
മുൻ അധ്യായങ്ങളിൽ അർജുനന്റെ ചോദ്യങ്ങൾക്ക് ഭഗവാൻ മറുപടി പറയുന്നതാണ്. ഇതിൽ ഭഗവാൻ അർജുനനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് അധ്യായം ആരംഭിക്കുന്നത് ഭഗവൻ പറഞ്ഞു എന്നാണ്. ആരാണ് പുരുഷോത്തമൻ? ഉത്തമപുരുഷൻ? അദ്ദേഹത്തിനു വേണ്ട ഗുണങ്ങൾ സ്വന്തം ഉദാഹരണം കൊടുത്ത് ഈ അധ്യായത്തിൽ വർണ്ണിച്ചിരിക്കുന്നു. ഈ അധ്യായത്തിൽ തലകീഴായി നിൽക്കുന്ന ഒരു അരയാലിനെപ്പറ്റി (അശ്വത്ഥ) പറയുന്നു. അരയാൽ പ്രതിനിധാനം ചെയ്യുന്നത് ഈ പ്രപഞ്ചത്തെയാണ്. ഇത് പ്രതീകാത്മകമാണ്. ഇതിന്റെ വേര് ഈശ്വരനാണ്. നമ്മൾ വേരിൽ നിന്നും അകന്നു പല ശാഖകളായി കീഴ്പ്പോട്ട് വ്യാപരിക്കുന്നു. അതിന്റെ ഇലകൾ വേദ ശ്ലോകങ്ങളാണ്. അതിനെ പോഷിപ്പിക്കുന്നത് സത്വം, രജസ്, തമസ് എന്നീ പ്രകൃതിഗുണങ്ങളാണ്.
നമ്മുടെ മനസ്സിലുണ്ടാകുന്ന നല്ലതും ചീത്തയുമായ ചിന്തകൾ മൂലമാണ് ശാഖകൾ താഴോട്ടും, കീഴോട്ടും പടരുന്നത്. നമ്മളുടെ കർമ്മങ്ങൾ നമ്മളെ ഈ ലോകവുമായി ബന്ധിപ്പിക്കുന്നു.ഇതിലെ ഇലകളെ നമ്മുടെ കർമ്മത്തോടെ ഉപമിക്കുന്നു. അതായത് വൃക്ഷത്തിന്റെ ഇലകൾ തളിർക്കുകയും പൊഴിയുകയും ചെയ്യുന്ന പോലെ കർമ്മഫലങ്ങൾ മാറി വരുന്നു. നമ്മുടെ മോഹങ്ങൾ കാറ്റാണെന്നു ഉപമിക്കുന്നു. അതായത് നമ്മുടെ കാമവാസനകളാകുന്ന കാറേറ്റ് ഈ ഇലകൾ ചലിക്കുന്നു.നമ്മുടെ ആഗ്രഹങ്ങൾ ഈ അരയാലിനെ നട്ടുവളർത്തുന്നു. അഹംഭാവം, ബന്ധം, കാമം തുടങ്ങിയ വികാരങ്ങളെ വിരക്തിയെന്ന ആയുധം കൊണ്ട് മുറിച്ചാലേ ഈ മരം നശിക്കയുള്ളു.. അല്ലാതെ ഇത് നശിക്കയില്ല. അതിനായി നമ്മൾ ജ്ഞാനം നേടണം.
ഇനി വിശദമായി
അനശ്വരമായ ഒരു അരയാലിനെ കുറിച്ച് ജ്ഞാനികൾ പറയുന്നുണ്ട്. അതിന്റെ വേര് മുകളിലും ചില്ലകൾ താഴെയുമാണ്. വേദഗീതികൾ അതിന്റെ ഇലകളും. അതാർ അറിയുന്നുവോ അവർ വേദത്തെ അറിയുന്നു.
ശ്രീഭഗവാൻ ഉവാച:
ഊർധ്വമൂലമധ: ശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാആം സിയസ്യ പർണാനി
യസ്തം വേദ സ വേദവിത്
അരയാലിനു അശ്വത്ഥം എന്ന പേര് വന്നത് കുതിരകൾ അതിന്റെ തണലിൽ നിൽക്കാറുള്ളതുകൊണ്ടാണത്രെ. അരയാൽ വൃക്ഷത്തെ ഈ ലോകത്തോട് താരതമ്യപ്പെടുത്താൻ ഉപയോഗിച്ചതിന് കാരണം ശങ്കരാചാര്യർ പറയുന്നത് "സ്വ എന്നാൽ നാളെ എന്നും സ്ഥ എന്നാൽ സ്ഥിതിചെയ്യുന്നതും എന്നർത്ഥം”. അശ്വത്ഥം എന്ന് പറയുമ്പോൾ നാളേയ്ക്ക് അവശേഷിക്കാത്തത് എന്നർത്ഥം. ക്ഷണികവും എപ്പോഴും മാറികൊണ്ടിരിക്കുന്നതുമാണ് ലോകമെന്നു ചുരുക്കം. ത്രിഗുണങ്ങളാൽ പോഷിപ്പിക്കപ്പെട്ടും ഇന്ദ്രിയവിഷയങ്ങളുടെ പച്ചപ്പടർപ്പിൽ മൂടിയും അതിന്റെ ചില്ലകൾ ഉയരത്തിലേക്കും താഴേക്കും പടർന്നുകിടക്കുന്നു. താഴെയുള്ള മനുഷ്യലോകത്തിൽ അതിന്റെ വേരുകൾ മനുഷ്യരുടെ കർമ്മബന്ധങ്ങളിൽ പിണഞ്ഞു കിടക്കുന്നു. (സംസ്കൃതശബ്ദോൽപ്പത്തി ശാസ്ത്രമനുസരിച്ച് വൃക്ഷം എന്ന പദത്തിന്റെ അർഥം "മുറിച്ച് വീഴ്ത്താവുന്നത്" എന്നാണത്രെ. സംസാരാമാകുന്ന വൃക്ഷത്തെ ഈശ്വരധ്യാനത്തിലൂടെ മുറിച്ച് വീഴ്ത്താമെന്നു ഇതിനെ വ്യാഖാനിക്കാം. പിന്നീടുള്ള ശ്ലോകങ്ങളിൽ ഇതേപ്പറ്റി പറയുന്നുണ്ട്.)
ഇഹലോകാസക്തരായവർക്ക് ഈ സംസാരവൃക്ഷത്തെ മേല്പറഞ്ഞപ്രകാരം ഒറ്റനോട്ടത്തിൽ മുഴുവനായി കാണാൻ സാദ്ധ്യമല്ല. അതിന്റെ ആദ്യമോ, അന്തമോ, ഉൽപ്പത്തിയോ ആർക്കുമറിഞ്ഞുകൂടാ.വേരൂന്നി ഉറച്ചുനിൽക്കുന്ന ഈ വൃക്ഷത്തെ വൈരാഗ്യമെന്നു ഉറപ്പുള്ള മഴുകൊണ്ട് വെട്ടിമുറിച്ച് കളയണം. ആരിൽ നിന്നാണോ ശാശ്വതമായ ഈ പ്രപഞ്ചം പ്രവഹിപ്പിച്ചിട്ടുള്ളത് ആ ആദിപുരുഷനിൽ ഞാൻ അഭയം പ്രാപിക്കുന്നു. ഈ സംസാരത്തിലേക്ക് തിരിച്ചുവരവില്ലാത്ത ആ അവസ്ഥയെ മനുഷ്യൻ പ്രാപിക്കണം. മോഹത്തിൽ നിന്നും അഹങ്കാരത്തിൽ നിന്നും മുക്തി നേടി ആസക്തിയെ ജയിച്ച് നിരന്തരം അദ്ധ്യാത്മധ്യാനത്തിൽ മുഴുകി എല്ലാവിധ കാമങ്ങളിൽ നിന്നും ഒഴിഞ്ഞു സുഖദുഃഖ ദ്വന്ദങ്ങളിൽ നിന്ന് മുക്തി നേടി.
വ്യാമോഹങ്ങളില്ലാത്തവരായവർ ആ പരമപദത്തെ പ്രാപിക്കുന്നു. യാതൊരു സ്ഥാനത്തെത്തിയവർ പിന്നെ തിരിച്ച് വരുന്നില്ലയോ അതിനെ സൂര്യനോ, ചന്ദ്രനോ, അഗ്നിയോ പ്രകാശിപ്പിക്കുന്നില്ല. അതാണ് എന്റെ പരമമായ സ്ഥാനം. (എല്ലാ പ്രകാശങ്ങളും പരമജ്യോതിയിൽ നിന്നുമുണ്ടാകുന്നു. അതിനാൽ മനുഷ്യനേത്രങ്ങൾക്ക് പരിചയമുള്ള സൂര്യനോ, ചന്ദ്രനോ, അഗ്നിയോ ആ പരമജ്യോതിസ്സിനെ പ്രകാശിപ്പിക്കുന്നില്ലെന്നർത്ഥം.) എന്നിൽനിന്ന് സനാതനമായ ഒരംശം ഈ ലോകത്തിൽ ജീവാത്മാവായി ഭവിച്ച് പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും, തന്നിലേക്ക് തന്നെ ആകർഷിക്കുന്നു. മനസ്സുകൊണ്ട് ചിന്തിക്കുന്നതും വികാരങ്ങൾക്കധീനമാകുന്നതും ഇന്ദ്രിയങ്ങളെകൊണ്ട് ശബ്ദം സ്പർശം കേൾവി മുതലയാവ അനുഭവിക്കുന്നതും ജീവാത്മാവിന്റെ തന്നെ സഹായത്താലാണ്. ജീവാത്മാവ് ശരീരത്തിൽ പ്രവേശിക്കുമ്പോഴും അതിനെ വിട്ടുപോകുമ്പോഴും മനസ്സിനെയും ജ്ഞാനേന്ദ്രിയങ്ങളെയും (മേൽപ്പറഞ്ഞ) കൂടെ കൊണ്ടുപോകുന്നു. കാറ്റ് പുഷ്പങ്ങളിലെ സുഗന്ധം കൊണ്ട് പോകുന്നപോലെ. (മനസ്സും ഇന്ദ്രിയങ്ങളും എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു വ്യക്തി ജീവിച്ചിരുന്നപ്പോഴത്തെ അന്തഃകരണവും ഇന്ദ്രിയാനുഭവങ്ങളിലൂടെ ആർജ്ജിച്ച വാസനയുമാണ്. അങ്ങനെ ഇന്ദ്രിയങ്ങളിലധിഷ്ഠതനായി അത് ഇന്ദ്രിയ വിഷയങ്ങളെ ആസ്വദിക്കുന്നു. (ജീവാത്മാവിനു നേരിട്ട് വിഷയങ്ങളായി ബന്ധമില്ല. കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ചാണത് വിഷയങ്ങളെ അനുഭവിക്കുന്നത്. ത്രിഗുണങ്ങളോടു കൂടി വിഷയങ്ങളെ അനുഭവിക്കുന്നവനായും ദേഹം വിട്ടുപോകുന്നവനായും, ദേഹത്തിൽ സ്ഥിതിചെയ്യുന്നവനായും ജീവാത്മാവിനെ മൂഢന്മാർ മനസ്സിലാക്കുന്നില്ല. എന്നാൽ ജ്ഞാനദൃഷ്ടിയുള്ളവർ അത് മനസിലാക്കുന്നു. പൂർണ്ണതക്ക് വേണ്ടി യത്നിക്കുന്ന യോഗികകൾ തന്നിൽ വസിക്കുന്നവനായി അവനെ (ആത്മാവിനെ) അറിയുന്നു. എന്നാൽ മൂഢ രും ആത്മശുദ്ധിയില്ലാത്തവരും പരിശ്രമിക്കുണ്ടെങ്കിലും അവനെ കാണുന്നില്ല. ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യനിലുള്ള വെളിച്ചം ചന്ദ്രനിലും തീയിലുമുള്ള ആ വെളിച്ചം എന്നിലുള്ള (പരമാത്മാവ്) വെളിച്ചമാണെന്നറിയുക. സകല ചരാചരങ്ങൽക്കും ഊർജ്ജം നൽകി ഭൂമിയിൽ വ്യാപാരിച്ച്നിൽക്കുന്ന ഞാൻ എല്ലാ സസ്യജാലങ്ങളെയും നിലവിൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളിലും ജഠരാഗ്നിയായി പ്രാണൻ (കഴിച്ച ഭക്ഷണം അന്നനാളം വയറ്റിലേക്കും) അപാനൻ ( കഴിച്ച ഭക്ഷണം ദഹനത്തിനും അതിലെ സത്ത് ലയിപ്പിച്ചതിനും ശേഷം പുറത്തേക്ക് വിക്ഷേപിക്കൽ ) എന്നിവകളോട് ചേർന്ന് നാലു വിധത്തിലുള്ള (ചവയ്ക്കുക, വിഴുങ്ങുക, ഈമ്പുക, നക്കുക) ഭക്ഷണത്തെയും ദഹിപ്പിക്കുന്നു.
എന്നിൽ നിന്നാണ് ഓർമ്മ, അറിവ്, മറവി എല്ലാം ഉണ്ടാകുന്നത്. എല്ലാ വേദങ്ങളാലും അറിയപ്പെടേണ്ടവൻ ഞാനാണ്. ഞാൻ തീർച്ചയായും, വേദാന്തത്തിന്റെ കർത്താവ് ആണ്. എല്ലാ വേദങ്ങളും അറിയുന്നവനാണ്. ക്ഷരവും അക്ഷരവുമായി രണ്ടു തരം പുരുഷസ്വരൂപങ്ങൾ ഈ ലോകത്തിലുണ്ട്.
ദ്വാവിമൌ പുരുഷൌ ലോകേ
ക്ഷരശ്ചാക്ഷര ഏവ ച ।
ക്ഷരഃ സർവാണി ഭൂതാനി
കൂടസ്ഥോഽക്ഷര ഉച്യതേ (15 : 16 )
എല്ലാ ജീവജാലങ്ങളും നശിക്കുന്നതാണ്. കൂടസ്ഥനെ അക്ഷരപുരുഷൻ എന്ന് വിളിക്കുന്നു. (കൂടം കൊല്ലന്റെ ആലയിൽ ലോഹങ്ങളെ വ്യത്യസ്തരൂപമാക്കാൻ ഉപയോഗിക്കുന്നതാണ്. കൂടസ്ഥം എന്നതിന് കൂടം പോലെ ഇരിക്കന്നത് എന്നർത്ഥമാകാം.എല്ലാ മാറ്റങ്ങൾക്കിടയിലും ആത്മാവ് മാറ്റമില്ലാതെയിരിക്കുന്നു എന്ന് സാരം) ക്ഷുരപുരുഷനിൽ നിന്നും അക്ഷരപുരുഷനിൽ നിന്നും അനന്യനായി ഒരു ഉത്തമപുരുഷനുണ്ട്. അവൻ ഈ ലോകത്തിൽ വ്യാപരിച്ചിരിക്കുന്നു.
ഉത്തമഃ പുരുഷസ്ത്വന്യഃ
പരമാത്മേത്യുധാഹൃതഃ ।
യോ ലോകത്രയമാവിശ്യ
ബിഭര്ത്യവ്യയ ഈശ്വരഃ (15 :17 )
ഈ ലോകത്തെ നിലനിറുത്തുന്നു. അത് പരമാത്മാവ് എന്നറിയപ്പെടുന്നു . ഞാൻ ക്ഷരങ്ങളെ അതിക്രമിച്ചവനാകയാൽ ഞാൻ അക്ഷരപുരുഷനെക്കാളും ഉത്തമനാണ്. അതിനാൽ ഈ ലോകത്തിലും വേദങ്ങളിലും ഞാൻ പുരുഷോത്തമൻ എന്നറിയപ്പെടുന്നു.
യസ്മാത്ക്ഷരമതീതോഽഹമ-
ക്ഷരാദപി ചോത്തമഃ ।
അതോഽസ്മി ലോകേ വേദേ ച
പ്രഥിതഃ പുരുഷോത്തമഃ (15 : 18 )
മോഹവർജിതനായ ഒരുവൻ എന്നെ പുരുഷോത്തമനായി അറിയുന്നുവോ അവൻ എല്ലാം അറിഞ്ഞവനായി സകലപ്രകാരത്തിലും എന്നെ ഭജിക്കുന്നു.അല്ലയോ, അനഘാ.. അങ്ങനെ ഞാൻ നിനക്ക് ഏറ്റവും രഹസ്യമായ ശാസ്ത്രങ്ങൾ വെളിപ്പെടുത്തി തന്നു കഴിഞ്ഞു. ഇത് മനസ്സിലാക്കുന്നവൻ ബുദ്ധിപൂർവം അവന്റെ കർത്തവ്യങ്ങൾ വേണ്ടപോലെ ചെയ്യുന്നു.
അധ്യായം 15 സമാപ്തം
അടുത്തത് : ദൈവാസുരസമ്പദ് വിഭാഗയോഗം
Read More: https://www.emalayalee.com/writer/11