
പിന്നാമ്പുറത്തെ മുറ്റം അന്നൊക്കെ ഞങ്ങളുടെ ലോകമായിരുന്നു. ചെരുപ്പ് പോലും ഇടാതെ ഞങ്ങൾ അവിടെ ഓടിക്കളിക്കും. “അവിടെ ഉണ്ട്… അവിടെ!”
ആളെ കളിപ്പിയ്ക്കൽ സ്ഥിരം കലാപരിപാടിയാക്കിയ “കോളാമ്പിയെന്നു” ഞങ്ങൾ ഓമനപ്പേരിട്ട് വിളിയ്ക്കുന്ന സിന്ധുവിന്റെ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് തൊടിയിലേയ്ക്ക് ഒറ്റ ഓട്ടമാണ്..
പുല്ലിനിടയിൽ ഒളിച്ചിരുന്ന അപ്പൂപ്പൻതാടി കണ്ടാൽ ആദ്യം കണ്ടവനാണ് രാജാവ്.
“ഞാൻ കണ്ടേ!”എന്ന് ചിന്നു..
“അല്ല സുജേച്ചി.. അല്ല, ഞാൻ ആണ് ആദ്യം പറഞ്ഞത്!” എന്ന് പറഞ്ഞു മനു നിന്ന് കിണുങ്ങി..
പരാതിയിലും പരിഭവത്തിലും ചിരിയിലും തള്ളിത്തീർക്കലിലും മുറ്റം മുഴുവൻ കലമ്പും… ഇടയ്ക്കു കോലായിൽ നിന്നും അമ്മയുടെ സ്വരം കേൾക്കാം. “എടീ സുജേ, കുട്ട്യോളെ നോക്കിക്കോണം. പരിക്കൊന്നും പറ്റിയ്ക്കല്ലേ.”
ഞാൻ ചോദിച്ചു.. “എന്നിട്ട് എവിടേ?”
“അയ്യേ.. സുജേച്ചിയെ പറ്റിച്ചേന്ന്" കോളാമ്പിയുടെ കമ്മന്റും കുരുത്തക്കേടിനു കയ്യും കാലും വച്ച വാനരപ്പടയുടെ കൈകൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു.. ഉള്ളിൽ പതഞ്ഞു വന്ന ദേഷ്യം പുറത്തു കാണിയ്ക്കാതെ “ഞാൻ കൂട്ട് വെട്ടി.. ഇനി സുജേച്ചീന്നു വിളിച്ചോണ്ട് എന്റെ പുറകെ വാ.. ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞു” ഞാൻ തിരിഞ്ഞു നടന്നു.
എന്റെ നടപ്പിന്റെ സ്പീഡ് കണ്ടു പറമ്പിൽ പണിയെടുക്കുന്ന നാരായണേട്ടൻ നീട്ടിവിളിച്ചു.. “സുജക്കുഞ്ഞേ.. എന്ത് പറ്റി? വാനരപ്പടയുമായി തെറ്റിയോ? “ “ഒന്നും പറയണ്ടെന്റെ നാരായണേട്ട.. കുട്യോൾക്ക് ഈയിടെയായി കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്"..
“അത് സാരാക്കണ്ട സുജാക്കൊച്ചേ.. അത് കുഞ്ഞിന്റെയടുത്തു അവർക്കു നല്ല സ്വാതന്ത്ര്യം ഉള്ളോണ്ടല്ലേ.. ഇതൊക്കെ ഒരു തമാശയായിക്കണ്ടാൽ മതി” എന്ന് നാണിയമ്മൂമ്മയും. എന്നേക്കാൾ സ്പീഡിൽ എന്റെ പുറകെ വന്നു എന്നെ കെട്ടിപ്പിടിച്ചു വാനരപ്പട ചോദിച്ചു “സുജേച്ചി.. പിണക്കയോ... ഇനി ഞങ്ങൾ എങ്ങനെ കളിപ്പിക്കില്ല… സുജേച്ചി ഞങ്ങടെ ലീഡർ.. സുജേച്ചി.. കീ ജയ്”.. അടുക്കളയിൽ കയറി അമ്മയെ സഹായിച്ചു വഴക്കു കേൾക്കുന്നതിലും നല്ലതു വാനരപ്പടയുടെ ലീഡറായി നടക്കുന്നതാണെന്നറിയാവുന്ന എന്റെ മനസ്സിൽ വലിയൊരു ലഡു പൊട്ടിയെന്നു പറയാതെ വയ്യ…
“ദേ കുട്യോളെ.. ഈ ഒറ്റ പ്രാവശ്യത്തേയ്ക്കു ഞാൻ ക്ഷമിച്ചുട്ടോ.. വാ നമുക്ക് ഒന്നൂടി പോയി നോക്കാം.. വല്ല രക്ഷയും ഉണ്ടോന്നു..” ഉള്ളിലെ ജാള്യത മറച്ചു സുജേച്ചി മൊഴിഞ്ഞു..
“അവിടെ ഉണ്ട്… അവിടെ!” ചിന്നു ശ്വാസം മുട്ടി വിളിച്ചു.
“എവിടെ?” ഉമയും സിന്ധുവും ഒരുമിച്ച് ദിഗന്തം പൊട്ടുമാറുച്ചത്തിൽ ചോദിച്ചു..
“പുല്ലിനിടയിൽ… കാണുന്നില്ലേ?”ചിന്നു വിരൽ നീട്ടി.
“അയ്യോ, അതു ഉണങ്ങിയ പുല്ലല്ലേ!”മനു ചിരിച്ചു.
“എല്ലാം അപ്പൂപ്പൻതാടി ആക്കല്ലേ.”
“മിണ്ടാതിരിയെടാ.”അപ്പുണ്ണി മുന്നോട്ട് ചാടിക്കയറി.
“ഇത് തന്നെയാ… ഇതാ നോക്ക്! ദേ സുജേച്ചി.. നോക്കിക്കേ സത്യമല്ലെന്നു”..
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല... അപ്പൂപ്പൻതാടി.. നിധി കിട്ടിയതിനേക്കാൾ സന്തോഷം. വെളുത്ത, മൃദുവായ താടികൾ കാറ്റിൽ വിറച്ചു നിന്നു.
“ഇതൊക്കെ ഇപ്പോഴും ഉണ്ടല്ലേ…” മനു പതുക്കെ പറഞ്ഞു.
“എന്തിനാ അതിനെ ഇങ്ങനെ നോക്കി നിൽക്കുന്നത്
ഊതാം… ഒരുമിച്ച് ഊതാം.”കൂട്ടത്തിൽ വിരുതനായ അപ്പുണ്ണി..
“അപ്പുണ്ണിയേട്ടാ.. എന്തിനാ അതിനെ ഊതി വിടുന്നെ.. നമുക്ക് അതുകൊണ്ടു കളിയ്ക്കാമെന്നു” ചിന്നു ചിണുങ്ങി..
“മോളേ, ഊതിയാൽ ആഗ്രഹം സത്യമായിരിക്കും.”
കുട്ട്യോളുടെ ചോദ്യങ്ങൾ കേട്ട് പണിയ്ക്കാരുടെ കൂടെ തെങ്ങിന് വളമിട്ടുകൊണ്ടിരുന്ന അപ്പൂപ്പന്റെ ചിരിയുള്ള ശബ്ദം.
“എന്താ അപ്പൂപ്പാ, എല്ലാം പറന്നു പോയാൽ?”
ചെറിയ അവൾ സംശയത്തോടെ ചോദിച്ചു.
“പോയാലേ എത്തൂ. പിടിച്ചുവച്ചാൽ സ്വപ്നങ്ങൾ ചത്തുപോകും.”
അപ്പൂപ്പൻ അവളുടെ തലയിൽ കൈവെച്ചു.
അവൾ അപ്പൂപ്പൻതാടി ഊതി. വെളുത്ത താടികൾ ആകാശത്തേക്ക് പറന്നു.
“ഞാൻ വലുതാകുമ്പോൾ ഇവിടെ തന്നെയുണ്ടാകുമോ അപ്പൂപ്പാ?”
അവളുടെ ചോദ്യം കാറ്റിൽ അലിഞ്ഞുപോയി.
അപ്പൂപ്പൻ ചിരിച്ചു.
“മുറ്റവും കാറ്റും അപ്പൂപ്പൻതാടിയും ഉണ്ടെങ്കിൽ, മോളും ഇവിടെയുണ്ടാകും.”
“ചിന്നൂ.. നാളെ നിന്റെ ഫ്‌ളൈറ്റ് എപ്പഴാ? അച്ചാർ എങ്ങനെയാ പായ്ക്ക് ചെയ്യേണ്ടേ?” അമ്മ അടുക്കളയിൽ നിന്നു ചോദിച്ചു. അവൾ മറുപടി പറഞ്ഞില്ല. കണ്ണുകൾ അപ്പൂപ്പൻതാടിയിലായിരുന്നു. ഒരു നിമിഷം കൊണ്ട് അവൾ പിന്നോട്ടു പോയി—അപ്പൂപ്പന്റെ കാലത്തേക്ക്.
ഇന്ന് അവൾ വലുതായി… പിന്നാമ്പുറം ചെറുതായി… സുഹൃത്തുക്കൾ ദൂരെയായി. വഴക്കുകൾ ചിരിയുള്ള കഥകളായി… അപ്പൂപ്പൻ ഇല്ല…പക്ഷേ അപ്പൂപ്പൻതാടി ഇപ്പോഴും മുറ്റത്തിന്റെ കോണിലുണ്ട്... ആ അപ്പൂപ്പൻതാടി കാണുമ്പോൾ, ഓട്ടവും വഴക്കും ചിരിയും ഒറ്റ നിമിഷം കൊണ്ട് തിരികെ വരും… ഒളിപ്പിച്ചുവച്ച ഒരു വെളുത്ത ഓർമ്മ പോലെ…
ചിന്നൂ ഒരു അപ്പൂപ്പൻതാടിയെടുത്തു ഊതുന്നതു ക ണ്ടൊണ്ട് വന്ന അമ്മ ചോദിച്ചു “ഇപ്പോൾ എന്താ ആഗ്രഹം?” അവൾ പുഞ്ചിരിച്ചു. “ഒന്നുമില്ല അമ്മേ… ഉണ്ടായിരുന്നതെല്ലാം ഓർമ്മയായി നിലനിൽക്കട്ടെ.”
കാറ്റിൽ പറന്നുപോയ അപ്പൂപ്പൻതാടികൾക്ക് പിന്നിൽ,
അപ്പൂപ്പന്റെ ചിരി ഇപ്പോഴും കേട്ടതുപോലെ തോന്നി..