
അന്തപ്പന്റെ തോന്ന്യാക്ഷരങ്ങൾ
അടുക്കും ചിട്ടയുമില്ലാതെ
എവിടെയൊക്കെയോ കുത്തിക്കുറിച്ചു
അവസാനം
എല്ലാംകൂടി
ഫേസ് ബുക്കിന്റെ
ഏതോ ഒരു പേജിലേക്ക്
വെറുതെ
വലിച്ചുവാരിയിട്ടു
അപ്പൊൾ ദാ വരുന്നു
ലൈക്കുകളുടെ
ഒരു തോരാത്ത മഴ,
പക്ഷേ കൂടെ
മനസ്സാ വാചാ
അന്തപ്പന്
ഒന്നും മനസ്സിലാകാത്ത
കുറെ കമന്റുകളും!
“അദ്ഭുതം!”,
“ഗഹനം!”,
“വായിച്ചു
തലകറങ്ങി!”
എന്നൊക്കെ
എന്തിനാ
തലകറങ്ങുന്നത്
എന്നറിയാതെ
അന്തപ്പൻ മാത്രം
അന്തം വിട്ടു നിന്നു
മഹാകവികൾ
വാക്കിനായി
വിയർക്കുമ്പോൾ
അന്തപ്പൻ
പുഷ്പം പോലെ
പടച്ചുവിടുന്നു എന്നാണ്
എഫ്‌ബി ഫാൻപേജിൽ
ചില സാഹിത്യശിരോമണികൾ
തട്ടിവിട്ടത്.
അങ്ങനെയാണ് അന്തപ്പൻ
എല്ലാ
ബുദ്ധിജീവി ചമയുന്ന
അപ്പി ഹിപ്പി എഴുത്തുകാർക്കും
ഒരു സ്ഥിരം പരയായത്.
എഴുത്തു ഭ്രാന്തനായ
അന്തപ്പന്
അവർ പുലമ്പുന്നത്
എന്താണെന്ന് മാത്രം
ഒരെത്തും പിടിയും കിട്ടിയില്ല .
അല്ലങ്കിലും
അന്തംവിട്ടോരന്തപ്പന്
എന്തായാലും കുന്തം !
അല്ല പിന്നെ..