Image

രേവതി പിള്ള: മൂല്യബോധവും മാനേജ്മെന്റ് മികവും ചേർന്ന സ്ത്രീശക്തി

- മീട്ടു റഹ്മത്ത് കലാം Published on 29 December, 2025
രേവതി പിള്ള: മൂല്യബോധവും മാനേജ്മെന്റ് മികവും ചേർന്ന സ്ത്രീശക്തി

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടിത ശക്തിക്ക് ദിശയും ദൃഢതയും നൽകുന്ന ഫൊക്കാനയുടെ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രേവതി പിള്ള, വ്യക്തിജീവിതവും പ്രൊഫഷണൽ മികവും സാമൂഹിക ഉത്തരവാദിത്വവും ചേർന്നൊരു സമഗ്ര സ്ത്രീനേതൃത്വത്തിന്റെ സജീവ ഉദാഹരണമാണ്. സ്വാതന്ത്ര്യസമര സ്മൃതികൾ നിറഞ്ഞ കുടുംബപാരമ്പര്യത്തിൽ നിന്ന് ആധുനിക കോർപ്പറേറ്റ് ലോകത്തേക്കും സാമൂഹിക സേവനരംഗങ്ങളിലേക്കുമുള്ള അവരുടെ യാത്ര, സ്വതന്ത്രചിന്തയുടെയും നിഷ്‌കർഷമായ മൂല്യബോധത്തിന്റെയും ശക്തി ഓർമ്മിപ്പിക്കുന്നു. അനുഭവങ്ങളുടെ ആഴവും നിലപാടുകളുടെ വ്യക്തതയും ചേർന്ന ഈ സംഭാഷണം, നേതൃത്വം എന്നത് പദവിയല്ല—പ്രവർത്തനമാണെന്ന് വിശ്വസിക്കുന്ന ഒരാളുടെ ജീവിതഗാഥയാണ്.

കുടുംബ പശ്ചാത്തലവും ആദ്യകാല ജീവിതവും?

സ്വദേശം അടൂരാണ്.  സാഹിത്യകാരനും ഗൾഫ് പ്രവാസിയുമായിരുന്ന പറക്കോട് അപ്പുക്കുട്ടൻ പിള്ളയും കോമളവുമാണ് മാതാപിതാക്കൾ. ഒരു ചേട്ടനും ഒരനിയനുമുണ്ട്. മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും ചേർന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്.  പ്രാഥമിക വിദ്യാഭ്യാസം അടൂരിലും തിരുവനന്തപുരത്തുമായി പൂർത്തിയാക്കി. പത്താം ക്ലാസിൽ സ്കൂൾ ടോപ്പറാകാൻ കഴിഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിന് അക്കാലത്ത് ആത്മവിശ്വാസം പകർന്നു. തുടർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ പ്രീഡിഗ്രി പൂർത്തിയാക്കി, തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് പഠിക്കാൻ ചേർന്നു. പഠനകാലം മുഴുവൻ മികച്ച അക്കാദമിക് റെക്കോർഡ് നിലനിർത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നു.

ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആര്?

എന്റെ മുത്തച്ഛൻ കടയ്ക്കൽ പരമേശ്വരൻ പിള്ളയാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം 1972-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൈയിൽ നിന്ന് താമ്രപത്ര പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്. വളരെ ശാന്തനും ഉറച്ച നിലപാടുകളുമുള്ള മുത്തച്ഛന്റെ പല സ്വഭാവ സവിശേഷതകളും കുട്ടിക്കാലത്ത് ഒരത്ഭുതമായിരുന്നു. “ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്” എന്നൊരു ഡിറ്റാച്ച്മെന്റ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വാർപ്പുമാതൃകകളിൽ ഒതുങ്ങാതെ ചിന്തിക്കാനും, ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് ധൈര്യത്തോടെ നിലകൊള്ളാനും എന്നെ പഠിപ്പിച്ചത് മുത്തച്ഛനാണ്.


പുതുതലമുറയ്ക്ക് താമ്രപത്രത്തെക്കുറിച്ച് അറിയണമെന്നില്ല, ഒന്ന് വിശദീകരിക്കാമോ?

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്ത സമരസേനാനികൾക്ക് രാഷ്ട്രത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതിനായി നൽകുന്ന ചരിത്രപ്രാധാന്യമുള്ള ആദരവാണ് താമ്രപത്ര പുരസ്കാരം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 25 വർഷം പൂർത്തിയായ 1972-ൽ ആണ് ഈ അംഗീകാരം പ്രധാനമായും നൽകപ്പെട്ടത്. താമ്രത്തിൽ നിർമ്മിച്ച ഔദ്യോഗിക പത്രത്തിൽ സമരസേനാനിയുടെ പേര്, സമരപങ്കാളിത്തത്തിന്റെ വിശദാംശങ്ങൾ, രാഷ്ട്രത്തിന്റെ നന്ദി എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇത് വ്യക്തിഗത ബഹുമതിയേക്കാൾ കൂടുതലായി, സ്വാതന്ത്ര്യസമരത്തിന്റെ ജീവചരിത്ര രേഖയും തലമുറകളിലേക്ക് പകരുന്ന ദേശസ്നേഹത്തിന്റെ ഓർമ്മപ്പതിപ്പുമാണ്.


കോളേജ് കാലത്തെ നേതൃത്വ അനുഭവങ്ങൾ?

എൻജിനീയറിംഗ് പഠനകാലത്ത് മെസ് ഡയറക്ടറായി പ്രവർത്തിച്ചു. ലേഡീസ് ഹോസ്റ്റലിന്റെ മുഴുവൻ ഭക്ഷണ സംവിധാനങ്ങളുടെ നിയന്ത്രണം നേരിട്ട് കൈകാര്യം ചെയ്തത് വലിയ ഭരണപരിചയം തന്നു. ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടതും, യൂണിയൻ വിഷയങ്ങളിൽ മീഡിയേറ്ററായി പ്രവർത്തിച്ചതും ജീവിതത്തിലെ വലിയ പാഠങ്ങളായി മാറി.

അമേരിക്കയിലേക്കുള്ള യാത്ര?

ബിരുദം പൂർത്തിയാക്കിയ സമയത്ത് അച്ഛനും അമ്മയും അബുദാബിയിൽ ആയിരുന്നതുകൊണ്ട് റിസൾട്ട് വരുന്നതിന് മുൻപ് അവിടേക്ക് പോയി. ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ആരംഭിച്ചെങ്കിലും കുറച്ച് കാലം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിവാഹശേഷം അമേരിക്കയിലെത്തി. ഡാറ്റാ കമ്മ്യൂണിക്കേഷൻസിൽ മാസ്റ്റേഴ്സ് ചെയ്യാൻ അവസരം ലഭിച്ചു; യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്ന് മികച്ച വിജയം കൈവരിച്ചു. കുടുംബ ഉത്തരവാദിത്വങ്ങളും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് വെല്ലുവിളിയായിരുന്നെങ്കിലും ലക്ഷ്യബോധം ശക്തിയായി.

കുടുംബവും കരിയറും ഒരുപോലെ കൈകാര്യം ചെയ്ത അനുഭവം?

മാസ്റ്റേഴ്സ് പൂർത്തിയാക്കി ജോലി ശരിയാകുമ്പോൾ ഞാൻ ഏഴു മാസം ഗർഭിണിയായിരുന്നു. മാർച്ചിൽ ജോലിയിൽ പ്രവേശിച്ചു. മെയ് മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. ഡിജിറ്റൽ എക്വിപ്മെന്റ് കോർപ്പറേഷനിൽ നിന്നാണ് കരിയർ തുടങ്ങിയത്. ആഴ്ചയിൽ നാല് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മാനേജ്‌മെന്റ് സമ്മതിച്ചു. ഇന്നത്തെ ‘വർക്ക് ഫ്രം ഹോം’ സംസ്കാരത്തിന് മുൻപേ ലഭിച്ച അപൂർവ അവസരമായിരുന്നു അത്. പ്രൊഡക്ടിവിറ്റിയെ ബാധിക്കുന്നില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് കമ്പനി നൽകിയ പിന്തുണമൂലമാണ് വീട്ടിലിരുന്നുകൊണ്ട് തന്നെ എല്ലാ ഉത്തരവാദിത്വങ്ങളും കാര്യക്ഷമമായി നിർവഹിക്കാൻ കഴിഞ്ഞത്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിൽ നിന്ന്  എം.ബി.എയും, കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമും പൂർത്തിയാക്കി.

ദുബായും യുഎസും—ജീവിതാനുഭവങ്ങളുടെ വ്യത്യാസം?

ദുബായിൽ ഞാൻ മകളായിരുന്നു—അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. യുഎസിൽ വന്നപ്പോൾ എല്ലാം സ്വയം ചെയ്യേണ്ടി വന്നു. ഇവിടെ ആരെയും ആശ്രയിക്കാതെ, നിങ്ങളുടെ കഴിവ് മാത്രം അടിസ്ഥാനമാക്കി മുന്നേറാം. ശുപാർശകളും പരിചയങ്ങളും ഇല്ലാതെ ജോലി കിട്ടുന്ന സംവിധാനം—അതാണ് എനിക്ക് അമേരിക്കയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം.

ഇന്ത്യയിലെയും അമേരിക്കയിലെയും വിദ്യാഭ്യാസരീതികളിലെ വ്യത്യാസം?

ഇന്ത്യയിൽ യൂണിവേഴ്സിറ്റി ബേസ്ഡ് സിസ്റ്റമാണ്— സിലബസ് ഒരു കടൽ പോലെ കിടക്കും, എന്ത് പഠിക്കണം എന്നതിനെക്കുറിച്ച് വ്യക്തത കുറവായിരിക്കും. എല്ലാ വിഷയങ്ങളെയും കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിനും നല്ലൊരു അടിസ്ഥാനം രൂപപ്പെടുന്നതിനും എന്തിനെയും ചോദ്യം ചെയ്ത് അറിവ് ആർജ്ജിക്കുന്നതിനും നമ്മുടെ പഠനരീതി വളരെയധികം ഉപകരിച്ചിട്ടുണ്ട്.  അമേരിക്കയിൽ സിലബസ് വ്യക്തമാണ്, പ്രൊഫസർ തന്നെയാണ് പഠിപ്പിക്കുന്നതും മൂല്യനിർണയം നടത്തുന്നതും. വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്ന രീതിയാണുള്ളത്. പഠിക്കുന്നത് തൊഴിലിടങ്ങളിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നൊരു ധാരണ നമുക്ക് കിട്ടും.

മറക്കാനാകാത്ത അനുഭവം?

1993-ൽ അച്ഛന്റെ വേർപാട് ജീവിതത്തെ വല്ലാതെ ഉലച്ച ഒന്നാണ്. രണ്ട് മക്കളെയും എന്റെ കരുത്തിൽ വളർത്തണം എന്നതുൾപ്പെടെ നിർണ്ണായകമായ തീരുമാനമെടുക്കുമ്പോഴൊക്കെ അച്ഛന്റെ അദൃശ്യ സാന്നിധ്യം തൊട്ടറിഞ്ഞിട്ടുണ്ട്.2008-ൽ കരിയറിൽ വലിയ മാറ്റമുണ്ടായി. എൻജിനീയറിംഗ് മാനേജ്മെന്റിലേക്കും പീപ്പിൾ മാനേജ്മെന്റിലേക്കും കടന്നു. സീനിയർ വൈസ് പ്രസിഡന്റിന്റെ തലത്തിലേക്കും പിന്നീട് ചീഫ് എൻജിനീയറിംഗ് ഓഫീസറായി ഒരു കമ്പനിയിലെ മുഴുവൻ എൻജിനീയറിംഗ് വിഭാഗങ്ങളുടെയും നേതൃത്വം കൈകാര്യം ചെയ്തു. അതൊക്കെ എന്റെ മാനേജ്മെന്റ് വൈദഗ്ധ്യത്തിന് ലഭിച്ച അംഗീകാരമായിരുന്നു. നിരവധി ഇൻഡസ്ട്രി പേപ്പറുകളും പേറ്റന്റുകളും കരിയറിലെ നേട്ടങ്ങളായി കാണുന്നു.

സാംസ്കാരികവും സാമൂഹികവുമായ പങ്കാളിത്തം?

സ്കൂൾ കാലം മുതൽ സംഗീതത്തിലും നൃത്തത്തിലും തല്പരയായിരുന്നു .  ഇളയ മകൾക്ക് മൂന്ന് വയസായതിന് ശേഷമാണ് അമേരിക്കയിലെ സംഘടനകളിൽ സജീവമായത്. ആദ്യം ലോക്കൽ അസോസിയേഷനുകളിൽ—അസിസ്റ്റന്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.  കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. ഓണം, വിഷു, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഈ പൂർണ്ണ പങ്കാളിത്തമാണ് ആർട്സ് ക്ലബ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. എന്നാൽ ഒരിക്കലും അധികാരത്തോട് ആസക്തി ഉണ്ടായിരുന്നില്ല—ഒപ്പംനിൽക്കുന്ന സന്തോഷമാണ് എപ്പോഴും പ്രധാനം.

ഫൊക്കാനയിലേക്കുള്ള പ്രവേശനം? സംതൃപ്തി നൽകിയ അനുഭവങ്ങൾ?

എന്റെ അസോസിയേഷൻ പ്രസിഡന്റും സുഹൃത്തുമായ എൽസി ആന്റിയാണ് ഫൊക്കാനയെ പരിചയപ്പെടുത്തിയത്. 2020–22 കാലയളവിൽ ഫൊക്കാന വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാഷണൽ കമ്മിറ്റിയിലേക്കും എത്തി. ഫൊക്കാന ഫ്ലോറിഡ കൺവൻഷനിൽ മോഹിനിയാട്ടം, മലയാളി മങ്ക കോർഡിനേഷൻ,വാഷിംഗ്ടൺ കൺവൻഷനിൽ റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നഴ്സിംഗ് സ്‌കോളർഷിപ്പ് ഫിനാൻഷ്യൽ ചെയർ ആയതും നല്ലൊരു അനുഭവമായിരുന്നു.ഫൊക്കാനയുടെ നിരവധി പ്രോഗ്രാമുകൾക്ക് എംസി ആയും പ്രവർത്തിച്ചു. നിലവിൽ വിമൻസ് ഫോറം ചെയർ ആയി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ ചാരിതാർഥ്യമുണ്ട്. കേരള കൺവൻഷൻ വേദിയിൽ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിയത് ഏറെ സംതൃപ്തി തോന്നിയ അനുഭവമാണ്. കേരളത്തിലെ രോഗബാധിതരായ കുട്ടികളുള്ള അമ്മമാർക്ക് സാന്ത്വനം നൽകുന്ന സോലെസിന്റെ അമരക്കാരി ഷീബ അമീറാണ് ഫൊക്കാന വനിതാ ഫോറത്തിന്റെ അംബാസഡർ. 18 വയസിന് താഴെ ജീവനുഭീഷണി ഉയർത്തുന്ന രോഗമുള്ള മക്കളുള്ള മാതാപിതാക്കൾക്കുവേണ്ടിയാണ് സോലെസ് പ്രവർത്തിക്കുന്നത്. പണമില്ലാത്തതുകൊണ്ട് മക്കളെ രക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കളെ കണ്ട് വിഷമിച്ച് തുടങ്ങിയ സോലെസ്  പ്രതിവർഷം ആറുകോടി രൂപയാണ്  കുട്ടികൾക്കുവേണ്ടി ചിലവഴിക്കുന്നത്. അമേരിക്കയിലെ സോലെസ് ചാപ്റ്ററുകളിൽ നിന്ന് മൂന്ന് കോടി രൂപ ലഭിക്കുന്നുണ്ട്. ഷീബ അമീറിനെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിക്കാൻ സാധിച്ചതും അഭിമാനകരമായി കാണുന്നു. കേരള കൺവൻഷൻ വേദിയിൽ ഫൊക്കാന ടീം എനിക്ക് നാരിശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത് ഞങ്ങളുടെ വിമൻസ് ഫോറം ടീമിനുള്ള അംഗീകാരമാണ്. ലോക കേരള സഭയുടെ ന്യൂയോർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ച് ബിസിനസ് ലീഡേഴ്സ് ടെക്നിക്കൽ വെബിനാറിൽ പങ്കെടുത്തതും വലിയ ആദരവായി കാണുന്നു.

ഫൊക്കാന സ്ത്രീകൾക്ക് എത്രത്തോളം സൗഹൃദപരമാണ്?

എന്റെ അനുഭവം വളരെ പോസിറ്റീവ് ആണ്. ആദ്യമേ ഊഷ്മളമായ സ്വാഗതമാണ് ലഭിച്ചത്. സംഘടനയിൽ ഭാഗമായിട്ട് എത്ര കാലമായി എന്നോ, സ്ത്രീ ആണെന്നോ ഒന്നും നോക്കിയല്ല നമ്മളെ പരിഗണിക്കുന്നത്. കമ്മ്യൂണിറ്റിക്കു വേണ്ടി എത്രത്തോളം ആത്മാർത്ഥമായി പ്രവർത്തിക്കാൻ നമ്മൾ മനസ്സ് കാണിക്കുന്നുവോ അതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഒപ്പം നിൽക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫൊക്കാനയിൽ ഞാൻ കാണുന്ന പ്ലസ്. യോഗങ്ങളിൽ തുറന്ന അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പറഞ്ഞില്ലെങ്കിൽ പോലും “നിങ്ങൾക്ക് എന്തെങ്കിലും കൂടുതലായി ചേർക്കാനുണ്ടോ?” എന്ന് ചോദിക്കും. അതൊരു വലിയ കാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയ്ക്ക് വേണ്ടി സെക്ഷ്വൽ ഹറാസ്മെന്റ് പോളിസി ഡ്രാഫ്റ്റ് ചെയ്യാൻ അവസരം കിട്ടിയത്. സ്ത്രീകൾക്ക് വളരെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുവാനുള്ള ഒരു നയം ആദ്യമായി ഉണ്ടാക്കിയ പ്രവാസി സംഘടനയാണ് ഫൊക്കാന. ഇക്കാര്യത്തിൽ ജോർജി വർഗീസ്,സജിമോൻ ആന്റണി എന്നിവർ നൽകിയ പിന്തുണ വലുതാണ്.

വനിതാ ശാക്തീകരണവും സാമൂഹ്യ ദൗത്യങ്ങളും?

സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ ശാക്തീകരണം പൂർണമല്ല. ഫിനാൻസ് മാനേജ്മെന്റ്, റിട്ടയർമെന്റ് പ്ലാനിംഗ്, കരിയർ റീ-എൻട്രി വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിക്കുന്നു. എച്ച്4 വിസയിലുള്ളവർക്കായി തൊഴിൽ അവബോധ സെഷനുകൾ നടത്തി. കുട്ടികളെ വളർത്തുന്നതിനായി കരിയറിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടിവരുന്ന  സ്ത്രീകൾക്ക് സഹായകമായ പദ്ധതികൾ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്. മന്ത്ര( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്)യുടെ ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ 2027 ലെ പ്രസിഡന്റ് ഇലക്ടാണ്.

വിഷൻ എയ്ഡ് എന്ന സ്ഥാപനവുമായി ചേർന്ന് കേരളത്തിലെ കണ്ണാശുപത്രികളുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആരോഗ്യപദ്ധതികളെക്കുറിച്ചുള്ള ആശയതല ചർച്ചകൾ നടന്നിട്ടുണ്ട്. അനാഥ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി തൊഴിൽവരെ എത്തിക്കുന്ന പദ്ധതികളും പരിഗണനയിലാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകൊണ്ട് ഇരുൾ നിറഞ്ഞ ഒരുലക്ഷത്തിലധികം ജീവിതങ്ങളിൽ വെളിച്ചം പകരാൻ വിഷൻ എയ്ഡിന് സാധിച്ചു. 2023 ൽ മാത്രം 20000 ത്തിലധികം കാഴ്‌ചപരിമിതർക്ക് സാന്ത്വനമേകി.

ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ പറയാനുള്ളത്?

സമഗ്രതയും വിശ്വാസ്യതയും അനുഭവപരിചയവുമാണ് എന്റെ സ്ട്രോങ്ങ് പോയിന്റ്സ്. ട്രഷറർ എന്നത് പ്രസിഡന്റും സെക്രട്ടറിയുമൊപ്പം പ്രവർത്തിക്കുന്ന ഒരു പ്രധാന ത്രയത്തിലെ അംഗമാണ്. ടീമായി പ്രവർത്തിക്കാനുള്ള കഴിവും  പ്രധാനപ്പെട്ടതാണ്. പൂർണ്ണമായി ആ സ്ഥാനത്തോട് നീതി പുലർത്താനാകുമെന്ന വിശ്വാസംകൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ചത്. വളരെ വർഷങ്ങളായി കമ്പനിയുടെ ഡിപ്പാർട്ട്മെന്റ് ബജറ്റുകളും സാമ്പത്തിക ആസൂത്രണവും കൈകാര്യം ചെയ്ത അനുഭവം ട്രഷറർ ചുമതലക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പുണ്ട്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും?

ഇപ്പോൾ ഉള്ള സംവിധാനങ്ങൾ പഠിച്ചശേഷമേ പറയാൻ പറ്റൂ. പക്ഷേ ടെക്‌നോളജി ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. എന്താണ് മെച്ചപ്പെടുത്തേണ്ടത് എന്ന് അറിയണം—അതിലായിരിക്കും ആദ്യ ശ്രദ്ധ. എന്റെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തുള്ള അനുഭവപരിചയം ഗുണകരമാകുമെന്ന് ഉറപ്പുണ്ട്.

വോട്ടർമാരോട് പറയാനുള്ളത്?

ഒരു സ്ഥാനത്ത് ഇരിക്കാനല്ല, പ്രവർത്തിക്കാനാണ് ഞാൻ വരുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്പേസ് ഉണ്ടെന്ന് തോന്നുന്ന ഇടങ്ങളിൽ  മാത്രമേ ഇതുവരെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുള്ളു. ഇപ്പോൾ ഞാൻ അതുപോലൊരു ടീമിനൊപ്പമാണ്. അതുകൊണ്ടാണ് മുന്നോട്ട് വരുന്നത്.

സ്വന്തം ബിസിനസിനെക്കുറിച്ച്?

തൈറോയ്ഡ് പ്രശ്നത്തെത്തുടർന്ന് ഉണ്ടായ മുടി കൊഴിച്ചിലിനുള്ള പരിഹാരമായിട്ടാണ് ഞാൻ ഒരു ഹെയർ ഓയിൽ തയ്യാറാക്കിയത്. എന്റെ മക്കളും സുഹൃത്തുക്കളുമൊക്കെ ഉപയോഗിച്ച് നല്ല റിസൾട്ട് ലഭിച്ചപ്പോഴാണ് ഇത് വിപണിയിൽ ഇറക്കാമെന്ന് കരുതിയത്. അല്ലാതെ, ഒരു ബിസിനസായി തുടങ്ങിയതല്ല. പല പരീക്ഷണങ്ങൾക്കുശേഷം ഫോർമുലേറ്റ് ചെയ്ത ഈ ഉൽപ്പന്നത്തിന്റെ ബ്രാൻഡ് നെയിം 'വിശ്വാസ്' എന്നാണ്. 100% നാച്ചുറലായ സമൃദ്ധി ഓയിൽ ഇപ്പോൾ 100ml ബോട്ടിലിൽ ലഭ്യമാണ്.ഉടനെ തന്നെ 50 ml സൈസും അവതരിപ്പിക്കും. ആമസോണിലൂടെ കൂടുതൽ ആളുകൾക്ക് വാങ്ങാൻ അവസരമൊരുക്കും.

സാമൂഹിക സേവനത്തിനുള്ള പ്രചോദനം?

അച്ഛനും അമ്മയും വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നതും പഠനത്തിന് സഹായം ചെയ്യുന്നതുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്. ഈ ചെയ്യുന്നതിന്റെ  ഗുണം നമുക്ക് കിട്ടണമെന്നില്ല, പക്ഷേ നമ്മുടെ വരും തലമുറയ്ക്ക് കിട്ടും എന്നാണ് അവർ പറഞ്ഞുതന്നിട്ടുള്ളത്. അത് തന്നെയാണ് മക്കളായ നേഹയോടും നിഷയോടും പറഞ്ഞുകൊടുത്തിട്ടുള്ളത്. കുഞ്ഞിലേ മുതൽ പോക്കറ്റ് മണി ചേർത്തുവച്ച് സമ്മർ വെക്കേഷന് നാട്ടിൽ പോകുമ്പോൾ എന്റെ അമ്മയ്‌ക്കൊപ്പം അനാഥാലയങ്ങളിലെ കുട്ടികൾക്ക് ചെറിയ സഹായങ്ങൾ ചെയ്യാൻ അവർ മനസ്സുകാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ പറഞ്ഞുപഠിപ്പിക്കാൻ സാധിക്കില്ല. അവർ കണ്ടുപകർത്തുന്നത് ജീവിതത്തിലെ ശീലങ്ങളിൽ ഒന്നായി മാറും. മക്കളെയോർത്ത് അഭിമാനം തോന്നുന്നതും പഠനമികവിനൊക്കെ അപ്പുറം മനസ്സിലെ ആർദ്രതയുടെ പേരിലാണ്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക