
"അനേകനാൾ മുമ്പ്, വിധിയുമായി നമ്മള്‍ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ആ സമയം ആഗതമായിരിക്കു
ന്നു. നമ്മുടെ പ്രതിജ്ഞ ദൃഢമായും സമഗ്രമായും നിറവേറ്റാനുള്ള സമയം. ഇന്ന് അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോൾ, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും " ജവഹർലാൽ നെഹ്‌റു 1947 ഓഗസ്റ് 14-15 അർദ്ധരാത്രി ആദ്യസ്വതന്ത്ര്യ പുലരിയിൽ പ്രഖ്യാപിച്ചു.
ചരിത്ര പ്രധാനമായ ഈ 'ട്രിസ്റ് വിത്ത് ഡെസ്റ്റിനി' പ്രഭാഷണത്തിൽ നിന്നുള്ള ഉദ്ധരണിയോടെ പുതിയ ന്യൂയോർക് സിറ്റി മേയർ സൊഹ്‌റാൻ ക്വമെ മാംദാനി നിർവഹിച്ച വിജയാഘോഷ പ്രസംഗം ലോകം കേട്ടിരുന്നു. തന്റെ അച്ഛനമ്മമാർ ജനിച്ച ഭാരതത്തോടുള്ള കൂറ് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ആ പ്രസംഗം. ഉഗാണ്ടക്കു ശേഷം താൻ കുറേക്കാലം ജീവിച്ച സൗത്ത് ആഫ്രിക്കയിലെ നൊബേൽ സമ്മാന ജേതാവ് നെൽസൺ മണ്ടേലയെപ്പോലും അദ്ദേഹം പരാമർശിച്ചില്ല.

അറ്റോർണി ജനറൽ ലെറ്റിഷ്യ ജയിംസുമായി മൻഹാറ്റനിൽ
നാന്നൂറു വർഷത്തെ ചരിത്രം പേറുന്ന, എട്ടര ദശലക്ഷം പേർ വസിക്കുന്ന, എഴുനൂറു ഭാഷകൾ സംസാരിക്കു
ന്ന, ഒരിക്കലും ഉറങ്ങാത്ത നഗര സാമ്രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആഫ്രോ-ഏഷ്യൻ മുസ്ലിം പരമാധികാരിയായി പുതുവത്സര ആദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയാണ് മാംദാനി
പത്തുലക്ഷതിലേറെ വോട്ടു സമാഹരിച്ചു ചരിത്രം സൃഷ്ട്ടിച്ച 34കാരന്റെ ഒരുലക്ഷം പേരടങ്ങിയ പ്രചാരണ
സംഘത്തിൽ നിരവധി ഭാരതീയരും ഏറ്റവും കുറഞ്ഞതു ഒരു മലയാളിപെൺകുട്ടിയെങ്കിലും ഉൾപ്പെട്ടിരുന്നു. "അയ്യായിരം പേരുടെ വാതിലുകളിൽ ഞാൻ മുട്ടി വിളിച്ചു," മലയാളി ദുർഗ ശ്രീനിവാസ് അഭിമാനപൂർവം പറയുന്നു.

സോഷ്യലിസ്റ് ചങ്ങാതി സെനറ്റർ ബെർണി സാൻഡേഴ്‌സിനൊപ്പം
അക്കാദമിക രംഗത്തും ഭരണരംഗത്തും പയറ്റിത്തെളിഞ്ഞ ലീന ഖാൻ, മീരാ ജോഷി, ഭൈരവി ദേശായി, ലേഖ സുന്ദർ തുടങ്ങിയവരുടെ ഒരു നിരതന്നെ മാംദാനിയുടെ സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ലീന അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷന്റെ അധ്യക്ഷ ആയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തു നിയമിതയായ അവർ ഭരണം മാറിയപ്പോൾ വിട പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ വഴി ലണ്ടനിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ലീന മലീഹ ഖാൻ. പിതാവ് തോംസൺ റോയ്‌യേഴ്‌സിൽ സേവനം ചെയ്‌തു. അതുപോലൊരാളാണ് ഇപ്പോൾ മൂന്നാമതും ലണ്ടനിൽ മേയർ ആയിരിക്കുന്ന സാദിഖ് ഖാൻ. മാംദാനിയുടെ അടുത്ത സുഹൃത്ത്.
ലീന, 36, പതിനൊന്നാം വയസിൽ 2000ലാണ് അമേരിക്കയിൽ എത്തുന്നത്. ന്യുയോർക് സ്റ്റേറ്റിലെ മാമറോനെ
ക്കിൽ. ലീനയും രണ്ടു സഹോദരങ്ങളും പബ്ളിക് സ്‌കൂളുകളിൽ പഠിച്ചു. ലീന മാസച്യുസെറ്റ്സിലെ വില്യംസ് കോളജിൽ പഠിക്കുമ്പോൾ വില്യംസ്-എക്സിറ്റർ പദ്ധതി പ്രകാരം ഓക്സ്ഫോർഡിലെ എകിസിറ്റർ കോളജിൽ ഉപരി പഠനം നടത്തി.

ന്യുയോർക്കിലെ ഭാരതീയരുടെ നടുവിൽ
വാഷിങ്ടണിലെ ന്യൂ മേരിക്കൻ ഫൗണ്ടേഷനിൽ ഗവേഷകയായി ചേർന്നു. പിന്നീട് ഓപ്പൺ മാർക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും. അമേരിക്കയിലെ കുത്തക വ്യവസായ മേഖലയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി നടത്തിയ പഠനം വ്യാപകമായ ശ്രദ്ധ ആകർഷിച്ചു. 'ആമസോൺസ് ആന്റി ട്രസ്റ് പാരഡോക്സ്' എന്നായിരുന്നു പഠനത്തിന്റെ ശീർഷകം. ന്യൂയോർക്കിലെ വാൾ സ്ട്രീറ്റ് ജേർണലിൽ ജേർണലിസ്റ്റായി ചേരാൻ കഴിയുമായിരുന്നു.പക്ഷെ യേൽ സർവകലാശാലയിൽ നിയമം പഠിക്കാനാണ് മുതിർന്നത്.
ഓക്സ്ഫോർഡ്, യേൽ ബിരുദങ്ങളുമായി പൊതുരംഗത്തു പ്രവേശിച്ച ലീന പടിപടിയായി ഉയർന്നു ഫെഡറൽ ഗവർമെന്റിന്റെ ട്രേഡ് കമ്മീഷൻ അംഗമായി. പിന്നീട് അധ്യക്ഷയും. അവിടെനിന്നു പിരിഞ്ഞപ്പോൾ മാംദാനിയുടെ ട്രാന്സിഷൻ ടീമിന്റെ കോ-ചെയർ. സഹാധ്യക്ഷരായി നാലഞ്ചു പേരുണ്ടെങ്കിലും അവരിലെ ഏക ഏഷ്യക്കാരിയയാണ് ലീന. കൊളംബിയ ലോ സ്‌കൂളിൽ അദ്ധ്യാപിക കൂടിയാണ്.

മുൻ ഫെഡറൽ ട്രേഡ് കമ്മിഷൻ ചെയർ പേഴ്‌സൺ ലീന ഖാൻ
സിറ്റി ഭരണകേന്ദ്രത്തിൽ ഡപ്യൂട്ടി മേയർ ഓപ്പറേഷൻസ് ആയി സേവനം ചെയ്ത ഡോ. മീര ജോഷി, 56, മഹാരാഷ്ട്രക്കാരനായ ഡോ. അരവിന്ദ് ജോഷിയുടെ മകളാണ്. അച്ഛൻ ഫിലാഡൽഫിയയിൽ പെൻസിൽവാനിയ സർവ കലാശാലയിൽ കംപ്യൂട്ടർ സയൻസ് പ്രൊഫസർ. അമ്മ ഡോ. സൂസൻ ഹെയ്‌നർ അവിടെ ഗൈനക്കോളജി പ്രൊഫസർ. മാംദാനിയുടെ സംഘത്തിൽ ട്രാൻസ്‌പോർട്, ക്‌ളൈമറ്റ്, ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റിയിലെ അംഗമാന് മീര.
പെൻസിൽവാനിയ സർവകലാശാല ലോ സ്‌കൂളിൽ നിന്ന് പിഎച്ച്ഡി നേടിയ മീര ന്യുയോർക് സിറ്റിയുടെ ടാക്സി ആൻഡ് ലിമൗസിൻ കമ്മീഷനിൽ അഞ്ചുവർഷം സേവനം ചെയ്‌തു. മേയർ മൈക്കേൽ ബ്ലൂംബെർഗിന്റെ ഭരണകാലത്തു ഡെപ്യുട്ടി കമ്മീഷണറും ജനറൽ കൗൺസലും ആയി. പിന്നീട് ഡെപ്യുട്ടി മേയർ ഓപറേഷൻസും.

ഡോ. മീര ജോഷി, ഭൈരവി ദേശായ്
സിറ്റി ഭരണത്തിൽ നിന്ന് വിടവാങ്ങിയ ശേഷം സിറ്റിയുടെ പ്രശസ്തമായ ഗ്രീൻവുഡ്‌സെമിറ്ററിയുടെ അധ്യക്ഷ യാണിപ്പോൾ. 1838ൽ തുറന്ന 478 ഏക്കർ വിസ്താരമുള്ള സെമിറ്ററിയിൽ 5,70,000 പേരെ അടക്കം ചെയ്തിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിൽ സ്ഥാനംപിടിച്ചിട്ടുള്ള നിരവധി പ്രമുഖർ അവരിൽ ഉൾപ്പെടുന്നു. നയാഗ്ര കഴിഞ്ഞാ
ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഇടംകൂടിയാണ് ബ്രുക് ലിൻ ബറോയിലെ ഗ്രീൻ
വുഡ് സെമിറ്ററി.
വെറുമൊരു അന്ത്യവിശ്രമ സ്ഥലമാണ് ഗ്രീൻവുഡ് എന്ന് കരുതാൻ കഴിയില്ല. ഒരു ചരിത്ര ഗവേഷണ സ്ഥാപനം കൂടിയാണ്. അർബൻ എൻവെൺമെന്റൽ സയൻസിൽ ഗവേഷണം നടത്താൻ ഫെല്ലോഷിപ് വരെ സ്ഥാപനം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യുയോർക്ക് യൂണിവേഴ്‌സിറ്റിയുടെ റൂബിൻ സെന്റർ ഫോർ ട്രാൻസ്പോർട്ടേഷനിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് മീര.

ലേഖ സുന്ദർ-കമ്മ്യൂണികേഷൻ ഡ. ഡയറക്ടർ
ആറാം വയസിൽ അഭിഭാഷകനായ പിതാവിനോടൊപ്പം ഗുജറാത്തിൽ നിന്ന് ന്യൂ ജേഴ്‌സിയിലെ ഹാരിസണി
ൽ എത്തിയ ആളാണ് ഭൈരവി ദേശായി, 56. നല്ല ജോലി കിട്ടാത്തതിനാൽ പലചരക്കുകടയിൽ ജോലിചെയ്‌തു
കൊണ്ടാണ് അച്ഛൻ ദേശായി മകളെ പഠിപ്പിച്ചത്. റട്ട്ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിമെൻസ് സ്റ്റഡീസി
ൽ ഭൈരവി ബിരുദം നേടി.
വീട്ടുജോലിക്കിടയിൽ അതിക്രമം നേരിടുന്ന ദക്ഷിണേഷ്യൻ വനിതകളുടെ കൂട്ടായ്‍മ ന്യൂ ജേഴ്‌സിയിൽ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഭൈരവിവിയുടെ പൊതുരംഗത്തെ കേളികൊട്ട്. സംഘടനക്ക് മനവി എന്ന് പേരിട്ടു. 1996ൽ അതിക്രമം നേരിടുന്ന ഏഷ്യൻ ജോലിക്കാരുടെ സംരക്ഷണത്തിനായി കമ്മിറ്റി എഗെൻസ്ട് ഏഷ്യൻ അമേരിക്കൻ വയലൻസ് എന്ന സംഘടനയിൽ പ്രവർത്തിച്ചു.

മാംദാനി മുഖമുള്ളവരുടെ സംഗമം
ന്യുയോർക്കിലെ ടാക്സി ജോലിക്കാരുടെ സംഘടനയാണ് ഭൈരവിയെ ദേശിയ തലത്തിലേക്ക് എത്തിച്ചത്. എഴുനൂറു അംഗങ്ങളുമായി ആരംഭിച്ച സംഘടനയിൽ ഇന്ന് 15000 യെലോ കാബ് ഡ്രൈവർമാർ അംഗങ്ങൾ ആണ്. സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 1998ൽ സംഘടന നടത്തിയ പണിമുടക്ക് സമരം വൻ വിജയമായിരുന്നു.
തൊഴിലാളി നേതൃത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ 2005 ഫോർഡ് ഫൗണ്ടേഷന്റെ പുരസ്കാരം ഭൈരവിക്കു ലഭിച്ചു. പ്രോഗ്രസ്സിവ് സോഷ്യലിസ്റ് എന്ന നിലയിൽ ക്യൂബ, പാസ്‌ലസ്തീൻ, എൽസാൽവഡോർ തുടങ്ങിയ നാടുകൾക്കു വേണ്ടിയുള്ള സമരങ്ങളിൽ സജീവ ഭാഗഭാക്കാണ് ഭൈരവി. മാംദാനിയുടെ ട്രാൻസ്പോർട്ടറേഷൻ കമ്മിറ്റിയിൽ അംഗം.
ആകെ പതിനേഴു ട്രാൻസിഷൻ കമ്മിറ്റികളുണ്ട് മാംദാനിയെ സഹായിക്കാൻ. ലിസ്റ്റിൽ ധാരാളം ഇന്ത്യൻ വംശജർ ഉണ്ട്. ദിവ്യ വിജ്, സുമതികുമാർ, സന്തോഷ് നന്ദബാലൻ, അനീഷ സ്റ്റീഫൻ, അജിത് സിംഗ്, മൻദീപ് മിനാസ്, കപിൽ ലോഗാനി, അർമാൻ ചൗധരി, കവിത പാവിയ, അമിത് സിംഗ് ബാഗ എന്നിങ്ങനെ.

ഒപ്പമുള്ള മലയാളി ദുർഗ ശ്രീനിവാസ്
വിന്ധ്യന് തെക്കു നിന്ന് ആരുമില്ലേ എന്ന് സംശയിക്കേണ്ട. മാംദാനിയുടെ കമ്മ്യൂണിക്കേഷൻ ഡെപ്യുട്ടി ഡയറക്ടർ ആയി ലേഖ സുന്ദർ ഉണ്ട്. യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലേഖ, കമല ഹാരിസ് പ്രസിഡന്റായി മത്സരിച്ച പ്പോൾ അവരുടെ സംഘത്തിൽ സേവനം ചെയ്‌തു.
ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി സിറ്റി ഓഫീസിൽ ഇന്റേൺ ആയ ദുർഗ ശ്രീനിവാസ് ആണ് ലിസ്റ്റിൽ വരേണ്ട മറ്റൊരാൾ. അപേക്ഷ അയച്ചു മാംദാനിയുടെ പ്രചാരണ സംഘത്തിൽ അംഗമായി. കൊളമ്പിയ സർവകലാശാലയുടെ ഗ്രാഡുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസത്തിൽ പ്രൊഫസറായിരുന്ന ശ്രീ ശ്രീനിവാസിന്റെ മകളാണ്. മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസന്റെ കൊച്ചുമകൾ.
മാംദാനിയുടെ പിതാവ് ഡോ. മുഹമ്മദ് മാംദാനിയും കൊളംബിയയിൽ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ആണ്. അമ്മ മീരാ നായർ കൊളംബിയയുടെ സ്‌കൂൾ ഓഫ് ആർട്സിൽ ഫിലിം സ്റ്റഡീസ് അഡ്‌ജംക്റ്റ് പ്രൊഫ സർ.