Image

ആ ദൈവതുല്യന്‍ കടകംപള്ളിയോ..? സ്വര്‍ണക്കൊള്ളയില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി ( എ.എസ് ശ്രീകുമാര്‍)

Published on 02 January, 2026
ആ ദൈവതുല്യന്‍ കടകംപള്ളിയോ..? സ്വര്‍ണക്കൊള്ളയില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി ( എ.എസ് ശ്രീകുമാര്‍)

ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച് ഉത്തരം കിട്ടേണ്ട ഒട്ടേറെ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കെ, റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായിരുന്ന എ പത്മകുമാര്‍ പറഞ്ഞ ആ 'ദൈവതുല്യന്‍' മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് സൂചനകള്‍ ലഭിച്ചു. അറസ്റ്റ് ചെയ്യപ്പെടും മുമ്പ് കഴിഞ്ഞ ഒക്‌ടോബര്‍ 10-ാം തീയതി പത്മകുമാര്‍ പറഞ്ഞതിങ്ങനെയാണ്. ''ശബരിമലയില്‍ മോഷണം നടത്തി ആര്‍ക്കും രക്ഷപെട്ടു പോകാന്‍ കഴിയില്ല. നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും...''

 കഴിഞ്ഞ ശനിയാഴ്ച രഹസ്യ കേന്ദ്രത്തില്‍ വച്ച് എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ കടകംപള്ളിയെ ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും തമ്മില്‍ ബന്ധമുണ്ടെന്ന് കാണിക്കുന്ന പല ഫോട്ടോകള്‍ ഇതിനകം പുറത്തുവന്നിരുന്നു. കടകംപള്ളിയുടെ കഴക്കൂട്ടം മണ്ഡലത്തില്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ വീട് നിര്‍മ്മാണം നടന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. സ്വര്‍ണക്കൊള്ള നടക്കുന്ന 2019 കാലഘട്ടത്തില്‍ കടകം പള്ളിയായിരുന്നു ദേവസ്വം മന്ത്രി. വകുപ്പ് മന്ത്രിയെന്ന നിലയില്‍ മാത്രമല്ല കടകംപള്ളിക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം. സ്വര്‍ണ കൊള്ളയുടെ ഗൂഡാലോചന കടകംപള്ളി അറിഞ്ഞില്ലെന്ന് വിശ്വസിക്കുക പ്രയാസമാണ്.

അതേസമയം, 2023 നവംബറില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പി.എസ് പ്രശാന്ത് പറയുന്നത്, 2019-ല്‍ പൂശിയ സ്വര്‍ണം നിറം മങ്ങി ചെമ്പു തെളിഞ്ഞതിനാലാണ് വീണ്ടും സ്വര്‍ണം പൂശേണ്ടി വന്നത് എന്നാണ്. 2019-ല്‍ സ്വര്‍ണം പൂശിയ കാര്യം പ്രശാന്തിന് അറിയാമായിരുന്നു. അധികാരമേറ്റെടുത്ത പി.എസ് പ്രശാന്ത് അധികം വൈകും മുമ്പേ ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ശ്രമം തുടങ്ങി. അത് ദൈവ തുല്യരുടെ നിര്‍ദേശപ്രകാരം ആയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. പി.എസ് പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ഭരണസമിതി ഇപ്പോള്‍ സംശയ നിഴലിലാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴാം തീയതി ചിങ്ങമാസ പൂജകള്‍ കഴിഞ്ഞ് രാത്രി നട അടച്ചശേഷമാണ് ദ്വാരപാലക പാളികള്‍ സന്നിധാനത്ത് നിന്നും തിടുക്കപ്പെട്ട് കടത്തുന്നത്. എന്നാല്‍ ശബരിമലയില്‍ ഏതു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന 2023-ലെ വിധി ലംഘിക്കുന്ന നടപടിയായിരുന്നു ഇത്. പാളികള്‍ മാറ്റുന്ന വിവരം സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതിരുന്നതും മനപ്പൂര്‍വമാണ്. അധികാരമേറ്റ് അധികം കഴിയും മുമ്പേ പ്രശാന്തും സ്‌പെഷല്‍ കമ്മിഷണറും അടുത്ത സുഹൃത്തുക്കളായി മാറിയെങ്കിലും പിന്നീട് ഇവര്‍ പിണക്കത്തിലായി. ഇവരുടെ അകല്‍ച്ചയ്ക്കുള്ള കാരണം ദുരൂഹമാണ്.

പിന്നീട് സ്‌പെഷല്‍ കമ്മീഷണറാണ് പാളികള്‍ കടത്തിയ കാര്യം ഹൈക്കോടതിയെ അറിയിക്കുന്നത്. അതോടെയാണ് ഞെട്ടിപ്പിക്കുന്ന സ്വര്‍ണക്കൊള്ളയെക്കുറിച്ച് പുറംലോകം അറിയുന്നത്. പല പ്രമുഖരും കുടുങ്ങി. ഇപ്പോള്‍ പ്രശാന്തും കടകംപള്ളിയുമാണ് എസ്.ഐ.ടിയുടെ ചോദ്യ മുനയിലുള്ളത്. പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേയ്ക്ക്  കൊടുത്തുവിടാന്‍ അനുമതി നല്‍കണമെന്ന് പല തവണ പ്രശാന്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ അനുമതി നല്‍കയതെന്ന തന്ത്രിയുടെ മൊഴിയും പ്രശാന്തിന് എതിരാണ്. ബോര്‍ഡ് കൂട്ടായി എടുത്ത തീരുമാനപ്രകാരമാണ് പാളികളില്‍ സ്വര്‍ണം പൂശിയതെന്നായിരുന്നു പ്രശാന്തിന്റെ ന്യായം. ഇതിനെല്ലാം പിന്നില്‍ കടകംപള്ളി ആണെന്ന സംശയം  ബലപ്പെട്ടിട്ടുണ്ട്.

സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എത്രത്തോളം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു..? കണ്ടുകിട്ടിയ സ്വര്‍ണം ശബരിമലയിലേതു തന്നെയാണോ..? ആരാണ് കൊണ്ടുപോയത്..? തൊണ്ടി മുതല്‍ എവിടെ..? തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. സ്വര്‍ണം പൂശാനായി സ്മാര്‍ട് ക്രിയേഷനില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ പണിക്കൂലിയിനത്തില്‍ കൈവശം വച്ച 109.243 ഗ്രാം സ്വര്‍ണം, ഇപ്പോള്‍ റിമാന്‍ഡിലുള്ള കമ്പനിയുടമ പങ്കജ് ഭണ്ഡാരി ഒക്‌ടോബര്‍ 25-ന് എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. അതുപോലെ ബെല്ലാരിയിലെ റോധം ജൂവലറി ഉയമ ഗോവര്‍ധന് നല്‍കിയ 474.960 ഗ്രാം സ്വര്‍ണത്തിനു പകരമായി അതേ അളവിലുള്ള സ്വര്‍ണം ഇയാള്‍ തിരികെ ഒക്‌ടോബര്‍ 24-ന് ഹാജരാക്കി. ഗോവര്‍ധനും റിമാന്‍ഡിലാണ്.

ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍ക്കു മുകളില്‍ രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ടുപാളികള്‍, ദശാവതാര ചിത്രങ്ങളുള്ള രണ്ടുപാളികള്‍, കട്ടിളയുടെ മുകള്‍ പാളി, അതിലെ ശിവ, വ്യാളീ രൂപങ്ങളടങ്ങുന്ന പ്രഭാമണ്ഡലം എന്നിവ കൊള്ള സംഘം 2019-ല്‍ തന്നെ ആസൂത്രിതമായി കടത്തിയെന്നാണ് രുതിയ വിവരം. ഇവ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. സ്വര്‍ണം എവിടെ വിറ്റെന്നു കണ്ടെത്താനായിട്ടില്ല. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൊതിഞ്ഞ പഴയ പാളികളല്ല സന്നിധാനത്ത് ഇപ്പോള്‍ ഉള്ളത് എന്ന കാര്യം ഉറപ്പാണ്. ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച പാളികളുടെ പരിശോധനാ ഫലം തിരുവനന്തപുരം വി.എസ്എസ്.സിയില്‍ നിന്നു ലഭിച്ചാലേ കൂടുതല്‍ വ്യക്തത ഉണ്ടാവൂ. അതിന് അതാനും ദിവസമെടുക്കും.

ഇക്കഴിഞ്ഞ 31-ാം തീയതി ബുധനാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ സ്വര്‍ണത്തിന്റെ അളവിലും മൂല്യത്തിലും വ്യക്തത ലഭിച്ചെന്ന് സൂചനയുണ്ട്. കൊള്ളയടിച്ച സ്വര്‍ണം എന്തു ചെയ്‌തെന്നും പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങള്‍ എന്നിവയെ കുറിച്ചും മൊഴികൊടുത്തു. പ്രതികളായ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു, ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി വ്യാഴാഴ്ച കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക