
ഏറെ പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ ഒരു പുതുയുഗ പിറവിയെക്കൂടി ലോകജനത വലിയ ആരവങ്ങളോടെ വരവേൽക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയും സാമ്പത്തിക സൈനിക ശേഷിയുമായ അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നും സ്വതന്ത്രമായതിന്റെ കാൽ സഹസ്രാബ്ദം പൂർത്തിയാക്കുന്ന വർഷം കൂടിയാണ് 2026. ഇരുനൂറ്റിഅന്പത് വർഷങ്ങൾക്കു മുൻപ് വടക്കെ അമേരിക്കയിലെ 13 കോളനികൾക്കു ബ്രിട്ടീഷ് ഭരണകൂടം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടു തോമസ് ജെഫേഴ്സൺന്റെ നേതൃത്വത്തിലുള്ള സംഘം എഴുതിയുണ്ടാക്കിയ ഉടമ്പടിയിൽ ( Declaration of Independence) 1776 ജൂലായ് നാലിനാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ഒപ്പുവെച്ചത്. ചരിത്ര പ്രാധാന്യമുള്ള ആ പ്രഖ്യാപനത്തിലെ വ്യവസ്ഥകൾ അതിന് ശേഷം ലോകത്തെമ്പാടും ഉടലെടുത്ത നിരവധി ജനാധിപത്യ മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ അടിസ്ഥാന പ്രമാണമായി മാറുന്നതാണ് ലോകം പിന്നീട് കണ്ടത്.
എല്ലാ മനുഷ്യരും ജന്മനാ തുല്യരാണ് അതിനാൽ അവർക്കു ഈ ഭൂമിയിൽ യാതൊരു വിവേചനവും കൂടാതെ സ്വതന്ത്രമായി ജീവിക്കാൻ അവകാശമുണ്ടെന്നും ആ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ കടമയെന്നും ആ രേഖ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. രാഷ്ട്രമീമാംസ ചരിത്രത്തിൽ ആമന്ത്രണം ചെയ്യപ്പെട്ട ആ വരികൾ ഓർത്തെടുക്കാനും ആഘോഷമാക്കാനുമാണ് അമേരിക്കൻ ഭരണകൂടം ഒരുങ്ങുന്നത്. അന്നത്തെ കോളനികളുടെ തലസ്ഥാനമായിരുന്ന ഫിലാഡൽഫിയ ഉൾപ്പെടെയുള്ള
പ്രധാനപ്പെട്ട പട്ടണങ്ങൾ കേന്ദ്രികരിച്ചു മാസങ്ങൾ നീളുന്ന വിപുലമായ കലാസാംസ്കാരിക ആഘോഷങ്ങൾക്കും വിദ്യാഭ്യാസ സെമിനാറുകളുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

കേവലം നാനൂറു വർഷത്തെ ചരിത്രം മാത്രമുള്ള അമേരിക്ക അതിന്റെ സാംസ്കാരിക തുടർച്ചയിലും സാഹിത്യ നൈതികതയിലും പുലർത്തുന്ന സമർപ്പണവും അഭിമാനവും ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമേന്മ അവകാശപ്പെടുന്ന രാജ്യങ്ങൾക്കുപോലും മാതൃകയാണ്. രണ്ടര നൂറ്റാണ്ടു പൂർത്തിയാക്കുന്ന സ്വാതന്ത്ര്യാനന്തര അമേരിക്ക കൈവരിച്ച അഭൂതപൂർവ്വമായ ഭൗതിക പുരോഗതിയും ഇതര ഭൂഖണ്ഡങ്ങളിൽ അതുണ്ടാക്കിയ അനുരണങ്ങളും ശാക്തിക ചേരികളും ചർച്ച ചെയ്യുന്നതിനോടൊപ്പം രാജ്യത്തിനുള്ളിലുണ്ടായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പരിവർത്തനങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ബ്രിട്ടൻ പടിയിറങ്ങി ഒരു ദശകം പിന്നിട്ട് 1787 ലാണ് ഐക്യനാടുകളുടെ ഭരണക്രമവും
ഫെഡറൽ സംവിധാനങ്ങളും രൂപകൽപ്പന ചെയ്യുന്ന ഒരു ഭരണഘടന രാജ്യത്തിനായി എഴുതി ഉണ്ടാക്കുന്നത്. അതിൻപ്രകാരമുള്ള ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായി ജോർജ് വാഷിംഗ്ടൺ ചുമതലയേൽക്കുന്നതു അടുത്തൊരു രണ്ടു വർഷം കൂടി കഴിഞ്ഞായിരുന്നു. ഭരണഘടനാനുസൃതമായുള്ള ഉത്തരവാദിത്വങ്ങൾ മാത്രം നിറവേറ്റി മുന്നേറിയിരുന്ന സർക്കാർ, കോളനി വാഴ്ചയുടെ തുടർച്ചയെന്നപോലെ അമിതാധികാര പ്രയോഗം നടത്തുന്നുവെന്നും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ പൗര സ്വാതന്ത്ര്യം പ്രയോഗത്തിൽ വരുത്തുന്നില്ല എന്നും തിരിച്ചറിഞ്ഞ അമേരിക്കൻ കോൺഗ്രസ് 1791 ൽ ഭരണഘടനയിൽ ബില്ല് ഓഫ് റൈറ്റിസ് ( Bill of Rights) എന്നപേരിലുള്ള ആദ്യത്തെ 10 ഭേദഗതികൾ വരുത്തി വൻ വിപ്ലവം സൃഷ്ടിച്ചു. സർക്കാരിന്റെ അധികാരങ്ങൾക്കു നിയന്ത്രണം വരുത്തി വ്യക്തികളുടെ അഭിപ്രായ,ആവിഷ്കാര സ്വാതന്ത്യവും സ്വകാര്യതയും മത വിശ്വാസവും ഉറപ്പുവരുത്തുന്നതിൽ തുടങ്ങി ആയുധം കൈവശം വെക്കാനുള്ള അവകാശം വരെയുള്ള പൗരാവകാശങ്ങൾ ഭരണഘടനയിൽ പത്തു പുതിയ വകുപ്പുകളിലൂടെ കൂട്ടി ചേർക്കുകയുണ്ടായി.
പൗരാവകാശ സംരക്ഷണ നിയമങ്ങൾ പകർന്ന സാമൂഹ്യ ഉണർവ്വും ആഡംസ്മിത് എന്ന ധനകാര്യ വിദഗ്ധൻ ഉൽപ്പാദന രംഗത്തു പരീക്ഷിച്ച ലസേ ഫെയർ (Laissez- faire) സിദ്ധാന്തവും കൂടി ചേർന്നതോടെ അമേരിക്കയുടെ വളർച്ചാവേഗത ത്വരിതപ്പെടുകയും 1803 ലെ ലൂസിയാന വാങ്ങലോടെ രാജ്യം സുസ്ഥിരമായ ഒരു വികസന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് തോമസ് ജെഫേഴ്സൻ ഫ്രഞ്ച് ഭരണാധികാരിയായ നെപ്പോളിയൻ ബോണപ്പാർട്ടിൽ നിന്നും അവരുടെ അധീനതയിലുണ്ടായിരുന്ന ലൂസിയാന പ്രൊവിൻസ് എന്ന വിശാലമായ ഭൂപ്രദേശം 15 മില്ലിയൻ ഡോളറിനു വിലയ്ക്കുവാങ്ങി അമേരിക്കയുടെ ഭൂവിസ്തൃതി ഇരട്ടിയാക്കി വർധിപ്പിച്ചു. രാജ്യവിസ്തൃതി വളർന്നതോടൊപ്പം മിസ്സിസിപ്പി നദിയുടെയും ന്യൂയോർലൈൻസ് തുറമുഖത്തിന്റെയും നിയന്ത്രണം കൂടി ലഭിച്ചതോടെ അമേരിക്കൻ ഉൽപ്പാദന രംഗത്തിന് യൂറോപ്പ്യൻ വിപണിയെ അനായാസേന മറികടക്കുന്ന കുതിച്ചുചാട്ടം നടത്താൻ സാധിച്ചു.
വമ്പിച്ച സാമ്പത്തിക വളർച്ച നേടുന്നതിനിടയിൽ സാമൂഹ്യ രംഗത്ത് പടർന്നുപിടിച്ച വംശീയ വിവേചനങ്ങളും കോളനി വാഴ്ചയുടെ തുടർച്ചയായി തെക്കൻ സംസ്ഥാനങ്ങളിൽ തുടർന്നിരുന്ന അപരിഷ്‌കൃത അടിമത്വ വ്യവസ്ഥിതിയും തെക്കു വടക്കു സംസ്ഥാനങ്ങളെ തമ്മിൽ ശത്രുതയിലാക്കുകയും 1861 മുതൽ 1865 വരെ നീണ്ടുനിന്ന രക്തരൂക്ഷിത ആഭ്യന്തര കലാപത്തിലേക്ക് രാജ്യം നീങ്ങുകയും ചെയ്തു. കലാപം തുടരുന്നതിനിടയിലാണ് 1863 ജനുവരി ഒന്നിനു പ്രസിഡന്റ് എബ്രഹാം ലിങ്കൻ തന്റെ പ്രസിദ്ധമായ Emancipation Proclamation ( മോചന പ്രഖ്യാപനം) നടത്തുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ അടിമകളെയും സ്വതന്ത്രരാക്കുകയും തുടർന്ന് പുതിയ ഭരണഘടന ഭേദഗതിയിലൂടെ അടിമത്വം രാജ്യത്താകെ നിയമപരമായി നിരോധിക്കുകയും ചെയ്തു.
സംഭവബഹുലമായ അമേരിക്കൻ രാഷ്ട്ര നിർമ്മിതിയുടെ ഓരോ ഘട്ടത്തിലും അർപ്പണബുദ്ധിയും ലക്ഷ്യബോധവുമുള്ള നിരവധി പ്രസിഡന്റുമാരുടെ പേരുകൾ അവിസ്മരണീയമായി നിലനിൽക്കുന്നു. 1929 ഒക്ടോബർ 29 നു അമേരിക്കൻ ഓഹരി വിപണിയിൽ പെട്ടെന്നുണ്ടായ തകർച്ച ഒരു മഹാ സാമ്പത്തിക മാന്ദ്യത്തിലേക്ക് (Great Dipression) ലോകത്തെ തന്നെ നയിച്ചു. അമേരിക്കൻ ബാങ്കുകൾ ഒന്നിനുപിറകെ ഒന്നായി നിലംപൊത്തി. ഉല്പാദന മേഖലയിൽ ആവശ്യം പരിഗണിക്കാതെ കുമിഞ്ഞുകൂടിയ ഉൽപ്പന്ന ബാഹുല്യം വമ്പിച്ച വിലയിടിവിനും സ്തംഭനാവസ്ഥക്കും വലിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങൾക്കും ഇടയാക്കി.
ഒരു ദശകത്തോളം നീണ്ടു നിന്ന ആ പ്രതിഭാസത്തെ അതിജീവിച്ചത് ഫ്രാങ്ക്‌ളിൻ റൂസ്വെൽറ്റ് എന്ന പ്രസിഡന്റിന്റെ ന്യൂ ഡീൽ സാമ്പത്തിക പരിഷ്കരണത്തിലൂടെയും രണ്ടാം ലോക യുദ്ധം തുറന്നുകൊടുത്ത യുദ്ധോപകരണ വിപണിയുടെ സാധ്യതയിലൂടെയുമായിരുന്നു.
കാലപ്രവാഹത്തിന്റെ കരുത്തുനേടി മുന്നേറിയ ഐക്യനാടുകളിൽ ശക്തി പ്രാപിച്ച മറ്റൊരു പ്രക്ഷോഭമായിരുന്നു 1950 കളിലും അറുപതുകളിലും നീണ്ടുനിന്ന സിവിൽ റൈറ്റ് മൂവ്മെന്റ്.

കറുത്തവർഗ്ഗക്കാർക്കെതിരെ നിലനിന്ന വർണ്ണ വിവേചനത്തിനും സ്ത്രീ വിരുദ്ധതതകൾക്കും എതിരെ രാജ്യവ്യാപകമായി ജനങ്ങൾ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, റോസാ പാർക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രക്ഷോഭരംഗത്തു വന്നു. തികച്ചും ഗാന്ധിയൻ രീതിയിൽ അക്രമരഹിതമായിരുന്നു സമരം. സ്കൂളുകൾ ബസുകൾ പാർക്കുകൾ ട്രെയിനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വെള്ളക്കാരോടൊപ്പം കറുത്തവർഗക്കാർക്ക്
പ്രവേശനം നിഷേധിക്കുകയും അവർക്കായി പ്രത്യേക ഇടങ്ങൾ നിർമ്മിച്ചു അയിത്തത്തിനു സമാനമായ വിവേചനം വേരുറപ്പിച്ചു. ദീർഘ നാളത്തെ സഹന സമരങ്ങൾക്കൊടുവിൽ വർണ്ണവിവേചനം പൂർണ്ണമായി അവസാനിപ്പിക്കുന്നതും സാർവ്വത്രിക വോട്ടവകാശം സ്ഥാപിക്കുന്നതുമായ നിയമനിമ്മാണത്തിനു സർക്കാർ വഴങ്ങേണ്ടി വന്നു. ഇത്തരം ആഭ്യന്തരമായ സാമൂഹ്യ വെല്ലുവിളികൾക്കിടയിലും ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ അധീശത്വം അപ്രതിരോധ്യമായി തുടർന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ സുരക്ഷയെയും മികച്ച ഇന്റലിജൻസ് വിഭാഗത്തെയും ഒന്നാകെ ഞെട്ടിച്ചുകൊണ്ടു ഇസ്ലാമിക തീവ്രവാദികൾ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അമേരിക്കയെ ആഴത്തിലുള്ള ആത്മപരിശോധനക്കു വിധേയമാക്കി.പാഠങ്ങൾ ഉൾക്കൊണ്ടു മുന്നേറിയ അമേരിക്കയിൽ നാല്പത്തി നാലാമത്തെ പ്രസിഡന്റായി 2008 ൽ ഒരു കറുത്തവർഗ്ഗക്കാരൻ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തി നൂതനമായൊരു മറ്റൊരു ചരിത്രത്തിനു തുടക്കം കുറിച്ചു. 2020 ലെ കോവിഡ് മഹാമാരിയെ അതിജീവിച്ച അതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് 2026 ൽ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ സെമിക്വിൻസെന്റീനിയൽ ആഘോഷിക്കാൻ നേതൃത്വം നൽകുന്നത്.
ഭൗതിക പുരോഗതിയും അന്തർദേശിയ മേധാവിത്വവും അമേരിക്കക്ക് നിലനിർത്താൻ കഴിയുന്നുണ്ടെങ്കിലും പുരോഗതിയുടെ സങ്കൽപ്പങ്ങളിൽ വന്നുചേരുന്ന നവീന പരിപ്രേക്ഷ്യങ്ങൾ കൈവരിച്ച നേട്ടങ്ങളിൽ പലതും സമഗ്രമായിരുന്നില്ല എന്ന് വിമർശകർ വിലയിരുത്തുന്നു. അടിമത്വം നിയമംമൂലം നിരോധിച്ചിട്ടും പല മേഖലകളിലും വംശീയ വിവേചനവും സ്വത്വ പ്രതിസന്ധികളും ഇന്നും പ്രശ്ചന്നമായി നിലനിൽക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം ഭയാനകമായി വർധിക്കുകയും
വലിയ തോതിൽ ധനകേന്ദ്രീകരണം ചെറിയൊരു ന്യുനപക്ഷത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു.
ജനാധിപത്യ സംരക്ഷണത്തിന്റെ അഖിലലോക നേതൃത്വം അവകാശപ്പെടുന്ന അമേരിക്കയിൽ ജനാധിപത്യ സ്ഥാപനങ്ങളിലും നീതിന്യായ സംവിധാനങ്ങളിലും വ്യാപിച്ചുവരുന്ന ജീർണ്ണതയും സജീവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
മൂന്നാംലോക രാജ്യങ്ങളിൽ പോലും കോവിഡ് അനന്തരം ആരോഗ്യ മേഖലയിൽ നിരവധി മാറ്റങ്ങൾ ദൃശ്യമായിട്ടും വികസിത അമേരിക്കക്ക് സാർവ്വത്രികമായ ഒരു ആരോഗ്യ പരിരക്ഷ സംവിധാനം ഉറപ്പുവരുത്തുവാൻ നാളിതുവരെ സാധിച്ചിട്ടില്ല. 1776 ൽ ശരാശരി ആയുർദൈർഘ്യം 39 വയസ്സായിരുന്നു. കോളറ വസൂരി തുടങ്ങിയ പകർച്ചവ്യാധികളും പോളിയോ പോലുള്ള വൈകല്യ രോഗങ്ങളും വ്യാപകമായി മനുഷ്യരെ കൊന്നൊടുക്കിയപ്പോൾ പ്രതിരോധ മാർഗ്ഗങ്ങളോ ഔഷധങ്ങളോ ഇല്ലാതെ മനുഷ്യർ നിസ്സഹായരായിരുന്നു. 1796 ൽ ഇംഗ്ലീഷുകാരനായ എഡ്‌വേഡ് ജെന്നർ വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്പ് കണ്ടെത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നാട്ടറിവുകളും നാട്ടുവൈദ്യന്മാരും മാത്രമായിരുന്നു അമേരിക്കയുടെ ആശ്രയം.
ആരോഗ്യപരിപാലന രംഗത്ത് സുപ്രധാനമായ ഒരു മാറ്റം സംഭവിക്കുന്നത് 1946 ൽ രോഗങ്ങൾ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്ന ഒരു ഫെഡറൽ ഏജൻസിയായി സി.ഡി.സി.(Centers for Disease Control and Prevention) നിലവിൽ വരുന്നതോടെയാണ്. പകർച്ചവ്യാധികൾക്ക് ചികിത്സ ഉറപ്പാക്കുക പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുപ്പിക്കുക മറ്റെല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകൾ ലഭ്യമാക്കുക ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ സി ഡി സി യിലൂടെ ഫെഡറൽ സർക്കാർ ഏറ്റെടുത്തു. അതെ കാലഘട്ടത്തിൽ തന്നെ അമേരിക്കൻ കോൺഗ്രസ് Hill Burton Act പാസാക്കുകയും അതിലൂടെ ആശുപത്രി കെട്ടിടങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ധനസഹായം ചെയ്യാനും ആരംഭിച്ചു.
തുടർന്നുള്ള ദശകങ്ങളിൽ ദേശവ്യാപകമായി ആരോഗ്യരംഗവും ചികിത്സ രീതികളും വികസിച്ചു അമേരിക്ക ഗ്ലോബലും ഡിജിറ്റലുമായ ഐക്കോൺ ആയി മാറുകയും ചെയ്തു.
ആയുർദൈർഘ്യം 77 ആയി ഉയർന്നുവെങ്കിലും അമേരിക്കയിലെ മൂന്നിലൊന്നു ജനവിഭാഗങ്ങൾക്ക് ചികിത്സാലയങ്ങൾ അപ്രാപ്യവും
ചെലവുകൾ താങ്ങാനാകുന്നതിലും അധികവുമായി തുടരുന്നു. ലോകോത്തര ചികിത്സാ രീതികൾ ഉണ്ടെങ്കിലും അത്തരം കേന്ദ്രങ്ങളെയോ അവിടത്തെ വിദഗ്ധരെയോ ലഭ്യമാക്കുക സാധാരണക്കാർക്ക് എളുപ്പമല്ല. അഥവാ കണ്ടെത്തിയാലും അടുത്തെത്തുക മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമായിരിക്കും. ഈ ഇടവേളകളിൽ പലരും മരണപ്പെടുകയോ ശാരീരിക അവശതകൾ മറക്കുന്ന മാനസിക പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തുകയോ ചെയ്തിട്ടുണ്ടാകും.
വ്യാവസായിക വിപ്ലവാനന്തരം രൂപംകൊണ്ട വൻകിട ഫാക്ടറികളിൽ സംഭവിക്കുന്ന തൊഴിൽബന്ധ അപകടങ്ങളും ചികിത്സാ ചെലവുകളും പരിഗണിച്ചു മുതലാളിമാർ അവിടങ്ങളിലെ തൊഴിലാളികൾക്ക് എംപ്ലോയീ ഹെൽത്ത് ബെനിഫിറ് പദ്ധതികൾ ആവിഷ്കരിച്ചതും ലോകമഹായുദ്ധത്തിൽ സൈനികരെ ആകർഷിക്കാൻ ചികിത്സാ സഹായം സർക്കാർ ഉറപ്പാക്കിയതിന്റെയും തുടർച്ചയായിട്ടാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ജന്മം കൊള്ളുന്നത്. താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ അവശ്യമനുസരിച്ചു ചികിത്സ ഉറപ്പാക്കുന്ന ആശ്വാസ പദ്ധതി എന്ന നിലയിൽ ആരംഭിച്ച ഇൻഷുറൻസ് സംവിധാനമാണ് ചികിത്സാ രംഗത്തെ പ്രഥമ വില്ലനായി ഇന്ന് വേഴപ്പകർച്ച നേടിയിരിക്കുന്നത്. ഇന്നുകാണുന്ന ബ്ലൂ ക്രോസ്സ് എന്ന ഇൻഷുറൻസിന്റെ പൂർവ്വരൂപം 1929 ൽ ബെയ്‌ലർ യൂണിവേഴ്സിറ്റി അവരുടെ ജീവനക്കാർക്ക് പ്രതിമാസം നൽകുന്ന നിശ്ചിത തുകക്ക് ആശുപത്രി സ്റ്റേ ഉൾപ്പെടെയുള്ള ചികിത്സകൾ വാഗ്ദാനം ചെയ്തു ആരംഭിച്ച പദ്ധതിയായിരുന്നു. ജീവനക്കാർക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ പൂർണ്ണമായതോ ഭാഗികമായാതോ ആയ വിഹിതം ഏറ്റെടുക്കാൻ തൊഴിൽ ദാതാക്കൾ തയ്യാറായതും ആ തുക നികുതിമുക്തമായി സർക്കാരുകൾ പ്രഖ്യാപിച്ചതും
ആരോഗ്യ ഇൻഷുറൻസ് രംഗത്ത് ഉണ്ടായ തുടർ മാറ്റങ്ങളായിരുന്നു. അത്തിന്റെ ഫലമായി ഇൻഷുറൻസ് എന്ന ചികിത്സാ ഗ്യാരന്റി തൊഴിൽ സംബന്ധമായ ഒരു ഉടമ്പടിയായി പരിണമിച്ചു. തൊഴിൽ നഷ്ടമോ മാറ്റമോ ഉണ്ടാകുമ്പോൾ ജീവൻ നിലനിർത്താനുള്ള ചികിത്സാ സാധ്യതകൾ പ്രതിസന്ധിയിലാകുന്ന ദുഃസ്ഥിതിയുണ്ടായി. വാർദ്ധക്യം ബാധിച്ചവർക്കും തൊഴിൽ ശേഷി നഷ്ടപ്പെട്ടവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 1965 ൽ ഫെഡറൽ സർക്കാർ ആരംഭിച്ച മെഡികെയർ പദ്ധതിയിലും ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സർക്കാരുകൾ ഒഴിഞ്ഞു മാറുന്ന പ്രവണതയുടെ ഭാഗമായ ശോഷണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.
പുതിയ നൂറ്റാണ്ടിന്റെ പിറവിയോടുകൂടി ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ സങ്കീർണ്ണമാകുകയും വലിയ ലാഭംകൊയ്യുന്ന വ്യവസായമായി മാറുകയും ചെയ്തു.ചെറിയ ഡിഡക്ടബിൾ (രോഗി കയ്യിൽ നിന്നും കൊടുക്കേണ്ട തുക) കാണിച്ചു ഉയർന്ന പ്രീമിയവും ചെറിയ പ്രീമിയം പറഞ്ഞു വലിയ ഡിഡക്റ്റബിൾ ബാധ്യതയും പൊതുജനങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കുന്ന ദ്രോഹ നടപടികൾ സാർവ്വത്രികമായി. എല്ലാ പോളിസി വ്യവസ്ഥകളും ഒരു വർഷത്തേക്ക് മാത്രമായി നിജപ്പെടുത്തുന്നതിലൂടെ അംഗങ്ങൾക്ക് കാര്യമായ തുക ചെലവാക്കാതെ പന്ത്രണ്ടു മാസം വസൂലാക്കിയ പണവും കൊണ്ട് കമ്പനികൾ കളം വിടുന്ന അവസ്ഥയുണ്ടാകുന്നു. ജീവൽ ഭീഷണിയുള്ള പല രോഗങ്ങൾക്കും സാധാരണ ഇൻഷുറൻസ് കരുതൽ നൽകാത്ത അവസ്ഥ.
ഒരു ഭൂപ്രദേശത്തെ അതിന്റ രാഷ്ട്രസങ്കൽപ്പത്തിലേക്കു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതുൾപ്പെടുന്ന മണ്ണിലെ മനുഷ്യ വിഭവശേഷിയാണ്. ആ ശേഷിയെ സക്രിയമാക്കി നിലനിർത്തുന്നതാകട്ടെ അവരുടെ ആരോഗ്യ സംരക്ഷണവും. ആരോഗ്യ സംരക്ഷണം പ്രാഥമികമായി ഭരിക്കുന്ന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചികിത്സാ ചെലവുള്ള രാജ്യം അമേരിക്കയാണ്. ഹോസ്പിറ്റൽ ബില്ലുകൾ കൂടുന്നതിന്റെ
കാരണമായി അധികാരികൾ നിരത്തുന്ന ന്യായങ്ങൾ ഇങ്ങനെയാണ്. മരുന്നുകളുടെ വിലനിർണ്ണയത്തിൽ സർക്കാർ ഇടപെടലുകൾ അസാധ്യമായതിനാൽ ആഗോള ഔഷധ വിപണിയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന വിലനിലവാരം, നൂറുകണക്കിന് ഇൻഷുറൻസ് കമ്പനികളുമായി അവർ ഏറ്റെടുത്തിരിക്കുന്ന വ്യത്യസ്തമായ ബാധ്യതകൾ സംബന്ധിച്ച വ്യവസ്ഥകൾ ബോധ്യപ്പെടുത്തി അവരിൽനിന്നും പണം ഈടാക്കാൻ ഉണ്ടാകുന്ന ഭാരിച്ച ഭരണച്ചെലവ്, ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പ്രതിഫലം, ഔഷധ നിർമ്മാണ രംഗത്തും രോഗ പ്രതിരോധ മേഖലയിലും നടന്നുവരുന്ന ഗൗരവകരമായ റിസേർച്ചുകൾക്കും നവീകരണങ്ങൾക്കും നടത്തുന്ന ധനസഹായങ്ങൾ, അത്യാധുനിക യന്ത്ര സഹായങ്ങളോടെയുള്ള രോഗ നിർണ്ണയം, അങ്ങനെ നീളുന്ന പട്ടികകൾ.
ഡോക്ടർമാരുമായുള്ള സാധാരണക്കാരുടെ അകലവും അപ്രാപ്യതയും, അമേരിക്കൻ പൗരന്മാരിൽ തന്നെ 27 മില്ലിയൻ ആളുകളും കുടിയേറ്റക്കാരായ പൗരത്വം ഇല്ലാത്തവരിലേറെയും അനുഭവിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ അഭാവവും ഈ വാർഷിക വേളയിൽ ചിന്താ വിഷയമാകുമ്പോൾ ചികിത്സാ പിഴവുകൊണ്ടോ മെഡിക്കൽ അവഗണകൊണ്ടോ അമേരിക്കയിൽ പ്രതി വർഷം മരണപ്പെടുന്ന രോഗികളുടെ എണ്ണം കാൽ മില്യണിലേറെയാണെന്നു ജോൺ ഹോപ്കിൻസ് ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകളുടെ റിസേർച്ചുകൾ വ്യക്തമാക്കുന്നു. പണമില്ലെങ്കിലും ഉണ്ടെങ്കിലും അത്യാസന്ന നിലയിലുള്ള ഏതു രോഗിയുടെയും ആരോഗ്യ സ്ഥിതി സ്ഥിരതയുള്ളതാക്കാൻ അനുശാസിക്കുന്ന EMTALA (Emergency medical Treatment and Labor Act)എന്ന കർശന നിയമം നിലവിലുണ്ടെങ്കിലും അമേരിക്കയിൽ ഇത്തരം കുറ്റങ്ങൾ ക്രിമിനൽ പരിധിയിൽ വരുന്നില്ല. സിവിൽ കോടതി പരിഹാരം മാത്രമേ സാധ്യമാകു.അവിടെയും വീഴ്ച്ച കോടതിയെ ബോധ്യപ്പെടുത്താൻ മറ്റൊരു ഡോക്ടറെ സാക്ഷിയാക്കി (expert witness) കോടതിയിൽ എത്തിക്കേണ്ടതും പരാതിക്കാരന്റെ ബാധ്യതയാണ്.
ഒരു ജൂറിയോ ജഡ്‌ജോ മാത്രം വാദം കേൾക്കുന്ന ഇത്തരം കേസുകളിൽ ഭൂരിഭാഗവും ഇൻഷുറൻസ് കമ്പനികളും അഭിഭാഷകരും ചേർന്ന് കോടതിക്ക് പുറത്തു ഒത്തുതീർക്കുകയാണ് പതിവ് രീതി.