Image

കഴിഞ്ഞ കാലം, നല്ല കാലം (auld lang syne) - പുതുവത്സരക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ

Published on 01 January, 2026
കഴിഞ്ഞ കാലം, നല്ല കാലം (auld lang syne) - പുതുവത്സരക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ

പുതിയവർഷത്തെ വരവേൽക്കാൻ ഇംഗ്ളീഷ്ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ സമൂഹഗാനം പോലെ പാടുന്ന പാട്ടിലെ നാലാമത്തെവരിയിൽ ആവർത്തിച്ചുവരുന്ന വരിയാണ് ഈ ലേഖനത്തിനു ശീർഷകമായി കൊടുത്തിരിക്കുന്നത്.  ഇത് സ്‌കോട്ടിഷ് ഭാഷയിൽ അവരുടെ ഗായകകവി റോബർട്ട് ബേൺസ് എഴുതിയതാണ്. പഴയ കാലവും പഴയ കൂട്ടുകാരെയും നമ്മൾ മറക്കണോ? എന്ന് തുടങ്ങുന്ന ഗാനം. ഗതകാല സ്മരണകളുടെ ഒരു പ്രതിഫലനമാണി കവിതയിൽ കാണുന്നത്.  അതായത് ഗതകാലസ്മരണകളിലേക്ക്ഒരു തിരിഞ്ഞുനോട്ടം. പരസ്പരം പങ്കു വച്ച സാഹസങ്ങൾക്ക് കൂട്ടായി നിന്ന കൂട്ടുകാരെ മറക്കേണ്ട പുതുവർഷത്തിൽ പലവഴിയായി അവർ പിരിയുമ്പോൾ അവരോട് സ്നേഹാന്വേഷണങ്ങൾ നടത്തി അവർക്ക് പാനോപചാരങ്ങൾ ചെയ്യുക. 

പുതുവത്സരപ്പിറവയിൽ എല്ലാവരും ചിന്തിക്കുന്നത് പഴയതെല്ലാം മറന്നു പുതിയത് ആരംഭിക്കണോ അതോ പഴയതിൽ വന്ന പാളിച്ചകൾ മാറ്റി അതിനെ ഗുണകരമാക്കി മാറ്റി മുന്നോട്ടു പ്രയാണം ചെയ്യണോ എന്നൊക്കെയാണ്. തന്മൂലമുണ്ടാകുന്ന നിശ്ചയമില്ലായ്മയും ആശയക്കുഴപ്പങ്ങളുമൊക്കെ പുതുവത്സരപ്പിറവിയുടെ കൂടപ്പിറപ്പുകളാണ്. 
ഗൃഹാതുരത്വം മനുഷ്യരുടെ തീരാവ്യാധിയാണ്. എല്ലാവർക്കും പഴയതു നല്ലതെന്നു തോന്നുന്നു. നഷ്ടപ്പെട്ട ഭൂതകാലം നല്ലത്,  വരാനുള്ള ഭാവി വളരെ  നല്ലത്. വർത്തമാനകാലത്തിൽ അവർ സംതൃപ്തരല്ല. മനുഷ്യരുടെ പകുതി പ്രശ്നങ്ങൾ അവൻ ഇന്ന് ജീവിക്കുന്നില്ല എന്നാണു. മനുഷ്യരുടെ ആത്മീയ ചിന്തകളെ ജ്വലിപ്പിച്ച പേർഷ്യയിലെ  ദാർശനിക കവിയായ മൗലാന ജലാ ലുദ്ധിൻ മുഹമ്മദ് റൂമിയുടെ ഒരു കവിതയുടെ ഏകദേശ സാരം ഇങ്ങനെയാണ്.  “തിരിഞ്ഞു നോക്കരുത്, ലോകാരംഭം ആർക്കും അറിയില്ല, ഭാവിയെ ഭയക്കരുത്, ഒന്നും ശാശ്വതമല്ല, നിങ്ങൾ കഴിഞ്ഞകാലത്തും ഭാവിയിലും ജീവിക്കുമ്പോൾ ഈ നിമിഷം നിങ്ങൾക്ക്  നഷ്ടമാകുന്നു”. പ്രണയത്തെ ഏറെ പ്രകീർത്തിച്ച കവിയാണ് റൂമി. അദ്ദേഹം പറഞ്ഞു "പ്രണയത്തെ ഒഴികെ മറ്റെല്ലാം തീയിട്ടു നശിപ്പിക്കുക" എന്ന്.  അതുകൊണ്ടു ഈ ലേഖകനും പറയുന്നു  പ്രണയിക്കുക, ജീവിതം ആഘോഷമാക്കുക അപ്പോൾ ജീവിതം മനോഹരമാകും. പിറക്കാത്ത നാളെയെക്കുറിച്ച്, മരിച്ച ഇന്നലെയെക്കുറിച്ച് എന്തിനു ചിന്തിക്കുന്നു, ഇന്ന്, ഈ നിമിഷം മധുരമയമാണെങ്കിൽ എന്ന് ഒമർ ഖയ്യാം പാടുന്നു.

നമ്മുടെയെല്ലാം പുതുവർഷം നമ്മുടെ ജന്മദിനമാണ്. ഓരോ പിറന്നാൾ പുലരിയും നമ്മെ ചിന്തിപ്പിക്കുന്നു. നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നമ്മെ ബോധവാന്മാരാക്കുന്നു. ഇനിയും എത്ര വർഷങ്ങൾ എന്ന ഉത്കണഠ നമ്മിൽ നിറയുന്നു. ഈ ആഘോഷം നമ്മുടെ കുടുംബവും കൂട്ടുകാരുമായി ഒതുങ്ങുമ്പോൾ ലോകമെമ്പാടും ആനന്ദത്തോടെ കൊണ്ടാടുന്ന ഒന്നാണ് ജനുവരി ഒന്ന് എന്ന പുതുവർഷം. മനുഷ്യൻ സമൂഹജീവിയാണ്. അതുകൊണ്ട് പൊതുവായി ആഘോഷിക്കുന്ന വിശേഷങ്ങൾ അവനു കൂടുതൽ സന്തോഷം പകരുന്നു.

പുതുവർഷം എന്ന പേരിൽ ആഘോഷങ്ങൾ ആരംഭിച്ചത് നാലായിരം വർഷങ്ങൾക്ക് മുമ്പ് ബാബിലോണിയയിൽ  നിന്നാണെന്നു വിശ്വസിച്ചു വരുന്നു.  വാസ്തവത്തിൽ ഇങ്ങനെ ഒരു ആഘോഷത്തിനു തുടക്കമിട്ടത് നമ്മുടെ ജന്മദിനം തന്നെയായിരിക്കും. ഒന്നുചേരാനും സന്തോഷം പങ്കിടാനുമുള്ള മനുഷ്യന്റെ നൈസ്സർഗികമായ ആവേശമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടാകുക. പ്രകൃതി കനിഞ്ഞു വിളവുകൾ നൽകിയപ്പോൾ, ഋതുക്കൾ പൂത്തുലഞ്ഞപ്പോൾ, രാജാക്കന്മാർ ശത്രുക്കളെ ജയിച്ച് രാജ്യം രക്ഷിച്ചതിന്റെ ചരിത്രം ഓർത്തു വയ്ക്കാൻ തുടങ്ങിയപ്പോൾ അങ്ങനെ ഓരോ വിശേഷങ്ങൾ മനുഷ്യർ കൊണ്ടാടി.

ജനുവരി ഒന്നിന് തന്നെ പുതുവത്സര തീരുമാനങ്ങൾ എടുക്കേണ്ട കാര്യമില്ല കാരണം പുതുവർഷം ഔദ്യോഗികമായി ജനുവരി ഒന്നിനാണെങ്കിലും പല രാജ്യക്കാർക്കും സംസ്കാരങ്ങൾക്കും അത് വേറെ വേറെ ദിവസങ്ങളിലാണ്. അതുകൊണ്ട് അടുത്ത ദിവസം തെറ്റിക്കാനുള്ള പുതുവർഷ തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. സൂര്യനും ആ കാര്യത്തിൽ മനുഷ്യന് ഒപ്പമാണ്. സൂര്യൻ ആദ്യം ഉദിക്കുന്ന രാജ്യം കിരിബാതി (Kiribati) ആണ്. കിരിബാതിയിലെ മില്ലേനിയം ദ്വീപ് (Millennium Island), കരോളിൻ ദ്വീപ് (Caroline Island) എന്നും അറിയപ്പെടുന്നു, ഇതാണ് എല്ലാ ദിവസവും ആദ്യം സൂര്യോദയം കാണുന്ന ഭൂമിയിലെ സ്ഥലം.സൂര്യൻ ഉദിക്കുന്ന നാട്" എന്ന് ജപ്പാനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി ആദ്യം സൂര്യൻ ഉദിക്കുന്നത് കിരിബാതിയിലാണ്. ന്യൂസിലാൻഡിൻ്റെ ഈസ്റ്റ് കേപ്പും (East Cape) ആദ്യം സൂര്യോദയം കാണുന്ന സ്ഥലങ്ങളിൽ ഒന്നാണ്. നമ്മൾ പുതുവർഷം എന്നും പറഞ്ഞു കണ്ണ് തിരുമ്മി വരുമ്പോഴേക്കും സൂര്യൻ പലയിടങ്ങളിലും ഉദിച്ചുകഴിഞ്ഞുകാണും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ആദ്യത്തെ സൂര്യോദയം എന്നതിന് പ്രസക്തിയില്ലെന്നു ശാസ്ത്രജ്ഞമാർ പറയുന്നു. മനുഷ്യർ അവന്റെ സൗകര്യമനുസരിച്ച് കാലത്തെ നാഴികകളായും, വിനാഴികകളായും, ദിവസങ്ങളായും, മാസങ്ങളായും  വര്ഷങ്ങളായും തിരിച്ചിരിക്കുന്നുവെന്നു മാത്രം. അതുകൊണ്ട് പുതുവത്സരം എന്ന ദിവസത്തിനു വലിയ പ്രാധാന്യം കല്പിക്കേണ്ട കാര്യമില്ല. ഇയ്യിടെ വാട്സാപ്പിൽ വന്ന ഒരു സന്ദേശം. പുതുവർഷം എന്ന് പറഞ്ഞു വെകിളി പിടിക്കേണ്ട. കലണ്ടർ മാത്രമേ മാറുന്നുള്ളു. നിങ്ങളുടെ ജീവിതപങ്കാളിയും ജോലിയുമൊക്കെ അതേപോലെ തന്നെയുണ്ടാകും.

2026 നല്ലത് മാത്രം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. എന്നാൽ പ്രതീക്ഷിച്ചിരുന്നാൽ ഫലമൊന്നും ഉണ്ടാകില്ല. പ്രവർത്തിയാണ് ഫലം തരുന്നത്. ഇപ്പോൾ ഭാവി ഫലം പറയുന്നവരും, ആൾദൈവങ്ങളും ഓരോരുത്തരുടെ നാളു (ജന്മനക്ഷത്രം) നോക്കി പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. പലരും കബളിപ്പിക്കപ്പെടുന്നു.  വിജയത്തിലേക്ക് കുറുക്കുവഴികൾ ഇല്ല. ആത്മീയ സമ്പന്നത ഒരാൾക്കുണ്ടാകുന്നത് അയാളെ നിർഭയനാക്കാൻ സഹായിക്കുന്നു. പേർഷ്യൻ കവി റൂമി ഇങ്ങനെ ഉപദേശിക്കുന്നു. ഓരോ നിമിഷവും ഈശ്വരനിൽ നിന്നുള്ള പരശതം സന്ദേശങ്ങളാൽ നിറഞ്ഞതാണ്. എന്റെ ദൈവമേ എന്നൊരാൾ വിളിക്കുമ്പോൾ ഞാൻ ഇവിടെയുണ്ടെന്ന് നൂറു വട്ടം ദൈവം മറുപടി പറയുന്നു.
2026 എല്ലാവർക്കും അനുഗ്രഹപ്രദവും ഐശ്വര്യപൂർണ്ണവുമാകട്ടെ എന്നാശംസിക്കുന്നു.

ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക