
കോട്ടയം: ജനുവരി 9-ാം തീയതി മലയാളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്തെ വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ ഫോമാ കേരള കണ്വന്ഷന് നെറ്റ് ആനന്ദകരമാക്കാന്‍ എത്തുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ടൈറ്റില്‍ വിജയിയായ പ്രശസ്ത പിന്നണി ഗായകന് വിവേകാനന്ദനും അനുഗ്രഹാത ഗായിക അഖില ആനന്ദും പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റ് സുധീര്‍ പറവൂരുമാണ്. ഇവരുടെ മാസ്മരിക കലാവിരുന്ന് സംഗീതത്തിന്റെയും കോമഡിയുടെയും പുത്തന്‍ അനുഭവമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്ത്തിയാവുന്നായി നാട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം അറിയിച്ചു.
ആലാപനത്തിലും വയലിന് വാദനത്തിലും ഒരുപോലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള വിവേകാനന്ദന് 2008-ല്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ടൈറ്റില്‍ വിജയിയായിരുന്നു. ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് അദ്ദേഹത്തിന് അന്ന് സമ്മാനമായി ലഭിച്ചത്. ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. എം.എസ് ബാബുരാജ്, രവീന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവരുടെ ക്ലാസിക് ഗാനങ്ങള്‍ അവതരിപ്പിക്കാറുണ്ട്.
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...', 'ഇരു ഹൃദയങ്ങളില്‍ ഒന്നായ്...' എന്നിവ വിവേകാനന്ദന്റെ പ്രശസ്ത ഗാനങ്ങളിലുള്‍പ്പെടുന്നു. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വയലിന് വായനയും ആലാപനവും ഒരുമിച്ച് അവതരിപ്പിച്ച് സദസിനെ കൈയിലെടുക്കാറുള്ള വിവേകാനന്ദന് ക്ലാസിക്കല്‍ മ്യൂസിക്കിലും അവഗാഹമുണ്ട്. 2009-ല്‍ സുബ്രഹ്മണ്യപുരത്തിലെ 'കണ്മണിയാല്...' എന്ന ഗാനത്തിലൂടെയാണ് വിവേകാനന്ദന് മലയാള സിനിമയിലെ പിന്നണിഗാന രംഗത്ത് അരങ്ങറ്റം കുറിച്ചത്.

ടെലിവിഷന്‍ ഷോകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരി അഖില ആനന്ദ്, അവതാരകയും പിന്നണി ഗായികയുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത 'അശ്വാരൂഢന്' എന്ന ചിത്രത്തിലെ 'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിലൂടെയാണ് അഖില ആനന്ദിന്റെ സിനിമാ ഗാന കരിയറിന് തുടക്കമിട്ടത്. ജാസി ഗിഫ്റ്റാണ് അതിന് സംഗീതം ഒരുക്കിയത്. പിന്നീട് വിവിധ മലയാള സിനിമകള്‍ക്കായി നാല്‍പ്പതിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. സീ കേരളം ചാനലിലെ 2021-ലെ സംഗീതാധിഷ്ടിത മല്‍സര പരിപാടിയായ 'സരിഗമപ കേരളം ലിറ്റില്‍ ചാംസി'ന്റെ ജൂറി മെമ്പര്‍മാറില്‍ ഒരാള്‍ അഖില ആയിരുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് അഖില ആനന്ദ്.
കഴിഞ്ഞ 25 വര്‍ഷമായി മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമായി തുടരുന്ന വ്യക്തിയാണ് സുധീര്‍ പറവൂര്‍. ട്രോളുകളില്‍ അടക്കം സ്റ്റാറായ 'കേശവന് മാമന്' എന്ന കഥാപാത്രം ആയിരുന്നു സുധീര്‍ പറവൂരിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത്. ഫ്ളവേവ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത നാടോടിക്കാറ്റ് എന്ന ഹാസ്യ പരിപാടിയില്‍ സ്കൂള്‍ കലോത്സവം ആസ്പദമാക്കി അവതരിപ്പിച്ച കോമഡി സ്കിറ്റില്‍ സുധീര്‍ സ്വന്തമായി എഴുതി ആലപിച്ച 'ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ...' വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു... അതേ പരിപാടിയില്‍ അവതരിപ്പിച്ച സംഘഗാനവും (തുഞ്ചന്റെ തത്തെ..) സുധീര്‍ തന്നെ ആയിരുന്നു ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് ശ്രദ്ധേയമായ പാരഡി പാട്ടുകള്‍ എഴുതി.
സ്കിറ്റുകളിലൂടെയും പാരഡി ഗാനങ്ങളിലൂടെയും ടെലിവിഷന്‍ രംഗത്ത് സജീവമായി നില്ക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്ക്കല്‍, പുതിയ നിയമം, മാര്‍ഗ്ഗംകളി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നീട് കട്ടപ്പനയിലെ ഋതിക്ക് റോഷന്, യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഒ.പി 160/18 കക്ഷി: അമ്മിണിപിള്ള എന്ന സിനിമയില്‍ അഭിനയിച്ചതിന് പുറമെ ചിത്രത്തില്‍ ഒരു പാട്ട് എഴുതുകയും അദ്ദേഹം തന്നെ അത് ആലപിക്കുകയും ചെയ്തു.
ഫോമാ കേരള കണ്‍വന്‍ഷനിലെ ഈ എന്റര്ടെയ്ന്മെന്റ് പ്രോഗ്രാമിലേയ്ക്ക് ഏവരെയും നിറമനസോടെ ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന് എന്നിവര്‍ അറിയിച്ചു.