
ഫൊക്കാന കേരള കൺവെൻഷനിൽ വച്ച് പ്രകാശനം ചെയ്ത സരോജ വർഗീസിന്റെ "കമലദളങ്ങൾ" എന്ന കവിതാസമാഹാരത്തിനു സുധീർ പണിക്കവീട്ടിൽ എഴുതിയ അവതാരിക.
പ്രശസ്ത അമേരിക്കൻമലയാളി എഴുത്തുകാരി ശ്രീമതി സരോജ വർഗ്ഗീസിന്റെ "കമലദളങ്ങൾ" എന്ന കവിതാസമാഹാരത്തിൽ ഇരുപതു കവിതകൾ ഉണ്ട്. ജീവിതായോധനത്തിനിടയിൽ അവർ കണ്ടുമുട്ടിയ അല്ലെങ്കിൽ ചെന്നുപെട്ട ചില നിമിഷങ്ങളുടെ കാവ്യാവിഷ്കാരങ്ങൾ ആണ് ഈ കവിതകൾ. ജീവിതദൃശ്യങ്ങൾക്ക് മുന്നിൽ ധ്യാനനിരതയാകുന്നു ശ്രീമതി വർഗ്ഗീസ്. അപ്പോൾ അവരിൽ ഉത്ഭവിക്കുന്ന ഭാവനകൾക്ക് നിറം പകരുമ്പോൾ അവയെല്ലാം കവിതയായി പിറക്കുകയാണ്. അനുഭവങ്ങളെ കലാപരമായി ആവിഷ്കരിക്കാനുള്ള ഒരു പ്രചോദനം അവരിൽ ജന്മസിദ്ധമായി ഉണ്ടെന്നുള്ളത് ഓരോ കവിതകളും വെളിപ്പെടുത്തുന്നുണ്ട്.

മലയാളസാഹിത്യത്തിലെ മിക്കവാറും എല്ലാ ഇനങ്ങളും (genre) കഥ, കവിത, ലേഖനം, ആത്മകഥ, ഓർമ്മക്കുറിപ്പുകൾ,ബാലകഥകൾ, ഗാനങ്ങൾ തുടങ്ങി കൈകാര്യം ചെയ്യുകയും പതിമൂന്നിൽ പരം പുസ്തകങ്ങൾ എഴുതുകയും ചെയ്ത ശ്രീമതി സരോജ വർഗീസിന്റെ ആദ്യത്തെ കവിതാസമാഹാരമാണിത്. കവിതയിലേക്ക് ശ്രദ്ധ പുലർത്തുന്ന അവർക്ക് കവിതയും വഴങ്ങുന്നതായി കാണാം.. കവിതകളിലൂടെ കടന്നുപോകുമ്പോൾ അവർ അവരുടേതായ ഒരു കാവ്യശൈലി രൂപമെടുത്തിയിരിക്കുന്നത് കാണാം. വളരെ ലളിതമായി വളരെ ഹൃദയസ്പർശിയായി കവിതകളിലെ ഓരോ വിഷയവും അവർ അവതരിപ്പിക്കുന്നുണ്ട്. ഈ കവിതകളിൽ ദൈവസ്നേഹമുണ്ട്, പ്രണയമുണ്ട്, പ്രകൃതിയുണ്ട്,നിസ്സഹായതയുണ്ട്, പ്രിയപ്പെട്ടവർക്കായി നൽകുന്ന അഭിനന്ദനങ്ങൾ ഉണ്ട്.
മാതൃരോദനം അഥവാ യാത്രാമൊഴി എന്ന കവിത വാർദ്ധക്യാവസ്ഥയിൽ എത്തിപ്പെട്ട ഒരമ്മയുടെ നിസ്സഹായതയുടെ നിലവിളി ആണ്. നമുക്ക് ചുറ്റും കാണുന്ന അശരണരായ അമ്മമാരുടെ വികാരങ്ങൾ ഈ കവിതയിലെ വരികളിൽ വിങ്ങി പൊട്ടുന്നു. അതേപോലെ തന്നെ വിശക്കാതിരുന്നെങ്കിൽ എന്ന കവിതയും സനാഥയായ ഒരു അനാഥയുടെ വിലാപങ്ങളാണ്. അതിലെ വരികൾ നമ്മെ വികാരഭരിതരാക്കുന്നു. ഓരോ വരികളിലും മുന്നിൽ അന്ധകാരം മാത്രം കാണുന്ന മറ്റൊരമ്മയുടെ വീർപ്പുമുട്ടലുകളാണ്.
ശ്രീമതി സരോജ വർഗ്ഗീസ് ഒരു സൗന്ദര്യാരാധകയാണെന്നു ഇതിലെ ചില കവിതകൾ പ്രകടമാക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം അവരെ അടിമയാക്കുന്ന പോലെയാണ് കവിതകൾ സൂചിപ്പിക്കുന്നത്. പ്രകൃതിയൊരുക്കുന്ന നയനവിരുന്നു ആസ്വദിക്കുമ്പോൾ അവർ അവരുടെ ബാല്യകൗമാരകാലത്തേക്ക് പറക്കുന്നു.

ഓടി അടുത്തും കൊണ്ടോടിമറയുന്നു
ഓർമ്മകൾ കൂട്ടമായി ഒറ്റയായി
എഴുതുവാനായിരം കൂട്ടമുണ്ടെങ്കിലും
എഴുതുവതെന്നും ഞാൻ സ്നേഹഗീതം
മനുഷ്യന്റെ നിസ്സഹായത മനസ്സിലാക്കുമ്പോഴും അവന്റെ ശക്തി സ്നേഹമാണെന്നു അവർ വിശ്വസിക്കുന്നു. യേശുദേവനെക്കുറിച്ച് ഒന്നിൽ കൂടുതൽ കവിതകൾ ഉണ്ട്. എല്ലാം ദൈവഹിതം എന്ന് വിശ്വസിക്കാനാണ് അവർക്ക് ഇഷ്ടം. പ്രകൃതിയുടെ സൗന്ദര്യം വർണ്ണിക്കുമ്പോൾ അത് ദൈവത്തിന്റെ വരദാനമായി അതിനെ കാണുന്നു. നമ്മുടെ നിദ്രയിലും ദൈവം നമുക്ക് കാവൽ നിൽക്കുന്നുവെന്ന് നക്ഷത്രദീപങ്ങൾ കയ്യിലേന്തി സ്വപ്ങ്ങളുമായി വരുന്ന മാലാഖമാരെക്കുറിച്ച് പറയുന്ന കവിതയിൽ ഉണ്ട്. അഹല്യാമോക്ഷവും ഗന്ധർവനുമൊക്കെ പ്രണയപ്രതീക്ഷകളുടെയും പ്രണയഅസംതൃപ്തിയുടെയും സൂചനകൾ തരുന്നു,
വളരെ ലളിതമായ ഭാഷയിൽ എഴുതിയിട്ടുള്ള ഇതിലെ കവിതകൾ പണ്ഡിതനും പാമരനും ഒരേപോലെ ആസ്വദിക്കാൻ പര്യാപ്തമാണ്. ഇളം വെയിലേറ്റ് തടാകതീരത്തിരുന്നു സ്വച്ഛന്ദം നീന്തുന്ന താറാവുകളെ നോക്കി അമേരിക്കയിലെ ഫ്ലോറിഡയിൽ ഇരിക്കുമ്പോൾ ശ്രീമതി സരോജ സങ്കൽപ്പ വിമാനത്തിൽ പറക്കുന്നു. അവർ കാൽപ്പനികതയുടെ പൂക്കൾ നുള്ളിക്കൊണ്ടു വരുന്നു. അതിൽ ജീവിതഗന്ധിയായ തേൻ കണങ്ങൾ ഉണ്ട്.
ശ്രീമതി സരോജ വർഗീസിന്റെ ഈ കവിതസമാഹാരം സഹൃദയകരങ്ങളിൽ സമർപ്പിക്കാൻ എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ നിറവേറ്റുന്നു.
ശുഭം