
ഓരോ നാടിനും രണ്ടു തരം ചരിത്രമുണ്ട്. ചരിത്രകാരന്മാരാൽ രചിക്കപ്പെട്ട രേഖീയ ചരിത്രം.
മറ്റൊന്ന് ഓരോ മനുഷ്യന്റേയും ചിന്തയിൽ ഉരുത്തിരിയുന്നതും ശേഖരിക്കപ്പെടുന്നവയുമായവ.
: വ്യക്തികളുടെ ഓർമ്മകളിലും ചിന്തകളിലും മാത്രം ഉള്ള അത്തരം ചരിത്രങ്ങൾഎവിടേയും കാണാനാവില്ല.
അവന്റെ വേദനകളും സംത്രാസങ്ങളും സംവേദനങ്ങളും മനസ്സിന്റെ ആഴങ്ങളിൽ ഉദിച്ചു അസ്തമിക്കുന്നു. അവനോടൊപ്പം മണ്ണടിയുന്നു.
: ആരോടും പങ്കുവെയ്ക്കപ്പെടാതെ മാഞ്ഞു പോയ ചരിത്രമാണ് മഞ്ചാടിക്കരിക്കാരുടെ ജീവിതങ്ങൾ.
രോഗവും മരണവും പോലെ ജീവിതത്തെ ദുസഹമാക്കുന്ന മറ്റൊന്നാണ് ദാരിദ്ര്യം.
ദാരിദ്ര്യം ചവച്ചു തുപ്പിയിട്ട ജീവച്ഛവങ്ങളായി ജീവിച്ചു മരിച്ചു പോയ എത്രയോ മനുഷ്യരുണ്ടായിരുന്നു ഇവിടെ. തങ്ങളുടേതായ ഒരടയാളവും ശേഷിപ്പിയ്ക്കാതെ നിശബ്ദം കടന്നുപോയവർ!! തലമുറകളിലൂടെ വാമൊഴിയായ് ശേഷിപ്പിച്ച ഏതാനും കഥകൾമാത്രം!! മിഷണറിമാരുടെവരവോടു കൂടി ചില രേഖകൾ അടയാളപ്പെടുത്തിത്തുടങ്ങി.... അതൊരു സർവ്വേ പോലെ കുറേ കണക്കുകൾ മാത്രം...ആ ചതുപ്പിനെ കരഭൂമിയാക്കിയ മനുഷ്യനെക്കുറിച്ചു അധികമൊന്നുമില്ല ആ മിഷണറി രേഖകളിലും.
അങ്ങനെയുള്ള മനുഷ്യന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയിരുന്നു.
രാവിലെ തുടങ്ങിയമഴയാണ്!... ഇടയ്ക്കിടെ ഇടിയും മിന്നലും.
മഴ ക്രമേണ പെരുമഴയായി.
തിമിർത്തു പെയ്ത മഴയിൽ ഇടവഴികളും നടവരമ്പുകളും ചെറുപുഴകളായി.. ആറ്റിലെ വെള്ളം കാവിനിറമായി... കിഴക്കൻ മലകളിലെ മണ്ണും മരങ്ങളും ഒഴുകി എത്തുന്നുണ്ട്.
കുടിലിന്റെ തിണ്ണയിൽ മഴയും നോക്കി കുട്ടികൾ ഇരുന്നു.
പുട്ടിലും ചൂടി ചിലരൊക്കെ പണിയ്ക്കിറങ്ങി.
അടുപ്പു പുകയണമെങ്കിൽ പണിയ്ക്കു പോകണം . നാളേയ്ക്കു ഒന്നും മിച്ചം വെക്കാനില്ലാത്തവർ ! മഴക്കാലം പട്ടിണിക്കാലമായിരിയ്ക്കും. അരിയോ നെല്ലോ ഒരു കുടിയിലും കാണില്ല.
പള്ളിയിൽ നിന്നും ചില ചെറിയ സഹായങ്ങൾ ലഭിക്കും. അരിയോ ഗോതമ്പോ മെയ്സു പൊടിയോ മറ്റോ.'' അതു എങ്ങനെ പാകം ചെയ്യണമെന്ന് ആശാൻ പള്ളിയിലെ ഉപദേശി പറഞ്ഞു കൊടുക്കും.
കൊച്ചു പെണ്ണു പണിയ്ക്കു പോയില്ല, സാറാ പള്ളിക്കൂടത്തിലും. എങ്ങനെ പോവാനാണ്. ആറു കലങ്ങി മറിഞ്ഞു ഒഴുകുമ്പോൾ വള്ളത്തിൽ പോകാൻ ഭയമാകും. പഠിപ്പു മുടങ്ങിയതിൽ അവൾ സങ്കടപ്പെട്ടിരിയ്ക്കയാണ്... കൊച്ചുപെണ്ണ് അടുപ്പിലൂതി യൂതി കണ്ണ ചുവന്നു.....നനഞ്ഞ വിറകു കത്താൻ കൂട്ടാക്കുന്നില്ല... ഒരു വിധത്തിൽ അരി വേവിച്ചെടുത്തു തലേദിവസത്തെ മീൻ കറി കൊറച്ചിരിപ്പുണ്ടു.
അയലത്തെ റാഹേലും ദാനിയേലും മഴ നനഞ്ഞു പണിയെടുക്കുകയാണു... നെൽച്ചെടിയോടൊപ്പം വളരുന്ന കളകൾ പറിച്ചു കെട്ടി ദൂരെക്കൊണ്ടു കളയണം.
റാഹേലും ഒപ്പമുള്ള മൂന്നുനാലു പെണ്ണാളും കളകൾ പറിച്ചു കെട്ടി കൂട്ടിയിട്ടു.
ദാനിയേലും മറ്റു രണ്ടാ ണാളും കള ചുമന്നു ചിറയിൽക്കൂട്ടി.
വൈകുന്നേരം ആദ്യം കൂടിയിലെത്തിയതു റാഹേലാണ്. നനഞ്ഞു വിറച്ചു വരുന്ന അവളെക്കണ്ടിട്ട് അമ്മാവിയമ്മയ്ക്കു സങ്കടം തോന്നി. അവളുടെ കഷ്ടപ്പാടു കാണുമ്പോൾ അന്ന തന്റെ യൗവന കാലം ഓർക്കും... ഇവിടെ ക്കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം തുടങ്ങിയ കഷ്ടപ്പാടാണ്. റാഹേൽ വന്നതിനു ശേഷമാണ് അന്നയ്ക്കു ഒരാശ്വാസമായതു
പണികളെല്ലാം അവൾ ചെയ്യും.
തങ്ങളൊക്കെ കഷ്ടപ്പെടാൻ മാത്രം ജനിച്ചവർ അവർ മനസ്സിലോർത്തു.
അവർ സ്നേഹം തുളുമ്പുന്ന സ്വരത്തിൽ അവളെ വിളിച്ചു. "പെണ്ണേ റാഹേലേ, അടുപ്പിനരികിലിരുന്നു കയ്യും കാലും ചൂടാക്കെടീ... ഈ കാപ്പി കൂടി ച്ചു തീ കായ്... തണുപ്പടിച്ചു വാതം പിടിക്കും
... അവർ പുറത്തേയ്ക്കു നോക്കി, മകനെക്കണ്ടില്ലല്ലോ...
"ദാനിയേലു എന്തിയേടീ?
കൂലി മാങ്ങാൻ പോയമ്മച്ചീ.
കൂലി വാങ്ങി ആറ്റുമുട്ടുവരെ നടന്നു പോയി അരിയും എന്തെങ്കിലുമൊക്കെ വാങ്ങണം...
ചിലപ്പോൾ കൂലി കൊടുക്കാതെ പിന്നെ ത്തരാമെന്നു പറഞ്ഞു വിടുന്നവരുമുണ്ടു്.... തേങ്ങാ വിറ്റാലേ കാശു കിട്ടുകയുള്ളൂ...
റാഹേൽ അടുപ്പിനരികിലിരുന്നു.
തണുത്തു മരവിച്ച ശരീരത്തിനു ചൂടുതട്ടിയപ്പോൾ അവൾക്കു നല്ല സുഖം തോന്നി... അപ്പന്റെ മരണശേഷം അന്നയുടെ ശബ്ദം കേൾക്കാനേയില്ല... മുമ്പൊക്കെ പിള്ളേരെ ശകാരിച്ചും കളിതമാശ പറഞ്ഞും ചിരിച്ചും ഓടി നടന്ന അവർ ഇപ്പോൾ ആരോടും മിണ്ടാറേയില്ല.
ഒത്തിരി ദിവസം കൂടിയാണമ്മച്ചി തന്നെ വിളിച്ചതും മിണ്ടിയതും.. റാഹേലിനു അമ്മച്ചിയെ സ്വന്തം അമ്മയെപ്പോലെ തന്നെയാണ്...
മഴനനഞ്ഞു കുതിർന്നു ദാനിയേലും കൂടിയിലെത്തി.
അയാളും അടുപ്പിനരികിലിരുന്നു.
മഴ ഇപ്പോഴും പെയ്യുന്നുണ്ടു്.
പുര മേഞ്ഞു കെട്ടാത്തതുകൊണ്ട് അവിടവിടെ വെള്ളം വീഴുന്നുണ്ട്.
നാളെയും മഴയാണോ? ആരോടെന്നില്ലാതെ അയാൾ പറഞ്ഞു...
അമ്മച്ചിയും കുഞ്ഞുങ്ങളും പാട്ടു പാടി പ്രാർത്ഥിച്ചു.
കഞ്ഞി കുടി കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉറങ്ങാൻ കിടന്നു.
"അമ്മച്ചി കഞ്ഞി കുടിയ്ക്ക മ്മച്ചി?... അമ്മച്ചി യിങ്ങനെ തിന്നാതേം കുടിയ്ക്കാതേം കരഞ്ഞാല് അപ്പൻ തിരിച്ചു വരുവോ?... എനിയ്ക്കു വിശപ്പില്ല കൊച്ചേ... അവർ കുടിലിന്റെ മൂലയ്ക്കിട്ട പായിൽ ചുരുണ്ടു കിടന്നു തേങ്ങിക്കരഞ്ഞു...
റാഹേലിനു ഉറക്കം വന്നില്ല. അവൾ വിളക്കണച്ചു പെങ്കുഞ്ഞുങ്ങൾക്കരികിൽ , ഇരുട്ടിലേയ്ക്കു കണ്ണും മിഴിച്ചു കിടന്നു.
ദാനിയേൽ അന്ന് ആദ്യമായ് അപ്പന്റെ കട്ടിലിൽ ക്കയറി കിടന്നു.
അപ്പന്റെ മണം അയാളെ പൊതിയുന്നതു പോലെ തോന്നി.... ഒരു നല്ല പുതപ്പു പോലും വാങ്ങിക്കൊടുക്കാൻ തനിയ്ക്കു കഴിഞ്ഞില്ലല്ലോ.....അയാളുടെ ഉള്ളിൽ സങ്കടങ്ങൾ പെരുകി വന്നു. കൊണ്ടിരുന്നു. ഒച്ചയുണ്ടാക്കാതെ അയാൾ വിമ്മി വിമ്മിക്കരഞ്ഞു....
തുടരും.
Read More: https://www.emalayalee.com/writer/300