
പള്ളിക്കൂടം വിട്ടു വന്നാലുടൻ പുസ്തകപ്പെട്ടി മുറിയിലെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ടു ഞാൻ അമ്മ ഒരുക്കി വച്ചിരിയ്ക്കുന്ന നാലുമണി പലഹാരവുമായി നേരെ അടുക്കളത്തിണ്ണയിൽ കയറി ഇരിക്കും… എനിയ്ക്കു മുൻപേ അമ്മൂമ്മ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. കാരണം, അവിടെ ഇരുന്നാൽ അമ്മൂമ്മക്ക് എല്ലാം കാണാം.. വഴിയും, കാക്കോത്തിക്കാവും, ആൽത്തറയും, ആകാശവും… ഒപ്പം.. പാടവരമ്പും കൈതപ്പാലത്തിനടുത്തായി കളകളാരവത്തോടെ ഒഴുകുന്ന തോടും.. എന്ന് വേണ്ട..
“എന്താടാ ചെക്കാ, ഇന്നെന്താ ഈ നേരം?”
അമ്മ അടുപ്പിൽ വിറക് ഇളക്കി പറഞ്ഞു.
“കാവിലേക്കു പോയതാ അമ്മ.”
“അയ്യോ… നിനക്ക് വേറൊരു പണിയുമില്ലേ.. നിന്റെ മയിൽപ്പീലി തിരച്ചിൽ ഇതുവരെ നിർത്താറായില്ലേ? ?”
അവൾ ചിരിച്ചു.
“ഈ ചെക്കൻ്റെ ഒരു കാര്യം!”ഇന്ന് കിട്ടുമെന്നാ തോന്നുന്നേ.”
അമ്മൂമ്മ മൂക്കുപിടിച്ചു ചിരിച്ചു.” കിട്ടും കിട്ടും… പക്ഷേ നമ്മൾ കാത്തിരുന്നാ മാത്രം പോരാ.. മയിൽപ്പീലിയ്‌ക്ക് നമ്മളെ ഇഷ്ടപ്പെടണം.”
വൈകുന്നേരം വീണ്ടും ഞാൻ കാക്കോത്തിക്കാവിലെക്കു പോയി.
ഒപ്പം എന്റെ സന്തത സഹചാരിയായ തെക്കേതിലെ ഉണ്ണിക്കുട്ടനെയും കൂട്ടി.. കാര്യം പ്രായത്തിൽ അവനെക്കാൾ രണ്ടു വയസു മമൂത്തത് ഞാനാണെങ്കിലും എനിയ്ക്കു തനിയെ കാവിലേയ്ക്ക് പോകാൻ പേടിയാണെന്ന് കാര്യം എനിയ്ക്കു മാത്രമേ അറിയാവൂ… പക്ഷെ എന്റെ പേടി പുറത്തുകാണിയ്ക്കാതെ അവനെ ധൈര്യപ്പെടുത്തി അവനെ മുന്നിൽ നിര്ത്തിയുള്ള എന്റെ യാത്രകണ്ടാൽ ഇന്നത്തെ മോട്ടിവേഷൻ സ്‌പീക്കർസ് ഒക്കെ തോറ്റു മാറി നിന്ന് പോകും.. അത്രയ്ക്ക് കോൺഫിഡൻസ് ആണേ.. അല്ലേലും മറ്റുള്ളവരെ കുഴിയിൽ ചാടിയ്ക്കാനും വേണ്ടേ ഒരു സാമർഥ്യം..
ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ എന്റെ കണ്ണുകളെ തന്നെ എനിയ്ക്കു വിശ്വസിയ്ക്കാനായില്ല.. ഞാൻ ഒന്ന് കൂടെ എന്റെ രണ്ടു കണ്ണും തിരുമ്മി നോക്കി.. എന്നിട്ടും സംശയം തീർക്കാൻ ഉണ്ണിക്കുട്ടനോട് പറഞ്ഞു “എടാ എന്നെ ഒന്ന് നുള്ളിയ്ക്കെ..ഇതു സ്വപ്നം അല്ലെന്നു ഞാനൊന്നു ഉറപ്പിച്ചോട്ടെ”.. ഹൃദയമിടിപ്പ് എനിക്ക് കേൾക്കാവുന്നത്ര അടുത്തായി..
ഇലകളുടെ ഇടയിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് ഒരു നിറം മാത്രം. പച്ചയും നീലയും ഒരുമിച്ച് തിളങ്ങുന്ന.. ഒരു സ്വപ്നം പോലെ. നെഞ്ചിനകത്ത്
ഒരു കുഞ്ഞുപക്ഷി ചിറകടിച്ചു… അതെ… ഇത്ര ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു മയിൽപ്പീലി…. ഞാൻ പതുക്കെ അടുത്തു…. ശ്വാസം പോലും അടക്കി പിടിച്ചു… അത് ഓടിപ്പോകുമോ എന്ന പേടിയിൽ…. കയ്യിൽ തൊട്ട നിമിഷം.. കയ്യിലെ വാച്ചിലെ സൂചി lനിലച്ചു എന്ന് എനിയ്ക്കു തോന്നിപ്പോയി.. ഇത് സത്യമാണോ എന്ന്
ഞാൻ കൈ വീണ്ടും തുറന്നു നോക്കി….
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.. കൂടെ കൂട്ടിയ ഉണ്ണിക്കുട്ടനെപ്പോലും മറന്നു.. അന്നത്തെ എന്റെ ഒരറ്റം കണ്ടാൽ പോയ വഴി പുല്ലുപോലും മുളയ്ക്കില്ലെന്നു കാരണവന്മാർ പറയാറുള്ള ഓട്ടം പോലെ തോന്നും.. മണ്ണും, മുള്ളും, വഴിയും
ഒന്നും അറിയാതെ ഓടി.
വീട്ടിലെ പടിപ്പുരയ്ക്കലെത്തിയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു.. “അമ്മൂമ്മേ…” ശബ്ദം ശ്വാസത്തിൽ ഒടിഞ്ഞു.. അമ്മൂമ്മ വാതിൽക്കൽ തന്നെ നിൽപുണ്ടായിയുന്നു..
“ഇങ്ങോട്ട് വാ ചെക്കാ… ശ്വാസം പിടിച്ചു നിൽക്കണ്ട.”
അവളുടെ മുന്നിൽ കൈ തുറന്നപ്പോൾ
അവൾ ചിരിച്ചു… “ഇത് നിന്നെയാണല്ലോ
ഇഷ്ടപ്പെട്ടത്…”.അമ്മൂമ്മ അതു പതുക്കെ എടുത്തു. “ആഹാ.. എത്ര ചേലാണ് കാണാൻ…” അവൾ പറഞ്ഞു. “ഇതുപോലെ ഒന്ന് ഞാൻ കുട്ടിയായിരുന്നപ്പോളും കണ്ടിട്ടുണ്ട്.”
“അമ്മൂമ്മേ, അന്നെങ്ങനെയായിരുന്നു?” ഞാൻ ചോദിച്ചു. അവൾ തിണ്ണയിൽ ഇരുന്ന് കാലു നീട്ടി.
“അന്നൊക്കെ ഞങ്ങൾ ചെരിപ്പൊന്നും ഇടില്ല ചെക്കാ.
മണ്ണിലൂടെയാ നടക്കൽ. വൈകുന്നേരം കാവിൽ നിന്ന് മയിൽ കൂകുമ്പോൾ എല്ലാവരും പറയും.. ഇന്ന് മഴ ഉറപ്പാ എന്ന്.”
“അന്നും മയിൽപ്പീലി തിരയുമോ?”എന്റെ ജിജ്ഞാസ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു..
“എന്തു ചോദ്യമാ കുട്ടീ.. ഉണ്ടോന്നോ? ഞങ്ങൾ പത്ത് പന്ത്രണ്ട് പെണ്ണുങ്ങൾ കൂടി കാവിലേക്കു ഓടും.
മയിൽപ്പീലി കിട്ടിയാൽ തമ്മിൽ അടിയും വഴക്കും!”
അവൾ പല്ലുപോയ മോണകാട്ടി ചിരിച്ചു.
“എനിക്ക് കിട്ടിയ ഒരു മയിൽപ്പീലി ഞാൻ ഒളിച്ചുവെച്ചത് അമ്മ കണ്ടുപിടിച്ചു. പിന്നെ പറഞ്ഞു; “ഇത് ദൈവത്തിനുള്ളത്, നീ കളിപ്പാട്ടമാക്കണ്ട’ എന്ന്.”
അമ്മൂമ്മ ഒന്ന് നിശബ്ദയായി…
ഞാൻ തോളിൽ തട്ടി വിളിച്ചു.. “അമ്മൂമ്മേ.. എന്ത് പറ്റി?”
അമ്മൂമ്മ പറഞ്ഞു.. ഒന്നുമില്ലെന്റെ കുട്ട്യേ.. വെറുതെ പഴയതൊക്കെ ഒന്ന് ആലോചിച്ചു പോയി.. “അന്ന് ഞാൻ ഒത്തിരി കരഞ്ഞു. പക്ഷേ ഇപ്പോൾ തോന്നുന്നു…അത് നല്ലതായിരുന്നെന്ന്.”
അവൾ മയിൽപ്പീലി നെറ്റിയിൽ തൊട്ടു.
“ഇത് കളയരുത് ചെക്കാ. ഇതിൽ കാലം ഇരിക്കുന്നു.”
പിന്നെ പൂജാമുറിയിൽ വെച്ചു.
“വൈകുന്നേരം വിളക്ക് കത്തുമ്പോൾ ഇത് നോക്കിയിരുന്നാൽ പഴയ കഥകൾ കൂട്ടിനു വരും.”
അന്ന് രാത്രി കിടക്കുമ്പോൾ മയിൽപ്പീലി വിളക്കിന്റെ വെളിച്ചത്തിൽ ചെറുതായി തിളങ്ങുന്നത് ഞാൻ കണ്ടു.
ഇന്ന് അമ്മൂമ്മ ഇല്ല… കാക്കോത്തിക്കാവും ഇല്ല. ആൽമരവും, ആ മുറ്റവും കാലത്തിന്റെ വഴിയിൽ
എവിടെയോ മറഞ്ഞുപോ
പക്ഷേ… ഒരു പഴയ പെട്ടിക്കുള്ളിൽ മഞ്ഞളിന്റെയും ചന്ദനത്തിന്റെയും മണം ചേർന്ന ഒരു മയിൽപ്പീലി
ഇന്നും അവളുടെ കൈവെള്ളയുടെ ചൂടുപോലെ
ഇന്നും എന്നെ നോക്കി ചിരിക്കുന്നു… അതിൽ എന്റെ ബാല്യവും ഉണ്ട്… അമ്മൂമ്മയുടെ ബാല്യവും ഉണ്ട്… ഒരേ നിറത്തിൽ, ഒരേ മൗനത്തിൽ…
ചില ഓർമ്മകൾ മങ്ങുന്നില്ല… അവ നമ്മളെ നോക്കി
ചിരിച്ചുകൊണ്ടേയിരിക്കും; നമ്മൾ അവയെ തിരിച്ചു നോക്കുന്നിടത്തോളം…