
സ്മൃതിയതിൽ മഞ്ഞ് വീഴുന്നു ചിറകടിച്ചൊരു-
പകൽ മാഞ്ഞുപോകുന്നു പിന്നെയും
ഇരുൾ വകഞ്ഞെത്തി പുതിയ വർഷം മഞ്ഞു-
തരികളിൽ നിന്ന് പൂക്കൾ വിടർന്ന പോൽ
സമയസ്തൂപത്തിൽ നിന്ന് പക്ഷിക്കൂട്ട-
മതിരതില്ലാത്ത യാത്രയ്ക്കൊരുങ്ങവേ
കനലതിൽ നെരിപ്പോടിലെ തീപ്പൊരി മനസ്സിലെ
വിളക്കൊന്നായ് തെളിക്കവേ
മെഴുതിരിക്കും, വിശുദ്ധകുർബാനക്കു-
മിടയിലാൾക്കൂട്ടമൊഴുകി നീങ്ങും വഴി
പുതിയ പുസ്തകത്താളിലുണ്ടണർവിൻ്റെ
വരികൾ, ജപമുത്തുമാല പോൽ ഭൂമിയും
പതിയെയാകുന്നു സർവ്വവും കാറ്റിൻ്റെ
ലയമതും, പതിഞ്ഞാർദ്രമാമാതിര-
ക്കുളിര് ചൂടുന്ന പാതിരാപ്പൂവുകൾ
ലയമതെല്ലാമടക്കുന്ന സാഗരം
മകരമഞ്ഞിൻ്റെ മൺതരിപ്പാട്ടുകൾ
വിട പറഞ്ഞമ്മ പോയ കണ്ണീർക്കടൽ
ജനനഗൂഢസത്യത്തിൻ്റെ ലിപികളിൽ
ഇനിയുമുണ്ടാം നിയോഗം, നിരാസങ്ങൾ
ശമനതാളം പ്രപഞ്ചം ചലിക്കുന്ന-
നിയത-താളം, ഋതുക്കളെ ചേർക്കുന്ന-
ലിപികളാലേഖനം ചെയ്ത് നിൽക്കുന്ന-
അതിനിഗൂഢമാം മൺശില്പശാലകൾ!
സുഖവുമാദു:ഖമനുഭവം തീരുന്ന-
സമതലങ്ങൾ സമാന്തരപാതകൾ
എഴുതിയിട്ടും അപൂർണ്ണമാം കവിത പോൽ
ഹൃദയസ്പന്ദനം ശിശിരകാലം പോലെ