
ഞാൻ ഒരു അമേരിക്കൻ മലയാളി ആണ്.
അമേരിക്കയിൽ ജീവിക്കുമ്പോഴും മനസ്സിന്റെ ഉള്ളിൽ ഇന്നും “അമ്മ എന്ത് പറയും” എന്ന നോട്ടിഫിക്കേഷൻ ഓഫ് ആക്കാൻ പറ്റാത്ത ഒരാൾ.
എന്റെ ഉള്ളിൽ മൂന്നു പേരുണ്ട് —
ശരി, തെറ്റ്, പിന്നെ മനഃസാക്ഷി.
ഇവർക്കെല്ലാം പൗരത്വം (സിറ്റിസൺഷിപ് ) ഇല്ലെങ്കിലും മനസ്സിൽ ചിരകാലവസത്തിനുള്ള പെർമിറ്റ് (പെർമനന്റ് റെസിഡൻസി) ഉണ്ട്.
ഒരു ശനിയാഴ്ച രാവിലെ.
അലാറം മുഴങ്ങി.
ശരി പറഞ്ഞു:
“നേരത്തെ എഴുന്നേൽക്കണം. നടക്കാൻ പോണം. ആരോഗ്യമാണ് സമ്പത്ത്.”
തെറ്റ് ഉടനെ വന്നു:
“ഇവിടെ അമേരിക്കയിലാണ്. ആഴ്ചയിൽ അഞ്ചുദിവസം പണി.
വീക്കൻഡ് ഉറക്കം ഒരു മൗലിക അവകാശം അഥവാ ബേസിക് ഹ്യൂമൻ റൈറ്റ് ആണ്. ഇവിടെ ഉറങ്ങുന്നത് അലസത അല്ല സ്വയം പരിപാലനം അഥവാ സെൽഫ് കെയർ ആണ്”.
മനഃസാക്ഷി പറഞ്ഞു:
“കേരളത്തിൽ ആയിരുന്നെങ്കിൽ ഈ സമയം അമ്മ വിളിച്ചേനെ.”
അവസാനം ഞാൻ ചെയ്തത്?
അലാറം ഓഫ്. വീണ്ടും ഉറക്കം.
പിന്നീട് അല്പം ജാള്യതയും കുറ്റബോധവുമായി
എഴുന്നേൽക്കുമ്പോൾ ഫിറ്റ്നസ് വാച്ചിന്റെ കമ്മന്റ് “താങ്കൾ ഏറെ നേരമായി ദീർഘ ശ്വാസം എടുക്കാൻ മറന്നുപോയിരിക്കുന്നു. ആർ യു എലൈവ്?”
മനഃസാക്ഷി ഒന്നും പറഞ്ഞില്ല.
അത് തന്നെയായിരുന്നു ശിക്ഷ.
എന്നാൽ പിന്നെ ഒരു നല്ല കാപ്പി കുടിച്ചു ദിവസം തുടങ്ങാമെന്ന വ്യാമോഹവുമായി സ്റ്റാർബക്‌സിലെ കോഫി വാങ്ങാൻ പുറത്ത് പോയി.
കൗണ്ടറിൽ നിന്ന് തെറ്റായി അഞ്ചു ഡോളർ അധികം കിട്ടി.
ശരി:
“തിരിച്ചു കൊടുക്കണം. തിരിച്ചു കൊടുക്കണം.
നമുക്ക് ഒരു സംസ്കാരം ഉണ്ട് സത്യസന്ധതയാണ് നമ്മുടെ സംസ്കാരം.”
തെറ്റ്:
“ഇവിടെ ഇൻഷുറൻസും ഗ്യാസും എല്ലാം വില കേട്ടാൽ ഹാർട്ട് അറ്റാക്ക് വരുന്ന കണക്കിൽ
ആണ്. പോരാത്തതിന് അങ്ങേയറ്റത്തെ വിലക്കയറ്റം .. ഇതിനെ ഒരു ചെറിയ അനുഗ്രഹം പോലെ കണ്ടാൽ പോരേ?
മനഃസാക്ഷി:
“നാളെ പള്ളിയിൽ കണ്ടാൽ കണ്ണിൽ നോക്കി നിൽക്കാൻ പറ്റുമോ?”
ഞാൻ പണം തിരിച്ചു കൊടുത്തു.
ശരി സന്തോഷിച്ചു.
തെറ്റ് പതുക്കെ പറഞ്ഞു:
“അതുകൊണ്ടാണ് നീ ഇപ്പോഴും മിഡ്‌ഡിൽ ക്ലാസ്.”
ഓഫീസിൽ സൂം മീറ്റിംഗ്.
മാനേജർ ചോദിച്ചു:
“ഫയൽ വൈകിയത് എന്തുകൊണ്ടാണ്?”
ശരി:
“സത്യം പറ. ഉത്തരവാദിത്വം പ്രധാനമാണ്.”
തെറ്റ്:
“ടൈംസോൺ പ്രശ്നം, സിസ്റ്റം സ്ലോ, നെറ്റ് ഇഷ്യൂ…
ഇതിൽ ഏതെങ്കിലും പറഞ്ഞാൽ മതി.”
മനഃസാക്ഷി:
“നീ എന്ത് പറഞ്ഞാലും അവർ ഡാറ്റ നോക്കും.”
ഞാൻ പറഞ്ഞു:
“ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.”
മാനേജർ പറഞ്ഞു:
“അടുത്ത തവണ മെച്ചപ്പെടുത്താം.”
ശരിയും തെറ്റും ഒന്നും പറഞ്ഞില്ല.
മനഃസാക്ഷി മാത്രം മനസ്സിൽ ചിരിച്ചു.
രാത്രി കിടക്കുമ്പോൾ ഞാൻ ചിന്തിച്ചു.
ശരിയാണോ എപ്പോഴും ശരി?
തെറ്റാണോ ജീവിതം സുഖമാക്കുന്നത്?
അല്ലെങ്കിൽ മനഃസാക്ഷിയാണോ ഏറ്റവും വലിയ കോടതി?
അവസാനം മനസ്സിലായി —
ശരി ഉപദേശം നൽകും.
തെറ്റ് പ്രലോഭിപ്പിക്കും.
പക്ഷേ മനഃസാക്ഷി…
അത് ഉറങ്ങാൻ അനുവദിക്കില്ല.
അതുകൊണ്ടാണ് ഞാൻ ഇന്നും മനഃസാക്ഷി ലൈഫ്‌ടൈം സബ്സ്ക്രിപ്ഷൻ ആക്കി
ഒരു ശരാശരി അമേരിക്കൻ മലയാളി ആയി ജീവിക്കുന്നത്.
വലിയ മഹാനുമല്ല, വലിയ കുറ്റവാളിയുമല്ല.
അമ്മയുടെ ശബ്ദവും, ഡോളറിന്റെ സമ്മർദ്ദവും,
മനഃസാക്ഷിയുടെ ശാന്തമായ കുറ്റബോധവും
ഒരുമിച്ച് ബാലൻസ് ചെയ്തുകൊണ്ട്.