Image

മഴവില്ലിന്റെ നിറമുള്ള എന്റെ ബാല്യം (ചെറുകഥ: സ്മിതാ സോണി, ഒർലാൻഡോ)

Published on 10 January, 2026
മഴവില്ലിന്റെ നിറമുള്ള എന്റെ ബാല്യം (ചെറുകഥ: സ്മിതാ സോണി, ഒർലാൻഡോ)

മഴ ഒന്ന് മാറിയതും ഞങ്ങൾ പിള്ളേർ “കാക്കകുളിച്ച പോലെ” മുറ്റത്തേക്ക് ചാടിയിറങ്ങി. “നിന്റെ അമ്മ കണ്ടാൽ എന്റെ തല തിന്നും,”അങ്ങേതിലെ രാജു ഭയന്ന് പറഞ്ഞു. “വിടെടാ… അമ്മ ഇപ്പൊ അടുക്കളയിൽ നാലുമണിപുഴുക്കും അത്താഴവുമൊക്കെ തയ്യാറാക്കാനുള്ള തത്രപ്പാടിലാണ്.. പുറത്തു വരാൻ കുറച്ചു സമയം എടുക്കും,” ഞാൻ വലിയ ബുദ്ധിമാനായ പോലെ പറഞ്ഞു. രാജുവിന്റെ പുറകിലായി നീണ്ട കാർകൂന്തലും ഉണ്ടക്കണ്ണുകളുമുള്ള ആ സുന്ദരിയെ ശ്രദ്ധിച്ചത്..  ഒന്നുകൂടി നോക്കിയപ്പോളാണ് രാജുവിന്റെ ചിറ്റയുടെ മോൾ ഇന്ദൂട്ടിയാണ്.. ഏകദേശം ഒരു വര്ഷം കൂടിയാണ് ഞാൻ അവളെ വീണ്ടും കണ്ടത്.. ഇന്നലെ അവർ വരുന്ന കാര്യം അവൻ പറഞ്ഞിരുന്നെങ്കിലും ഞാൻ മറന്നിരുന്നു..

അപ്പോഴേയ്ക്കും സൈക്കിൾ ചാടുകൊണ്ടുണ്ടാക്കിയ തന്റെ വണ്ടിയിൽ സുരേഷും സൈക്കിൾ ടയറും കറക്കി ചെളിയും തെറിപ്പിച്ചു അപ്പുണ്ണിയും എത്തി.. ചെമ്പകപ്പൂവും വച്ചുള്ള കാറ്റാടിയും പറപ്പിച്ചു ഓടി വരുന്ന ജോമോൾ വിളിച്ചു കൂവി..“എടാ പിള്ളേരേ… അവിടെ നോക്കെടാ!”

“എവിടെ?” നിന്റെ തലക്കുള്ളിലാണോ?” രാജു കളിയാക്കി. “അല്ലെടാ മരമണ്ടാ… ആകാശത്ത്!” ഞങ്ങൾ തല ഉയർത്തി നോക്കി.”അയ്യോ… മഴവില്ല്.. ഡാ, ഇതിപ്പോ ആരോ വെള്ളം തൂവിയിട്ട് പെയിന്റടിച്ച പോലെ അല്ലേ?”ഞാൻ പറഞ്ഞു. “അതെ… സർക്കാർ പെയിന്ററായിരുന്നെങ്കിൽ ഇത്ര ഭംഗിയാക്കില്ലായിരുന്നു,” സ്വതസിദ്ധമായ ശൈലിയിൽ രാജു പറഞ്ഞു.

“ഡാ രാജൂ… ചെരിപ്പ് ഇടാണ്ടെങ്ങോട്ടാടാ? കാൽ തണുത്താൽ പിന്നെ ‘കുഞ്ഞു കാളയ്ക്ക് പനി’ പിടിച്ചെന്ന് അമ്മ പറയും,” ലീല പറഞ്ഞു.“അയ്യേ… ചെളിയിലിറങ്ങാണ്ടെ എന്ത് കൂട്ടിക്കാലം ... “അയ്യോ… ഏഴ് നിറം കൂടി പഴംകൂട പോലെ നിൽക്കുന്നു. ഡാ, ഇത് കണ്ടാൽ അമ്മ പറയും വാനവില്ല് കണ്ടാൽ പല്ല് എണ്ണരുത്, എണ്ണിയാൽ പൊഴിയും’,” ഞാൻ പറഞ്ഞു.

“നിനക്ക് പല്ല് പൊഴിഞ്ഞാലും കുഴപ്പമില്ല,” രാജു ചിരിച്ചു. “ഇപ്പോ തന്നെ എണ്ണാൻ പറ്റില്ലല്ലോ!”ലീല പറഞ്ഞു: ഇന്ദൂട്ടി കണ്ണ് വെട്ടിച്ച് പറഞ്ഞു: “എന്റെ അമ്മമ്മ പറഞ്ഞിട്ടുണ്ട്…  അറ്റത്ത് പൊന്നുള്ള മടക്കുപെട്ടി ഉണ്ടെന്ന്. പക്ഷേ ചെന്നാൽ അറ്റം മാറി മാറി പോകും. “പൊന്നോ? അതു കിട്ടിയാൽ നിന്റെ വീട്ടിലെ കടം തീരും, ഇല്ലേടാ സുരേഷേ?” രാജു ചിരിച്ചു.

അപ്പോഴേക്കും അമ്മൂമ്മ വടിയുമായി വന്നു.
“എന്താടാ ഈ വായിനോട്ടം? കാളയെ കണ്ട കാക്കകളെ പോലെ!” “അമ്മൂമ്മേ, മഴവില്ല്” ഞങ്ങൾ ഒരുമിച്ച് പറഞ്ഞു.“അയ്യോ… അതോ,” അമ്മൂമ്മ ചിരിച്ചു. “അത് കണ്ടാൽ ഒന്ന് മനസ്സിൽ ആഗ്രഹം പറയണം. പക്ഷേ ഉറക്കെ പറഞ്ഞാൽ പറഞ്ഞ ആഗ്രഹം പറന്നു പോകും’.”

“അങ്ങനെയെങ്കിൽ ഞാൻ മിണ്ടില്ല,” രാജു പറഞ്ഞു.

“ഇന്നലെ തന്നെ ‘വാക്ക് കേൾക്കാത്ത ചെക്കൻ’ എന്ന് അമ്മ പറഞ്ഞു.” ലീല പറഞ്ഞു:“എനിക്ക് ആഗ്രഹം. നാളെ ചോറിനൊപ്പം മീൻ കറി ഉണ്ടാകണം.”

ഞാൻ പറഞ്ഞു: “എനിക്ക്…ഈ കൂട്ടുകാരൊക്കെ ഇങ്ങനെ തന്നെ ഇരിക്കണം. ഒരിക്കൽ പോയാൽ പിന്നെ കിട്ടില്ല’ എന്നൊക്കെ പറയുന്നില്ലേ…”

“അയ്യടാ, നീ ഇന്നെന്താ വല്യ കവികളെപ്പോലെ?”
രാജു പറഞ്ഞു.
“വാ, ഇന്നത്തെ വായിനോട്ടം മതിയാക്കി നമുക്ക് തോട്ടിൽ കുളിക്കാൻ പോവാം. ഇല്ലെങ്കിൽനമ്മളെ അമ്മമാർ തല്ലും.” ഞങ്ങൾ ചിരിച്ചുകൊണ്ട് ഓടി.

ഇന്ന് വർഷങ്ങൾ ഒത്തിരി കടന്നുപോയി..  മുറ്റവും കളിചിരിയും എല്ലാം പിന്നിൽ വിട്ട് നഗരത്തിലെ ഈ ചുവരുകൾക്കുള്ളിൽ നിൽക്കുമ്പോൾ, മഴ കഴിഞ്ഞ ആകാശത്ത് വീണ്ടും ഒരു മഴവില്ല് തെളിയും. അപ്പോൾ അത് വെറും ഏഴ് നിറങ്ങളല്ല… അത് രാജുവിന്റെ കുസൃതി ചിരിയാണ്.. ചെളി തെറിപ്പിച്ച സുരേഷിന്റെ സൈക്കിളാണ്..കാറ്റാടിയും ചെമ്പകപ്പൂവും പിടിച്ച് ഓടിയ ജോമോളുടെ കൂവലാണ്.. ഇന്ദൂട്ടിയുടെ ലജ്ജയുള്ള കണ്ണുവെട്ടലാണ്…അന്നത്തെ പോലെ ഇന്നില്ല

ചെരിപ്പില്ലാത്ത കാലുകൾ, മഴമണ്ണിന്റെ മണം, അമ്മൂമ്മയുടെ വടി തട്ടി വരുന്ന ശബ്ദം. പക്ഷേ കണ്ണടച്ചാൽ മതി..ഞങ്ങൾ വീണ്ടും പിള്ളേരാകും… ചിരി പൊട്ടും… കാലം ഒന്ന് നിൽക്കും.

അപ്പോഴാണ് മനസ്സിലാവുന്നത്…പൊന്നുള്ള മടക്കുപെട്ടി വാനവില്ലിന്റെ അറ്റത്തല്ല…അത് ആ മഴ കഴിഞ്ഞ വൈകുന്നേരങ്ങളിലായിരുന്നു… തിരിച്ചു കിട്ടില്ലെന്നറിയാവുന്ന, എന്നാലും മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഏഴ് നിറങ്ങളുള്ള എന്റെ ബാല്യത്തിലാണ്…

Read More: https://www.emalayalee.com/writer/314


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക