Image

മംദാനിക്കു പകരം മേരി, ന്യൂയോർക്കിൽ ബംഗ്ളാ താരോദയം (കുര്യൻ പാമ്പാടി)

Published on 11 January, 2026
മംദാനിക്കു പകരം മേരി, ന്യൂയോർക്കിൽ ബംഗ്ളാ താരോദയം (കുര്യൻ പാമ്പാടി)

ന്യൂയോർക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ഒഴിയുന്ന സംസ്ഥാന അസംബ്ലി സീറ്റിലേക്ക് ഒരു ഏഷ്യക്കാരി അതും ബംഗാൾ ഉൾക്കടലിൽ  ഇന്ത്യ വലയം ചെയ്തു കിടക്കുന്ന ബംഗ്ളാദേശിൽ നിന്ന് തട്ടമിട്ട ഒരു മുസ്ലിം വനിത മത്സരിക്കുന്നുവെന്ന  വാർത്ത എന്നെ പിടിച്ചിരുത്തി. കാരണം ബംഗ്ളദേശ് എന്റെ മാധ്യമ ജീവിതത്തിന്റെ മറക്കാനാവാത്ത ഒരധ്യായമാണ്.

'വോട്ട് ഫോർ മേരി' എന്ന് ഇംഗ്ളീഷിലും മറുവശത്തു ബംഗാളിയിലും അച്ചടിച്ച പോസ്റ്റ് കാർഡ് വലിപ്പത്തിലുള്ള നോട്ടീസുമായാണ്  ക്വീൻസിൽ  ഞാൻ താമസിക്കുന്ന അസ്റ്റോറിയയിൽ പുതുവത്സരം പിറന്നത്. മേരി എന്നത് സെന്റ് മേരി പോലെ ഏതൊരു മലയാളിക്കും സുപരിചിതമാണ്. എല്ലാ കേരള ഗ്രാമങ്ങളിലും മേരിയോ മരിയയോ മറിയയോ മറിയമ്മയോ മറിയാമ്മയോ ഉണ്ടാവും.  

മംദാനി ഒഴിഞ്ഞ അസംബ്ലി സീറ്റിൽ മത്സരിക്കുന്ന മേരി

1981ൽ  ബംഗ്ലാദേശിന്റെ പത്താം ജന്മവാർഷികത്തിനു കൽക്കത്തയിൽ നിന്ന് ധാക്കയിലേക്കു പറന്നു നാടാകെ ചുറ്റി സഞ്ചരിച്ച മാധ്യമ പ്രവർത്തകനാണ്‌ ഞാൻ. പതിനായിരക്കണക്കിനു സൈക്കിൾ റിക്ഷകൾ ചലിക്കുന്ന ധാക്കയും പാക്ക്  സേന ഇന്ത്യൻ സേനക്ക് കീഴടങ്ങിയ  ജെസോറും അറുനൂറു പേർ  കയറിയ പാസഞ്ചർ ബോട്ടിൽ ചിറ്റഗോങ്ങും ഖുൽനയും ഹെലികോപ്റ്ററിൽ രാജഷാഹിയും  ഞാൻ സന്ദർശിച്ചു. ഹെലികോപ്റ്ററിൽ എന്നോടൊപ്പം റോയിട്ടേഴ്‌സ് പ്രതിനിധിയായ വനിതയും ഉണ്ടായിരുന്നു.

അന്നവിടെ പ്രസിഡന്റ് ഭരണം. പുതിയ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ച വേള. കൊല്ലപ്പെട്ട രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ പുത്രി ഷേഖ് ഹസീന വീട്ടുതടങ്കലിൽ. എന്നിട്ടും അവരുടെ ഭവനത്തിൽ എത്തി അവരുമായി അഭിമുഖം നടത്താൻ എനിക്ക് കഴിഞ്ഞു. പിന്നീട് പ്രധാനമന്ത്രിയായി 20 വർഷം അവർ ആ നാടു  ഭരിച്ചു. ഇപ്പോൾ ഭരണം നടത്തുന്ന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസുമായും  ഞാൻ അഭിമുഖം നടത്തിയിട്ടുണ്ട്.

ബംഗാളി ഭാഷയിലുള്ള വോട്ടുതേടൽ

സിറ്റിയിൽ ക്വീൻസിലെ  അസ്റ്റോറിയയും ലോങ്ങ് ഐലൻഡിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 36 ൽ ഫെബ്രുവരി 3നു നടക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പിലാണ് ലോങ്ങ് ഐലൻഡ് സിറ്റിയിൽ താമസിക്കുന്ന മേരി ജൊബൈദ മാറ്റുരക്കുക. 45 വയസായി. മൂന്ന് കുട്ടികളുടെ അമ്മയും.  ഇരുപതാം വയസിൽ അമേരിക്കയിൽ എത്തിയതാണ്.  

ഇത് രണ്ടാം തവണയാണ് മേരി മത്സരത്തിനു ഇറങ്ങുന്നത്. 2022 ൽ ഡിസ്ടിക്ട്  37ൽ സിറ്റിംഗ് മെമ്പർ കാതറീന നോളനെതിരെ മത്സരിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് തോറ്റു. മേരിയുടെ നാമവും പ്രശനങ്ങൾ ഉണ്ടാക്കി. മെഹറുന്നിസ മറിയം അഹമ്മദ് എന്ന് ജനനപ്പേര്, മേരി ജൊബൈദ എന്ന് ഔദ്യോഗിക നാമം.  പലപേരുകളുമാ
യി മത്സരത്തിനിറങ്ങിയപ്പോൾ തെര ഞ്ഞെടുപ്പ് ബോർഡ് പത്രിക തള്ളി. ഒടുവിൽ കോടതി ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.

 നാട്ടിൽനിന്നു വന്ന അമ്മമാരോടൊപ്പം

ഇത്തവണ ജയിച്ചാൽ ന്യുയോർക്കിൽ ജനവിധി നേടുന്ന മൂന്നാമത്തെ ദക്ഷിണേഷ്യക്കാരിയാകും  മേരി. 2020 ൽ ജയിച്ച ജെന്നിഫർ രാജകുമാർ ആണ് ആദ്യം. മംദാനി രണ്ടാമൻ.  മൂന്നാമത്. മേരി  

മേരി നേരിടുന്ന വോട്ടെടുപ്പിന് ഇന്ത്യയിൽ ഇടക്കാല തെരഞ്ഞെടുപ്പ് എന്നാണ് പറയുക. അമേരിക്കൻ രീതിയനുസരിച്ച് റെഗുലർ ഇലക്ഷൻ ആണെങ്കിൽ പ്രൈമറി എന്ന പ്രാഥമിക വോട്ടെടുപ്പും അതിൽ ജയിച്ചാൽ അവസാനത്തെ  വോട്ടെടുപ്പും നടക്കും.  അമേരിക്കൻ പ്രസിഡന്റിനെ  തെരഞ്ഞെടുക്കുന്നതും ഇതേ രീതിയിലാണ്. ആദ്യം പാർട്ടി തെരഞ്ഞെടുക്കും. ഒടുവിൽ ജനങ്ങൾ ഒന്നാകെയും.

ഇടക്കാല തെരഞ്ഞെടുപ്പ് ആയതിനാൽ മേരിയുടെ കാര്യത്തിൽ പ്രൈമറി ഉണ്ടാവില്ല. മേയർ തെരഞ്ഞെ ടുപ്പിൽ മാംദാനിയുടെ പ്രചാരണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന  മേരി,  ഡെമോക്രറ്റിക് സോഷ്യലിസ്റ് പ്രസ്ഥാനത്തിലെ ശക്തയായ വക്താവാണ്‌. മേരിയും മംദാനിയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

വോട്ടർമാർക്കിടയിൽ

ബംഗ്ളാദേശിന്റെ തെക്കേ അറ്റത്തു ബംഗാൾ ഉൾക്കടലിനോട് മുട്ടിക്കിടക്കുന്ന ബാരിസോളിൽ ജനിച്ച മേരി 2001ലാണ് അമേരിക്കയിൽ എത്തുന്നത്. ധാക്കയിലെ ലാൽ മരിയ വിമൻസ് കോളജിലും  ധാക്ക സിറ്റി കോളജിലും പഠിച്ച്‌ ഇംഗ്ളീഷ് സാഹിത്യത്തിൽ  ബിരുദവുമായി. ന്യു യോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഡ്യൂക്കേഷനിൽ എംഎ നേടി.

നയാഗ്ര ഫാൾസ് സിറ്റി സ്‌കൂളിൽ കിൻഡർഗാർട്ടൻ അധ്യാപികയായിട്ടായിരുന്നു  തുടക്കം. ക്വീൻസിൽ ജേക്കബ് ബ്ലാക്‌വെൽ സ്‌കൂളിൽ  ജോലികിട്ടിയതോടെ ന്യൂയോർക്ക് സിറ്റിയിലേക്ക് വന്നു. ന്യൂയോർക്ക്  പബ്ളിക്ക്‌ ലൈബ്രറിയിലും കുറേക്കാലം പഠിപ്പിച്ചു. ബംഗ്ലാദേശ് സമൂഹത്തിനു വേണ്ടി തുടങ്ങിയ ടൈം ടെലിവിഷനിൽ പ്രോജക്‌ട് മാനേജരായി ചേർന്നതോടെ മേരിയുടെ നക്ഷത്രം തെളിഞ്ഞു. 14 വർഷം  അവിടെ സേവനം ചെയ്തു. സിഇഒ അബു താഹറിന്റെ ജീവിത പങ്കാളിയുമായി.

 ഭർത്താവ് അബു താഹറും  ഹസീന മന്ത്രിസഭയിലെ ഷാഹിയാരും

ബംഗ്ളാദേശ് പത്രിക എന്ന വാർത്താവാരികയുടെ സാരഥികൂടിയാണ് അബു.  ബംഗ്ളാദേശ് സമൂഹത്തിന്റെ അനിഷേധ്യ നേതാവ് എന്നു  തന്നെ വിശേഷിപ്പിക്കാം. ഷെയ്ഖ് ഹസീന  ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ അബു 2015ൽ ഹസീനയുടെ അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു.

2023 ലെ സെൻസസ് പ്രകാരം അമേരിക്കയിൽ 2,70,000  ബംഗ്ളാദേശികൾ ഉണ്ട്. ഇപ്പോൾ മൂന്ന് മൂന്നര ലക്ഷം പേരുണ്ടെന്ന് കരുതപ്പെടുന്നു. ബംഗാളി  സംസാരിക്കുന്നവരുടെ കണക്കെടുത്തൽ അഞ്ചു ലക്ഷം പേർ. എണ്ണത്തിൽ  കുറവെങ്കിലും ആ സമൂഹം വേഗം വളർന്നു പന്തലിക്കുകയാണ്. ന്യുയോർക്കിൽ തന്നെ ഒരുലക്ഷം പേരെങ്കിലും ഉണ്ടാവും.

 മാംദാനിയുടെ പ്രചാരണ സംഘത്തിൽ

ജെഎഫ്‌കെ വിമാനത്താവളത്തിൽ എയർഇന്ത്യക്കു വേണ്ടി വീൽചെയർ കൈകാര്യം ചെയ്യുന്ന തട്ടമിട്ട പെൺകുട്ടികളുടെ രൂപത്തിലാണ് അവർ ആദ്യം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ളീഷ് കഷ്ടി. 20 ഡോളർ വീതം സമ്മാനിച്ചപ്പോൾ അവരുടെ മുഖത്ത് പ്രകടമായ സന്തോഷം പറഞ്ഞാൽ തീരില്ല.  ഈ റിപ്പോർട് എഴുതുന്ന ദിവസം അസ്റ്റോറിയ 33 ആം സ്ട്രീറ്റിൽ പത്തു പന്തണ്ട് പ്രീസ്‌കൂൾ കുട്ടികളെ ആട്ടിൻ പറ്റത്തെപ്പോലെ നയിച്ചുകൊണ്ടുപോകുന്ന രണ്ടു ബംഗ്ലാപെൺ കുട്ടികളെയും ഞാൻ കണ്ടു. രണ്ടുവയസുള്ള കുട്ടികൾ.  വ്യായാമത്തിനു കൊണ്ടുനടക്കുകയാണ്.

കിൻഡർഗാർട്ടൻ കുട്ടികളുമായി ബംഗ്ളാ ആയമാർ

അമേരിക്കയിൽ അഞ്ചു മില്യൺ മലയാളികൾ ഉണ്ടെന്നാണ് ഗോപിയോ (GOPIO-Global Organisation of People of Indian Origin) സ്ഥാപക പ്രസിഡന്റ്  ഡോ. തോമസ് എബ്രഹാം പറയുന്നത്. അതിൽ  പത്തിലൊന്നു മലയാളികൾ ആയിരിക്കും. അവരിൽ ഏറ്റവും കൂടുതൽ പേർ  ന്യു യോർക്ക് സ്റ്റേറ്റിൽ. ന്യു യോർക്ക് സിറ്റിയിലെ അഞ്ചു ബറോകളിലായി ഒരു ലക്ഷം പേരെങ്കിലും ഉണ്ടാകുമെന്നു എൽമോണ്ടിലെ കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ കണക്കാക്കുന്നു. ക്വീൻസിലെ ബെൽറോസ്, വൈറ്റ് പ്ലെയിൻസ്‌, യോങ്കേഴ്‌സ്, ന്യൂ ഹൈഡ് പാർക്ക് എന്നിവിടങ്ങളിൽ അവർ കേന്ദ്രീകരിച്ചിരിക്കുന്നു.  റോക്‌ലാൻഡ് കൗണ്ടിയിലുമുണ്ട്  ധാരാളം.

ബംഗാളി സംസാരിക്കുന്നവരോടൊപ്പമുള്ള മലയാളികൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താൻ എന്തുകൊണ്ടോ മടിക്കുന്നു. അവിടവിടെയായി ചില സിറ്റികളിൽ മേയർമാരായി ചിലരുണ്ട് എന്ന് മാത്രം.  ബംഗളാദേശിൽ  നിന്നെത്തിയ മേരിയുടെ പ്രസക്തി അവിടെയാണ്.

യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഡോ. ടീന  ഷാ  

ന്യൂ യോർക്കിൽ ഹഡ്സൺ നദിക്കപ്പുറമുള്ള ന്യൂജേഴ്‌സിയിൽ ധാരാളം ഇന്ത്യക്കാരും മലയാളികളും ഉണ്ട്. ന്യൂജേഴ്‌സിയിലെ നൂയർക്കിൽ താമസിക്കുന്ന ഗുജറാത്തുകാരിയായ ഡോ. നീന ഷാ യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നുവെന്ന വാർത്ത അല്പം ആശ്വാസവും അഭിമാനവും നൽകുന്നു. ഇതിനോടകം തെരഞ്ഞെടുപ്പിനായി ഒരു മില്യൺ ഡോളർ സമാഹരിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്.

ഡെമോക്രറ്റിക്ക് പ്രസിഡന്റ്മാരായ  ഒബാമയുടെയും ബൈഡന്റെയും കാലത്തു വൈറ്റ് ഹൗസിലെ പ്രധാനപ്പെട്ട ചിലചു മതലകൾ അവർ വഹിച്ചിട്ടുണ്ട്. ഡെമോക്രറ്റിക് സ്ഥാനാർഥിയായി പ്രൈമറിയിൽ ജയിക്കണം. ഫൈനലിലും. അത് വലിയ കടമ്പകളാണ്. ഹാർവാർഡിൽ നിന്ന് മാസ്റ്റേഴ്സ് നേടിയ നീന നല്ല ആത്മവിശ്വാസത്തിലാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക