
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ അപ്രതീക്ഷിതവും നിർണ്ണായകവുമായ നീക്കം. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ചേർന്ന് സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ഒരു തീർത്ഥാടന കേന്ദ്രത്തെയും ഭക്തരുടെ വിശ്വാസത്തെയും പിടിച്ചുലയ്ക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് തന്ത്രിയെ ചോദ്യം ചെയ്യാൻ തിരുവനന്തപുരത്തെ എസ്ഐടിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
ഉച്ചയ്ക്ക് ശേഷവും തുടർന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ഉറ്റബന്ധമെന്ന് കണ്ടെത്തൽ. സ്പോൺസർഷിപ് ഇടനില കൊള്ളയായി മാറി. പാളികളിൽ സ്വർണം പൂശാൻ തന്ത്രി അനുമതി നൽകി. കൊള്ളയ്ക്ക് തന്ത്രിയുടെ മൗനാനുവാദം ഉണ്ടായെന്നാണ് കണ്ടെത്തിയത്.
പത്മകുമാർ ഉൾപ്പെടെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠരര് രാജീവരരെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവരരാണെന്ന് എ പത്മകുമാർ അടക്കം മൊഴി നൽകിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.