Image

പി. ഭാസ്‌കരൻ മാഷിനെ കണ്ട ദിവസം ചിരിയുടെയും നൊമ്പരത്തിന്റെയും ഒരനുഭവം! (തമ്പി ആന്റണി)

Published on 03 January, 2026
പി. ഭാസ്‌കരൻ മാഷിനെ കണ്ട ദിവസം ചിരിയുടെയും നൊമ്പരത്തിന്റെയും ഒരനുഭവം! (തമ്പി ആന്റണി)

പി. ഭാസ്‌കരൻ മാഷിനെ ആദ്യവും അവസാനവുമായ് കണ്ട ഒരു ദിവസം ഇന്നും മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ചിരിക്കാനും ഒരേസമയം നൊമ്പരപ്പെടാനും ഇടയാക്കിയ ഒരു ഓർമ്മ.
ഒരിക്കൽ ഡി.സി. ബുക്സിൽ നടന്ന അമേരിക്കയിൽ നിന്നുള്ള മലയാളവേദി എന്ന സംഘടനയുടെ അവാർഡ് ദാനച്ചടങ്ങിലാണ് സംഭവം. സംവിധായകനും  കവിയുമായ പി. ഭാസ്‌കരൻ മാഷ് മുഖ്യാതിഥിയായിരുന്നു. ആ വേദിയിൽ നടൻ മധുപാൽ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷാജഹാൻ മാടപ്പാട്ട്, കവി വിനയചന്ദ്രൻ , സംവിധായകൻ രാജീവ് അഞ്ചൽ, ഡി സി.യിൽ നിന്നുള്ള എ.വി. ശ്രീകുമാർ, ഡി.സി. രവി എന്നിവരും ഉണ്ടായിരുന്നു എന്നതാണ് എന്റെ ഓർമ്മ.
രാജീവ് അഞ്ചലിന്റെ Beyond the Soul എന്ന സിനിമയ്ക്ക് രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ച അവസരത്തിൽ രാജീവിനെയും എന്നെയും അനുമോദിക്കുക എന്നതായിരുന്നു മലയാളവേദിയുടെ ലക്ഷ്യം. സംഘടനയുടെ പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യാനാണ് പി. ഭാസ്‌കരൻ മാഷിനെയും അദ്ദേഹത്തിന്റെ പ്രിയപത്നിയെയും കാറുമായി വീട്ടിൽ പോയി വിളിച്ചുകൊണ്ട് ചടങ്ങിലേക്ക് എത്തിയത്.
മാഷിന് അന്ന് ചെറിയ ഓർമ്മക്കുറവുണ്ടെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ട്. ഒരു സഹായത്തിനായി പത്നിയെയും കൂടെ കൂട്ടിയിരുന്നു. ബിനോയ് വർഷങ്ങളായി മാഷിനെ അറിയുന്ന ആളാണെന്നും, തമ്മിൽ നല്ല അടുപ്പമുണ്ടെന്നും ഞങ്ങളോട് പറഞ്ഞിരുന്നു.
അല്പം താമസിച്ചാണ് അവർ എത്തിയത്. ബിനോയ് മാഷിനെയും പത്നിയെയും കൂട്ടി ഞങ്ങൾ നിന്നിടത്തേക്ക് വന്നു. വളരെ സ്നേഹപൂർവം എല്ലാവരെയും പരിചയപ്പെടുത്തി. മാഷ് ചിരിച്ചുകൊണ്ട് ഓരോരുത്തരോടും ഹസ്തദാനം ചെയ്തു. ബിനോയിയോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന് വലിയ പ്രശ്നമൊന്നുമുണ്ടെന്നു തോന്നിയില്ല.
അതിനിടയിലാണ് ഞങ്ങളെയെല്ലാവരെയും സ്റ്റേജിലേക്കു വിളിച്ചത്.
അവിടെയാണ് കഥയുടെ ക്ലൈമാക്‌സ്.
ഭാസ്‌കരൻ മാഷ് പെട്ടെന്ന് ബിനോയിയിലേക്ക് തിരിഞ്ഞു ചോദിച്ചു:
“നിങ്ങളാരാ?”
ചുറ്റുമുണ്ടായിരുന്നവർ എല്ലാം പൊട്ടിച്ചിരിച്ചു. ബിനോയ് അല്പം ചമ്മി. കുറച്ചു നിമിഷം മിണ്ടാതെ നിന്നു. അതോടെ മാഷ് അല്പം കൂടി ഉച്ചത്തിൽ:
“എടോ… താനാരാണെന്ന് പറയടോ!”
ചിരി പതിയെ നിശ്ശബ്ദമായി. തമാശയായി തുടങ്ങിയ നിമിഷം പെട്ടെന്ന് എല്ലാവരുടെയും ഉള്ളിൽ ഒരു കനത്ത നൊമ്പരമായി മാറി. അവസ്ഥ മനസ്സിലാക്കിയിട്ടാകണം, ബിനോയ് വീണ്ടും സ്വയം പരിചയപ്പെടുത്തി.
മാഷ് പിന്നെ സ്റ്റേജിൽ കയറി ഇരുന്നുവെങ്കിലും സ്ഥലകാലബോധം ഉണ്ടായിരുന്നതായി തോന്നിയില്ല. സംസാരിച്ചത് എന്താണെന്ന് മാഷിനുപോലും മനസിലായോ എന്നറിയില്ല. തിരിച്ചുവന്നു കസേരയിൽ ഇരുന്ന്, ‌മേശപ്പുറത്തിരുന്ന പുസ്തകം വെറുതെ മറിച്ചുനോക്കിക്കൊണ്ടിരുന്നു. അന്നാണ് എനിക്കും വ്യക്തമായത്, മറവിരോഗം അദ്ദേഹത്തെ പതിയെ പിടിച്ചുതുടങ്ങിയിരിക്കുന്നു എന്ന്.
പിന്നീട് അറിഞ്ഞത്, അത് അദ്ദേഹത്തിന്റെ അവസാനത്തെ പൊതുയോഗങ്ങളിലൊന്നായിരുന്നു എന്നതാണ്. അധികം വൈകാതെ തന്നെ, അനശ്വരകവിയും സംവിധായകനുമായ പി. ഭാസ്‌കരൻ നമ്മെ വിട്ടുപിരിഞ്ഞു.
കാമുകപുരുഷോത്തമൻ പാടിയ
“കായലരികത്ത് വലയെറിഞ്ഞാൽ…” മുതൽ
യേശുദാസിന്റെ എക്കാലത്തെയും പ്രിയപ്പെട്ട
“താമസമെന്തേ വരുവാൻ…” വരെ,
“ഒരു പുഷ്പം മാത്രമെൻ…”,
“അല്ലിയാമ്പൽ കടവിലിന്നരക്കു വെള്ളം…”,
“പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു…”,
“തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ…”
“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടിമണ്ണല്ല  ..
ഇങ്ങനെ എത്രയെത്ര അനശ്വരഗാനങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ ജീവനോടെ നിലകൊള്ളുന്നു.
എന്നാൽ ആ ഗാനങ്ങളെല്ലാം പിറന്ന മനസ്സ്, അവസാനം അതെല്ലാം തന്നെ മറന്നുപോയി എന്നതാണ് ഏറ്റവും വലിയ വേദന. കൂട്ടുകാരെയും, ഏറ്റവും അടുത്ത ബന്ധുക്കളെയും പോലും മനസ്സിൽ നിന്ന് മായ്ച്ചുകളയുന്ന മാരകമായ രോഗമാണ് അൽഷൈമേഴ്‌സ്,  അതിൽ ഒരു സംശയവുമില്ല.
നമ്മുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ എത്രയോ മനോഹരഗാനങ്ങളാണ്, അവസാനകാലത്ത് മറവിരോഗം അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് മായിച്ചുകളഞ്ഞത്.
മറവിരോഗം അഥവാ ഡിമെൻഷ്യ എന്നത് ഒരു രോഗമാണെന്നു പോലും സാധാരണക്കാർക്ക് വലിയ ബോധ്യമില്ലാതിരുന്ന കാലത്താണ് ബ്ലസിയുടെ തന്മാത്ര എന്ന സിനിമ ഇറങ്ങിയത്. പ്രശസ്ത നടൻ മോഹൻ ലാൽ അനശ്വരമാക്കിയ മറവിരോഗമുള്ള കഥാപാത്രമായി വരുന്ന ആ സിനിമ വിജയിച്ചോ ഇല്ലയോ എന്നതിലുപരി, മറവിരോഗത്തെക്കുറിച്ച് ഒരു സാമൂഹിക അവബോധം സൃഷ്ടിക്കാൻ ആ ചിത്രം സഹായിച്ചുവെന്നതിൽ സംശയമില്ല. 
ഓർമ്മകൾ നമ്മെ വിട്ടുപോകുമ്പോഴാണ് മനുഷ്യൻ മരിക്കുന്നത് എന്ന് പറയുന്നു…
പക്ഷേ പി. ഭാസ്‌കരൻ മാഷ് ഇന്നും ജീവിക്കുന്നു 
മലയാളികളുടെ ഹൃദയത്തിൽ, ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളായി.
ചില ഓർമ്മകൾ അങ്ങനെ തന്നെയാണ്, നമ്മെ വിട്ടുപോയാലും, നമ്മളെ വിട്ടുപോകാതെ നിൽക്കും .

Join WhatsApp News
അബ്ദുൾ ആപ്പാഞ്ചിറ 2026-01-03 14:45:48
അഭിനന്ദനങ്ങൾ തമ്പിസാർ
Sudhir Panikkaveetil 2026-01-03 15:45:10
കായലരികത്ത് പാടിയത് സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററാണ്. കമുകറയല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക