Image

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ചെറുകഥ: സ്മിതാ സോണി- ഒർലാൻഡോ)

Published on 05 January, 2026
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ചെറുകഥ: സ്മിതാ സോണി- ഒർലാൻഡോ)

അന്നൊക്കെ സന്ധ്യയാകുമ്പോൾ ഇരുട്ട്  വീടിന്റെ അകത്തളങ്ങളിലേക്ക് കയറിത്തുടങ്ങും.. രാത്രിയായാൽ വെളിച്ചം ഉണ്ടാകുന്നത് ആകാശത്തിലും നമ്മുടെ കൈയിലെ മണ്ണെണ്ണ വിളക്കിലും മാത്രമായിരുന്നു..

“വിളക്ക് ഒന്ന് കത്തിച്ചു വെക്കടാ,” അമ്മ അടുപ്പിനരികിൽ നിന്ന് പറഞ്ഞു. “കാറ്റ് വന്നാൽ അണഞ്ഞുപോവും.”

ഞാൻ മണ്ണെണ്ണ വിളക്കിൻ്റെ ചില്ല് തുടച്ചു. തിരി അല്പം ഉയർത്തി. മഞ്ഞ വെളിച്ചം.. ചുമരിലുടനീളം മന്ദമായി ഒഴുകി.

“ഇതൊക്കെ കണ്ടാ മതിയെടാ,”
അപ്പൂപ്പൻ തിണ്ണയിൽ ഇരുന്ന് പറഞ്ഞു.
ഇപ്പഴത്തെ പോലെ സ്വിച്ച് ഒന്ന് അമർത്തിയാൽ
വെളിച്ചം വീഴുന്ന കാലമല്ല… മുറ്റത്ത് ഇറങ്ങിയപ്പോൾ മിന്നാമിനുങ്ങുകൾ ഒരു മൗനോത്സവം നടത്തുകയായിരുന്നു. ഒറ്റയൊറ്റ നുറുങ്ങുവെട്ടങ്ങൾ ഇരുട്ടിനകത് ചിരിച്ചുകൊണ്ടിരുന്നു...

“അയ്യോ… നോക്കെടാ, ഉണ്ണീ.. ഞാൻ അനിയനെ വിളിച്ചു.
“ഇത് എന്റെ വശത്തേക്ക് വരുന്നു!”

“അവയെ പിടിക്കണ്ട,” അമ്മൂമ്മ അകത്തുനിന്ന് പറഞ്ഞു.

“കയ്യിലൊതുങ്ങുന്ന വെളിച്ചം ദൈവം ഉണ്ടാക്കുന്നതല്ല.”

ഞങ്ങൾ മണ്ണിൽ ഇരുന്ന് നിശ്ശബ്ദമായി നോക്കി. എണ്ണിയാൽ വെട്ടം ഒളിച്ചോടും.

“ഇതെന്താ ഇങ്ങനെ മിന്നി മിന്നി?” ഞാൻ ചോദിച്ചു.

“അത് അവരുടെ വിളക്കാ,”അപ്പൂപ്പൻ പറഞ്ഞു.
“നമ്മളെ പോലെ ഇരുട്ടിനെ പേടിക്കുന്നവരാണ്.”

രാത്രി ഇറങ്ങുമ്പോൾ എനിക്ക് അത്ഭുതമായിരുന്ന ഇരുട്ട് ചേച്ചിക്ക് പേടിയായിരുന്നു.

“എടാ, വിളക്ക് അണയ്ക്കല്ലേ,” ചേച്ചി പെട്ടെന്ന് പറയും. “ഇങ്ങനെ ഇരുട്ടായാൽ എനിക്ക് ശ്വാസം മുട്ടും.”

“ഇരുട്ട് ഒന്നും കടിക്കില്ല ചേച്ചീ,”ഞാൻ ചിരിച്ച് പറഞ്ഞാൽ,

“നിനക്കല്ല, എനിക്ക്!” അവൾ ഉടനെ മറുപടി പറയും.
“നീ ആണല്ലോ മിന്നാമിനുങ്ങ് പിടിക്കാനിറങ്ങുന്നവൻ.”

മണ്ണെണ്ണ വിളക്ക് ഒന്നു മങ്ങുമ്പോൾ ചേച്ചി കസേരക്കാലിൽ കയറി ഇരിക്കും.

“അമ്മേ, തിരി ഒന്ന് ഉയർത്തിക്കോ,” അവൾ അടുക്കളയിലേക്ക് വിളിക്കും.” ഇവിടെ എല്ലാം കാണാതായി.”

അമ്മ പറയും; “പെണ്ണായാൽ ഇങ്ങനെ തന്നെയാ. ഇരുട്ട് കണ്ടാൽ പേടി.”

അന്ന് ചേച്ചി എന്റെ കൈ പിടിച്ചു പറയും: “നീ ഒപ്പം ഉണ്ടെങ്കിൽ ഇരുട്ട് ഇത്ര പേടിയില്ല.”

അങ്ങനെ ഇരുട്ട് ഒരു കഥയായി….മിന്നാമിനുങ്ങുകൾ അക്ഷരങ്ങളായി.

പിന്നീട് ഒരു ദിവസം..വഴിവക്കത്ത് നിന്നൊരു ശബ്ദം.. അങ്ങേതിലെ അച്ചുവേട്ടനാണ്.. “നാളെ നമുക്ക് കറന്റ് കിട്ടും

“നമ്മുടെ വീട്ടിലേയ്ക്കും?” അമ്മ ചോദിച്ചു.

“എല്ലാ വീട്ടിലേക്കും,” അച്ഛൻ പറഞ്ഞു. “ഇനി വിളക്ക് കത്തിക്കേണ്ട.”

ആ രാത്രി വീടാകെ ഒരു കാത്തിരിപ്പായിരുന്നു. കറണ്ട് വന്ന ആദ്യരാത്രി ചേച്ചിയാണ് ആദ്യം സ്വിച്ച് അമർത്തിയത്.. ഒരു നിമിഷം… പിന്നെ വെളിച്ചം പൊട്ടിത്തെറിച്ചു!

“അയ്യോ ദൈവമേ!”അമ്മ പറഞ്ഞു. “കണ്ണ് കുത്തുന്നേ!”

“ഇതെന്താ പകലോ?” അമ്മൂമ്മ ചിരിച്ചു.

ഇപ്പൊ കണ്ടോ!”ചേച്ചി സന്തോഷത്തോടെ പറഞ്ഞു.“ഇനി ഇരുട്ടിന് ഇവിടെ കാര്യമില്ല.”

വെളിച്ചം നിറഞ്ഞ മുറിയിൽ അവൾ ദീർഘമായി ശ്വാസം വിട്ടു. പക്ഷേ ഞാൻ വാതിലിനരികിൽ നിന്ന് മുറ്റം നോക്കിനിന്നു.

“എന്താടാ അവിടെ?” ചേച്ചി ചോദിച്ചു.

“ഒന്നുമില്ല,” ഞാൻ പറഞ്ഞു.“ഒന്ന് നോക്കിയതാ.”

അവൾക്കറിയില്ലായിരുന്നു.. അവളുടെ പേടി പോയ വെളിച്ചത്തിൽ എന്റെ ഒരു ചെറിയ ലോകംനിശ്ശബ്ദമായി മറഞ്ഞുപോയെന്നു… മണ്ണെണ്ണ വിളക്ക് ഒരു മൂലയിൽ മുടക്കി വെച്ച ഓർമ പോലെ.

വർഷങ്ങൾക്കിപ്പുറം, നഗരത്തിലെ എന്റെ മുറിയിൽ
വെളിച്ചം ഒരിക്കലും അണയുന്നില്ല. ഇരുട്ട് വന്നാൽ ഞാൻ പേടിക്കുന്നില്ല. കാരണം, അന്നത്തെ പോലെ ഇരുട്ടിനകത്ത് ഒരു വെളിച്ചം ജനിക്കും എന്ന വിശ്വാസം ഇന്നും എനിക്ക് ഉണ്ടല്ലോ…

പക്ഷേ…ഒരു സ്വിച്ച് ഓഫ് ചെയ്താൽ വരുന്ന ഇരുട്ടിൽ ഇന്നും ഞാൻ കാത്തിരിക്കുന്നു—ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിനായി..

അത് തെളിയുമ്പോൾ.. ഒരു നിമിഷം ശ്വാസം മുട്ടും…അന്നത്തെ മുറ്റം വീണ്ടും പടർന്നുവരും. മണ്ണിന്റെ മണം… മണ്ണെണ്ണ വിളക്കിന്റെ മഞ്ഞവെളിച്ചം.. അമ്മൂമ്മയുടെ ശബ്ദം. “എണ്ണിയാൽ ഓടിപ്പോകും…”

ആ നുറുങ്ങുവെട്ടത്തിൽ, എന്റെ ബാല്യം മുഴുവൻ ഒളിഞ്ഞിരിക്കുന്നു… ചിരിയും അത്ഭുതവും.. ഇരുട്ടിനെ സ്നേഹിക്കാൻ പഠിച്ച ഒരു ചെറുജീവിതം…

വെളിച്ചം വെളിച്ചത്തെ തോൽപ്പിച്ച കാലത്ത് പോലും
ഒരു മിന്നാമിനുങ്ങ് എന്നോട് പറയുന്നു “എല്ലാ വെളിച്ചങ്ങളും കണ്ണിനുള്ളതല്ല; ചിലത് ഓർമകൾക്ക് വേണ്ടിയാണ്”.

അന്ന് ഞാൻ പ്രണയിച്ചത് വെളിച്ചത്തെയല്ല, ആ വെളിച്ചം വരുമ്പോൾ ഉണ്ടാകുന്ന മൗനത്തെയായിരുന്നുവെന്നു ഞാനിന്നു തിരിച്ചറിയുന്നു..

ആ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ, എന്റെ ബാല്യം ഇന്നും ശബ്ദമില്ലാതെ ശ്വാസം എടുക്കുന്നു…
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക