
ഒരു നൂതന സമൂഹം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് നവോത്ഥാന നായകരും അനുയായികളും ... ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ സഹോദരൻ അയ്യപ്പൻ അയ്യങ്കാളി തുടങ്ങിയ കേരളത്തിന്റെ മുഖഛായ മാറ്റിയവർ ഒട്ടനവധിയാണ്... അവർക്കെതിരെയുള്ള വിലോമകരമായ ക്ഷുദ്രശക്തികൾ വേണ്ടുവോളമുണ്ട്.
സമൂഹത്തെ പുരോഗതിയിലേയ്ക്കു നയിക്കാനും അന്ധവിശ്വാസങ്ങളേയും അനായാരങ്ങളേയും ജാതി വിവേ ചനങ്ങളേയും തുടച്ചുനീക്കുവാനുളള മൂർച്ചയേറിയ ആയുധം വിദ്യാഭ്യാസമാണെന്ന വലിയ അവബോധത്തിലേയ്ക്കു എത്തിച്ചേർന്ന കാലഘട്ടം... പള്ളിയല്ല പള്ളിക്കൂടമായിരം ഉണ്ടാവട്ടെയെന്ന് ഉറക്കെ പ്രഖ്യാപിച്ച നവോത്ഥാന കാലം. തിരുവിതാംകൂർ അതിവേഗം മാറിക്കൊണ്ടിരിയ്ക്കയാണ്.
വലിയ മാറ്റങ്ങളൊന്നുമില്ലാതെ മഞ്ചാടിക്കരി!!
എങ്കിലും ആൺകുട്ടികൾ ചിലരൊക്കെ മഞ്ചാടിക്കരിയ്ക്കു പുറത്തുപോയി വിദ്യാഭ്യാസം നടത്താൻ തുടങ്ങി. പെൺകുട്ടികൾ ആരും തന്നെ പോയിട്ടില്ല.
മഞ്ചാടിക്കരിയിൽ നിന്നും ആദ്യമായിപട്ടണത്തിലെ വിദ്യാലയത്തിൽ പോകുന്ന പെൺകുട്ടി സാറാ ആയിരുന്നു.
വെച്ചൂർ ദേവിവിലാസം സ്ക്കൂളിലെ വാർഷികപ്പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സാറായ്ക്ക് സന്തോഷമോ ആശ്വാസമോ തോന്നിയില്ല.
എല്ലാ വിഷയങ്ങളും നന്നായി എഴുതിയിട്ടുണ്ട്. നല്ല മാർക്കു വാങ്ങി ജയിക്കുമെന്ന് ഉറപ്പുമുണ്ട്. പക്ഷേ....
അവളുടെ ഭയത്തിന്റെ കാരണം മറ്റൊന്നാണ്...
ഇക്കൊല്ലം കൊണ്ട് ഈ പള്ളിക്കൂടത്തിലെ പഠിപ്പു തീരും. ഇനി പഠിയ്ക്കണമെങ്കിൽ ദൂരെയുള്ള പട്ടണത്തിൽ -- കോട്ടയത്തിനു പോകണം. പത്തു ഇരുപതു മൈലുകൾക്കകലെ... നടന്നു പോകണം..അല്ലെങ്കിൽ വള്ളത്തിൽപ്പോയി ചുങ്കത്ത് ചെന്ന് ഇറങ്ങി പിന്നേയും വളരെ ദൂരം നടക്കണം..... നടപ്പ് ഒരു വലിയ പ്രശ്നമല്ല. പക്ഷേ...
മാസം തോറും ഫീസു കൊടുക്കണം.
വലിയ വിലയുള്ള പുസ്തകങ്ങളും ബുക്കുകളുമൊക്കെ വാങ്ങണം.
ചട്ടയും മുണ്ടും മാത്രം പോരാ.. കവണി ചുറ്റണം. അവളിപ്പോൾ ചെറിയ കൂട്ടിയല്ല...
എത്ര വേഗമാണ് വർഷങ്ങൾ പാഞ്ഞു പോകുന്നത്.
കൗമാരം പിന്നിട്ട് യൗവ്വനത്തിലേയ്ക്ക് കാലൂന്നിക്കഴിഞ്ഞു. അവളുടെ പ്രായക്കാരിൽ ചിലരൊക്കെ കല്യാണത്തിനു ഒരുങ്ങുന്നു.
കൊച്ചു പെണ്ണിനും ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല. വലിയ ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തും.?
ശമുവേൽ പറയും" കൊക്കിനു പാങ്ങുളളതു കൊത്തണം... വലിയ വീട്ടിലെ പിള്ളേരു തുള്ളുന്നതു കണ്ടു കൊച്ചേ നെഗളിയ്ക്കരുതു....
കൂടുതൽ പഠിയ്ക്കുന്നതു നെഗളിപ്പായിട്ടാണു അയാൾ കരുതുന്നതു. അയാൾ മാത്രമല്ല പലരുടേയും ചിന്ത അങ്ങനെ തന്നെയാണ്.
ആലോചിയ്ക്കും തോറും മനസ്സാകെ നീറുകയാണ്.
തന്റെ ആശ അമ്മച്ചിയുടെ ആശ
ഒരിയ്ക്കലും നടക്കാത്ത ആഗ്രഹമായി അവശേഷിക്കുമോ ?
നിരാശ അവളുടെ മനസ്സിനെ തളർത്തിക്കളഞ്ഞു.
അവളുടെ പരിമിതമായ സാഹചര്യങ്ങൾ അതിന്റെ നിസഹായത അവളുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി..
രാത്രി വളരെ വൈകി മദ്യപിച്ച് ലക്കുകെട്ടാണ് ശമുവേൽ അന്നു വീട്ടിലെത്തിയതു.
അയാൾ സാറായെ വിളിച്ചു.
കൊച്ചേ പരൂക്ഷ യെല്ലാം കഴിഞ്ഞില്ലേ..
കഴിഞ്ഞപ്പാ..അവൾ കരച്ചിലടക്കി പറഞ്ഞു.
"എൻറെ കൊച്ചിനി പഠിയ്ക്കാനൊന്നും പോണ്ടാ... "കഷ്ടപ്പെട്ടു പഠിച്ചിട്ടു എന്നാ കൊണാ...
കോട്ടയത്തു പോയി പഠിയ്ക്കാൻ പറ്റുവാ? അവിടെ എവടെ താമസിക്കും?.. പോയി വരാൻ പറ്റണ കാര്യാണോ?
അയാൾ എന്തൊക്കെയോ കുഴഞ്ഞു കുഴഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.
സാറാ മറുപടി ഒന്നും പറയാതെ നിന്നു.
കൊച്ചു പെണ്ണു കൊടുത്ത ചോറുണ്ണാതെ അയാൾ വീണ്ടും എവിടേയ്ക്കോ പോയി.
ഇരുട്ടിലൂടെ അവ്യക്തമായി പുലമ്പി ക്കൊണ്ടുപോകുന്ന അപ്പനെ അവൾ തകർന്ന ഹൃദയത്തോടെ നോക്കി നിന്നു.
കൊച്ചു പെണ്ണു കരഞ്ഞു കൊണ്ടു ചിലതൊക്കെ പറഞ്ഞു. "കള്ളുകുടിച്ചും ചീട്ടു കളിച്ചും കളയണ കാശു മതി കൊച്ചിനെ പഠിപ്പിയ്ക്കാൻ.
പണിയെടുത്തു കുടുംബം നോക്കാൻ പെണ്ണുങ്ങളും
കള്ളും കുടിച്ചു നടക്കാൻ ആണുങ്ങളും ''' ഇതിയാനെപ്പോലെ കൊറേ എണ്ണം ഉണ്ട് ഈ നാട്ടിൽ. : പള്ളിയിലും പോകത്തില്ല. ദൈവത്തേം ഭയമില്ല....
ആശാന്റെ ഉപദേശമൊന്നും കേൾക്കാൻ ശമുവേൽ പള്ളിയിൽ പോകാറില്ല.
... ശമുവേലിനെ നന്നാക്കാൻ ആർക്കും കഴിയില്ല.
... : അയാളുടെ സ്വഭാവം ഇത്രയധികം ചീത്തയായതു എങ്ങനെയാണു.... കൊച്ചു പെണ്ണിനറിയാം... താൻ മകളെ പഠിപ്പിയ്ക്കാൻ തീരുമാനിച്ചതിന്റെ പ്രതികാരമാണ്.
ചിലപ്പോഴൊക്കെ അപ്പൻ മദ്യപിയ്ക്കാതെ എത്തും. അപ്പോഴൊക്കെ അവളോടും അമ്മച്ചിയോടും വലിയ സ്നേഹമാണ്... അവൾക്ക് പലഹാരങ്ങൾ വാങ്ങിക്കൊണ്ടുവരും.... പക്ഷേ അപ്പന്റെ കുറ്റബോധത്തിനു ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സേ ഉള്ളന്ന് അവൾക്കറിയാം.
ആ രാത്രി അവർ രണ്ടു പേരും ആഹാരം കഴിയ്ക്കാതെ കിടന്നു.
സാറായ്ക്കു ഉറങ്ങാനായില്ല.
അവൾ അപ്പന്റെ കാലൊച്ച ചെവിയോർത്തു കിടന്നു.
നിശബ്ദം കരഞ്ഞ് കൊച്ചു പെണ്ണും അവൾക്കരികിൽ കിടന്നു.
തുടരും..
Read More: https://www.emalayalee.com/writer/300