
ഐ.സി.സി. പുരുഷ വിഭാഗം ട്വൻ്റി 20 ലോകകപ്പ് ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുമ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മാത്രമല്ല ഇന്ത്യ-ബംഗ്ലാദേശ് ബന്ധവും പ്രതിസന്ധി നേരിടുകയാണ്. പാക്കിസ്ഥാനു പുറമെ ബംഗ്ലാദേശും ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടെടുത്തതാണ് പ്രശ്‌നം. അവസാന നിമിഷം മത്സരക്രമം മാറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഐ.സി.സി. സൂചിപ്പിച്ചു. നാളെ ബംഗ്ലാദേശിനു കൂടെ സ്വീകാര്യമായ തീരുമാനം പ്രതീക്ഷിക്കുന്നു.
ഐ.സി.സി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായി ഈയാഴ്ച ആദ്യം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. സുരക്ഷയും മറ്റു സൗകര്യങ്ങളും കുറ്റമറ്റതാക്കാമെന്ന് ഉറപ്പു നല്‍കുമെന്നാണു മനസ്സിലാകുന്നത്. ബംഗ്ലാദേശിന് നാലു മത്സരങ്ങളാണ് ലീഗ് ഘട്ടത്തില്‍ ഇന്ത്യയില്‍ ഉണ്ടാവുക.
ആദ്യ മൂന്നു മത്സരങ്ങളും കൊല്‍ക്കത്തയിലാണ്. അവസാന മത്സരം മുംബൈയിലും.
ലിറ്റന്‍ ദാസിനെ നായകനാക്കി ബംഗ്ലാദേശ് ട്വന്റി 20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതം അറിയിച്ചത്. മുഹമ്മദ് സെയ്ഫ് ഹസന്‍ ആണ് ഉപനായകന്‍. ബംഗ്ലാദേശിന്റെ ആദ്യ മത്സരം ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങള്‍ അടുത്ത കാലത്ത് മോശമായിരുന്നു.
ഈ വര്‍ഷത്തെ ഐ.പി.എല്‍. ക്രിക്കറ്റ് സംപ്രേക്ഷണം ബംഗ്ലാദേശ് വിലക്കിയിട്ടുമുണ്ട്. ടിവിയിലൂടെയും മറ്റ് ഓണ്‍ലൈന്‍ വഴിയുമുള്ള സംപ്രേക്ഷണത്തിനു വിലക്കുണ്ട്. ഇതു പക്ഷേ ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസര്‍ റഹ്‌മാനെ ഐ.പി.എലില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിനുള്ള പ്രതികരണമായി വേണം കരുതുവാന്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഐ.പി.എലില്‍ കളിക്കുന്നതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ബി.സി.സി.ഐ.യുടെ നിര്‍ദേശപ്രകാരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസ്താഫിസുറിനെ കളിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.
ഐ.പി.എലില്‍ ഈ സീസണില്‍ സ്ഥാനം നേടിയ ഏക ബംഗ്ലാദേശ് താരമാണ് ഇടം കൈയ്യന്‍ പേസ് ബൗളര്‍ മുസ്താഫിസുര്‍. മുപ്പതുകാരനായ മുസ്താഫിസുറിനെ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. ഇതുവരെ എട്ട് സീസണുകളില്‍ ഐ.പി.എലില്‍ കളിച്ച താരമാണ് മുസ്താഫിസുര്‍. മാര്‍ച്ച് 26നാണ് ഐ.പി.എല്‍. പുതിയ സീസന്‍ തുടങ്ങുന്നത്. ഡിസംബര്‍ 16 നു നടന്ന ലേലത്തിലാണ് മുസ്താഫിസുറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ജനുവരി മൂന്നിന് കരാര്‍ റദ്ദാക്കി.
ഐ.പി.എല്‍. തുടങ്ങിയ 2008ല്‍ 12 പാക്കിസ്ഥാന്‍ താരങ്ങള്‍ വിവിധ ടീമുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തെ തുടര്‍ന്ന് പാക്ക് താരങ്ങള്‍ക്ക് ബി.സി.സി.ഐ. വിലക്ക് ഏര്‍പ്പെടുത്തി. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായി. സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ദുബായ് യിലാണു നടന്നത്. കളിക്കാര്‍ ഹസ്തദാനം ചെയ്യാതെയാണു പിരിഞ്ഞത്. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ നടന്നത് ശ്രീലങ്കയിലാണ്.
ട്വന്റി 20 ലോകകപ്പിലും പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ ആണു നടക്കുക. ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാന്‍ സമ്മതിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. നാളത്തേക്ക് ഒരു ഒത്തുതീര്‍പ്പ് പ്രതീക്ഷിക്കാം.