
ഒന്നോർത്താൽ ഒന്നും ഓർക്കാതിരിക്കുന്നതാകും നല്ലത്. ജീവിതം ഒന്നേയുള്ളു എങ്കിലും എന്തൊക്കെ കാണണം, ഇതുവരെ എന്തു കണ്ടു എന്നതു പോകട്ടെ, ഇനിയെന്തു കാണാൻ ബാക്കി എന്നതും മാറ്റി നിർത്താം, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾ തന്നെ ധാരാളം. ചിലപ്പോഴൊക്കെ തോന്നും നമുക്ക് മനസിലാക്കാൻ പറ്റാത്തത് മനുഷ്യരെ മാത്രമാണെന്ന്. നമ്മുടേതെന്ന് നമ്മൾ കരുതുന്ന പലരും നമുക്കന്യരാണെന്നറിയുമ്പോഴുണ്ടാകുന്ന സങ്കടം എത്ര വലുതാണ്. ചിലപ്പോൾ ആരുമല്ല എന്നു കരുതുന്നവർ ആരൊക്കെയോ ആണെന്ന് തോന്നും. ആരൊക്കെയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നമ്മൾ ഒറ്റയ്ക്കാകും എന്ന സത്യം എപ്പഴും ഓർമ്മയുണ്ടായാൽ നന്ന്.
തെറ്റിദ്ധാരണകളുടെ ഒരു കൂമ്പാരമാണ് ജീവിതം എന്ന് തോന്നാറുണ്ട്. നമ്മളെ വേറൊരാൾ സന്തോഷിപ്പിക്കും എന്ന തോന്നലാണ് ആദ്യം മാറ്റേണ്ടത്. പക്ഷേ മറ്റൊരാളാൽ സന്തോഷിക്കപ്പെടാനാഗ്രഹിക്കാത്ത ആരാണുള്ളത്? ഒരു കാര്യം ആത്മസംതൃപ്തിക്കു വേണ്ടിയെങ്കിലും ചെയ്യുക. അതെന്താണെന്നു വച്ചാൽ നമ്മളോട് ഒരാൾ എങ്ങനെയാണോ പെരുമാറുന്നത് തിരിച്ചും അതുപോലെ തന്നെ പെരുമാറുക, ആരുടേയും മറുപടിക്കായി കാത്തു നിൽക്കാതിരിക്കുക, ഒന്നിലും അധികം പ്രതീക്ഷ വയ്ക്കാതിരിക്കുക.
വിളിക്കാത്ത അതിഥിയായി മരണം എപ്പോൾ വേണമെങ്കിലും എത്തുമെന്നുള്ളതുകൊണ്ടു തന്നെ ഒന്നിനും വേണ്ടി കാത്തു നിൽക്കാതെ ഉള്ള സമയം സന്തോഷകരമാക്കാൻ ശ്രമിക്കാം, അത്ര തന്നെ.
2025 കഴിയാറായി. ഒന്നു പറയാൻ മറന്നു. വർഷങ്ങൾ എത്ര പെട്ടെന്നാണ് കഴിയുന്നതെന്ന് ഞാനൊരാളോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി കേൾക്കണോ?
"പണ്ട് പണിയില്ലായിരുന്നതു കൊണ്ട് സമയം ഒത്തിരി ഉണ്ടായിരുന്നെന്ന് ", അല്ല ആർക്കാണ് പണി ഇല്ലാതിരുന്നത്? ''രാവിലെ എഴുന്നേറ്റാൽ കന്നിന് പുല്ലറുത്ത്, പാതാളംവരെ ആഴമുള്ള കിണറ്റിൽ നിന്നും വെള്ളവും കോരി കഴുകി കുളിച്ച്, നാല് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ഓടിയും നടന്നും പോയി പത്തുമണി മുതൽ നാല് മണി വരെ അവിടെയിരുന്ന് പഠിച്ചും കളിച്ചും തിരികെ വീട്ടിലെത്തി എന്തേലും കഴിച്ചൂന്ന് വരുത്തി കുട്ടികളോടൊപ്പം പോയി പറമ്പിലും തൊടിയിലും കളിച്ച്, പിന്നെ കുളിച്ച് , വിളക്ക് ഒരുക്കി ഉള്ള പൂക്കളെല്ലാം പറിച്ച് മാല കെട്ടി, വിളക്ക് കൊളുത്തി, ഉച്ചത്തിൽ സന്ധ്യാനാമം ജപിച്ച്, പഠിക്കേണ്ടതെല്ലാം പഠിച്ച്, എട്ട് മണിക്ക് ആഹാരം കഴിച്ച് 9 മണിക്ക് ഉറങ്ങിയിരുന്ന എന്നോടാണോ ബാലാ ഇങ്ങനെ പറയുന്നതെന്ന് "ഞാൻ ചോദിച്ചുപോയി.
അല്ല ശരിക്കും ഇപ്പൊ ഭൂമി കുറച്ച് സ്പീഡിൽ കറങ്ങുന്നുണ്ടാകാം ഇല്ലേ? അതെന്തോ ആകട്ടെ, ഇത്തിരി സുഖത്തിന് ഒത്തിരി ദുഃഖം തരുന്ന കാലമേ നിനക്ക് വീണ്ടും സ്വാഗതമെന്ന് പറഞ്ഞു കൊണ്ട് നമുക്ക് 2026 നെ വരവേൽക്കാം .....
സ്നേഹപൂർവ്വം
ദീപ ബിബീഷ് നായർ