Image

ഒരു കുങ്കുമപൊട്ടിന്റെ ഓർമയ്ക്ക് (ചെറുകഥ : സ്മിതാ സോണി, ഒർലാൻഡോ)

Published on 03 January, 2026
ഒരു കുങ്കുമപൊട്ടിന്റെ ഓർമയ്ക്ക് (ചെറുകഥ : സ്മിതാ സോണി, ഒർലാൻഡോ)

“അനിതേ… ഈ കുട്ടിയുടെ കണ്ണാടി നോട്ടം  ഇതുവരെ കഴിഞ്ഞില്ലേ? എപ്പോൾ നോക്കിയാലും ആ കണ്ണാടിയുടെ മുന്നിൽ കാണാം. നിനക്ക് ഒന്നും പഠിയ്ക്കാനില്ലേ?

ഇന്ന്  എന്തേ കുങ്കുമപൊട്ട് നെറ്റിയിൽ വെച്ചില്ലേ?”
അമ്മൂമ്മ രാവിലെ തന്നെ ചോദിച്ചു.

“അമ്മൂമ്മേ, അതിനു എന്ന് കലോത്സവമല്ല; പരീക്ഷയാണ്. എനിയ്ക്കു പേടിയായിട്ടു വയ്യ”

അനിത കണ്ണ് തിരുമ്മി പറഞ്ഞു.

അപ്പൂപ്പൻ പത്രം മടക്കി വെച്ച് ചിരിച്ചു.
“ഇന്നത്തെ പെൺപിള്ളേർക്ക് കുങ്കുമപൊട്ട് വേണ്ട. വായിലൊരു വാക്കും, കയ്യിലൊരു കറുത്ത ബോർഡും മതി.”

“അപ്പൂപ്പാ, അതൊക്കെ ഉണ്ടെങ്കിൽ മനസ്സ് കുഴഞ്ഞുപോകില്ലേ?”
അനിത ചോദിച്ചു.

അപ്പൂപ്പൻ ചിരിച്ചു.
“മനസ്സ് കുഴയുന്നത് കാലത്തിന്റെ പണിയാ.


അനിത ഒരു പേരുകേട്ട തറവാട്ടിലാണ് ജനിച്ചത്. ആളുകൾ വീട്ടിൽ കയറിയാൽ ആദ്യം നോക്കുന്നത് മച്ചിനെയും തൂണിനെയും.
“ഈ വീടിന് എത്ര പഴക്കം?”
“ഇത് ഏതു രാജാവിന്റെ കാലത്തേതാ?”
പക്ഷേ ഒരാളും അനിതയോട് ചോദിച്ചില്ല —
“മോളേ, നിനക്ക് സുഖമാണോ? അച്ഛനൊഴികെ…

അച്ഛൻ ചാരുകസേരയിൽ ഇരുന്നു ദിനപത്രം വായിക്കുകയായിരുന്നു. തളർന്ന അവന്റെ കാലുകൾ ചലിച്ചില്ലെങ്കിലും, കണ്ണുകളിൽ ആഴമുണ്ടായിരുന്നു.

“അച്ഛാ, ഇന്നെനിക്ക് പരീക്ഷയുണ്ട്. എന്തോ ഒരു ധൈര്യക്കുറവ്..അനിത പറഞ്ഞു.

“അച്ഛന്റെ സുന്ദരിക്കുട്ടിയെന്തിനാ പേടിയ്ക്കുന്നെ? നന്നായി പഠിച്ചതല്ലേ?  മറക്കുമെന്നു തോന്നുമ്പോൾ അച്ഛനെ മനസ്സിൽ ധ്യാനിച്ച് ധൈര്യമായി ഉത്തരം എഴുതിക്കോളൂ; ഒക്കെ ശരിയാവും കേട്ടോ” അച്ഛന്റെ വക മോട്ടിവേഷൻ! അത് കേട്ട പാതി കേൾക്കാത്ത പാതി അച്ഛന്റെ രാജകുമാരിയ്ക്കു എവിടെന്നില്ലാത്ത പോലെ ഒരു ധൈര്യം കിട്ടി.

അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു:
“അനിതേ, നീ ഇങ്ങനെ  മെലിഞ്ഞുണങ്ങിയാൽ നാട്ടുകാർ പറയും, ഈ വീട്ടിൽ പെണ്ണിന് ആഹാരം കൊടുക്കുന്നില്ലെന്ന്!”

“അമ്മേ, നാട്ടുകാരോട് പോകാൻ പറ; അവരല്ലലോ എനിയ്ക്കു ചെലവിന് തരുന്നത്”. അനിത പറഞ്ഞു.

ഇളയ സഹോദരൻ അച്ചു ഓടി വന്നു.
“ചേച്ചീ, എന്റെ പാഠപുസ്തകത്തിൽ നീ ഒപ്പിടണം.  സ്കൂളിലെ മാഷ് ചോദിച്ചു വീട്ടിൽ ഏറ്റവും ബുദ്ധിയുള്ളത് ആർക്കെന്ന് .”

“അപ്പോൾ നീ ആരുടെ പേര് എഴുതി?”
“എന്റേത്.”

അനിത ചിരിച്ചു.
“അത് തന്നെയാ കുടുംബഗുണം.”

വീട്ടിലെ ജോലിക്കാരി  ശാന്തേച്ചി ചായ കൊണ്ടുവന്നു.
“മോളേ, ഒരു ചൂടുള്ള ചായ കുടിച്ചാൽ പാതി ചമ്മൽ മാറും.”

“ശാന്തച്ചേച്ചീ, എന്റെ വിഷമം കട്ടിയുള്ളതാ. ചായ അതിൽ ഒഴുകിപ്പോകില്ല,” അനിത പറഞ്ഞു.

വൈകുന്നേരം സ്കൂൾ വിട്ടെത്തിയപ്പോൾ അയൽവാസി നാരായണേട്ടൻ വന്നു. കൂടെ നാരായണേട്ടന്റെ നായ്ക്കുട്ടൻ ടൈഗറും
“ ടൈഗറിന് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ, ആൾ നല്ലവനാ,” നാരായണേട്ടൻ പറഞ്ഞു.

ടൈഗർ അനിതയെ കണ്ട ഉടനെ വാൽ ഇളക്കി.
“കണ്ടോ, എന്റെ മനസ്സ് അവന് മനസ്സിലായി,”
അനിത പറഞ്ഞു. ഉമ്മറത്ത്  അപ്പൂപ്പനും നാറയണേട്ടനും തമ്മിലുള്ള പഴമ്പുരാണം തകൃതിയായപ്പോൾ അനിത പുസ്തകവുമായി പടിയ്ക്കാനെന്ന വ്യാജേന കോലായിലേയ്ക്ക് വലിഞ്ഞു അവിടെ ദിവാസ്വപ്നത്തിൽ മുഴുകി..

കണ്ണടച്ച് തുറന്നപ്പോഴേയ്ക്കും വൈകുന്നേരം മഴ പെയ്തു തീർന്നിരുന്നു. മുറ്റത്ത് വെള്ളം നിൽക്കുമ്പോൾ, അമ്മൂമ്മയും അപ്പൂപ്പനും വരാന്തയിൽ ഇരുന്നു.

“ഇങ്ങേർക്ക് എപ്പോഴും പത്രം തന്നെയാ കൂട്ടുകാരൻ,”
അമ്മൂമ്മ പറഞ്ഞു.

“പത്രം ഇല്ലെങ്കിൽ എനിക്ക് എന്താ നോക്കാൻ?”
അപ്പൂപ്പൻ മറുപടി പറഞ്ഞു. വാടിയ മുഖവുമായി ഉമ്മറത്തേക്ക് ചെന്നപ്പോൾ അമ്മൂമ്മയുടെ കമ്മന്റ്

“കൊച്ചുമോളെ നോക്ക്. അവളുടെ മുഖം വാടിയിരിക്കുന്നു.”

“അവൾക്കൊന്നുമില്ല. ഇപ്പഴത്തെ പിള്ളേർക്ക് എല്ലാം ചിന്തയാ.”

“ചിന്ത നിന്റെ തലയിൽ നിന്നാ പാരമ്പര്യമായി വന്നത്!”

“എന്റെ തലയിൽ ചിന്തയല്ല, അനുഭവം!”

“അതെ, അതെ… അനുഭവം കൊണ്ട് തന്നെയാ ഇങ്ങേർ ഇപ്പോഴും വാക്ക് കേൾക്കാത്തത്!”

അപ്പൂപ്പൻ ചിരിച്ചു.
“നിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ ഞാൻ ഇപ്പഴേ സന്ന്യാസിയായേനെ.”

അനിത അകത്ത് നിന്നു ഇതെല്ലാം കേട്ട് ചിരിച്ചു.
പക്ഷേ ആ ചിരിക്ക് അകത്ത് ഒരു വേദന ഒളിഞ്ഞിരുന്നു. അവൾ അച്ഛന്റെ അരികിൽ ചെന്നിരുന്നു. അച്ഛൻ മിണ്ടാതെയിരുന്നു.
പക്ഷേ അവളുടെ കൈ പിടിച്ചു. ആ പിടിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു….

അമ്മൂമ്മ അകത്തു വന്നു വിളിച്ചു..
“അനിതേ,”

അനിത അടുത്തേക്ക് ചെന്നു.

അമ്മൂമ്മ അവളുടെ നെറ്റിയിൽ ഒരു കുങ്കുമപൊട്ട് തൊട്ടു..
“നീ ചിരിച്ചിരിക്കുന്നതു കണ്ടാൽ എല്ലാവരും കരുതും ഈ പെണ്ണിന് ഒരു വിഷമവുമില്ലെന്ന്. പക്ഷേ  അറിയാം…ചിരിയുള്ളവരുടെ കണ്ണിലാ കൂടുതൽ മഴ.”

അനിതയ്ക്ക് ചിരി വന്നു. അതേ സമയം കണ്ണുനീരും.

“അമ്മൂമ്മേ, ഞാൻ ശക്തിയുള്ളവളാണോ?”
അവൾ ചോദിച്ചു.

അമ്മൂമ്മ ചിരിച്ചു.
“നീ കരഞ്ഞിട്ടും ചിരിക്കുന്നില്ലേ? അതാ ശക്തി.”

 

അപ്പൂപ്പൻ അകത്തു നിന്ന് വിളിച്ചു:
“ഈ വീട്ടിൽ ആരെങ്കിലും കരയുന്നുണ്ടോ?”

“ഇല്ല,”
അമ്മൂമ്മ പറഞ്ഞു.
“ഇവിടെ എല്ലാവരും ജീവിക്കുകയാണ്.”

അനിത കണ്ണാടി നോക്കി. അവളുടെ കുങ്കുമപൊട്ട് നിശ്ചലമായി നിന്നു.

രാത്രിയിൽ, അമ്മൂമ്മ വീണ്ടും അടുത്ത് വന്നു.

“എന്താ എന്റെ കുട്ടിയുടെ മുഖം വാടിയിരിക്കുന്നു?”

അനിത കുറച്ചു നേരം മിണ്ടാതെ നിന്നു.
“അമ്മൂമ്മേ, എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലെന്നു തോന്നുമ്പോഴാ.”

അമ്മൂമ്മ അവളുടെ നെറ്റിയിൽ ഒരു ചുടു മുത്തം കൊടുത്തു;.
“ഈ  കുങ്കുമപൊട്ട് പോലെ നീയും പൂർണ്ണം. ചുറ്റും മുറിവുണ്ടായാലും നടുവിൽ ശാന്തിയുണ്ട്.”

അവൾ കണ്ണാടി അവളുടെ നെറ്റിയിൽ പുഞ്ചിരിയുമായി തിരിച്ചുനോക്കി.
അവളുടെ ഉള്ളിലെ വേദനയും ഒപ്പം നിൽക്കുന്ന സാന്ത്വനവും, കുങ്കുമപൊട്ടിന്റെ  വട്ടത്തിനും ചുറ്റുമുള്ള മുറിവുകൾക്കുമൊപ്പം,
അവളെ ഒരുപാട് നിമിഷങ്ങൾക്കായി വിശ്രമിപ്പിച്ചു.

അനിത ശ്വാസം , കണ്ണുകൾ നിറഞ്ഞു,
“ഞാൻ ചിരിച്ചുകൊണ്ട് താങ്ങുന്നു,”
പക്ഷേ ഈ ചിരി അവളെ വീണ്ടും പൊട്ടലുകളിൽ നിന്നും കരുതുന്ന,അവളെ അവളായി നിലനിർത്തുന്ന തേങ്ങലായി അലിഞ്ഞു, പക്ഷേ അനിതയുടെ ചിരി
പുറത്തേക്കും ഉള്ളിലേക്കും ജീവിതം തുള്ളികൾ പോലെ പൊങ്ങുമ്പോഴും, അവളുടെ മനസ് ആ  തിരയുടെ നടുവിൽ ശാന്തമായി നിൽക്കുന്നു…അച്ഛമ്മ   ചാർത്തിയ കുങ്കുമപ്പൊട്ട് പോലെ… 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക