
ശബരിമല സ്വര്‍ണക്കൊള്ളക്കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെയും എസ്.ഐ.ടിയുടെ കൈകള്‍ക്ക് വിലങ്ങിട്ടുവെന്ന ആക്ഷേപത്തിന്റെയും പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് വിധേയനായി. കഴിഞ്ഞ ശനിയാഴ്ചയാണ് രഹസ്യ കേന്ദ്രത്തില്‍ വച്ച് എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കല്‍ ഇത്രയും വൈകിയതെന്നും ആരോപണമുണ്ട്. പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും തമ്മില്‍ ബന്ധമുണ്ടെന്ന് കാണിക്കുന്ന പല ഫോട്ടോകള്‍ ഇതിനകം പുറത്തുവന്നിരുന്നു. കടകംപള്ളിയുടെ കഴക്കൂട്ടം മണ്ഡലത്തില്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വീട് നിര്‍മ്മാണം നടന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്.
നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണ സംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയത്. സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തില്‍നിന്നും സംഘം മൊഴിയെടുത്തിട്ടുണ്ട്. 2019-ലെ മന്ത്രിയെന്ന നിലയില്‍ ചില കാര്യങ്ങള്‍ ചോദിച്ചെന്നും അറിയാവുന്നവ പറഞ്ഞെന്നും ആണ് കടകംപള്ളിയുടെ മറുപടി. മന്ത്രിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ അറിയാറില്ലെന്നുമാണ് കടകംപള്ളിയുടെ വാദം. ആദ്യത്തെ വീഴ്ചക്ക് ശേഷവും കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് വീണ്ടും ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൈമാറിയതിലാണ് പ്രശാന്തിനെ ചോദ്യം ചെയ്യത്.
സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വര്‍ണം പൂശാനായി ബോര്‍ഡോ വ്യക്തികളോ അപേക്ഷ നല്‍കിയിട്ടില്ല. സ്വര്‍ണം പൂശിയ കാര്യം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. മുന്‍ മന്ത്രിയെന്ന നിലയില്‍ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യല്‍ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളിയുടെ പ്രതികരണം.
വന്‍ സ്രാവുകളെ ഉന്നമിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ നിര്‍ണ്ണായക നീക്കങ്ങള്‍. അതേസമയം, ഇന്ന് രാവിലെ അഭിഭാഷകനൊപ്പം അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെയും സഹായികളായ ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്.ഐ.ടി തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലുള്ള ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. എസ്.ഐ.ടി കഴിഞ്ഞ ദിവസം ഡി മണിയുടെ ഡിണ്ടിഗലിലുള്ള കെട്ടിടത്തില്‍ വച്ച് ചോദ്യം ചെയ്‌തെങ്കിലും ഇയാളുടെ നിസ്സഹകരണം മൂലം ഇന്ന് തിരുവനന്തപുരത്ത് ഹാജരാവാന്‍ നോട്ടീസ് കൊടുക്കുകയായിരുന്നു.
സി.പി.എമ്മിന്റെ സഖാക്കളായ എ. പത്മകുമാര്‍, മറ്റൊരു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എന്‍ വാസു, ഇന്നലെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ എന്നിവര്‍ അകത്താവുകയും കടകംപള്ളി, പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തതോടെ സര്‍ക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. എന്‍ വാസു, എ പത്മകുമാര്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാത്തത് സി.പി.എമ്മിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ഇത് കാരണമായി എന്നതില്‍ സംശയമില്ല.
2019-ല്‍ എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. മറ്റൊരംഗമായ കെ.പി ശങ്കര്‍ദാസും ഉടന്‍ കുടുങ്ങും. വിജയകുമാര്‍ എസ്.ഐ.ടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ തീരുമാനമെടുത്തതില്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. സെക്രട്ടറിയേറ്റിലെ സി.പി.എം യൂണിയന്റെ പ്രസിഡന്റായിരുന്നു വിജയകുമാര്‍.
കടകംപള്ളിയെ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍, ദൈവതുല്യന്‍ ആരാണെന്ന മാധ്യങ്ങളുടെ ചോദ്യത്തിന് ''ഏതായാലും ശവംതീനികള്‍ അല്ല...'' എന്നായിരുന്നു കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ എ പത്മകുമാറിന്റെ മറുപടി. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി ഇന്ന് നീട്ടി. ഇതിനാല്‍ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടയപ്പോള്‍ ''എല്ലാം അയ്യപ്പന്‍ നോക്കിക്കോളും...'' എന്നും പത്മകുമാര്‍ പറഞ്ഞു. ''ശബരിമലയില്‍ മോഷണം നടത്തി ആര്‍ക്കും രക്ഷപെട്ടു പോകാന്‍ കഴിയില്ല. നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും...'' പത്മകുമാര്‍ കഴിഞ്ഞ ഒക്‌ടോബര്‍ 10-ാം തീയതി പറഞ്ഞതാണിത്.
പ്രമാദമായ ഈ കേസിലെ അന്താരാഷ്ട്ര കള്ളക്കടത്തുകാരുടെ ബന്ധം സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് ഡി മണിയെയും കൂട്ടാളികളെയും എസ്.ഐ.ടി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രവാസി വ്യവസായി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഡി മണിയെക്കുറിച്ച് സൂചനയുണ്ടായിരുന്നത്. പ്രവാസി വ്യവസായിയുടെ മൊഴിപ്രകാരം ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം കടത്തിക്കൊണ്ടുപോയതിലെ പ്രധാനിയാണ് ഡി മണി. നേരത്തെ ഡിണ്ടിഗലിലെത്തി ഡി മണിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടപാടുകളെല്ലാം ദുരൂഹമായിരുന്നു. താനല്ല ഡി മണി എന്ന വാദവും ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഉയര്‍ത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിനാണ് ഡി മണിയെയും സഹായികളെയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.