
കോട്ടയം: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ധന വിധവകളായ നൂറുകണക്കിന് അമ്മമാര്‍ക്ക് വീണ്ടും ഫോമായുടെ കൈത്താങ്ങ്. പ്രായമായ മാതാപിതാക്കളെ ശരണാലയത്തില്‍ തള്ളി ബാധ്യതയൊഴിയുന്ന ഒരു ദുരന്ത കാലഘട്ടത്തിലാണ് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ആഭിമുഖ്യത്തില്‍ അമ്മമാരെ നെഞ്ചട് ചേര്‍ത്ത് ആദരിക്കുന്നത്. മാതൃത്വത്തിന്റെ മഹത്വവും സഹജീവി സ്നേഹത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന 14-ാമത് 'അമ്മയോടൊപ്പം' പരിപാടി ജനുവരി 5-ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വലിയ പൊതുജന പങ്കാളിത്തത്തോടെ പിറവത്ത് നടക്കും.
കഴിഞ്ഞ 13 വര്‍ഷമായി നിര്‍ധനരും വിധവകളുമായ പ്രായംചെന്ന അമ്മമാര്‍ക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയാണ് 'അമ്മയോടൊപ്പം'. കഴിഞ്ഞ വര്‍ങ്ങളില്‍ ആയിരക്കണക്കിന് മാതൃഹൃദയങ്ങള്ക്കാണ് ഈ മഹനീയ പദ്ധതിയിലൂടെ സാന്ത്വനമേകിയത്. ഇക്കുറിയും നിര്‍ധന വിധവകളായ 750 അമ്മമാര്‍ക്കാണ് വസ്ത്രവും ധാന്യക്കിറ്റും മെഡിക്കല്‍ കിറ്റും സഹായ ധനവും നല്‍കുന്നതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ചടങ്ങില്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകളോടെ സാന്നിധ്യമറിയിക്കും.
ഫോമാ കേരള കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്കായി നാട്ടിലെത്തിയിട്ടുള്ള പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്, കേരള കണ്വന്ഷന് ചെയര്മാന് പീറ്റര്‍ കുളങ്ങര, നാഷണല്‍ കണ്വന്ഷന് ചെയര്മാന് സുബിന് കുമാരന് എന്നിവര്‍ക്കൊപ്പം ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചാരിറ്റിയുടെ വിളംബരമായ 'അമ്മയോടൊപ്പം' പരിപാടിയില്‍ പ്രാര്ത്ഥനാനിരതരാവും. സാബു കെ ജേക്കബ് ആണ് അമ്മയോടൊപ്പം പരിപാടിയുടെയും കോ-ഓര്‍ഡിനേറ്റര്‍.
അതേസമയം, അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരള കണ്വന്ഷന് 2026-ന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ മുന്നോടിയായി ഫോമാ, പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ജനുവരി 3-ാം തീയതി ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്ഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിന്‍ഡ്സര്‍ കാസിലില്‍ ആണ് അമേരിക്കന്‍ മലയാളികളുടെ കേരളോല്‍സവമായ 'ഫോമാ കേരള കണ്വന്ഷന് 2025'-ന് വേദിയൊരുങ്ങുന്നത്. ജനുവരി 9-ാം തീയതി രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ആയിരത്തിലധികം പേര് പേര് പങ്കെടുക്കുന്ന ഉദ്ഘാടന ദിവസത്തെ ധന്യമാക്കുന്ന പരിപാടികള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം ഫോമായുടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ മകുടോദാഹരണമായ ചാരിറ്റി പ്രോഗ്രാമിലൂടെയാണ് കണ്വന്ഷന് തുടക്കം കുറിക്കുക.
ജനുവരി 10-ാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ വേമ്പനാട്ട് കായലിലൂടെയുള്ള ആഘോഷമായ ഹൗസ് ബോട്ട് സഞ്ചാരമുണ്ട്. കേരളാ കണ്‍വന്‍ഷന്റെ ശ്രദ്ധേയമായ മറ്റൊരു ഇവന്റാണ് അവസാന ദിവസമായ 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കിലെ, വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖര്‍ സംഗമിക്കുന്ന ബിസിനസ് മീറ്റ്. ഫോമായുടെ മുന്‍ പ്രസിഡന്റും ബിസിനസ് ഫോറം ചെയറുമായ ബേബി ഊരാളില്‍ കോ-ഓര്‍ഡിനേറ്ററാണ്.