Image

കപ്പവാട്ടലിന്റെ സുഗന്ധമേറ്റ ഈറൻകാറ്റ് (ബാല്യകാല സ്മരണകൾ:സ്മിതാ സോണി,ഒർലാൻഡോ)

Published on 04 January, 2026
കപ്പവാട്ടലിന്റെ സുഗന്ധമേറ്റ  ഈറൻകാറ്റ് (ബാല്യകാല സ്മരണകൾ:സ്മിതാ സോണി,ഒർലാൻഡോ)

എന്റെ പിള്ളാരെ…  വെറുതെ കുറ്റിയും കോലും കളിച്ചോണ്ടിരിയ്ക്കാതെ അങ്ങോട്ടൊന്നു വാ,
ഇവിടെ കപ്പ കൂമ്പാരം കിടക്കുന്നു! അയല്പക്കക്കാരൊക്കെ എത്തി തുടങ്ങി
വല്യമ്മച്ചി വിളിച്ചപ്പോൾ ഞങ്ങൾ കുട്ടിപ്പട്ടാളം കേട്ട പാതി കേൾക്കാത്ത പാതി കളി നിർത്തി ഓടിവന്നു. ആകാംഷയോടെ നോക്കുമ്പോൾ വല്യപ്പച്ചനും പപ്പയും പണിക്കാരും  ചേർന്ന് കപ്പക്കാലയിലെ കപ്പയോക്കെ പറിച്ചെടുത്തു ജീപ്പിൽ കൊണ്ട്  വന്നു സ്ഥിരം  കപ്പ വാട്ടുന്ന ഈടിക്കുഴിയിലേ പറമ്പിൽ നിരത്തിയിട്ടുണ്ട്.

വടക്കേടത്തെ ജാനു ഏടത്തി കത്തി എടുത്ത് പറഞ്ഞു:
“ഇന്ന് കപ്പ ചുരണ്ടുന്നത് കണ്ടാൽ തന്നെ അറിയാം…
ഓണം വന്നെന്ന്!”

കുമാരൻ ചേട്ടൻ വാഴയില വലിച്ചിടുമ്പോൾ പറഞ്ഞു:
“എടാ, സൂക്ഷിച്ച് ചുരണ്ടണം…
കപ്പ പോയാലും കൈ പോകരുത്!”

ഞാൻ ഒന്ന് ചിരിച്ചു:
“ചേട്ടാ, കഴിഞ്ഞ വർഷം കൈ പോയതല്ലേ…
ഇനിയും പഠിച്ചില്ലേ?”

“അത് കപ്പയുടെ കള്ളത്തരമാ!”
കുമാരൻ ചേട്ടൻ മറുപടി പറഞ്ഞു.

അടുക്കളക്കുള്ളിൽ അമ്മച്ചിമാരുടെ ഗൗരവ ചർച്ച.
“കാന്താരി എത്ര ഇടണം?”
“നാലെണ്ണം മതി.”
“അല്ല, ആറു ഇട്.. കപ്പയ്ക്ക്യ കൂട്ടാനല്ലേ!  പ്രായം എൺപത്തിനോടടുത്തിട്ടും കണ്ടാൽ ഇന്നും  ഒരു മധുരപ്പതിനേഴുകാരിയുടെ ചുരു ചുറുക്കോടെ കുണുങ്ങി കുണുങ്ങി നടക്കുന്ന അന്നമ്മച്ചേടത്തി ഇടപെട്ടു:
“കുട്ടികൾ ഉണ്ട് കേട്ടോ…
കരയിപ്പിക്കണ്ട, !”

അകത്തുനിന്നും വല്യമ്മച്ചിയുടെ സ്വരം കേട്ട്.. അന്നമ്മച്ചേടത്തി പറഞ്ഞാൽ പിന്നെ വേറൊന്നും നോക്കണ്ടെടി പെൺമ്പിള്ളാരെ..

പുറത്ത്  കോലായിൽ പടിഞ്ഞാറേ വീട്ടിലെ ജോണികുട്ടിച്ചായന്റെ ഗാംഭീര്യശബ്ദം മുഴങ്ങി..
“ഓഹോ… കപ്പ  ഒരുക്കൽ തുടങ്ങിയോ?
അപ്പൊ ഞാനും ഉണ്ടാകും!”

വല്യപ്പച്ചൻ ചിരിച്ചു:
“ജോണികുട്ടി, കപ്പ മണത്താൽ നീ സ്വയം വരുംല്ലോ!”

പണ്ടേ മറ്റുള്ളവരെക്കൊണ്ട് പറഞ്ഞു പണിയെടുപ്പിക്കാൻ വിരുതനായ ജോണിക്കുട്ടിച്ചായൻ പറഞ്ഞു “എടാ തോമസെ, ജോയി, കുമാരാ പെണ്ണുങ്ങൾ ഒരു ചെമ്പിനുള്ള  കപ്പ ഒരുക്കിവച്ചിട്ടുണ്ട്. നിങ്ങൾ ആ ചെമ്പൊന്നു അടുപ്പത്തു കേറ്റി വച്ച് വെള്ളം ചൂടാക്കടാ..”

ജോണിക്കുട്ടിച്ചായന്റെ അതി സാമർഥ്യം പണ്ടേ ഇഷ്ടമല്ലാത്ത കുമാറേട്ടൻ ഉരുളയ്ക്കുപ്പേരി പോലെപറഞ്ഞു  “അതെന്താ ജോണിക്കുട്ടിച്ചായന്റെ കൈ കപ്പ പറിയ്ക്കാൻ പോയോ!”

എല്ലാരുംചേർന്നു കൂട്ടച്ചിരി.. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ജോണിക്കുട്ടിച്ചായന് തന്റെ തോർത്തെടുത്തു തലയിൽ കെട്ടി അടുപ്പിൽ തീ കൂട്ടി.

തോമാച്ചായനും ജോയിച്ചായനും മാത്തുക്കുട്ടിയുമൊക്കെ ചേർന്ന് ചെമ്പു അടുപ്പിൽ കേറ്റി..

“എടാ കുഞ്ഞുമോനെ അടുപ്പിന്റെ സൈഡിലേക്ക് ഒരു ലൈറ്റുകൂടേ ഒന്ന് സെറ്റ് ചെയ്‌തേടാ. ഈ വെട്ടത്തിൽ കപ്പ  വെന്തുപോയാൽ കാണാൻ പറ്റില്ലെടാ.” വല്യപ്പച്ചൻ പപ്പയോടു പറഞ്ഞു.

ശരി അപ്പച്ചാ എന്നും പറഞ്ഞു പപ്പാ വേഗം പോയി ലൈറ്റ് സെറ്റ് അപ്പ് ആക്കി.

ഇരിയ്ക്കാനായി നിരത്തിയിട്ടിരിയ്ക്കുന്ന പനമ്പും പായുമൊക്കെ ഞങ്ങളുടെ കളി  സാമഗ്രികൾ നിരത്തിയപ്പോൾ വല്യപ്പച്ചന്റെ ചോദ്യം.. “അടി വേണോ പിള്ളേർക്ക്”..

വല്യമ്മച്ചി കണ്ണിറുക്കി കാണിച്ചപ്പോൾ ഞങ്ങൾക്ക് പിടി കിട്ടി സ്ഥലം കാലിയാക്കുന്നതാണ് ഞങ്ങളുടെ ആരോഗ്യത്തിനു നല്ലതെന്നു.

എന്റെ മുഖം വാടിയ കണ്ടപ്പോൾ മമ്മി വിളിച്ചു.. “പിള്ളേർ ഇങ്ങു വാ. നമുക്ക് കപ്പ ചുട്ടു കഴിയ്ക്കാം”.

പാടത്തിന്റെ അക്കരേ വീടുള്ള റംല ഇത്ത പറഞ്ഞു..എന്റെ മക്കളെ ഞങ്ങൾ നാട്ടിന്പുറത്തുകാർക്കു ഈസ്റ്ററും ഈദും വിഷുവും ഒക്കെ കൊണ്ടാടുന്നതിനേക്കാൾ വല്യ ആഘോഷമാണ് ഈ കപ്പ വാട്ടൽ..  

കപ്പയും, ചമ്മന്തിയും, ഒരുപാട് വായടച്ച ചിരിയും..

എന്റെ റബ്ബേ ഇന്നത്തെ കുട്ടികൾക്കൊക്കെ ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ എന്തോ?

വല്യപ്പച്ചന്റെ നേത്യുത്വത്തിലുള്ള സംഘം ഒന്നാം ചെമ്പിലെ കപ്പ കോരി മാറ്റിയപ്പോളേക്കും വല്യമ്മച്ചി പറഞ്ഞു..

“എന്നപിന്നെ നമുക്ക് കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടൻ കാപ്പിയും കുടിച്ചിട്ട് വന്നാലോ.. അപ്പഴേയ്ക്കും രണ്ടാം ചെമ്പു പാകമാകും..”

വല്യപ്പച്ചൻ പറഞ്ഞു “എന്ന പിന്നെ നിങ്ങൾ പെണ്ണുങ്ങൾ പോയി ഇല നിരതിയ്ക്കോ.. ഞങ്ങൾ ഇപ്പം വന്നേയ്ക്കാം…

“എടാ ജോണിക്കുട്ടി,തോമസെ, ജോയി, കുമാര, ഭാസ്കരാ, അപ്പുക്കുട്ടാ, മുഹമ്മദേ, നാരായണ, വായോ..കപ്പ ചൂടാറും മുൻപ് വന്നു കഴിച്ചിട്ടട്ടെ ബാക്കി പണി..”

ഞങ്ങൾ കുട്ടികൾ ചൂടുള്ള കപ്പ പിടിച്ച് കുത്തി.
“അമ്മച്ചീ… ഇത് ചൂടാ!”
“അയ്യോ, കപ്പ ചൂടായില്ലെങ്കിൽ പിന്നെ എന്ത് ചൂടാവും!” അന്നചേടത്തിയുടെ കമന്റ്..

മാളു ചമ്മന്തിയിൽ കപ്പ മുക്കി വായിലിട്ടു.
“അയ്യോ… കാന്താരി കുത്തി!”

സുരേഷ് ചേട്ടൻ കണ്ണീർ തുടച്ച് പറഞ്ഞു:
“ഇത് കാന്താരിയല്ല,
ഓണത്തിന്റെ പരീക്ഷണമാണ്!”

എല്ലാവരും പൊട്ടി ചിരിച്ചു.

അവസാനത്തെ ചെമ്പു കപ്പ അടുപ്പിൽ കയറിയപ്പോൾ

അയൽവീട്ടുകാർ പറഞ്ഞു:
“എന്നാ, നാളെ വീണ്ടും കാണാം കേട്ടോ.”

വല്യമ്മച്ചി അവർക്കു ചൂട്ടു കത്തിച്ചു കൊടുക്കുന്നതിനിടയിൽ ഞങ്ങളെ നോക്കി പറഞ്ഞു:
“ഇതൊക്കെ ഓർമ്മയിലിരിക്കും…
പിന്നെ വലിയ ആളായാലും കപ്പവാട്ടലിന്റെ

മണമടിച്ചാൽ നിങ്ങൾ ഓടിവരും.”

മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം വെറുതെ കണ്ണടച്ചിരിയ്ക്കുമ്പോൾ ഈ കഥാപാത്രങ്ങളും

സംഭാഷണവുമൊക്കെ ഇന്നലെയെന്നപോലെ എന്റെ ഗൃഹാതുരത്വത്തിന്റെ അഭ്രപാളിയെഭേദിച്ചു കടന്നു വന്നു ഒരു മന്ദമാരുതനെപ്പോലെ  തഴുകി എന്റെ കുട്ടിക്കാലത്തെ ഒരിയ്ക്കൽ കൂടി എന്റെ കണ്മുന്പിലേയ്ക്ക് കൊണ്ടുവരുമ്പോൾ അറിയാതെ ഞാനും മന്ത്രിച്ചു……… ഒരു വട്ടം കൂടിയാ നന്മകളാൽ സമൃദ്ധമായ  നാട്ടിൻപുറത്തെ ഒത്തൊരുമയുടെ പഴയകാലത്തിലേയ്ക്ക് തിരികെ പോകാനായിരുന്നെങ്കിൽ.. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക