Image

എങ്ങനെ നിങ്ങൾക്ക് നിങ്ങളെ പരിപാലിക്കാം (ആത്മനിയന്ത്രണത്തിനുള്ള അഞ്ച് സ്റ്റോയിക് നിയമങ്ങൾ) -ജി. പുത്തൻകുരിശ്

Published on 11 January, 2026
എങ്ങനെ നിങ്ങൾക്ക് നിങ്ങളെ പരിപാലിക്കാം (ആത്മനിയന്ത്രണത്തിനുള്ള അഞ്ച് സ്റ്റോയിക് നിയമങ്ങൾ) -ജി. പുത്തൻകുരിശ്

എങ്ങനെ നിങ്ങൾക്ക് ശാന്തമായിരിക്കാനും, വ്യക്തമായി ചിന്തിക്കാനും, അതുപോലെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിൽ ശ്രദ്ധിക്കാനും പഠിപ്പിക്കുന്ന പുരാതന ഗ്രീസിലെ ഒരു തത്വശാസ്ത്രമാണ് സ്റ്റോയിസം.  മാറ്റാൻ കഴിയാത്തതിനെ സ്വീകരിക്കുകയും, ചിന്തകൾക്കും പ്രവർത്തികളുടേയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെ വൈകാരിക അക്ഷയത്വം പരിശീലിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് സ്റ്റോയിക്ക് എന്ന് വിളിക്കുന്നത്. 

പുരാതന സ്റ്റോയ്ക്കുകൾ, ആധുനിക സ്വാശ്രയ-സംസ്ക്കാരത്തിന്റെ ചിന്തകൾക്ക് വിപരീതമായി ചിലത് മനസിലാക്കിയിരുന്നു: നിങ്ങൾക്ക് ഒരു ഒഴിഞ്ഞ കപ്പിൽനിന്നും പകരാൻ കഴിയില്ല. റോമാ സാമ്പ്രാജ്യത്തെ യുദ്ധത്തിലൂടെയും മഹാമാരിയിലൂടെയും നയിക്കാൻ കഴിയുന്നതിന് മുൻപ് മാർക്കസ് ഒറേലിയസിന് (റോമൻ ചക്രവർത്തി, ജനനം 26 ഏപ്രിൽ 121, മരണം 17 മാർച്ച് 180, 58 വയസ്സ്)  സ്വയം ഒരു നായകൻ ആകേണ്ടിയിരുന്നു. റോമിലെ വരേണ്യവർഗ്ഗത്തെ തത്ത്വശാസ്ത്രം പഠിപ്പിക്കുന്നതിന് മുൻപ്, എപിക്ടീറ്റസിന്  (അടിമത്വത്തിൽ ജീവിക്കേണ്ടിവന്ന ഗ്രീസിലെ ഒരു തത്ത്വചിന്തകൻ) ആന്തരികമായ കോട്ടകൾ കെട്ടി അടിമത്തത്തെ  അധിജീവിക്കേണ്ടിയിരുന്നു. ഈ ത്വത്ത്വചിന്തകർ സ്വാശ്രയത്തെ ആത്മസംതൃപ്തിവരുത്താനുള്ള ഒരു മാർഗ്ഗമായല്ല കണ്ടത്, നേരെമറിച്ച്, അച്ചടക്കപൂർണ്ണമായ ഒരു ജീവിതത്തിന്റെ അടിസ്ഥാനമായിട്ടാണ് കണ്ടത്. 

എങ്ങനെ നിങ്ങൾക്ക് നിങ്ങളെ പരിപാലിക്കാം എന്ന് പറയുമ്പോൾ അത് ആത്മാരാധന എന്നോ അല്ലെങ്കിൽ മറ്റുള്ളവരെ അവഗണിക്കുക എന്നോ അല്ല. മറ്റുള്ളവർക്ക് പ്രയോചനകരമാകുന്ന തരത്തിൽ ദുര്ബലതയേക്കാൾ  ബലത്തിൽ അധിഷ്ഠിതമായി ജീവിതത്തിലെ വെല്ലുവിളികളെ നേരിടത്തക്ക വിധത്തിൽ കായികവും, മാനസികവും, വൈകാരികവുമായ കഴിവുകളെ വളർത്തുക എന്നതാണ്.  ഇന്നത്തെ കാലഘട്ടത്തിന് ഉപയുക്തമാകത്തക്ക രീതിയിൽ ആത്മനിയന്ത്രണത്തിനുവേണ്ടി ശക്തവും പ്രസക്തവും പ്രത്യേകവുമായ ചില ശീലങ്ങളാണ് സ്റ്റോയിക് വികസിപ്പിച്ചെടുത്തത്. വല്ലപ്പോഴും സന്തോഷം കൊടുക്കുന്ന ശീലങ്ങൾക്ക് ഉപരി സ്വയം പരിപാലിക്കാനുള്ള സ്വഭാവങ്ങളെ രൂപാന്തരപ്പെടുത്തതക്ക വിട്ടുവീഴ്ചയില്ലാത്ത സ്വാഭാവ രീതികളെ വളർത്തി എടുക്കാനുള്ള  രൂപഘടനയാണ് അവർ സംവിധാനം ചെയ്തത്.

1. ഒരു കോട്ടകെട്ടി നിങ്ങളുടെ പ്രഭാതചര്യകളെ കാക്കുക.

ഒരു ദിവസത്തിൽ വരാൻപോകുന്നതിന്റെ ധ്വനിയാണ് ആ ദിവസത്തിന്റെ ആദ്യമണിക്കൂറിലെ തീരുമാനങ്ങൾ എന്നാണ് സ്റ്റോയ്ക്ക്സ് വിശ്വസിച്ചിരുന്നത്. മാർക്കസ് ഒറേലിയസ് തന്റെ ദിവസം ആരംഭിച്ചിരുന്നത് അദ്ദേഹം അന്ന് നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതുപോലെ നേരിടാൻ  പ്രയാസമുള്ള   ജനങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തിക്കൊണ്ടാണ്. ഇത് അശുഭാപ്തി വിശ്വാസത്തിൽ നിന്നും ഉണ്ടാകുന്നതല്ല നേരെമറിച്ചു തയ്യാറെടുപ്പിന്റെ ഭാഗമാണ്. അദ്ദേഹം ഓരോ ദിവസത്തിലും പ്രവേശിച്ചിരുന്നത് തയാറെപ്പോടുകൂടിയാണ് അല്ലാതെ പ്രതികരണ മനോഭാവത്തോടെയല്ല. നിങ്ങളുടെ നിത്യകർമ്മങ്ങൾ പവിത്രമായ ഒന്നാണ്. പക്ഷെ ലോകം എപ്പോഴും അതിനെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇ-മെയിൽ, വാർത്ത വിളംബരങ്ങൾ , സാമൂഹ്യ മാധ്യമങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ശ്രദ്ധയ്ക്കായി മത്സരിച്ചുകൊണ്ടിരിക്കും. സ്റ്റോയിക് ഇതിനെ സമീപിച്ചുകൊണ്ടിരുന്നത്, ഇത് നിങ്ങൾക്കുവേണ്ടിയുള്ള സമയമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ്.

    ഇത് സ്വാഭികമായും ധ്യാനം, ദിനകുറിപ്പ്, വ്യായാമം, അല്ലെങ്കിൽ നിശബ്ദമായിരുന്നു ചിന്തകളിലൂടെ കടന്നുപോകുക. പുറം ലോകം നിങ്ങളുടെ മാനസികാവസ്ഥയുടെ മേൽ അവകാശവാദം ഉന്നയിക്കുന്നതിന് മുൻപ് അതിനെ ഉറപ്പിക്കുക. നിങ്ങൾ നിങ്ങളുടെ നിത്യകർമ്മങ്ങളെ അവഗണിക്കുമ്പോൾ, നിങ്ങളുടെ ധ്യാനമോ, വ്യായാമോ അല്ല നഷ്ടം ആകുന്നത്, നിങ്ങൾ തന്ത്രപ്രധാനമായ ഉന്നത നിലകളെ അടിയറ വൈയ്ക്കുകയാണ്.  അല്ലെങ്കിൽ  നിങ്ങൾ  നിങ്ങളുടെ നിത്യകർമ്മങ്ങളെ സജ്ജീകരിക്കുന്നതിന് പകരം ബാഹ്യലോകത്തെ അതിനുവേണ്ടി അനുവദിക്കുകയാണ്. സ്റ്റോയക്ക് മനസ്സിലാക്കിയിരുന്നത് അച്ചടക്കബോധമെന്നത് മനശ്ശക്തിയല്ല പക്ഷെ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് യാന്ത്രികമാക്കുന്നതിനുള്ള ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ്.  
    
2. ശാരീരിക ക്ലേശങ്ങളെ നിത്യവും പരിശീലിക്കുക 

എല്ലാ സുഖഭോഗസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ തന്നെ സെനിക്ക കഠിനമായ പ്രതലങ്ങളിൽ ഉറങ്ങുകയും വളരെ ലളിതമായ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യിതിരുന്നു. ശരീരം ക്ലേശങ്ങളെ സഹിക്കതക്ക വിധത്തിൽ പരീശീലിപ്പിക്കണമെന്ന് എപിക്റ്റിറ്റ്സ് തന്റെ വിദ്യാർത്ഥികളെ എപ്പോഴു ഓർപ്പിച്ചുകൊണ്ടിരുന്നു. ഇത് ആത്മപീഡനമല്ല നേരെമറിച്ച് നയതന്ത്രപരമായ തയ്യാറെടുപ്പാണ്. ഇങ്ങനെ ക്ലേശങ്ങളെ   സ്വമേധയാ തിരഞ്ഞെടുക്കുമ്പോൾ, യഥാർത്ഥമായി ക്ലേശങ്ങളും വെല്ലുവിളികളും നേരിടുമ്പോൾ അതിന് നമ്മളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്പ്പെടുന്നു.

    അസൗകര്യങ്ങളൂം വൈഷമ്യങ്ങളും  ദുർബ്ബലമാക്കുന്നത് വെളിപ്പെട്ട് വരുന്നതുവരെ ആധുനിക ജീവിതം ആകർഷണീയവും   അവസാനമില്ലാത്തതുമായ   സുഖസൗകര്യങ്ങൾ  നൽകുന്നു.   നമ്മൾ ഒരിക്കലും തണുപ്പ് അനുഭവിച്ചിട്ടില്ലെങ്കിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന  മാറ്റങ്ങൾ അസഹനീയമായി തോന്നുന്നു.   നമ്മൾ ഒരിക്കലും വിശപ്പിന്റെ കാഠിന്യം അറിഞ്ഞിട്ടില്ലെങ്കിൽ, ഒരു നേരത്തെ ആഹാരം കിട്ടാതെ വരുമ്പോൾ,  അതൊരു പ്രതിസന്ധിയായി മാറുന്നു.  സ്റ്റോയിക് പതിവായി അവർ  ഏതൊരാവസ്ഥയാണോ  ഭയപ്പെട്ടിരുന്നത്  അതിനെ നേരിടാൻ ‘പട്ടിണി- പരിശീലനം’ ചെയ്‌തിരുന്നു.  ഭാവനയിൽ കണ്ടിരുന്നതുപോലെ  അത് അത്ര  ഭയാനകമല്ലായിരുന്നു എന്ന് അതവരെ പഠിപ്പിച്ചു. 

    ഈ തത്വം,   നമ്മൾക്ക്  ചാറ്റമഴയിലും, ഇടയ്ക്കിടെ നിരാഹാരവൃതത്തിലും, കഴിവ് പരിശോധിക്കുന്ന വ്യായാമത്തിലും,  അല്ലെങ്കിൽ  മുറിയിലെ താപം  ക്രമീകരിക്കണമെന്നുള്ള   വ്യഗ്രതയിലും,   പ്രയോഗിക്കാവുന്നതാണ്. ഇതിന്റെ അർഥം ഇതെല്ലം സഹിക്കണമെന്നല്ല  മറിച്ച് ദൃഢഗാത്രത ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ശാരീരികമായ അസ്വസ്ഥതകളെ നേരിടാൻ നമ്മൾക്ക് കഴിയുമെന്ന് മനസിലാക്കുമ്പോൾ, മാനസ്സിക പിരിമുറുക്കത്തിന് നമ്മളുടെമേലുള്ള പിടി അയയുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളേയും സമ്മര്ദദങ്ങളേയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസം നമ്മളിൽ വളരുന്നു.

3. സായാഹ്നത്തിൽ ഒരു ആത്മപരിശോധന നടത്തുക.

ഓരോ സായാഹ്നത്തിലും സെനിക്ക    തന്റെ ദിവസത്തെ പുനരവലോകനം ചെയ്തിരുന്നു.  ഒരു ന്യായാധിപൻ കോടതി പ്രശ്നങ്ങൾ  പഠിക്കുന്നതുപോലെ തന്റെ പ്രവർത്തികളേയും ചിന്തകളേയും അവലോകനം ചെയ്യുമായിരുന്നു.  താൻ എവിടെയാണ്  ജീവിതമൂല്യങ്ങളെ മാനിച്ചുകൊണ്ട് പ്രവർത്തിച്ചതെന്നും എവിടെയാണ് വീഴ്ച വരുത്തിയതെന്നും അദ്ദേഹം സ്വയം ചോദിക്കുമായിരുന്നു. ഇതൊരു സ്വയം ചമ്മട്ടിപ്രഹരമായിരുന്നില്ല നേരെമറിച്ച് എങ്ങനെ തന്റെ ഭാവിയിലെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താമെന്നുള്ളതിന്റെ ശ്രമമായിരുന്നു.  എന്നും വൈകുന്നേരമുള്ള ഈ പ്രതിഫലനത്തെ  വളർച്ചയ്ക്കുള്ള ഒരു പിന്തിരിഞ്ഞു നോട്ടത്തിന്റെ കണ്ണിയായിട്ടാണ്  അദ്ദേഹം കണ്ടത്.  അത് ചെയ്യതില്ലെങ്കിൽ  അതിൽ നിന്നും ഒന്നും പഠിക്കാതെ ഓരോ സന്ദർഭങ്ങളോട് പ്രതികരിച്ചുകൊണ്ട് തെറ്റുകൾ വീണ്ടും ആവർത്തിക്കാനുള്ള സാദ്ധ്യതയായി അദ്ദേഹം കണ്ടു. ഒരിക്കലും പരിശോധിക്കപ്പെടാത്ത ജീവിതത്തിന് വളർച്ചയില്ലെന്ന് സ്റ്റോയ്ക്കുകൾ മനസ്സിലാക്കിയിരുന്നു. 

4. നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിൽ അലിവില്ലാതെ ശ്രദ്ധ കേന്ദ്രികരിക്കുക. 

ജീവിതത്തെ രണ്ടായി തരം തിരിക്കാമെന്ന് എപ്പിക്റ്റിറ്റസ് പഠിപ്പിച്ചു. നമ്മളുടെ നിയന്ത്രണത്തിലുള്ളതും അതിനു പുറത്തുള്ളതും. നമ്മളുടെ ചിന്തകളും,  തിരഞ്ഞെടുപ്പുകളും, പ്രതികരണങ്ങളും ആദ്യത്തെ ഇനത്തിൽ പെടുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, പരിണതഫലങ്ങൾ, ബാഹ്യമായ സംഭവങ്ങൾ, ഇവയെല്ലാം രണ്ടാമത്തെ ഇനത്തിൽ പെടുന്നു. മനുഷ്യ ജീവിതത്തിന്റെ   ദുരന്തത്തിന്റെ തുടക്കം എന്ന് പറയുന്നത് നമ്മൾക്ക് നിയന്ത്രിക്കാനാവാത്തതിന്റെ മേൽ  ദുർവിനയോഗം ചെയ്യുന്ന ഊർജ്ജമാണ്.  ഇത് നമ്മളെ പരിപാലിക്കുന്നതിന്റെമേൽ ശക്തിയായ സ്വാധീനം ചിലത്തുന്നു. രോഗിയാകുന്നതിനെ നമ്മൾക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ നമ്മളുടെ ആരോഗ്യത്തെ പരിപാലിക്കാനാവും. മറ്റുള്ളവർ  നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ നമ്മൾക്ക്  നിയന്ത്രിക്കാനാവില്ല. എന്നാൽ അതിനോട്  നമ്മൾ  എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ നിയന്ത്രിക്കാനാവും.  സമ്പദ്വ്യവസ്ഥയെ  നമ്മൾക്ക് നിയന്ത്രിക്കാനാവില്ല എന്നാൽ  നമ്മളുടെ  സാമ്പത്തികമായ തീരുമാനങ്ങളെ നിയന്ത്രിക്കാൻ കഴിയും.

നമ്മൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതിനെ കൈകാര്യം ചെയ്യുന്നതിൽ നിന്നും നാം  പിൻവാങ്ങുമ്പോൾ നമ്മൾക്ക് ആവശ്യമുള്ള വളരെ അധികം ഊർജ്ജത്തെ സ്വതന്ത്രമാക്കാൻ കഴിയും. നമ്മൾക്ക് ചെയ്യാൻ കഴിയുന്നതിനെ അവഗണിച്ച്, ചെയ്യാത്തതിനെ കുറിച്ച് ആകുല ചിത്തരായി കൂടുതൽ ആളുകളും പരിക്ഷീണരാകുന്നു. നമ്മൾ കാൽവസ്ഥക്ക് ഊന്നൽ കൊടുത്ത്   വ്യായാമത്തെ ഒഴിവാക്കുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിൽ വീടിന്റെ വരുമാനത്തിൻറെയും ചിലവിൻറെയും   കണക്കുകൾ വിട്ടുപോകുന്നു. ഇങ്ങനെ നാം ദുർവിനയോഗം ചെയ്യുന്ന ഊർജ്ജത്തെ നമ്മൾക്ക് നിയന്ത്രിച്ച് ഫലങ്ങൾ പുറപ്പെടുവിക്കാവുന്ന  മേഖലയിലേക്ക് തിരിച്ചുവിടുക എന്നതാണ് സ്റ്റോയിക്കിന്റെ സമീപനം.  

5. തടസ്സങ്ങളെ പരിശീലനത്തിനുള്ള അവസരമായി കാണുക.

ഓരോ പ്രവർത്തിയിലും ഉണ്ടാകുന്ന പ്രതിബന്ധങ്ങൾ ആ പ്രവർത്തിയെ മുന്നോട്ട് പോകുവാൻ സഹായിക്കുന്നു എന്നാണ് മാർക്കസ്  ഒറേലിയസ് രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കിൽ വഴിമുടക്കി നിൽക്കുന്നവ വഴിയായി മാറുന്നു. ഇത് നമ്മളെ പ്രചോദിപ്പിക്കാനുള്ള വാചകകസർത്തല്ല വെല്ലുവിളികളെ എങ്ങനെ നേരിടണം എന്നുള്ളതിന്റെ അടിസ്ഥാനപരമായ ഒരു നീക്കമാണ്.  എല്ലാ തടസ്സങ്ങളും  നല്ല  വശങ്ങളെ പരീശീലിക്കാനുള്ള അവസരമാണ്.  എല്ലാ പരാജയങ്ങളും മാനസ്സിക കരുത്തിനെ വികസിപ്പിക്കാൻ വേണ്ടിയാണ്.  എല്ലാ നിരാശകളും ക്ഷമയെ പഠിപ്പിക്കുന്നു.

നമ്മൾ ഈ മനസ്ഥിതി സ്വീകരിക്കുമ്പോൾ, ബുദ്ധിമുട്ടുകളെ ഒഴിവാക്കുന്നതിന് പകരം അതിനെ ആശ്ലേഷിക്കാൻ പഠിക്കുന്നു.  വാഹനകുരുക്കുകൾ ക്ഷമയെ പഠിപ്പിക്കുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സുഹൃത്ത് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.  ജോലിയിൽ ഉണ്ടാകുന്ന പരിക്ക് പൊരുത്തപ്പെടാൻ വേണ്ടി എങ്ങനെ ജോലിയിൽ മാറ്റം വരുത്തണം എന്ന് പഠിപ്പിക്കുന്നു. എല്ലാ സംഭവങ്ങളും പരീശലനത്തിനുള്ള അവസരമായി കാണുമ്പൊൾ ഒന്നും ദുർവ്യയം അല്ല.
ഇതിന്റ അർഥം പ്രശ്നങ്ങളെ നാം നേരിടില്ലെന്നോ അവ യാഥാർഥ്യമല്ലെന്നോ   അല്ല.       അതിന്റെ അർഥം, വെല്ലുവിളികൾ  അനിവാര്യമാണെന്നും അവ വരുമ്പോൾ അതിന്റെ വിലയെന്താണെന്ന് തിരിച്ചറിയുകയെന്നാണ്. നമ്മൾക്ക് സംഭവിക്കുന്നതിനെ നിയന്ത്രിക്കാനാവില്ലെന്നും പക്ഷെ നാം അതിൽ നിന്ന് പഠിക്കുന്നതിനെ നമ്മൾക്ക് നിയന്ത്രിക്കാനാവുമെന്ന് സ്റ്റോയ്ക്കുകൾ മനസ്സിലാക്കിയിരുന്നു.

സംഗ്രഹം.  

നിങ്ങളെ പരിപാലിക്കാൻ ശ്രമിക്കുന്നത് സ്വാർത്ഥതയല്ല. ദുർബലനായ മനുഷ്യന് മറ്റുള്ളവർക്ക് ഒന്നും നല്കാനില്ല. സ്വയം അഭിജ്ഞത്വം നേടുന്നത് ജീവിതത്തിലെ മറ്റു നേട്ടങ്ങളെക്കാൾ  മുമ്പിലാണെന്നുള്ള അറിവിലാണ്   സ്റ്റോയിക്സ് അവരുടെ തത്വശാസ്ത്രത്തെ പടുത്തുയർത്തിയിരുന്നത്.  നമ്മളുടെ പ്രഭാതചര്യകളെ കാത്തു സൂക്ഷിച്ചും, അസ്വസ്ഥതകളേയും  ക്ലേശങ്ങളേയും  എങ്ങനെ നേരിടണം എന്ന പരിശീലനവും, നമ്മളുടെ ഓരോ ദിവസത്തെ പ്രവർത്തികളുടെ പരിശോധനകളും, നിയന്ത്രണങ്ങളുടെ മേലുള്ള ശ്രദ്ധയും, തടസ്സങ്ങൾ വളർച്ചയ്ക്കുള്ള അവസരമാണെന്നുള്ള കാഴ്ചപ്പാടും, കരുത്താർന്ന ഒരു ജീവിതത്തിന് അടിത്തറ പാകുകയാണ്. 
ഈ പരിശീലനത്തിന് പ്രത്യക ഉപകരണങ്ങളോ വിലപിടച്ച പദ്ധതികളോ അല്ലെങ്കിൽ കുറ്റമറ്റ ചുറ്റുപാടുകളുടെയോ ആവശ്യമില്ല.  പുരാതന സ്റ്റോയ്ക്കുകൾ പിന്തുടർന്ന മാനസ്സികവും ശാരീരികവുമായ അച്ചടക്കത്തിന്റെയും വൈകാരികവുമായ വികാസത്തിന്റേയും പ്രയോക്താക്കൾ ആയാൽ മതി. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് സ്വയമാർജ്ജിച്ചുകൊണ്ടു മാത്രമേ മറ്റുള്ളവരെ നിങ്ങൾക്ക് സഹായിക്കാനാവു.

 

Join WhatsApp News
M.Mathai 2026-01-11 11:58:55
ഇതെല്ലാം അറിയാമായിരുന്നിട്ടും ഗ്രീസ് എങ്ങിനെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യമായി തുടരുന്നു? വിരോധാഭാസം തന്നേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക