റെയോ കാത്തിരിപ്പില്ലാതെ, സ്വന്തം നിലനിൽപ്പിന് വേണ്ടി അവൾ തെരഞ്ഞെടുത്ത വഴിയായിരുന്നു അത്. 

ഒരു ദിവസം, പഴയ ബസ് സ്റ്റാൻഡിന്റെ മതിലിൽ പുതിയൊരു ബോർഡ് ഉയർന്നു. നഗരം മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനപോലെ. അവൾ പാതയോരത്ത് നിന്നു തന്നെ ആ മാറ്റങ്ങളെ നോക്കി. മാറുന്ന കാലത്തിനിടയിലും അവളുടെ വളകളുടെ നിറങ്ങൾ മങ്ങാതെ നിലനിന്നു. അതിൽ അവളുടെ സ്വന്തം വളർച്ചയും, ഒരിക്കലും പൊട്ടിപ്പോകാത്ത സ്വപ്നങ്ങളും അടങ്ങിയിരുന്നു.

കുപ്പിവളകൾ അവളുടെ കൈകളിൽ സ്ത്രീജീവിതത്തിന്റെ പ്രതീകങ്ങളായി മാറി. പൊട്ടാൻ എളുപ്പമുള്ളവ, പക്ഷേ നിറവും സൗന്ദര്യവും നിറഞ്ഞവ. സമൂഹം പലപ്പോഴും സ്ത്രീകളെ അത്രത്തോളം നിസ്സാരമാക്കുമ്പോഴും, ആ നിസ്സാരതയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കരുത്തിനെ അവൾ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. പൊട്ടിയ വളകൾ പോലെ തള്ളിക്കളയപ്പെട്ട പല സ്ത്രീകളുടെയും കഥകൾ അവളുടെ നിശബ്ദതയിൽ ഇടം പിടിച്ചു. അവൾ സ്വപ്നം കണ്ടത് വലിയ വിപ്ലവങ്ങളല്ല, എന്നാൽ അത്യന്തം അടിസ്ഥാനപരമായ അവകാശങ്ങളായിരുന്നു. സുരക്ഷിതമായ ജോലി, ആദരവ്, സ്വന്തം അധ്വാനത്തിന് നീതി. അവളുടെ ജീവിതം ഒരു പ്രഖ്യാപനമായി മാറി.. സ്ത്രീ അബലയല്ല;  മറിച്ചു അവൾ നിലനിൽപ്പിന്റെ പര്യായമാണെന്ന പ്രഖ്യാപനം… 

പാതയോരത്തെ ആ ചെറു ലോകത്തിൽ നിന്നാണ് അവൾ ഈ വലിയ സാമൂഹിക സത്യം പറഞ്ഞത്. ആരവങ്ങളില്ലാതെ, മുദ്രാവാക്യങ്ങളില്ലാതെ, കൈകളിലെ കുപ്പിവളകളുടെ നിശബ്ദ സംഗീതത്തിലൂടെ…. കാലം മുന്നോട്ട് നീങ്ങുമ്പോൾ പാതകൾ മാറാം, തിരക്കുകൾ വർധിക്കാം. പക്ഷേ അവളുടെ കൈകളിലെ കുപ്പിവളകളുടെ സംഗീതം നിലനിൽക്കും. പൊട്ടലുകളുടെ ഇടയിലും തിളക്കം നിലനിർത്തുന്ന ജീവിതത്തെ പോലെ, അവളും, അവളെ പോലെയുള്ള അനവധി സ്ത്രീകളും.. നിശബ്ദമായി, എന്നാൽ നിശ്ചയ ദാർഢ്യത്തോടെ തിളങ്ങിക്കൊണ്ടേയിരിക്കും….

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക