Image

കൺമഷിയിൽ ചാലിച്ച സ്വപ്‌നങ്ങൾ (ചെറുകഥ: സ്മിതാ സോണി- ഒർലാൻഡോ )

Published on 12 January, 2026
കൺമഷിയിൽ ചാലിച്ച സ്വപ്‌നങ്ങൾ (ചെറുകഥ: സ്മിതാ സോണി- ഒർലാൻഡോ )

കുളിരുള്ള പുലർച്ചെ.. കൊഴിഞ്ഞു വീണ മഞ്ഞുതുള്ളികൾ അങ്ങിങ്ങായി പുൽക്കൊടികളിൽ പറ്റി പിടിച്ചിരുന്നു.. മണിമലയാറിന്റെ കൈവഴിയായി  ഒഴുകുന്ന കൊച്ചുതോടിനും അക്കരെയിലെ റബ്ബർതോട്ടത്തിനും  അപ്പുറത്ത് നിന്ന് കാക്കയുടെ കരച്ചിൽ… കണ്ണാടിക്ക് മുന്നിൽ ഇരുന്ന് മീനാക്ഷി പതുക്കെ കൺമഷി എടുത്തു. “അമ്മേ… ഈ കൺമഷി ഒന്ന് കട്ടിയാക്കി ഇടട്ടേ?” അടുക്കളയിൽ നിന്ന് അമ്മ. “എന്തിനാ ഇത്ര അലങ്കാരം? സ്‌കൂളിലേക്കല്ലേ?”
“അതേ അമ്മേ… പക്ഷേ സ്വപ്നം കാണാനും കണ്ണ് വേണം അല്ലേ?” അമ്മ ചിരിച്ചു. ആദ്യം എഴുതിയ കൺമഷി പടർന്നെന്നു കണ്ട പാടേ ഓടിച്ചെന്നുഅമ്മയുടെ സാരിത്തുമ്പിൽ തുടച്ചു ഓടിച്ചെന്നു വീണ്ടും കണ്ണെഴുതി പൊട്ടും തൊട്ട് അടുക്കളയിൽ ചെന്ന് 'അമ്മ തയ്യാറാക്കി വച്ചിരിക്കുന്ന ചോറ്റുപാത്രമെടുക്കുമ്പോൾ അമ്മൂമ്മ പറഞ്ഞു.. “മീനൂട്ടി..ദോശ കഴിച്ചിട്ട് പോകൂ കുട്ട്യ… നല്ലൊന്നാന്തരം ദോശ നിന്റെ 'അമ്മ കഷ്ട്ടപ്പെട്ടു ഉണ്ടാക്കി വച്ചിട്ട് നീ കഴിക്കാതെ പോകുന്നത് വല്യ കഷ്ട്ടല്ലേ കുട്ട്യേ.. “സമയം പോയി മുത്തശീ.. തുളസി എന്നെ കാത്തു നിൽക്കുന്നു” എന്ന മറുപടിയുമായി അമ്മൂമ്മയുടെ നിറുകയിൽ ഒരു മുത്തവും കൊടുത്തു മീനൂട്ടി ചെരുപ്പുമിട്ടു മുറ്റത്തേയ്ക്കോടി. 

“അടിച്ച വഴിയേ പോയില്ലേൽ പിന്നെ പോയ വഴിയേ അടിയ്ക്കുക തന്നെ. അല്ലാതെന്തു ചെയ്യാൻ”. അമ്മൂമ്മ പിറുപിറുക്കുന്നതു മീനാക്ഷിയുടെ കാതുകളിൽമുഴങ്ങുന്നുണ്ടായിരുന്നു.. ..അപ്പോഴേയ്ക്കും ഒന്നാമത്തെ ബെൽ അടിച്ചു കഴിഞ്ഞിരുന്നു. .. 


മീനാക്ഷി ക്ലാസ്സിലേക്ക് കയറുമ്പോൾ തന്നെ പിന്നിൽ നിന്നും ശബ്ദങ്ങൾ. “ഡീ മീനൂ… ഇന്ന് കണ്ണൊക്കെ എന്താ ഇത്ര തിളക്കം?” മീനാക്ഷിയുടെ ഉറ്റ കൂട്ടുകാരികളായ തുളസിയും ലതയും ജമീലയും ചുറ്റും കൂടി. നിന്നു.

“സത്യം പറ, നീ കൺമഷി ഇടുമ്പോൾ കണ്ണ് സംസാരിക്കുന്നുണ്ടേ!”  ജമീലയുടെ കമന്റു.. 
“അതിനാ പത്താം ക്ലാസ്സിലെ പകുതി പിള്ളേർ നിന്റെ ബെഞ്ചിനരികിൽ വന്നു നടക്കുന്നത്!” ലത ചിരിച്ച്.

മീനാക്ഷി ഉള്ളിൽ വന്ന നാണത്തെ പുറത്തു കാണിയ്ക്കാതെ പറഞ്ഞു 
“പോടീ പെമ്പിള്ളാരെ.. നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ .” അപ്പോൾ മുന്നിലെ ബെഞ്ചിൽ ഇരുന്ന അനൂപ് സുഹൃത്തായ മുരളിയോട് “ഡാ… അവൾ നോക്കുമ്പോൾ എന്തോ തോന്നുന്നു.”
“എന്തോ അല്ല ഡാ… പ്രേമം തന്നെ!” സുഹൃത്ത് ചിരിച്ചു. മീനാക്ഷി അത് കേട്ടില്ലെന്നു നടിച്ചെങ്കിലും 
അവളുടെ കണ്ണുകൾക്കുള്ളിൽ ഒരു ചെറിയ പേടിയും, ഒരു ചെറിയ സന്തോഷവും..

ക്ലാസ്സിൽ മലയാളം പീരിയഡ്. അധ്യാപിക ചോദിച്ചു:
“‘സ്വപ്നം’ എന്ന വാക്കിന് ഓരോരുത്തർക്കും അർത്ഥം പറയൂ.” പിറകിൽ നിന്ന് ഒരു ശബ്ദം.
“സ്വപ്നം…നമ്മൾ കണ്ണടയ്ക്കുമ്പോഴും,
ഒരാളെ കാണുമ്പോഴും വരുന്നതാണ്.”

ക്ലാസ് ചിരിച്ചു. അനൂപ് എഴുന്നേറ്റ് നിന്നു.
അധ്യാപിക കണ്ണുരുട്ടി.
“ഇത് പ്രബന്ധമല്ല, കവിതയല്ല.” മീനാക്ഷി തല താഴ്ത്തി. പക്ഷേ അവളുടെ കണ്ണുകൾ… അനൂപിനെ തേടി.ഇടവേളയ്ക്ക് അനൂപ് അടുത്തുവന്നു.

“നിനക്ക് വിഷമമായോ?”
“എന്തിന്?”
“എന്റെ മറുപടി കാരണം.”
“ഇല്ല”.. അവൾ നാണിച്ചു.
“പക്ഷേ… നീ പറഞ്ഞത് ശരിയായിരുന്നു.”

അനൂപ് ചിരിച്ചു.“നിന്റെ കണ്ണ്…അത് സ്വപ്നം പറയുന്നുണ്ട്.”

വൈകുന്നേരം, തോട്ടത്തിൻ കരയിൽ ഇരുന്ന് അവൾ രാധയോട് പറഞ്ഞു.“എല്ലാവർക്കും എന്റെ കണ്ണ് ഇഷ്ടമാണ്. പക്ഷേ…എനിക്ക് എന്റെ കണ്ണുകൾ കൊണ്ട് എന്തെല്ലാം സ്വപ്‌നങ്ങൾ കാണാമെന്നതാണ് ഏറ്റവും വലിയ ചിന്ത”

“മീനൂട്ടി.. എനിയ്ക്കൊന്നും മനസിലാകുന്നില്ല. നീയൊന്നു തെളിച്ചു പറ. ?”
“ഈ ഗ്രാമത്തിന് അപ്പുറത്തേക്ക്, ഈ പാടത്തിന് അപ്പുറത്തുള്ള വലിയ ലോകത്തേയ്ക്ക്, എന്റെ സ്വപ്നങ്ങളിലേക്ക്.” 

വീട്ടിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു.
“മോളേ, നാളെ നമ്മുടെ ക്ലബ്ബിന്റെ ഓണപ്പരിപാടികൾക്കു  ഞാൻ നിന്റെ പേര് കൊടുത്തു.” അവളുടെ കണ്ണുകൾ തെളിഞ്ഞു.അവൾ വീണ്ടും കൺമഷി എടുത്തു. ഇന്ന് അലങ്കാരത്തിന് വേണ്ടിയല്ല. ധൈര്യത്തിന്. “ഈ കണ്ണുകൾ ആരെയെങ്കിലും പ്രണയിപ്പിച്ചേക്കാം…പക്ഷേ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും ഇവ തന്നെയാണ്.”

ആ രാത്രി മീനാക്ഷി കൺമഷി മായിച്ചില്ല. അത് അലങ്കാരമായിരുന്നില്ല ഇനി. അമ്മ ചോദിച്ചു: “ഉറങ്ങാൻ മുമ്പ് കണ്ണ് മായിക്കണ്ടേ?” മീനാക്ഷി ചിരിച്ചു.” വേണ്ടമ്മേ… ഇന്ന് ഈ കണ്ണുകൾക്ക് കാവൽ വേണം.” കണ്ണാടിയിൽ അവൾ വീണ്ടും നോക്കി. ആ കണ്ണുകളിൽ ഇനി ആൺകുട്ടികളുടെ നോട്ടങ്ങളില്ലായിരുന്നു. ഗ്രാമത്തിന്റെ അതിരുകളും ഇല്ലായിരുന്നു. അവിടെ പാടശേഖരങ്ങൾക്ക് അപ്പുറം പോകുന്ന വഴികൾ, വേദികളിൽ വെളിച്ചം വീഴുന്ന നിമിഷങ്ങൾ, തനിക്കായി കൈയടികൾ മുഴങ്ങുന്ന ലോകം ഒക്കെയുണ്ടായിരുന്നു. കൺമഷി ആരെങ്കിലും ആകർഷിക്കാൻ വേണ്ടിയല്ല. കണ്ണ് വലുതാക്കാൻ വേണ്ടിയുമല്ല. അത് “നിനക്ക് നോക്കാനുള്ള അവകാശമുണ്ട്” എന്ന് ഒരു പെൺകുട്ടിയെ ദിവസേന ഓർമ്മിപ്പിക്കുന്ന ഒരു ചെറു കറുത്ത വരയാണ്. സ്കൂളിലെ ചില പ്രണയങ്ങൾ അവളുടെ കണ്ണിൽ തങ്ങി അവിടെ അവസാനിച്ചു. പക്ഷേ അവളുടെ സ്വപ്നങ്ങൾ കൺമഷി പോലെ ഒറ്റ വരയായി തുടങ്ങി ജീവിതമുഴുവൻ നീണ്ടു. അന്ന് മുതൽ മീനാക്ഷി തിരിച്ചറിഞ്ഞു… കണ്ണിന്റെ കോണിലൂടെ നീണ്ട കൺമഷി വര അത് വെറും സൗന്ദര്യമല്ല. ഒരു  കുഗ്രാമത്തിൽ ജനിച്ച ഒരു കൗമാര പെൺകുട്ടിയുടെ പുറം ലോകത്തേക്കുള്ള ധൈര്യമായ നോട്ടമാണെന്ന് .. കൺമഷി ഇടുമ്പോൾ താൻ വെറുമൊരു പെൺകുട്ടിയല്ല.. അതിലുപരി സ്വന്തം ദിശ തിരഞ്ഞെടുത്ത ഒരു സ്ത്രീയായി താൻ മാറുകയായിരുന്നുവെന്നു.. 

Read More: https://www.emalayalee.com/writer/314

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക