Image

ന്യൂയോർക്ക് സ്റ്റേറ്റ് കംട്രോളർ പ്രൈമറി: രാജ് ഗോയലിന് പിന്തുണയുമായി ഇന്ത്യൻ–അമേരിക്കൻ സമൂഹം

Published on 10 January, 2026
ന്യൂയോർക്ക് സ്റ്റേറ്റ് കംട്രോളർ പ്രൈമറി: രാജ് ഗോയലിന് പിന്തുണയുമായി ഇന്ത്യൻ–അമേരിക്കൻ സമൂഹം

 ന്യൂയോർക്ക് ട്രൈ–സ്റ്റേറ്റ് മേഖലയിലെ ഇന്ത്യൻ–അമേരിക്കൻ സമൂഹം, ന്യൂയോർക്ക് സ്റ്റേറ്റ് കംട്രോളർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി സ്ഥാനാർത്ഥിയായ രാജ് ഗോയലിന് പിന്തുണ പ്രഖ്യാപിച്ച് ക്വീൻസിൽ ഫണ്ട് റെയ്‌സർ സംഘടിപ്പിച്ചു. ജനുവരി 4ന് നടന്ന പരിപാടി, സമൂഹനേതാക്കളായ ഡോ. തോമസ് എബ്രഹാം, അലക്സ് എസ്താപ്പൻ, വിം കെ. ഗോയൽ എന്നിവരാണ് ആതിഥേയത്വം വഹിച്ചതെന്ന് സംഘാടകർ  അറിയിച്ചു. നിലവിലെ ന്യൂയോർക്ക് സ്റ്റേറ്റ് കംട്രോളർ തോമസ്  ഡിനാപോളി  2007 മുതൽ ഈ പദവിയിൽ തുടരുകയാണ്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മറ്റൊരു സ്ഥാനാർത്ഥിയായി സാമൂഹ്യപ്രവർത്തകൻ ഡ്രൂ വാർഷോയും മത്സരിക്കുന്നുണ്ട്. 2026 ജൂൺ 23നാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്നത്.

ഡെമോക്രാറ്റിക് പാർട്ടിക്ക് സംസ്ഥാനതലത്തിൽ വലിയ മേൽക്കോയ്മയുള്ളതിനാൽ, ഈ പ്രൈമറിയാണ് നവംബർ തെരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ക്വീൻസിൽ നടന്ന ഫണ്ട് റെയ്സർ, വിവിധ മേഖലകളിൽ നിന്നുള്ള സമൂഹനേതാക്കളെയും പിന്തുണയ്ക്കുന്നവരെയും ഒന്നിപ്പിച്ച വിജയകരമായ പരിപാടിയായിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടി ലക്ഷ്യമിട്ട തുകയെ മറികടന്ന് 7,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞതായും, രാജ് ഗോയൽ പ്രചാരണത്തിന് ശക്തമായ മുന്നേറ്റം ലഭിക്കുന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു. പരിപാടിയിൽ സംസാരിച്ച രാജ് ഗോയൽ, ന്യൂയോർക്ക് സംസ്ഥാന ധനകാര്യത്തിന്റെ കൈകാര്യം ചെയ്യുന്നതിൽ ഉത്തരവാദിത്വം, നവീകരണം, ചെലവുകുറവ് എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞു. കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കെടുത്തവർ ഗോയലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിശ്വാസം പ്രകടിപ്പിക്കുകയും, നിർണായകമായ ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവയ്ക്കുകയും ചെയ്തു.രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ, 2017ൽ ഇന്ത്യൻ അമേരിക്കൻ ഇംപാക്റ്റ് പ്രോജക്ട്  സ്ഥാപിച്ചതിലൂടെയും ഗോയൽ ശ്രദ്ധേയനാണ്. ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ ഇടയാക്കിയ ‘ഫോൺ ഫ്രീ ന്യൂയോർക്ക്’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു.  

ഡ്യൂക്ക് സർവകലാശാലയിൽ നിന്ന് ബി.എസ് ബിരുദവും, ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. നിയമമേഖലയെ കേന്ദ്രീകരിച്ചുള്ള ഡാറ്റാ കമ്പനിയായ ബോധലയുടെ സഹ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും അദ്ദേഹം പ്രവർത്തിക്കുന്നു.ന്യൂയോർക്ക് സ്റ്റേറ്റ് കംട്രോളർ ഓഫീസ് മൾട്ടി  ബില്യൺ ഡോളർ ബജറ്റ് മേൽനോട്ടം വഹിക്കുന്ന അത്യന്തം പ്രധാനപ്പെട്ട സ്ഥാപനമാണ്. നികുതിദാതാക്കളുടെ പണം സംരക്ഷിക്കുക,  തട്ടിപ്പും ദുരുപയോഗവും കണ്ടെത്തുക, സംസ്ഥാന പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുക, വിരമിക്കൽ സംവിധാനം നടത്തിപ്പ്, അവകാശപ്പെടാത്ത ഫണ്ടുകൾ തിരികെ നൽകുക, സംസ്ഥാനത്തെയും ന്യൂയോർക്ക് നഗരത്തെയും പ്രാദേശിക ഭരണകൂടങ്ങളെയും സംബന്ധിച്ച സാമ്പത്തിക മേൽനോട്ടം വഹിക്കുക, തദ്ദേശ സ്ഥാപനങ്ങൾക്കും സ്കൂൾ ജില്ലകൾക്കും സാങ്കേതിക സഹായം നൽകുക, സംസ്ഥാന കരാറുകളും പണമടക്കങ്ങളും പരിശോധിക്കുക, അക്കൗണ്ടിംഗ് സംവിധാനം നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളാണ് ഈ ഓഫീസിനുള്ളത്. ക്വീൻസിൽ നടന്ന ഫണ്ട് റെയ്സർ, സംസ്ഥാനതല രാഷ്ട്രീയത്തിൽ ഇന്ത്യൻ–അമേരിക്കൻ സമൂഹത്തിന്റെ വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ സൂചനയായി മാറുകയും, ന്യൂയോർക്ക് സ്റ്റേറ്റിലെ നിർണായക പദവിയിലേക്കുള്ള രാജ് ഗോയലിന്റെ സ്ഥാനാർത്ഥിത്വത്തിന് ശക്തമായ പിന്തുണയുണ്ടെന്ന സന്ദേശം നൽകുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക