
രാജസ്ഥാനിലെ ഏതോ ഇടവഴികളിലൂടെ കാർ കുതിച്ചു പായുമ്പോൾ അവന്തികയ്ക്ക് ഭയം തോന്നി. "സൂര്യ നീ ഇത്തിരി വേഗത കുറയ്ക്കു"അവൾ പറഞ്ഞു.
രാജസ്ഥാനിലെ അജ്മീർ കോട്ട കണ്ടിട്ടുള്ള വരവാണ്. മനോഹരമായ വാസ്തുവിദ്യയും പ്രകൃതി ഭംഗിയും സമന്വയിപ്പിച്ചിരിക്കുന്ന കോട്ട. മുഗളരും രജപുത്രരും ഒക്കെ ഭരിച്ച ഇടമാണ്.
"സൂര്യാ അവിടെ ആ കിളി വാതിലിൽ ചാരിയിരുന്നു പാടിയ പെൺകുട്ടിക്കും ആൺകുട്ടിക്കും നമ്മുടെ ഉമയുടെയും ദേവയുടെയും മുഖമായിരുന്നില്ലേ...നിനക്ക് അങ്ങനെ തോന്നിയോ. നമ്മൾ അവിടെ കണ്ടു മുട്ടിയ ബുദ്ധ സന്യാസി പറഞ്ഞത് "അവരെ പോലെ രണ്ടു ഓൾഡ് സോളുകൾ അവിടെ ജീവിച്ചിരുന്നു എന്നല്ലേ. ഈ ജന്മത്തിൽ അവർ നമ്മുടെ ഉമയും ദേവയുമായി ജനിച്ചു എന്നല്ലേ."അവർ ഈ ജന്മത്തിലും ബുദ്ധസന്യാസം സ്വീകരിക്കുമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് “അവളുടെ കണ്ണുകൾ നിറഞ്ഞു.”
സൂര്യയുടെ കണ്ണിലും നനവ് പടർന്നു .
അവനതിലൊന്നിലും വിശ്വാസമില്ലായിരുന്നു. പക്ഷെ ഉമയുടെ ഇന്നത്തെ രൂപം അതവനെ ചിന്തിപ്പിച്ചു.
വീട്ടിലേയ്ക്കു കയറി ചെല്ലുമ്പോൾ തന്നെ ഏതോ പുണ്യ ഭൂമിയിൽ എത്തിയ പ്രതീതി.
ബുദ്ധന്റെ ശാന്തസുന്ദരമായ പ്രതിമ.ചാരെ പൂത്ത തുളസിച്ചെടികൾ. വലിയ ചരലിനെ പുണർന്നു കിടക്കുന്ന അരളിപ്പൂക്കൾ. കുഞ്ഞു താമരകുളത്തിലെ അരയന്നം,വെള്ള ത്താമരകൾ.വെള്ളോട്ടു മണി അടിക്കുമ്പോൾ തുറന്നു പുറത്തു വരുന്ന രൂപം ഉമയുടെ തന്നെയോ എന്ന് സംശയം തോന്നും.
സ്വർണ്ണ രുദ്രാക്ഷം കെട്ടിയ മാലയിട്ടു വരുന്ന അവൾക്ക് ഒരു ദേവ ചൈതന്യമാണ്. പഴയ തങ്ങളുടെ സഹപാഠി കുറുമ്പ് കാണിച്ചു നടക്കുന്ന ഉമയിൽ ഇങ്ങനെ ഒരു ഭാവം കണ്ടിട്ടു പോലുമില്ല.
ഉമയും ദേവയും ഏതോ രജപുത്രവംശത്തിൽ ഉള്ളവർ എന്ന് കളിയായി പറഞ്ഞത് ഇന്ന് ഒരു ഞെട്ടലോടെ ഓർക്കുന്നു. അതു പോലെയുള്ള രൂപ ഭംഗിയായിരുന്നു രണ്ടു പേർക്കും. ഹിന്ദുസ്ഥാനീ സംഗീതം ഏറ്റവും നന്നായി അറിയുന്ന ആ രണ്ടു കൂട്ടുകാർ അവരാ യിരുന്നു.അവർ പ്രണയത്തിലാകുമെന്ന് അന്നേ ഉറപ്പിച്ചു.
അവന്തികയോടുള്ള ഇഷ്ടം അന്ന് താൻ അറിയിച്ചത് ആ രണ്ട് പേരിൽ കൂടിയാണ്.പിന്നീട് തങ്ങളുടെ വിവാഹത്തിന് മുന്നിൽ നിന്നതും അവരാണ്.. ഒരേ കോളേജിലെ കൂട്ടുകാർ.
അമേരിക്കയിൽ ജീവിക്കുന്ന വിഷ്ണു ദത്തൻ ഡോക്ടറുടെയും കൃഷ്ണ പ്രഭയുടെയും ഒറ്റ പുത്രനാണ് ദേവ.മുത്തശ്ശിയ്ക്കൊപ്പം തറവാട്ടിലാണ് അവൻ താമസിച്ചത്.
ഡിഗ്രി പഠനമൊക്കെ കഴിഞ്ഞു പല വഴി പിരിഞ്ഞു കൂട്ടുകാർ. ദേവ അമേരിക്കയിലേയ്ക്കും മടങ്ങി. താൻ തിരികെ വരുമെന്ന ഉറപ്പ് ഉമയ്ക്ക് നൽകിയാണ് അവൻ പോയത്....പക്ഷെ
ഇവിടെ നിന്നും ചിന്തിച്ചു തുടങ്ങുമ്പോൾ ആ സന്യാസി പറഞ്ഞത് പോലെ എന്തെങ്കിലും ഉണ്ടോ സൂര്യ ഭയപ്പെട്ടു
.
അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ആ പഴയ ആത്മാക്കളുടെ പുനർജ്ജന്മമാണ് ഉമയും ദേവയും.. ഒരുപാട് പ്രണയിച്ച ആ രണ്ടു പേര് പൂക്കളോടും ശലഭങ്ങളോടും തങ്ങളുടെ പ്രണയം പറഞ്ഞിരുന്നു.അജ്മീർ കോട്ടയുടെ അടുത്തു നിന്നും മാറി ദൂരെയെങ്ങോ ജീവിച്ചിരുന്ന യുവാവ് ഹിന്ദുസ്ഥാനീ സംഗീതം സദസ്സുകളിൽ
ആലപിച്ചിരുന്നു. ഇതിനിടയിൽ അവൻ അവന്റെ സ്വന്തം ഗ്രാമത്തിലേയ്ക്കു പോയി
തിരികെ വരാമെന്ന ഉറപ്പ് അവൾക്ക് നൽകിയാണ് പോയത്.
മാസങ്ങളും വർഷങ്ങളും കടന്നു പോയി. അതിനിടയിൽ ആരോ അവളോട് പറഞ്ഞു. വീട്ടുകാരുടെ നിർബന്ധം കൊണ്ട് അവൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന്.
ആ വേദന അവൾക്ക് ചെറുതായിരുന്നില്ല.
അവൾക്കായി കണ്ടെത്തിയ വിവാഹാലോചനകൾ അവൾ നിരസിച്ചു.
മാതാപിതാക്കളുടെ സങ്കടങ്ങൾ അവൾ കണ്ടില്ലന്നു നടിച്ചു.
പിന്നീട് ഉറച്ച തീരുമാനത്തോടെ ഇഷ്ടത്തോടെ അവൾ ബുദ്ധസന്യാസം തിരഞ്ഞെടുത്തു.
അവിടെ കഥ തീരുന്നില്ല അവളെ പ്രണയിച്ച ആൾ അവളെ തിരക്കി മാതാ പിതാക്കളുടെ അടുത്തെത്തി. "അവളെയല്ലാതെ മറ്റൊരാളെ സ്നേഹിക്കാനാകില്ലന്നു പറഞ്ഞു ആ യുവാവ്. ആ നിറകണ്ണുകളിൽ നോക്കി അവളുടെ അച്ഛൻ പറഞ്ഞു അവളും ഇങ്ങനെ തന്നെയാണ് പറഞ്ഞത് "ഒരാൾക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തു കാണാനാകില്ലെന്ന്". പിന്നീട് ആ യുവാവും സന്യാസം തിരഞ്ഞെടുത്തു.
ബുദ്ധസന്യാസിയുടെ കഥ പറച്ചിൽ ഇവിടെ വരെയാണ്.
ഉമയും ദേവയും ഈശ്വരാ ഈ ജന്മവും അവരൊന്നിക്കില്ലേ. സൂര്യ സങ്കടത്തോടെ ഓർത്തു. "നീ എവിടേയ്ക്കാണ് സൂര്യാ"അവന്തികയുടെ ചോദ്യം അവനെ ചിന്തകളിൽ നിന്നുമുണർത്തി.'നീ ഓർക്കുന്നുണ്ടോ "ഉമ രാജസ്ഥാൻ കാണണമെന്നു പറഞ്ഞ് വാശി പിടിച്ചു പോയത്."ഓർക്കുന്നുണ്ട് "അവൻ പറഞ്ഞു. അവൾ തുടർന്നു.
പോകുന്നതിന് തലേ ദിവസം വളരെ സന്തോഷവതിയായി കാണപ്പെട്ടു. പിന്നീട് കുറച്ചു ആഴ്ചകൾക്കു ശേഷം അവളെ കണ്ടപ്പോൾ സന്തോഷം ഇരട്ടിച്ചതായും തോന്നി. "താനും സൂര്യയും ദേവയും ഇരുന്ന വാകമരത്തണലിൽ അവളും ഇരുന്നു. ദേവ അവളെ കണ്ടു കളിയാക്കി "ഞാൻ കരുതി നീ ഏതേലും രാജസ്ഥാൻ പയ്യനെ കെട്ടി അവിടെ കൂടി എന്ന്."
"അതെ ഞാൻ ഒരാളെ കണ്ടു നിന്നെ പോലെ, ആ കണ്ണുകളിലെ ശാന്തത എന്നെ മറ്റേതോ ലോകത്തിൽ കൊണ്ടു പോയി" ദേവയ്ക്കത് അത്ര പിടിച്ചില്ലന്ന് തങ്ങൾക്കു തോന്നി.
അവൾ തുടർന്നു, അച്ഛൻ ഞങ്ങളെ കൊണ്ടു പോയത് മൗണ്ട് ആബുവിലേയ്ക്കാണ്. ആളുകൾ പറയുമ്പോൾ മൗണ്ട് അബു എന്നും പറയും. സിരോഹി ജില്ലയിലെ അരാവലി മല നിരകളിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ആബു രാജാഥാനിലെ ഒരേ ഒരു ഹിൽ സ്റ്റേഷനാണ്. രാജസ്ഥാന്റെ തെക്കു ഭാഗത്ത് ഗുജറാത്ത് അതിർത്തിയോടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സുഖവാസ കേന്ദ്രമാണ്. മലനിരകളി ലെ വഴികൾ വളഞ്ഞും പുളഞ്ഞും കാണപ്പെ ട്ടു. മരമുത്തശ്ശൻമാർക്ക് വല്ലാത്ത വലുപ്പം. ഒരു ശാന്തി അനുഭവപ്പെട്ടു ആ യാത്രയിൽ.
വഴിയിലെ ഒരു ചെറിയ കടയിൽ അമ്മയും മകനും ഏതാനും സാധനങ്ങളുമായി കച്ചവടം നടത്തുന്നു. അവന്റെ ഒരു കൈപ്പത്തി സെറ്ററിനുള്ളിലെ പോക്കറ്റിൽ തന്നെയാണ്. സമീപത്തു കടകളൊന്നുമില്ല എന്തുകൊണ്ടോ അവനാ കൈ പുറത്തെടുത്തില്ല. ആ കൈ പുറത്തെടുക്കുന്നതും നോക്കി ഞാനിരുന്നു. ആ ഒറ്റ കൈ കൊണ്ട് തന്നെ മാഗി തയ്യാറാക്കി അവൻ എല്ലാവർക്കും കൊടുത്തു.
മൺകൂജയിലെ വെള്ളം പകരുമ്പോഴും ആ കൈ വിശ്രമത്തിൽ തന്നെ.
അവിടുന്നു പുറപ്പെടുമ്പോഴും ആ കൈ എന്ത് കൊണ്ട് വെളിയിലെടുക്കുന്നില്ല എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു."
വണ്ടി നീങ്ങുമ്പോൾ ശിവ ഭഗവാനെ കാണാമെന്ന് ഞാൻ കരുതി. മുകളിൽ മലനിരകളിലേയ്ക്ക് അച്ഛൻ പോകുന്നത് അതാവും എന്നാണ് കരുതിയത്. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. അതി പുരാതനമായ ക്ഷേത്രം ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചു ചോദിക്കണമെന്ന് എന്തുകൊണ്ടോ തോന്നിയില്ല. കാരണം ആ ശാന്തതയിൽ അലിഞ്ഞു മിഴി പൂട്ടി ഇരിക്കാനാണു തോന്നിയത്. മുകളിൽ ആരോ കാത്തിരിക്കുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. വളവുകൾ ഭയപ്പെടുത്തുന്നതായിരുന്നു.
വഴിയിലെ വളഞ്ഞ വഴികൾക്കു താഴെ അഗാധമായ കൊക്കയിലെ മരങ്ങളിൽ മഞ്ഞു മൂടി കിടക്കുന്നു. വഴിയിൽ നിറയെ സിംഹവാലൻ കുരങ്ങുകൾ. അവർക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങിയ ഞാൻ ജീവനും കൊണ്ടോടി അവരെല്ലാം എന്റെ നേർക്കു പാഞ്ഞടുത്തു. വണ്ടിയിൽ ചാടി ഇരുന്നു ശ്വാസമെടുക്കുമ്പോൾ അനിയൻ വിഷ്ണു പറഞ്ഞു "വർഗ്ഗ സ്നേഹമാണ് ചേച്ചി". അതു കേട്ടു അമ്മയും അച്ഛനും നിർത്താതെ ചിരി തുടങ്ങി"അവന്റെ വിവരണം കേട്ടു തങ്ങൾക്കും ചിരി വന്നു. അവന്തിക അതൊക്കെ ഓർത്തെടുത്തു.
സൂര്യ അവളോട് ചോദിച്ചു ‘’ദേവയെ പോലെ ഇരുന്ന സന്യാസി മൗണ്ട് ആബുവിലെ ഏതോ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു എന്നല്ലേ അവളന്നു പറഞ്ഞത്.ആ സന്യാസി ആകുമോ അവളെ കാത്തിരുന്നത്" അവന്തിക പറഞ്ഞു. "അയാളുടെ കണ്ണുകളിൽ നോക്കിയപ്പോൾ ഒരു മിന്നൽ പോലെ എന്തൊക്കെയോ ചിന്ത കടന്നു വന്നു'' എന്ന് ഉമ പറഞ്ഞു. ‘’നിദ്രയിലെ ചില അവ്യക്ത സുന്ദര സ്വപ്നം പോലെ". മാർബിളിൽ തീർത്ത വിസ്മയങ്ങളാണ് ആ ജൈന ക്ഷേത്രങ്ങ ൾ എന്നവൾ പറഞ്ഞിരുന്നു അതേ ഓർമ്മയുള്ളു.
അവന്തികയും സൂര്യയും വിവാഹം കഴിച്ചിട്ട് ഏതാനും വർഷങ്ങളായി. "ഭാഗ്യം നീയും ഞാനും ഓൾഡ് സോളുകൾ ആകാതിരുന്നത് അവൻ ചിരിയോടെ പറഞ്ഞു "അവൾക്ക് ദേഷ്യം വന്നു അവന്റെ ഒരു തമാശ അതിനിടക്ക്. അവൾ മനസ്സിൽ പറഞ്ഞു.
"നീ എങ്ങോട്ടാ അവൾ ചോദിച്ചു".
നേരെ ഉമയെ കാണണം. പണ്ടേ വളരെ ഉയർന്ന അദ്ധ്യാത്മികത തിരിച്ചറിഞ്ഞ ആളാ അവളെന്ന് എന്ന് എനിക്കു തോന്നിയിട്ടുണ്ട്”
"എന്നാൽ എനിക്കു ദേവയുടെ സ്വഭാവമങ്ങനെ ആയി തോന്നിയില്ല, അവനിൽ പ്രണയഭാവമാണ് കൂടുതൽ. അവൾ അതിനു മറുപടിയായി പറഞ്ഞു…
“ആണെങ്കിൽ കൊള്ളാം“ അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
അവർ എത്തുമ്പോൾ ഉമയും അവളുടെ അമ്മയായ സാവിത്രി ആന്റിയും മുറ്റത്തുണ്ട്. അവൾ അവരെ നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്തു.
സായാഹ്നസൂര്യൻ അവളുടെ കവിളിൽ കുങ്കുമവർണ്ണം ചാർത്തുന്നതു പോലെ അവർക്കു തോന്നി..
ഉമയുടെ അമ്മ അവരോട് പറഞ്ഞു." ഇന്ന് നിങ്ങൾ പോകണ്ട കേട്ടോ ഒരു ദീർഘദൂര യാത്രയുടെ ക്ഷീണം നിങ്ങളുടെ മുഖത്തുണ്ട്. ഇന്നിനി യാത്ര വേണ്ട"അതുകേട്ടു നിന്ന ഉമ പറഞ്ഞു "അതെ നാളെ പോയാൽ മതി. കുളിച്ചു ഡ്രസ്സ് മാറ്റി വരു ഞാൻ ഫുഡ് എടുക്കാം."
ഭക്ഷണമൊക്കെ കഴിഞ്ഞു സൂര്യയും അവന്തികയും വിശ്രമിക്കുമ്പോൾ ഉമ അടുത്തേയ്ക്ക് വന്നു. ഉമയെ കണ്ടു സൂര്യ ചോദിച്ചു.
"അപ്പോൾ ഉമേ നീഏതു തരം സന്യാസി ആണ് കാഷായ വേഷം കാണുന്നില്ല. എന്നാൽ ഒരു ദൈവികത ഉണ്ട് താനും."
"അതിനു കാഷായ വേഷം ധരിക്കണം എന്നില്ല. എല്ലാം താത്കാലികമാണെന്ന
തിരിച്ചറിവ് വേണം. ആത്മീയ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ശാരീരികവും മാനസികവുമായ ആഗ്രഹങ്ങളെ യും ഭൗതിക ആഗ്രഹങ്ങളും ത്വജിച്ച് ലളിത മായും ചിട്ടയായും ജീവിതം നയിക്കണം. ത്യാഗം ആത്മനിയന്ത്രണം ഒക്കെ പ്രധാന മാണ്. പരമമായ സത്യത്തെ പ്രാപിക്കുക" അവൾ പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ എന്തെല്ലാം പിന്നിട്ടാൽ ആണ് അവിടെ എത്തുക”
"അയ്യോ സ്വാമിനി എന്തായാലും നീ പിന്നിടണ്ട, ഞാൻ ദേവയുടെ അടുത്ത് പോകുന്നുണ്ട്,
നീ കാത്തിരിക്കണം"
അവർ കുറെ നേരം കൂടി സംസാരിച്ചിരുന്നു. പിറ്റേന്ന് പുലർച്ചെ അവർ യാത്ര തുടർന്നു.
പോകുന്ന വഴി അവൻ അവന്തികയോട് പറഞ്ഞു.
“അന്ന് ഉമ പറഞ്ഞില്ലേ ദേവയുടെ അമ്മയുടെ അടുത്ത് ഒരു സ്ത്രീ സാന്നിധ്യം കാണുന്നു എന്ന്, അതായത് അങ്ങനെ വല്ല വിവാഹാലോചനയും ആ അമ്മയുടെ അടുത്ത് ഉണ്ടാകുമോ".
അതാണോ അവൾ അങ്ങനെ പറഞ്ഞത്.
ഉണ്ടാവില്ല, അതു മാറി പോയിട്ടുണ്ടാകും. അല്ലെങ്കിൽ അവൾ ഇപ്പോൾ ദിവ്യദൃഷ്ടി പുറത്തെടുത്തേനേ."
അല്ലെങ്കിൽ സാരമില്ല നമുക്ക് രണ്ടു ബുദ്ധ സന്യാസിമാരെ കാണാം. അവൾ പെട്ടന്ന് അവന്റെ വാ പൊത്തി.
"എന്താ പെണ്ണെ സന്യാസം മോശമാണോ, നിനക്കൊന്നും ചിന്തിക്കാൻ പറ്റുന്ന തലമല്ല”
അതല്ല അവരുടെ പ്രണയമുണ്ടല്ലോ, അതും തീവ്രമാണ്. ഈ ജന്മമെങ്കിലും അവർ ഒരുമിക്കട്ടെ."
വണ്ടി മുന്നോട്ട് കുതിച്ചു.അപ്പോൾ മഴ ഒരു ഇരമ്പലോടെ പെയ്തു തുടങ്ങി.