Image

അത്ലറ്റിക്സിനെ ഗ്ലാമർ ഇനമാക്കിയ കൽമാഡി ഇനി ഓർമ (സനിൽ പി.തോമസ്)

Published on 06 January, 2026
അത്ലറ്റിക്സിനെ ഗ്ലാമർ ഇനമാക്കിയ കൽമാഡി ഇനി ഓർമ (സനിൽ പി.തോമസ്)

സ്പോർട്സ് സംഘാടകർക്കിടയിലെ "ഷോമാൻ" ഒടുവിൽ ഗ്ലാമർ ഇല്ലാതെ യാത്രയായി. ഇന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 81 വയസ്  ആയിരുന്നു. 

കർണാടകയിലെ കൂ ർഗിലെ കൽമാഡി ഗ്രാമത്തിൽ നിന്ന് വായുസേനയിൽ പൈലറ്റ് ആയ സുരേഷ് ആദ്യം സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായി. ശരത് പവാറിനും പ്രിയപ്പെട്ടവനായി.പിന്നീട്  സ്പോർട്സ് സംഘാടകനായി. രാജ്യ സഭയിലും ലോക്സഭയിലും എത്തി.റയിൽവേ സഹ മന്ത്രിയായിരിക്കെ അർജുന അവാർഡ് ജേതാക്കൾക്ക് ട്രെയിൻ യാത്ര സൗജന്യമാക്കി. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ്റെയും പ്രസിഡൻ്റായി.ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സാരഥിയായി. ആദ്യം ശിവ ന്തി ആദിത്യനോട് മൂന്നു വോട്ടിനു തോറ്റെങ്കിലും പിന്നീട് ഐ.ഒ.എ.കൈപ്പിടിയിലാക്കി.ആഫ്രോ ഏഷ്യൻ ഗെയിംസ് നടത്തി. വിദേശ താരങ്ങളെ എത്തിച്ച് പെർമിറ്റ് മീറ്റുകൾ സംഘടിപ്പിച്ചു. അത്ലറ്റിക്സിന് പ്രായോജക രെ കണ്ടെത്താനും കൽമാഡിക്കു കഴിഞ്ഞു. ഒടുവിൽ 2010 ലെ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിൻ്റെ സംഘാടക സമിതിയുടെ ചുക്കാൻ പിടിച്ചതോടെ കഷ്ടകാലം തുടങ്ങി.കോമൺവെൽത്ത് ഗെയിംസ് വേളയിൻ കൽമാഡിയെ കാണികൾ കൂകിവിളിച്ചതും കണ്ടു.

 1991 ൽ ന്യൂഡൽഹിയിൽ ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് നടന്നപ്പോഴാണ് സുരേഷ് കൽമാഡിയെ പരിചയപ്പെട്ടത്.1994 ൽ പുനെ ദേശീയ ഗെയിംസ് വേളയിൽ ഞാൻ "ദ് വീക്ക് " വാരികയ്ക്കായി കൽമാഡിയുമായി അഭിമുഖം നടത്തിയിരുന്നു .

പിന്നീട് എത്രയോ അഭിമുഖങ്ങൾ.ഒരിക്കൽ  ഡൽഹിയിൽ കൽമാഡിയുടെ വസതിയിൽ ചെല്ലുമ്പോൾ എം.ജെ. അക്ബറും ഉമാ ഗജപതി രാജുവും അവിടെയുണ്ടായിരുന്നു. തന്നെ "ഷോമാൻ " ആക്കിയ സ്പോർട്സ് റിപ്പോർട്ടർ എന്നു പറഞ്ഞ്  എന്നെ പരിചയപ്പെടുത്തിയത് ഓർക്കുന്നു.

പിന്നീട് ബാങ്കോക്കിൽ കെ.പി.എസ്. ഗില്ലിനോടും കൽമാഡി ഇതു തന്നെ പറഞ്ഞു. ഒടുവിൽ ഷോമാൻ അഴിമതിക്കേസിൽ  ജയിലിലായതും ചരിത്രം. പക്ഷേ, ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് ഇന്നത്തെ ഗ്ലാമർ സമ്മാനിച്ചത് സുരേഷ് കൽമാഡിയാണ് എന്നത് സത്യം.

പുത്രി സൊണാലിയും ഗുജറാത്തിൽ നിന്നുള്ള രാഹുൽ സാത്തേയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുമ്പോൾ രാഹുൽ കൊച്ചിയിൽ ബിസിനസ് ചെയ്തിരുന്നു. മകൾ കേരളത്തിലേക്കെന്നു പറഞ്ഞ് കൽമാഡി ഫോൺ വിളിച്ചത് മറന്നിട്ടില്ല. ഇക്കാര്യം  തിരുവനന്തപുരത്ത് കൽമാഡി പങ്കെടുത്ത സ്പോർട്സ് കൗൺസിൽ അവാർഡ് വിതരണച്ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു.  കൽമാഡിയുടെ ഭാര്യ മീരയുമായും സൗഹൃദമുണ്ടായിരുന്നു.

പക്ഷേ, 2010 ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലെ വൻ അഴിമതി  കൽമാഡിയെ തിഹാർ ജയിലിലാക്കി. ഇടയ്ക്ക് മറവി രോഗവും പിടിപെട്ടു.

കൽമാഡിയെ പലതവണ  വിമർശിക്കേണ്ടിവന്നു.പക്ഷേ, സ്പോർട്സ് മീറ്റിന് ലതാ മങ്കേഷ്കറെയും എം.എഫ്.ഹുസൈനെയുമൊക്കെ അതിഥികളാക്കിയ കൽമാഡിയുടെ സംഘാടക മികവ് മറക്കാനാവില്ല. പ്രണാമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക