
തലയാട്ടാം തലയുണ്ടെങ്കിൽ
വാലാട്ടാം വാലുണ്ടെങ്കിൽ
കുത്തിക്കോർത്തിടാം കൊമ്പുണ്ടെങ്കിൽ;
വാലും തലയും കൊമ്പുമറ്റോരു
പൂർണ്ണദേഹിയായി ഭവസാഗരം
കടപ്പാൻ ശീലിച്ചാലൊ,
പുലരുമിവിടെയിപ്പോൾത്തന്നെ
സന്മനസ്സും സമാധാനവും.
തേടി അലയേണ്ട പിന്നെയൊരിക്കലും ഈ വാഴ് വിന്റെ വാലും തലയും!
2
ഇന്ന് ഇന്നലെ നാളെയായിരുന്നു
നാളെ ഇന്നലെ എന്തായിരിക്കും?
നാളേക്കു വേണ്ടി ഇന്നലെയെ
പണയപ്പെടുത്തിയ
പാപം വഹിക്കുന്നതാര്?
ഇന്ന് എന്ന് പറയുന്നതു തന്നെ
ഒരധികപ്രസംഗമാകും
പാപം പേറുന്നത് ഇന്നല്ലല്ലോ -
ഈ നിമിഷമല്ലേ!
ഈ തലയല്ലേ?
3
ചുമലിലൊരു തലയുള്ളോനതു
കേവലമൊരു ചുമൽച്ചുമടല്ലയോ!
ചുമലിലതില്ലാത്തോനില്ലത്രെ
ചുമതലയെള്ളോളമീഭൂമിയിൽ!
4
രസം അറിവതിനെ
അറിയവെ മഹാരസം
ദുഃഖം അറിവതിനെ
അറിയവെ മഹാസുഖം
ഒരിക്കലും വിട്ടു പോകാത്ത
വീടിനെ പ്രതി എന്തിനീ
ഗൃഹാതുരത്വം!
5
കാട്ടിൽ ജനിച്ചതു മൂലം
കാടനായി
നാട്ടിൽ ജനിച്ചതു മൂലം
നാടനായി
വീട്ടിൽ ജനിച്ചതു മൂലം
വിടനായി
ആശുപത്രിയിൽ ജനിച്ചതു മൂലം
അശുവായി
കാടനും നാടനും
വിടനും അശുവുമൊക്കെ
പുറമെയല്ലേ -
അകമെ
മനുഷ്യനാരുമല്ലല്ലൊ!
6
വാലും തലയുമില്ലാത്തൊരു
കിണ്ണാങ്കൃതി പടച്ചുവിട്ടിഹ
ദ്രോഹിക്കണൊ മാന്യജനത്തെ
യെന്നാരായും നിരൂപകവര്യനോ
ടുദീരണം ചെയ് വൂ കവിയിങ്ങനെ:
വാലും തലയുമറ്റോരു
വർത്തമാനകാലവാഴ് വിൻ
നേർക്കാഴ്ചയിതെന്നങ്ങ് കൃപയാ
ധരിച്ചാലടിയൻ ധന്യനായി!!
കിണ്ണാങ്കൃതി ബഹുകേമമായി!